സമുദ്രപേടകം തിരച്ചിൽ തുടരുന്നു ; കടലിനടിയിൽ ഉണ്ടായ ശബ്ദം പ്രതീക്ഷ നൽകുന്നു
ടൊറന്‍റോ: നൂറിലധികം വര്‍ഷങ്ങള്‍ക്ക് മുമ്പ് കടലില്‍ മുങ്ങിത്താഴ്ന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ വിനോദ സഞ്ചാരികളുമായി പോയ അന്തര്‍വാഹിനിക്കായി തിരച്ചിൽ നടത്തുന്നതിനിടെ ശബ്ദതരംഗം കേട്ടതായി റിപ്പോർട്ട് . അറ്റ്‌ലാന്റിക് സമുദ്രത്തില്‍ വെച്ചാണ് അന്തര്‍വാഹിനി കാണാതായത്. കടലിനടിയിലെ രക്ഷാപ്രവർത്തനത്തിനിടെ, അര മണിക്കൂറിന്റെ ഇടവേളയിൽ വലിയ ശബ്ദം കേട്ടതായാണ് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് . യുഎസ് വിദഗ്ധർ ഈ ശബ്ദം വിശകലനം ചെയ്യുകയാണ്. ശബ്ദം കേട്ട ഭാഗം കേന്ദ്രീകരിച്ച് രക്ഷാപ്രവർത്തനം ഊർജിതമാക്കിയതായി അധികൃതർ അറിയിച്ചു.
സമുദ്ര പേടകം എവിടെയാണെന്നതു സംബന്ധിച്ച് യാതൊരു സൂചനകളും ലഭിക്കാതിരുന്നപ്പോഴാണ് രക്ഷാപ്രവർത്തകർക്കിടയിൽ പ്രതീക്ഷ നൽകി കടലിനടിയിൽ നിന്ന് ശബ്ദം പുറത്തുവന്നത്. ഇതോടെ, സമുദ്രപേടകത്തിലെ സഞ്ചാരികളെ ജീവനോടെ കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് രക്ഷാപ്രവർത്തകരും യാത്രക്കാരുടെ കുടുംബാംഗങ്ങളും.

അന്തര്‍വാഹിനിയിലെ ഓക്‌സിജന്‍ നില 70 മുതല്‍ 96 മണിക്കൂര്‍ വരെ നിലനില്‍ക്കുമെന്നാണ് യുഎസ് കോസ്റ്റ് ഗാര്‍ഡ് റിയര്‍ അഡ്മിറല്‍ ജോണ്‍ മോഗര്‍ പറഞ്ഞത്. തീരത്ത് നിന്ന് പുറപ്പെട്ട് ഒരു മണിക്കൂര്‍ 45 മിനിറ്റിന് ശേഷമാണ് അന്തര്‍വാഹിനിയുമായുള്ള സിഗ്നല്‍ നഷ്ടപ്പെട്ടതെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. ഓഷ്യന്‍ ഗേറ്റിന്റെ മൂന്നാമത്തെ പര്യവേക്ഷണ യാത്രയാണിത്. 1912ല്‍ അറ്റ്‌ലാന്റിക്കില്‍ മുങ്ങിത്താഴ്ന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടം കാണാന്‍ സഞ്ചാരികളെ എത്തിക്കുന്ന പര്യവേക്ഷണമാണിത്.
1985ലാണ് ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ലോഹം ഭക്ഷിക്കുന്ന ബാക്ടീരിയകള്‍ ഈ മേഖലയില്‍ സജീവമാണ്. അതുകൊണ്ട് തന്നെ പതിറ്റാണ്ടുകള്‍ക്കുള്ളില്‍ കപ്പല്‍ അപ്രത്യക്ഷമാകുമെന്നാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്. അഞ്ച് പേരാണ് അന്തര്‍വാഹിനിയില്‍ ഉള്ളത്. ബ്രിട്ടീഷ് ശതകോടീശ്വരനും സഞ്ചാരിയും ആക്‌ഷൻ ഏവിയേഷൻ കമ്പനിയുടെ ചെയർമാനുമായ ഹാമിഷ് ഹാർഡിങ്, പാക്കിസ്ഥാനിലെ കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രക്കമ്പനി എൻഗ്രോയുടെ വൈസ് ചെയർമാനും ശതകോടീശ്വരനുമായ ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ, പേടകത്തിന്റെ പൈലറ്റ് ഫ്രഞ്ച് പൗരനായ പോൾ ഹെൻറി നാർസലേ, ഓഷൻഗേറ്റ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടൻ റഷ് എന്നിവരാണ് സമുദ്ര പേടകത്തിലുള്ളത്.