കലിംഗയിലും കായംകുളത്തും ഒരേ സമയം പഠിച്ച നിഖിലും കുരുക്കിലാവുന്ന എസ്എഫ്ഐയും
കേരളത്തിലെ വിദ്യാർത്ഥി സംഘടനകളിൽ സജീവ സാന്നിധ്യമായ എസ് എഫ് ഐ കുറച്ചായി വ്യാജ രേഖകളുടെയും സർട്ടിഫിക്കറ്റുകളുടെയും പേരിൽ പ്രതിരോധത്തിലാണ്. വിദ്യ, വിശാഖ്, നിഖിൽ…എന്നിങ്ങനെ വ്യാജരേഖ ചമയ്ക്കുന്ന എസ്എഫ്ഐ നേതാക്കളുടെ പട്ടിക അനുദിനം നീളുമ്പോൾ ഇവരെ വിശ്വസിച്ചു ഇവരുടെ പ്രവർത്തികളെ പിന്താങ്ങുന്ന സംഘടനയുടെയും പാർട്ടിയുടെയും നേതാക്കൾക്ക് നാണക്കേട് കൊണ്ട് തല ഉയർത്താൻ പറ്റാത്ത അവസ്ഥയാണ്.
എസ് എഫ് ഐക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ചാൽ പോലീസ് കേസെടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞത് എസ് എഫ ഐക്കാർ വിശുദ്ധ പശുക്കളാണെന്നു ഉത്തമ ബോധ്യം ഉള്ളത് കൊണ്ടായിരിക്കുമല്ലോ.എന്നാൽ, ഗോവിന്ദനും പെട്ടിരിക്കുകയാണ്. ബി കോം പാസാകാതെ എം കോമിന് ചേർന്ന എസ് എഫ് ഐയുടെ കായംകുളം ഏരിയാ സെക്രട്ടറി നിഖിൽ കൊടുത്ത കലിംഗ യൂണിവേഴ്‌സിറ്റിയുടെ ബി കോം സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് ബോധ്യപ്പെട്ടതോടെ നിഖിലിനെ പിന്തുണച്ച എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ കിളി പോയ മട്ടിലായി. വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് എന്ന് നിങ്ങൾ വാർത്ത കൊടുക്കുന്നത് ഏതു മാധ്യമ സ്വാതന്ത്ര്യത്തിന്റെ പേരിലാണ് എന്ന് ചോദിച്ചു മാധ്യമ പ്രവർത്തകർക്ക് നേരെ കടന്നു കയറിയ ആർഷോക്കു ഒടുവിൽ കേരള സർവകലാശാല വിസിയും കലിംഗ യൂണിവേഴ്സിറ്റിയും നിഖിലിനെ തള്ളിയതോടെ മലക്കംമറിയേണ്ടി വന്നു. കേരളത്തിനകത്തെ മാത്രമല്ല, പുറത്തുള്ള യുണിവേഴ്സിറ്റികളുടെയും ഒറിജിനലിനെ തോൽപിക്കുന്ന വ്യാജ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കാൻ തന്റെ കൂടെ ഉള്ളവർക്ക് പ്രാപ്തി ഉണ്ടെന്നു ഇതോടെ എസ് എഫ് ഐ സെക്രട്ടറിക്ക് ബോധ്യം വന്നെന്നു വേണം കരുതാൻ. .മഹാരാജാസിൽ എഴുതാത്ത പരീക്ഷക്ക് പാസായ മാർക്ക് ലിസ്റ്റ് വിവാദമായപ്പോൾ അതിന്റെ പിന്നിൽ ഗൂഢാലോചന ആരോപിച്ചു ആർഷോ കൊടുത്ത പരാതിയിലാണ് വാർത്ത റിപ്പോർട്ട് ചെയ്ത ഏഷ്യാനെറ്റ് ലേഖികക്കെതിരെ പോലീസ് കേസടുത്തത്. നിഖിൽ വ്യാജ സർട്ടിഫിക്കറ്റ് മാഫിയയുടെ കയ്യിൽ പെട്ടോയെന്നു അന്വേഷണം നടത്തണമെന്നു ആർഷോ ആവശ്യപ്പെട്ടതോടെ അങ്ങിനെയൊരു മാഫിയ ഉണ്ടെന്നു അദ്ദേഹത്തിനും ബോധ്യം വന്നല്ലോ.
