കെ എസ് ഇ ബിക്കും പണികൊടുത്ത് എ ഐ ക്യാമറ
അമ്പലവയൽ : എ ഐ ക്യാമറ കെ എസ് ഇ ബി ജീപ്പിനും പണി കൊടുത്തു.
മരക്കൊമ്പുകൾ നീക്കം ചെയ്യാൻ ജീപ്പിനു മുകളിൽ തോട്ടിയുമായി പോയ കെ എസ് ഇ ബിക്കാണ് എഐ ക്യാമറ പണികൊടുത്തത് . അമ്പലവയൽ കെഇഎസ്ബിയിലെ ജീപ്പിനാണ് മോട്ടർ വാഹനവകുപ്പ് 20,500 രൂപ പിഴയിട്ടത്. അപകടസാധ്യതയുള്ള മരക്കൊമ്പുകൾ വൈദ്യുതി ലൈനിനോടു ചേർന്നു നില്കുന്നത് നീക്കം ചെയ്യുന്നതിനുള്ള സാധനങ്ങളുമായി പോകുന്ന കെ എസ് ഇ ബി കരാർ അടിസ്ഥാനത്തിൽ ഒാടുന്ന ജീപ്പാണ് എ ഐ ക്യാമറയിൽ കുടുങ്ങിയത്. വാഹനത്തിനു മുകളിൽ തോട്ടി കയറ്റിയതിന് 20,000 രൂപയും വാഹനം ഓടിച്ചിരുന്ന ഡ്രൈവർ സീറ്റ് ബെൽറ്റ് ഇടാത്തതിന് 500 രൂപയുമാണു പിഴ ഈടാക്കിയത്. തുടർന്ന് കെഎസ്ഇബി മോട്ടർ വാഹനവകുപ്പ് അധികൃതരുമായി സംസാരിച്ച്, സാധനങ്ങൾ കൊണ്ടു പോയതിനുള്ള 20,000 രൂപ പിഴ ഒഴിവാക്കി. എന്നാൽ, സീറ്റ് ബെൽറ്റ് ഇടാത്തതിനുള്ള 500 രൂപ അടയ്ക്കണം. മഴക്കാലമായതുകൊണ്ട് പല ഭാഗത്തു നിന്നും പരാതികൾ വരുമ്പോൾ ഇതുപോലെ സാധനങ്ങളുമായി ജീപ്പിൽ പോകേണ്ടി വരുന്ന സമയങ്ങളിൽ ഇതുപോലെ എ ഐ ക്യാമറ പിഴ ചുമത്താൻ സാധ്യതയുള്ളതിനാൽ മോട്ടോർ വകുപ്പുമായി സംസാരിച്ചു വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് കെ എസ് ഇ ബി പറഞ്ഞു.