We Talk

ഇനി ബ്രയിന്‍ ഡെത്ത് ജിഹാദും! മുസ്‌ലീങ്ങള്‍ക്ക് എന്തുകൊണ്ട് മസ്തിഷ്‌ക്ക മരണം കുറവ്? ഡോ ഗണപതിക്കെതിരെ രൂക്ഷ വിമര്‍ശനം

മുസ്ലിം ഡോക്ടര്‍മാരും ബിസിനസുകാരും ഉടമസ്ഥരായിട്ടുള്ള ആശുപത്രികളിലാണ് ഏറ്റവും കൂടുതല്‍ മസ്തിഷ്‌ക മരണം സംഭവിക്കുന്നതെന്നാണ് ഡോ എസ് ഗണപതി പറയുന്നത്. കേരളത്തില്‍ വളരെ കുറവ് മസ്തിഷ്‌ക മരണം സംഭവിക്കുന്നത് മുസ്ലിം വിഭാഗത്തിലാണെന്നും അദ്ദേഹം പറയുന്നു. ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ജനകീയ ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഉണ്ടാവുന്നത്.

കൊച്ചി: കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് വരെ സോഷ്യല്‍ മീഡിയയിൽ  ഹീറോ ആയിരുന്നു കൊല്ലം സ്വദേശി ഡോ എസ് ഗണപതി. കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍ വാഹനാപകടത്തിൽ പരിക്കേറ്റു കൊണ്ടുവന്ന യുവാവിനു ശരിയായ ചികിത്സ നൽകാതെ  മരണത്തിലേക്കു തള്ളിവിട്ടു  മസ്തിഷ്‌കമരണം സംഭവിച്ചതായി സർട്ടിഫിക്കറ്റ് നൽകി ആന്തരികാവയവങ്ങൾ വില്‍പന നടത്തിയെന്നാരോപിച്ച് നിയമപോരാട്ടം നടത്തി ശ്രദ്ധേയനായ ഈ ഡോക്ടര്‍ പക്ഷേ , ഇപ്പോള്‍ വന്‍ വിവാദത്തിലാണ്. മെഡിക്കല്‍ രംഗത്തെ വര്‍ഗീയവത്ക്കരിക്കുന്ന രീതിയില്‍ ഇദ്ദേഹം  ഒരു യൂട്യൂബ്ന ചാനലിന് നൽകിയ അഭിമുഖം വൻ വിവാദത്തിനു വഴിവെച്ചു. ഇതിനെതിരെ കടുത്ത വിമർശനമാണ് സാമൂഹ്യ പ്രവർത്തകരിൽ നിന്നും ജനകീയാരോഗ്യ പ്രവർത്തകരിൽ നിന്നും ഉണ്ടാകുന്നത്. അവയവ കച്ചവടത്തിനെതിരെ ഗണപതി നടത്തുന്ന  നിയമപോരാട്ടത്തിൽ വരെ ദുരുദ്ദേശം ആരോപിക്കപ്പെടാൻ ഇത് കാരണമായി.

മുസ്‌ലിം ഡോക്ടര്‍മാരും ബിസിനസുകാരും ഉടമസ്ഥരായ ആശുപത്രികളിലാണ് ഏറ്റവും കൂടുതല്‍ മസ്തിഷ്‌ക മരണം സംഭവിക്കുന്നതെന്നാണ് ഡോ..ഗണപതി അഭിമുഖത്തിൽ ആരോപിച്ചത് . കേരളത്തില്‍ ഏറ്റവും കുറവ് മസ്തിഷ്‌ക മരണം സംഭവിക്കുന്നത് മുസ്‌ലിം വിഭാഗത്തിലാണെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിംകൾക്കു ആക്‌സിഡന്റ് പറ്റില്ലേയെന്നും അവര്‍ക്ക് ബൈക്കുകളും കാറുകളുമില്ലേയെന്നും ഗണപതി ചോദിച്ചു.

