സിപിഎമ്മിനെ വിമര്‍ശിച്ചതിന് ‘നമ്മുടെ മൂന്നിലവ്’ വാട്സ്ആപ്പ് ഗ്രൂപ്പിനെതിരെ പരാതി നൽകി സി പി എം ലോക്കൽ സെക്രട്ടറി
കോട്ടയം: വാട്സ്ആപ്പ് ഗ്രൂപ്പിൽ സിപിഎമ്മിനെ വിമർശിച്ചതിന് ഗ്രൂപ്പ് അഡ്മിൻമാരോട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചതായി പരാതി. കോട്ടയം മൂന്നിലവിലാണ് സംഭവം. ‘നമ്മുടെ മൂന്നിലവ്’ എന്ന പേരിലുള്ള 164 അംഗങ്ങളുള്ള ഗ്രൂപ്പിൽ സിപിഎമ്മിനെ വിമർശിക്കുന്ന പോസ്റ്റുകൾ ഷെയർ ചെയ്തതാണ് പരാതിക്കിടയാക്കിയത്. സിപിഎം നേതാവ് സതീഷാണ് മേലുകാവ് പോലീസിൽ പരാതി നൽകിയത്. അഡ്മിന്മാരായ റിജിൽ, ജോബി, ജോൺസൺ എന്നിവരോടാണ് സ്റ്റേഷനിൽ എത്താൻ പൊലീസ് ആവശ്യപ്പെട്ടത്. എസ്എഫ്ഐ നേതാവ് നിഖിൽ തോമസ്, കെ വിദ്യ, തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ് കഴിഞ്ഞദിവസം ഗ്രൂപ്പിൽ ഷെയർ ചെയ്തത്.

ഈ പോസ്റ്റുകൾക്കെതിരെയുള്ള പരാതിയിലാണ് സ്റ്റേഷനിൽ ഹാജാരാവാൻ ആവശ്യപ്പെട്ടത്. മതസ്പർധ ഉണ്ടാക്കുന്ന പോസ്റ്റുകൾ ഷെയർ ചെയ്യുകയും വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്തതിനാലാണു പരാതി നൽകിയതെന്നാണ് സിപിഎമ്മിന്റെ വിശദീകരണം.എന്നാൽ സി പി എമ്മുമായി ബന്ധപ്പെട്ട കാര്യത്തിനല്ല സുഹൃത്തുക്കൾക്കിടയിലെ തർക്ക പരിഹാരത്തിനാണ് സ്റ്റേഷനിൽ വിളിപ്പിച്ചതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.