കുസാറ്റിലെ അടിപിടിക്ക് പിന്നിൽ ആര് ?
മൂവായിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന കേരളത്തിലെ സ്വയംഭരണ സാങ്കേതിക സർവകലാശാലയാണ് കുസാറ്റ് എന്നറിയപ്പെടുന്ന കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി. അവിടെ ചൊവ്വാഴ്ച്ച ഒരു അനിഷ്ട സംഭവം നടന്നു. മുൻപ് ക്യാമ്പസ്സിൽ നടന്ന സംഘർഷത്തെ കുറിച്ച് കോളജ് അധികൃതർ തെളിവെടുപ്പ് നടത്തിക്കൊണ്ടിരിക്കെ മാരകായുധങ്ങളുമായി വന്ന ഒരു സംഘം തെളിവ് കൊടുക്കാൻ വന്ന വിദ്യാർത്ഥികളെ തല്ലിച്ചതച്ചു. ആണി തറച്ച കമ്പുകൾ, ഇരുമ്പ് പൈപ്പുകൾ തുടങ്ങിയവയാണ് അക്രമികളുടെ കയ്യിൽ ഉണ്ടായിരുന്നത്. കോളജിൽ നിലവിൽ പഠിക്കുന്ന എസ് എഫ് ഐക്കാരായ വിദ്യാർഥികൾ, കോഴ്‌സ് പൂർത്തിയാക്കി പോയ എസ് എഫ് ഐയുടെ മുൻ ഏരിയ സെക്രട്ടറി അടക്കമുള്ളവർ, ഏതാനും ഡി വൈ എഫ് ഐക്കാർ തുടങ്ങിയവരാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്. വ്യാജ സർട്ടിഫിക്കറ്റ്, ആൾമാറാട്ടം തുടങ്ങി വിവിധ വിഷയങ്ങളിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന എസ് എഫ് ഐയുടെ പ്രവർത്തകരാണ് ഈ സംഭവത്തിലും അറസ്റ്റിലായത്.
നമ്മുടെ നാട്ടിലെ കോളജുകളിൽ വിദ്യാർത്ഥി സംഘർഷം പുതുമയുള്ള വിഷയമല്ല. കോളജുകൾ തുറക്കുമ്പോൾ വിദ്യാർത്ഥി സംഘടനകൾ മെമ്പർഷിപ് ചേർക്കുന്നതിനെ ചൊല്ലി രാഷ്ട്രീയമായി ചേരി തിരിഞ്ഞു അടി ഉണ്ടാക്കാറുണ്ട് . യൂണിയൻ തെരഞ്ഞെടുപ്പ് കാലത്തും ഇതാവർത്തിച്ചെന്നു വരും. എന്നാൽ, കോളജിൽ അഡ്‌മിഷന് വരുന്ന കുട്ടികളെ പിന്തിരിപ്പിക്കുക എന്ന ഗൂഢ ലക്‌ഷ്യം വെച്ച് കലാലയത്തിൽ സംഘർഷം ഉണ്ടാക്കുന്നതു പുതുമയുള്ള സംഭവമാണ്. കുസാറ്റിൽ നടന്നത് അത്തരത്തിലൊരു ആസൂത്രിത പരിപാടിയാണെന്ന് പറയുന്നത് അതിനുള്ളിലുള്ളവർ തന്നെയാണ്. ഇതാദ്യമായല്ല, കഴിഞ്ഞ ഏതാനും വർഷങ്ങളായി ബിരുദ കോഴ്‌സുകളിലെക്കുള്ള പ്രവേശന സമയം ആകുമ്പോൾ കുസാറ്റിൽ സംഘർഷമോ അടിപിടിയോ സാധാരണമാണത്രെ. അതോടെ അവിടെ ചേർന്ന് പഠിക്കാൻ തീരുമാനിച്ച കുറേപ്പേർ പിൻവാങ്ങും. കഴിഞ്ഞ കൊല്ലം അഡ്‌മിഷൻ നടക്കുമ്പോഴാണ് അടി ഉണ്ടായത്. തുടർന്ന് ഒരു മാസം പൂട്ടിയിട്ടു. ഇതിനിടെ രക്ഷിതാക്കൾ കുട്ടികളെ മറ്റു സെൽഫ് ഫൈനാൻസിംഗ് കോളജുകളിൽ ചേർത്തു പഠിപ്പിക്കാൻ തീരുമാനിക്കും.