‘കേരളത്തില്‍ 2015ല്‍ 76 പേര്‍ക്കും 2016ല്‍ 72 പേര്‍ക്കും മസ്തിഷ്‌ക മരണം സംഭവിച്ചു. രണ്ട് വര്‍ഷം കൊണ്ട് 148 പേര്‍ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചു. അതില്‍ ആകെ ഒരു മുസ്‌ലിം സഹോദരനാണുള്ളത്. അതായത് 24 ശതമാനമുള്ളൊരു പോപ്പുലേഷനിൽ ഒരാള്‍ മാത്രം ബ്രെയ്ന്‍ ഡെത്താകാന്‍ കാരണമെന്താണ് ? ബ്രെയ്ന്‍ ഡെത്ത് ഈസ് മോസ്റ്റ്ലി സര്‍ട്ടിഫൈഡ് ഇന്‍ ഹോസ്പിറ്റല്‍സ് ഓണ്‍ഡ് ബൈ മുസ്‌ലിം ഡോക്ടേര്‍സ് ഓര്‍ മുസ്‌ലിം ബിസിനസ് മെൻ ‘ – ഇതായിരുന്നു ഗണപതി ഉയർത്തിയ ആരോപണം. മുസ്‌ലിം ഡോക്ടര്‍മാര്‍ തനിക്കെതിരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗണപതിയുടെ വിവാദ പരാമര്‍ശം സമൂഹമാധ്യമങ്ങളിൽ ചര്‍ച്ചയായി. മന്ത്രി വി ശിവന്‍കുട്ടി, മുന്‍ മന്ത്രി കെ ടി ജലീല്‍, ജനകീയാരോഗ്യ പ്രവര്‍ത്തകരായ ഡോ കെ പി മോഹനന്‍, ഡോ .കെ പി അരവിന്ദൻ, ഡോ ജോ ജോസഫ് തുടങ്ങി നിരവധി പേര്‍ അദ്ദേഹത്തിനെതിരെ രംഗത്തെത്തി.

ഇനി ബ്രയിന്‍ ഡെത്ത് ജിഹാദും

ഡോ ഗണപതിക്കെതിരെ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍ മീഡിയ ആക്റ്റീവിസ്റ്റുകള്‍ ഉയര്‍ത്തുന്നത്. ലൗ ജിഹാദ്, നാര്‍ക്കോട്ടിക്ക് ജിഹാദ്, ഈഴവ ജിഹാദ് എന്നൊക്കെപ്പറഞ്ഞ് ഭീതിവ്യാപാരം നിലനില്‍ക്കുന്ന ഒരു സമൂഹത്തിലേക്ക് ‘ബ്രയിന്‍ ഡെത്ത് ജിഹാദ്’ എന്ന ഇല്ലാത്ത ഒരു സാധനം കൂടി കൊണ്ടുവരികയാണെന്ന് അവർ  ചൂണ്ടിക്കാട്ടുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളജിലെ റിട്ടയേഡ് പ്രൊഫസസറും, ശാസ്ത്രസാഹിത്യ പരിഷത്ത് മുന്‍ ഭാരവാഹിയുമായ ഡോ കെ പി അരവിന്ദന്‍ ഇങ്ങനെ എഴുതുന്നു :  ” അവയവ ദാനത്തിനെതിരെയുള്ള കാമ്പെയിനിന്റെ യഥാര്‍ത്ഥ അജന്‍ഡ ഇതാ പുറത്തു വന്നിരിക്കുന്നു. എന്തിലും പാഷാണം കലക്കുന്ന സംഘികളുടെ ആന്റി-മുസ്‌ലിം  അജന്‍ഡ മാത്രമാണത്. മുഖ്യ സേനാനായകന്‍ ഒരു സംഘി ചാനലിനു നല്‍കിയ അഭിമുഖത്തിലൂടെ ഇതു വ്യക്തമാവുന്നുണ്ട്. ഇന്ന് സമാന്യം നല്ല രീതിയില്‍ നടന്നു പോരുന്ന കെ എന്‍ ഒ എസ് ( കേരള നെറ്റ് വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഡൊണേഷന്‍) എന്ന പരിപാടിയില്‍ ഇനിയും ഗുണപരമായ മാറ്റങ്ങള്‍ പലതും വരുത്തേണ്ടതായുണ്ട്. എങ്ങിനെ പൂര്‍ണ സുതാര്യത ഉറപ്പു വരുത്താമെന്നും എങ്ങിനെ കൂടുതല്‍ സാമൂഹ്യനീതി ഉറപ്പു വരുത്താമെന്നു എല്ലാവരും കൂടിയിരുന്ന് ചര്‍ച്ച ചെയ്തു തീരുമാനിക്കേണ്ടതുണ്ട്. പക്ഷെ ഇത്തരം വര്‍ഗീയ ഇടപെടലുകള്‍ പരിപാടി മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തുകയേ ഉള്ളൂ.
കേരളത്തില്‍ ചില ഇസ്‌ലാമിക  കേന്ദ്രങ്ങളില്‍ നിന്ന് അവയവ ദാനത്തിനെതിരെ മതപരമായ താത്വിക എതിര്‍പ്പ് പ്രകടിപ്പിക്കുന്നുണ്ട്. അത് മുസ്‌ലിം  ജനവിഭാഗങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. സൗദി അറേബിയയും ഇറാനുമടക്കം യാഥാസ്ഥിതിക ഇസ്‌ലാമിക  രാജ്യങ്ങളില്‍  അവയവദാനം നടക്കുന്നുണ്ട് എന്ന കാര്യം മറച്ചു പിടിച്ചുള്ള ഇത്തരം പ്രചാരണങ്ങൾ എതിർത്ത്  തോല്‍പ്പിക്കേണ്ടതുണ്ട്. പക്ഷെ മതവിദ്വേഷത്തിനു മാത്രം വേണ്ടി ഇത് ഉപയോഗിക്കുന്ന സംഘികളെ മാറ്റി നിര്‍ത്തിക്കൊണ്ടു മാത്രമേ ഇതു ചെയ്യാന്‍ കഴിയൂ.”- ഡോ അരവിന്ദന്‍ വ്യക്തമാക്കി.