വ്യാജ ബികോം സർട്ടിഫിക്കറ്റ് ഹാജരാക്കി എം കോം പ്രവേശനം നേടി എന്ന ആരോപണത്തിൽ കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്റെയും കലിംഗ സർവകലാശാലയുടെയും വെളിപ്പെടുത്തലുകളോടെയാണ് നിഖിലിന്റെയും എസ്എഫ്ഐയുടെയും വാദങ്ങൾ പൊളിഞ്ഞത്. ഡിഗ്രി സർട്ടിഫിക്കറ്റിൽ പറയുന്ന കാലത്ത് കായംകുളം എംഎസ്എം കോളേജിൽ നിഖിൽ ബിരുദത്തിന് പഠിച്ചിരുന്നുവെന്നും പരീക്ഷ എഴുതിയിരുന്നുവെന്നും വിസി വെളിപ്പെടുത്തിയതോടെ നിഖിലിനെ പിന്തുണച്ച ആർഷോയും വെട്ടിലായി.. നിഖിൽ കോഴ്സ് കാൻസൽ ചെയ്താണ് കലിംഗയിൽ അഡ്മിഷൻ നേടിയതെന്ന ആർഷോയുടെ വാദം വി സി തള്ളി.
2018-19 വർഷത്തിൽ കേരളയൂണിവേഴ്‌സിറ്റിയിൽ യൂണിവേഴ്‌സിറ്റി യൂണിയൻ ജോയിന്റ് സെക്രട്ടറിയായിരുന്നു നിഖിൽ. . എന്നാൽ നിഖിൽ സമർപ്പിച്ച സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റുകളും പരിശോധിച്ചതിൽ മനസിലാവുന്നത് കലിംഗയിൽ 2017 ജൂലൈ മുതൽ 2020 ജൂൺ വരെയുള്ള മൂന്ന് വർഷത്തെ പ്രതിവർഷ കോഴ്‌സാണ് ചെയ്തതെന്നാണ്. ബികോം കോഴ്സ് സെമസ്റ്റർ കോഴ്സാണെന്നാണ് ഇപ്പോൾ കലിംഗ സർവകലാശാലയുടെ വെബ്സൈറ്റിൽ കാണുന്നത്. ബികോം, ബികോം (ഓണേഴ്സ്) എന്നിങ്ങനെ അവിടെ രണ്ടുതരം കോഴ്സുണ്ട്. ബികോം ഓണേഴ്സിനാണ് ബാങ്കിങ്ങും ഫിനാൻസുമുള്ളത്. എന്നാൽ നിഖിൽ സമർപ്പിച്ചിരിക്കുന്ന രേഖയിൽ ബികോം (ബാങ്കിങ് ഫിനാൻസ്) എന്നാണ്.
വിവാദത്തെ തുടർന്ന നിഖിൽ തോമസിനെ കായംകുളം എംഎസ്എം കോളജിൽനിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. പാർട്ടിയും നിഖിലിനെ കൈവിട്ടു. നിഖിൽ പാർട്ടിയോട് ചെയ്തതത് കൊടുംചതിയാണെന്ന് സിപിഎം കായംകുളം ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷൻ ആരോപിച്ചു.
കുറച്ചു ദിവസങ്ങൾക്കുള്ളിൽ എസ്എഫ്ഐ പ്രതിക്കൂട്ടിലാകുന്ന മൂന്നാമത്തെ സംഭവമാണിത്. നേരത്തേ വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ചമച്ച വിദ്യയെ ഇപ്പോഴും പോലീസിന് പിടികൂടാനായിട്ടില്ല. ഇന്ന് വിദ്യയുടെ മുൻകൂർ ജാമ്യ ഹർജി കോടതി പരിഗണിക്കുന്നുണ്ട്. ഇങ്ങനെ സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടേയും അധികാരികളുടേയും സംരക്ഷണം ഉള്ളടത്തോളം സാധാരണക്കാരെയാകെ മണ്ടന്മാരാക്കി കൊണ്ടുള്ള വ്യാജരേഖ ചമയ്ക്കലുകൾ തുടർന്നു കൊണ്ടേയിരിക്കും.