കോളജിൽ ചൊവ്വാഴ്ച നടന്ന അക്രമത്തെക്കുറിച്ചു കുസാറ്റിലെ ജീവനക്കാരൻ കൂടിയായ മുൻ പത്രപ്രവർത്തകൻ അനുപ് രാജൻ ഫേസ് ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ് : കാറിലെത്തി ഓഫിസിലേക്കു തള്ളിക്കയറിയ അക്രമികളെ കണ്ടു ഇടനാഴിയിൽ നിന്ന വിദ്യാർഥികൾ ഓഫിസ് മുറിയിൽ കയറി വാതിൽ കുറ്റിയിട്ടു. അക്രമികൾ തൊട്ടടുത്ത സ്റ്റാഫ് റൂം വഴി കയറി രണ്ടു മുറികളുടെയും മധ്യത്തിലുള്ള മറ ചാടിക്കടന്നു ഓഫിസ് മുറിയിലുണ്ടായിരുന്ന വിദ്യാർത്ഥികളെ അതിക്രൂരമായി മർദിച്ചു. ഓഫിസ് ജീവനക്കാർ വാതിൽ ചവിട്ടിത്തുറന്നാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. ഒരാളുടെ തലപൊട്ടി ചോരയൊലിക്കുന്നുണ്ടായിരുന്നു. രക്ഷതേടി ഞാൻ ജോലി ചെയ്യുന്ന സി സെക്ഷൻ മുറിയിലേക്ക് ഓടിക്കയറിയ വിദ്യാർത്ഥിയെ അക്രമികൾ അതിനകത്തിട്ടു മർദിച്ചു. നിറയെ വെള്ളമുള്ള സ്റ്റീൽ കുപ്പി കൊണ്ട് തലയ്ക്കടിച്ചു. അക്രമം തടയാൻ ശ്രമിച്ച ഗിരീഷ് കുമാരൻ തമ്പി സാറിന് നേരെ കൈയേറ്റ ശ്രമം ഉണ്ടായി. ഓഫിസ് അറ്റൻഡന്റ് സിജിമോളുടെ കൈകൾ പിടിച്ചു തിരിച്ചു. മറ്റൊരു ജീവനക്കാരനായ ഗോപാലകൃഷ്ണന് ചവിട്ടേറ്റു . ഗ്രിൽ അടയ്ക്കാൻ ശ്രമിച്ച അറ്റൻഡർ രതീഷിനെ ഭീഷണിപ്പെടുത്തി കായികമായി പിന്തിരിപ്പിച്ചു.
വിവരമറിയിച്ചെത്തിയ പോലീസ് കൈയും കെട്ടി നോക്കി നിന്നു . പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിലാക്കാൻ അവർ തയ്യാറായില്ല. ഓഫിസ് വണ്ടിയിലാണ് കുട്ടികളെ കളമശ്ശേരി മെഡിക്കൽ കോളജിൽ എത്തിച്ചത്. വഴിയിൽ വെച്ച് വണ്ടി ആക്രമിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ പോലീസ് സുരക്ഷ ആവശ്യപ്പെട്ടിട്ടും നൽകിയില്ല. അക്രമത്തിനുപയോഗിച്ച സാമഗ്രികൾ ചൂണ്ടിക്കാട്ടിയിട്ടും തൊണ്ടിമുതലുകൾ കസ്റ്റഡിയിലെടുക്കാനോ സീൻ മഹസർ തയ്യാറാക്കാനോ പോലീസ് താല്പര്യം കാണിച്ചില്ല. അക്രമം നടന്ന മുറികൾ പൂട്ടിയിടാൻ നിർദേശിച്ചു ,ചോറുണ്ടില്ലെന്നും പിന്നെ വരാമെന്നും പറഞ്ഞു പോലീസ് സ്ഥലം വിട്ടു. ക്യാമ്പസിലെ സിസിടിവികൾ പ്രവർത്തിച്ചിരുന്നില്ലെന്നും ഇക്കാര്യം അക്രമികൾക്ക് മുൻകൂട്ടി അറിയാമായിരുന്നെന്നും വിദ്യാർഥികൾ പറയുന്നു. അക്രമികളിൽ ഒരാൾ മാത്രമേ ഹെൽമെറ്റ് വെച്ച് മുഖം മറച്ചിരുന്നുള്ളൂ. അഡ്മിഷൻ സമയമാകുമ്പോൾ സ്‌കൂൾ ഓഫ് എഞ്ചിനീയറിംഗിൽ വലിയ സംഘർഷം സൃഷ്ടിക്കുന്ന പതിവ് എസ്എഫ്ഐ തുടങ്ങിയിട്ട് കുറെ വർഷങ്ങളായി . അഡ്മിഷൻ അട്ടിമറിക്കുക എന്ന കൃത്യമായ ലക്ഷ്യത്തോടെയാണിത്. തല്ലും പിടിയും നടക്കുന്ന സ്ഥാപനം സമർത്ഥരായ വിദ്യാർഥികൾ ഒഴിവാക്കിപ്പോകുമല്ലോ. പല എസ്എഫ്ഐ നേതാക്കളും മുൻ നേതാക്കളും സ്വാശ്രയ എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റുകളുടെ ഏജന്റുമാരും ഭാരവാഹികളുമൊക്കെയാണ് “. സ്വാശ്രയ കോളേജ് മാനേജ്‌മെന്റുകളുടെ താല്പര്യത്തിനു വേണ്ടിയാണ് കുസാറ്റിൽ തുടർച്ചയായി അഡ്‌മിഷൻ സമയത്തു എസ് എഫ് ഐ അക്രമം നടത്തുന്നതെന്ന ആക്ഷേപം ഒറ്റപ്പെട്ടതല്ല.അതീവ ഗുരുതരമായ ആരോപണമാണിത്. ഏതെങ്കിലും വ്യക്തികളുടെയോ ഗ്രൂപ്പിന്റേയോ ലാഭ താല്പര്യങ്ങൾ അതിനു പിന്നിലുണ്ടെങ്കിൽ തിരിച്ചറിയേണ്ടതാണ്.