ഗണപതിയുടെ പരാമർശങ്ങൾ തെറ്റിധാരണ പരത്തുന്നതാണെന്നും വർഗീയ ചേരിതിരിവ് ഉണ്ടാക്കുന്നതാണെന്നും ഡോ .കെ ടി ജലീൽ കുറ്റപ്പെടുത്തി. ഉത്തരേന്ത്യയിൽ സംഘപരിവാർ ഇത് ദുരുപയോഗം ചെയ്യുമെന്നു അദ്ദേഹം പറഞ്ഞു. എന്നാൽ, ഉത്തരേന്ത്യയിൽ മാത്രമല്ല, നമ്മുടെ നാട്ടിലും ഹന്ദുത്വവാദികൾ ഈ വിഷയം ഏറ്റെടുത്തു എന്നതാണ് ദൗർഭാഗ്യകരം.  പ്രതീഷ് വിശ്വനാഥിനെപോലുളളവർ   ഗണപതിയുടെ പരാമര്‍ശം അവസരമാക്കി മാറ്റി  രംഗത്തുവന്നു. ഗണപതിയുമായുള്ള അഭിമുഖം പുറത്തുവിട്ട സംഘപരിവാര്‍ അനുകൂല ന്യൂസ് പോര്‍ട്ടല്‍ ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗങ്ങളിലുള്ളവരെ ബ്രെയിന്‍ ഡെത്താക്കി കൊല്ലുന്നു എന്നാണ് വാര്‍ത്തക്ക് തലക്കെട്ട് കൊടുത്തത് എന്നതിൽ നിന്ന് ഉദ്ദേശം വ്യക്തമാണ്.

അവയവമാഫിയ ഉണ്ടോ?

2009 ല്‍ എറണാകുളത്തെ  ലേക്‌ഷോര്‍ ആശുപത്രിയില്‍ നടന്ന എബിൻ എന്ന യുവാവിന്റെ  മസ്തിഷ്‌ക മരണ   സര്‍ട്ടിഫിക്കേഷനെയും അവയവദാനത്തെയും പറ്റി സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രഥമദൃഷ്ട്യാ കേസെടുക്കാന്‍ കോടതി വിധിച്ചതാണ് വിവാദങ്ങള്‍ക്ക് ഇടയാക്കിയത്. ഇതില്‍ പരാതിക്കാരനായ ഡോ ഗണപതിയാണ് കേരളത്തില്‍ അവയവ മാഫിയ പ്രവര്‍ത്തിക്കുന്നതായി  വിമര്‍ശിച്ചത്. കിഡ്‌നി 20 ലക്ഷം, ലിവര്‍ 30 ലക്ഷം, കൈകള്‍ 20 ലക്ഷം, ഹൃദയം ഒരു  കോടി എന്നിങ്ങനെയാണ്  നിരക്കുകള്‍ എന്നാണ് ഡോ ഗണപതി പറഞ്ഞത്.  ഇത് ശുദ്ധ അസംബന്ധമാണെന്നാണ് ഡോക്ടര്‍മാരും, ആരോഗ്യവിദഗധരും പറയുന്നത്.

ആക്‌സിഡ്ന്റില്‍ മസ്തിഷ്‌കക്ഷതം ഏറ്റ ചെറുപ്പക്കാരന് ആവശ്യമായ ചികിത്സ നല്‍കാതെ മസ്തിഷ്‌കമരണം സംഭവിച്ചെന്ന് സര്‍ട്ടിഫൈ ചെയ്യുകയും അയാളുടെ അവയവങ്ങള്‍ ഒരു വിദേശിക്ക് മാറ്റം ചെയ്തു എന്നുമാണ് ആരോപണം. ഈ കേസില്‍ ഡോ ഗണപതിയുടെ പ്രധാനവാദം തലച്ചോറില്‍ ക്ഷതത്തിന്റെ ഭാഗമായി രക്തം കട്ടപിടിച്ചിട്ടുണ്ടെങ്കില്‍ തലയോട്ടിയില്‍ തുളകളിട്ട് ആ രക്തം പുറത്തുകളയണമെന്നും ഈ കേസില്‍ അങ്ങിനെ ചെയ്തില്ലെന്നുമാണ്. മറ്റൊരാപണം രക്തം കട്ട പിടിക്കുന്നതു തടയാനുള്ള മരുന്നുകള്‍ എബിനെ പ്രവശിപ്പിച്ച രണ്ട് ആശുപത്രികളില്‍ കൊടുത്തില്ല എന്നതാണ്.ഇക്കാര്യത്തില്‍ ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ വിശദീകരണം കണക്കിലെടുക്കാതെയാണ് മജിസ്‌ട്രേറ്റ് നിലപാടെടുത്തതെന്നാണ് ഡോ കെ പി അരവിന്ദന്‍ പറയുന്നത്. ”മസ്തിഷ്‌കത്തിലെ ആഘാതം വളരെ കൂടുതല്‍ ആണെങ്കില്‍ തലയോട്ടിയില്‍ സുഷിരങ്ങള്‍ (ബര്‍ ഹോള്‍) ഇട്ടിട്ടു കാര്യമില്ല. മാത്രമല്ല ആക്‌സിഡന്റ് കേസുകളില്‍ രക്തസ്രാവം ഉള്ളപ്പോള്‍ രക്തം കട്ട പിടിക്കാതിരിക്കാനുള്ള മരുന്നു നല്‍കുന്നത് വിപരീതഫലമാണുണ്ടാക്കുക.

ഡോ ജോ ജോസഫ് ഇങ്ങനെ എഴുതുന്നു.: ”18 വയസ്സ് മാത്രമുള്ള ഒരു ചെറുപ്പക്കാരനെ അവയവങ്ങള്‍ തട്ടിയെടുക്കുക എന്ന് ഉദ്ദേശത്തോടു കൂടി കൊന്നു കളയാന്‍ മാത്രം കണ്ണില്‍ ചോര ഇല്ലാത്ത കിരാത കൂട്ടമാണ് കേരളത്തിലെ വൈദ്യ സമൂഹം എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?പ്രസ്തുത കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരില്‍ രണ്ടു പതിറ്റാണ്ടിലേറെ പരിചയമുള്ള ചിലരുണ്ട്. അവര്‍ ഒരു മാഫിയ സംഘത്തിന്റെയും ഭാഗമായി പ്രവര്‍ത്തിക്കുന്നവരല്ല എന്ന കാര്യം എനിക്ക് ഉറപ്പുണ്ട് .

ഡോ എം എ യൂസഫലിയുടെയും അദ്ദേഹത്തിന്റെ മരുമകൻ ഡോ ഷംഷീർ വലയിലിന്റെയും ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ആശുപത്രി എന്ന നിലയിലാണ് ലേക്‌ഷോറിനെ പ്രതി ചേർത്ത കേസിൽ ഇത്തരത്തിലൊരു വ്യാഖ്യാനത്തിനും വർഗീയ പ്രചാരണത്തിനും ഡോ . ഗണപതിയും അദ്ദേഹം പറഞ്ഞതിന്റെ ചുവട് പിടിച്ചു മറ്റു ചിലരും ഇറങ്ങിതിരിച്ചതെന്നു വേണം കരുതാൻ. കേസിനു ആസ്പദമായ എബിന്റെ മരണം സംഭവിച്ച 2009 ൽ ലേക്‌ഷോർ ആശുപത്രിയുടെ ഉടമ കേസിൽ രണ്ടാം പ്രതിയായി ചേർക്കപ്പെട്ട ഡോ ഫിലിപ്പ് അഗസ്റ്റിനാണ്. സംസ്ഥാനത്തെ ഏറ്റവും പ്രശസ്തനായ ഗ്യാസ്‌ട്രോ എൻറോളജിസ്റ് ആണദ്ദേഹം . ഫിലിപ്പ് അഗസ്റ്റിന്റെ പക്കൽ നിന്ന് യൂസഫലിയും ഷംഷീർ വയലിലും ആശുപത്രി വാങ്ങുന്നത് 2016 ലാണ്. അവയവമാറ്റ വിവാദം ഇവർക്ക് നേരെ ബോധപൂർവം വഴി തിരിച്ചു വിടുകയാണുണ്ടായത്. ഇതേസമയം, ഡോ . ജോ ജോസഫും ഡോ കെ പി അരവിന്ദനും പറഞ്ഞ ചില കാര്യങ്ങൾ അംഗീകരിക്കുമ്പോഴും എബിന്റെ കേസിൽ അയാളുടെ ലിവർ മാറ്റി വെച്ച സംഭവത്തിൽ കൃത്രിമം നടന്നെന്നു വ്യക്തമാണ്. എബിന്റെ കരൾ മാറ്റി വെച്ചത് മലേഷ്യൻ സ്വദേശിക്കാണ് . എന്നാൽ, രേഖകളിൽ കാണിച്ചത് മലേഷ്യൻ സ്വദേശിക്കു അയാളുടെ ഭാര്യയുടെ കരൾ മാറ്റി വെച്ചെന്നാണ്. ഭാര്യയുടെ കരൾ മുറിച്ചു മാറ്റി വെക്കാൻ വേണ്ടിയാണു മലേഷ്യൻ സ്വദേശി ആശുപത്രിയിൽ അഡ്മിറ്റ് ആയത്. പിന്നീട് എബിന്റെ കരൾ അയാൾക്ക്‌ എങ്ങിനെ കിട്ടി , ഇതിനു ആര് അനുമതി നൽകി തുടങ്ങിയ ചോദ്യങ്ങൾക്കു ഉത്തരം നൽകേണ്ടതുണ്ട്. ഭീമമായ ഒരു തുക ഇതിനായി മലേഷ്യക്കാരനിൽ നിന്ന് വാങ്ങിയിട്ടുണ്ടാകുമെന്നുറപ്പാണ്. എബിന്റെ അമ്മക്ക് ആകെ നൽകിയ ഔദാര്യം ആശുപത്രിയിലെ ഒരു ലക്ഷത്തിനടുത്തു വരുന്ന ബിൽ ഒഴിവാക്കി കൊടുത്തതാണ്. അപ്പോൾ അവയവ മാഫിയ പരസ്യമായോ രഹസ്യമായോ സംസ്ഥാനത്തു പ്രവർത്തിക്കുന്നുണ്ടെന്നു വ്യക്തമാണ്. 2001 ൽ സംസ്ഥാനത്തു വൻ ആശുപത്രികൾ കേന്ദ്രീകരിച്ചു വൃക്ക വ്യാപാരം നടക്കുന്നതായി വാർത്തകൾ പുറത്തു വന്നപ്പോൾ അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണി സമഗ്രമായ പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടു. . അന്വേഷണത്തിൽ ഞെട്ടിക്കുന്ന പല വിവരങ്ങളും പുറത്തു വന്നു. ഇടുക്കിയിലെ മേത്തൊട്ടി എന്ന ഗ്രാമത്തിൽ നിന്ന് ദരിദ്രരായ ആളുകളെ പ്രലോഭിപ്പിച്ചു കൂട്ടിക്കൊണ്ടു വന്നു രണ്ടു ആശുപത്രികളിൽ അവരുടെ വൃക്കകൾ മാറ്റി വെച്ച സംഭവങ്ങൾ വെളിച്ചത്തു വന്നു. വൃക്ക റാക്കറ്റിനെ കുറിച്ച് പോലീസ് വിശദ റിപ്പോർട്ട് നൽകിയെങ്കിലും ആശുപത്രികൾക്കും ഡോക്ടർമാർക്കും ഏജന്റുമാർക്കും ഒന്നും സംഭവിച്ചില്ല. നിരവധി ഏജന്റുമാർ ഉൾപ്പെട്ട വൻ തോതിലുള്ള വൃക്ക റാക്കറ്റ് കേരളത്തിൽ പ്രവർത്തിക്കുന്നതായി അന്ന് ഐ എം എ നിയോഗിച്ച അഞ്ചംഗ കമ്മിറ്റിയും കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *