We Talk

ടൈറ്റാനിക് കാണാൻ പോയവർ എവിടെ?

അറ്റ്‌ലാന്റിക്കിന്റെ ആഴങ്ങളിൽ തകർന്നു കിടക്കുന്ന ടൈറ്റാനിക്ക്.   ആ ഭീമൻ കപ്പലിന്റെ അവശേഷിപ്പുകൾ തേടിയിറങ്ങിയവരെ കാണാതായിട്ട് അഞ്ച് ദിവസങ്ങൾ. സമുദ്രത്തിന്റെ അഗാധതയിലേക്ക് അഞ്ച് മനുഷ്യരെയും വഹിച്ച് ഊളിയിട്ട ടൈറ്റൻ എന്ന സമുദ്രപേടകം എവിടെയാണ് ?  ഏതാനും മണിക്കൂറുകൾ കൂടി ഉപയോഗിക്കാനുള്ള ഓക്‌സിജൻ മാത്രമേ സമുദ്രവാഹിനിയിൽ അവശേഷിക്കുന്നുള്ളൂ എന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ ഇനിയുള്ള രക്ഷാപ്രവർത്തനവും അതിന്റെ പുരോഗതിയും നിർണായകമാണ്. ഞായറാഴ്ച ഇന്ത്യൻ സമയം പുലർച്ചെ 1.30ന് യാത്ര തിരിച്ച് ഒന്നേമുക്കാൽ  മണിക്കൂറിനുശേഷം പേടകവുമായുള്ള ആശയവിനിമയം നഷ്ടമാകുകയായിരുന്നു. 1912ൽ മഞ്ഞുമലയിലിടിച്ച് തകർന്ന ടൈറ്റാനിക് കപ്പൽ കിടക്കുന്നിടത്തേക്ക് പേടകം എത്താൻ ഏകദേശം രണ്ടര  മണിക്കൂർ എടുക്കും. പേടകത്തിന് എന്താണ് സംഭവിച്ചതെന്നോ എങ്ങനെയാണ് ആശയവിനിമയ ബന്ധം നഷ്ടമായതെന്നോ കപ്പലിന് എത്രത്തോളം അടുത്തെത്തിയെന്നോ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

പേടകം കണ്ടെത്താൻ  യുഎസ്, കനേഡിയൻ നാവികസേനകളുടെയും വാണിജ്യ, ആഴക്കടൽ സ്ഥാപനങ്ങളുടേയും നേതൃത്വത്തിൽ വ്യാപകമായ തിരച്ചിൽ തുടരുകയാണ്. സ്വകാര്യ മറൈൻ കമ്പനിയായ ഓഷൻഗേറ്റ് എക്സിപിഡിഷൻസിന്റെ ഉടമസ്ഥതയിലുള്ളതാണ് ടൈറ്റൻ സമുദ്രപേടകം. ലോകത്തിലെ തന്നെ സ്വകാര്യ ഉടമസ്ഥതയിലുള്ള ഏക സമുദ്രപേടകമാണിത്. ഒരു സഞ്ചാരിക്ക് ഏകദേശം രണ്ടു കോടി രൂപയാണ്  ചെലവ് വരുന്നത്. സമുദ്രോപരിതലത്തിൽ നിന്നു ഏകദേശം 12,500 അടി താഴെയാണ് ടൈറ്റാനിക്ക് കപ്പലിന്റെ അവശിഷ്ടങ്ങളുള്ളത്. സമുദ്രനിരപ്പിൽ നിന്ന് 4000 മീറ്റർ താഴേക്ക് സഞ്ചരിക്കാൻ ടൈറ്റൻ സമുദ്ര പേടകത്തിന് സാധിക്കും. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ ഏറ്റവും അടുത്ത് നിന്ന്  കാണാമെന്നതാണ് ഇതിന്റെ വലിയ ആകർഷണം. 2015 ൽ കമ്പനി ആദ്യമായി സൈക്ലോപ്സ് എന്ന സമുദ്രപേടകം പരീക്ഷിച്ചതിന് പിന്നാലെയാണ് വിനോദ സഞ്ചാരികൾക്ക് ടൈറ്റാനിക്ക് കാണാൻ അവസരം നൽകുന്ന ടൂറിസം പദ്ധതി ആശയം ഉടലെടുത്തത്. സഹായ കപ്പലിൽ ഒരു ചങ്ങാടത്തിലാണ് സമുദ്രപേടകം അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് കൊണ്ടുപോവുക. സമുദ്രപേടകം വെള്ളത്തിൽ മുങ്ങുന്നതോടെ ചങ്ങാടത്തിൽ നിന്ന് വേർപെടും . ഇത്തരത്തിൽ നാദിർ എന്ന ചങ്ങാടത്തിൽ നിന്ന് വേർപെട്ട് 2 മണിക്കൂറോളം കടലിൽ സഞ്ചരിച്ച ശേഷമാണ് ടൈറ്റൻ കാണാതാവുന്നത്. പ്രാഥമിക അന്വേഷണത്തിന് ശേഷം തിങ്കളാഴ്ച രാവിലെ ടൈറ്റൻ കാണാതായതായി പ്രഖ്യാപിച്ചു. സമുദ്രവാഹിനിക്ക് എന്ത് സംഭവിച്ചുവെന്നോ , എന്തുകൊണ്ടാണ് ബന്ധം നഷ്ടപ്പെട്ടതെന്നോ ഇപ്പോഴും വ്യക്തമല്ല. ബന്ധം നഷ്ടമാവുമ്പോൾ സമുദ്രവാഹിനി ടൈറ്റാനിക്കിനോട് എത്ര അടുത്തായിരുന്നവെന്ന് കണ്ടെത്തുവാനും സാധിച്ചിട്ടില്ല. ടൈറ്റൻ നിലവിൽ എവിടെയാണുള്ളതെന്ന് പോലും സ്ഥിരീകരിച്ചിട്ടില്ല. ടൈറ്റൻ പേടകത്തിൽനിന്നുള്ളതെന്ന് കരുതുന്ന ശബ്ദതരംഗങ്ങൾ ലഭിച്ചുവെന്നതാണ് അതിജീവനം സംബന്ധിച്ച് ആശ്വാസം നൽകുന്ന ഏറ്റവും പുതിയ വാർത്ത. തിരിച്ചലിനിടെ കടലിന്റെ അടിത്തട്ടിൽനിന്ന് മുഴക്കങ്ങൾ കേട്ടതായി യുഎസ് കോസ്റ്റ് ഗാർഡ് അറിയിക്കുകയായിരുന്നു. അറ്റ്ലാന്റിക്  സമുദ്രത്തിന്റെ അടിത്തട്ടിൽനിന്ന് കാനഡയുടെ പി-3 നിരീക്ഷണ വിമാനമാണ് മുഴക്കങ്ങൾ പിടിച്ചെടുത്തത്. സോണാർ കിരണങ്ങൾ ഉപയോഗിച്ചുള്ള തിരച്ചിലിൽ ഓരോ 30 മിനുട്ടിനിടയിലും മുഴക്കം കേട്ടതായാണ് റിപ്പോർട്ടുകൾ. ഈ സ്ഥലത്ത് വിശദമായ തിരച്ചിൽ പുരോഗമിക്കുകയാണ്.

സമുദ്രപേടകത്തിന്റെ ഘടന എന്താണ് ?

മുങ്ങിക്കപ്പലുകൾക്ക് സമാനമായതും എന്നാൽ വളരെ പരിമിതമായ പരിധിക്കുള്ളിൽ സഞ്ചരിക്കുന്നതുമായ ജലവാഹനങ്ങളാണ് സമുദ്രപേടകങ്ങൾ. ഇത് വിന്യസിക്കാനും വീണ്ടെടുക്കാനും ഒരു സഹായ കപ്പൽ ആവശ്യമാണ്. സാധാരണ അന്തർവാഹിനിക്ക് മാസങ്ങളോളം കടലിൽ കഴിയാൻ സാധിക്കുമ്പോൾ ടൈറ്റൻ സാധാരണ 10 മുതൽ 11 മണിക്കൂർ വരെയാണ് കടലിൽ ചെലവഴിക്കുക. ഒരു പര്യവേഷണ യാത്രയ്ക്ക് എട്ട് മണിക്കൂറോളമാണ് ടൈറ്റന് ആവശ്യം. 2018 ലെ ആദ്യ പരീക്ഷണ ദൗത്യത്തിൽ പേടകവുമായുള്ള ബന്ധം കപ്പലിന് രണ്ട് മണിക്കൂറിലധികം വിച്ഛേദിക്കപ്പെട്ടിരുന്നു. ലോഞ്ചിങ് പ്ലാറ്റ്‌ഫോമിൽ നിന്ന് വേർപെട്ടാൽ  മണിക്കൂറിൽ നാല് കിലോമീറ്ററോളം വേഗത്തിലാണ് ഇത് സഞ്ചരിക്കുക. 23000 പൗണ്ട് ഭാരമാണ് ടൈറ്റൻ സമുദ്രവാഹിനിക്കുള്ളത്. കാർബൺ, ഫൈബർ, ടൈറ്റാനിയം കൊണ്ടാണ് ഇത് നിർമ്മിച്ചിട്ടുള്ളത്. പേടകത്തിന്റെ ഇരുഭാഗത്തും ടൈറ്റാനിയം കവചങ്ങളും എയറോസ്പേസും ഉണ്ട്. 5 പേർക്ക് യാത്ര ചെയ്യാനുള്ള സൗകര്യം മാത്രമാണ് സമുദ്രവാഹിനിക്കകത്ത് ഉണ്ടാവുക. ഒരു പൈലറ്റും നാല് യാത്രക്കാരും.  ഒരു മിനിവാനിന്റെ അത്രയും സ്ഥലം. ഇരിപ്പിടങ്ങളോ ജനാലകളോ ഇല്ല. യാത്രക്കാർ തറയിൽ ഇരിക്കണം. ടൈറ്റാനിക് കാണാനായി ഒരു പോർട്ടൽ ഉണ്ട്. അതുവഴി മാത്രമാണ് പുറത്തേക്ക് കാണാനാവുക. മുൻഭാഗത്തു  ഒരു ടോയ്ലറ്റും  സമുദ്രവാഹിനിക്കകത്തുണ്ട് . ഒരു കർട്ടൻ വലിച്ചിട്ട് ടോയ്‌ലെറ്റ് ഉപയോഗിക്കാം. എന്നിരുന്നാലും ഈ സൗകര്യങ്ങൾ ഉപയോഗിക്കുന്നതിനുള്ള സാധ്യത കുറക്കേണ്ടതിനാൽ ഡൈവിംഗിന് മുമ്പും സമയത്തും ഭക്ഷണക്രമം നിയന്ത്രിക്കണമെന്ന് കമ്പനി ശുപാർശ ചെയ്യും. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ  ശക്തമായ ലൈറ്റുകൾ പുറത്ത് സജ്ജീകരിച്ചിട്ടുണ്ട്. അകത്ത് സജ്ജമാക്കിയ ഡിജിറ്റൽ സ്ക്രീനിലും കപ്പലിന്റെ ആവശിഷ്ടങ്ങൾ സഞ്ചാരികൾക്ക് കാണാം. സമുദ്രാന്തർഭാഗത്തേക്കു പോകുമ്പോഴുണ്ടാകുന്ന ശക്തമായ തണുപ്പിനെ അതിജീവിക്കുന്നതിനായി ഭിത്തികൾ ചൂടുള്ളതാണ്. ഈ ഭിത്തികളിൽ ലൈറ്റുകൾ ഘടിപ്പിച്ചിട്ടുണ്ടാകും. 96 മണിക്കൂർ ഉപയോഗിക്കാനുള്ള ഓക്സിജനാണ് ഒരു യാത്രയിൽ സമുദ്രവാഹിനിയിൽ ഉണ്ടാവുക. .

വെള്ളത്തിനടിയിൽ ജിപിഎസ് ഇല്ലാത്തതിനാൽ സഹായ കപ്പലിൽ നിന്നുള്ള സന്ദേശങ്ങളാണ് ഇതിനെ മുന്നോട്ട് നയിക്കുക. കപ്പലിൽ നിന്നുള്ള സന്ദേശങ്ങൾക്കനുസരിച്ച് ഒരു വീഡിയോ കൺട്രോളർ ഉപയോഗിച്ച് പൈലറ്റ് പേടകത്തെ നിയന്ത്രിക്കുന്നു. പൈലറ്റിന് ഇതിന് പ്രത്യേക പരിശീലനം ആവശ്യമില്ല എന്നാണ് കമ്പനി സിഇഒ മുൻപ് വ്യക്തമാക്കിയത്. സമുദ്രത്തിലെ മർദം മനസിലാക്കാനുള്ള സെൻസറുകളും ഇതിലുണ്ട്. പര്യവേക്ഷണത്തിന് മുൻപ് പുറത്ത് നിന്നാണ് സമുദ്രപേടകം പൂട്ടുക. 17 പൂട്ടുകളാണ് ഇതിനായി ഉപയോഗിക്കുക. ഒരു കാരണവശാലും ഇത് അകത്ത് നിന്ന് തുറക്കാൻ പറ്റില്ല എന്നത് രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്കരമാക്കുന്നു. സമുദ്രപേടകത്തിൽ നടക്കുന്ന കാര്യങ്ങൾ തത്സമയം നിരീക്ഷിക്കാൻ റിയൽ ടൈം ട്രാക്കിങ് സംവിധാനം , ശബ്ദതരംഗങ്ങൾ ഉപയോഗിച്ച് വെള്ളത്തിനടിയിലെ കാഴ്ചകൾ കാണാൻ ‘സോണാർ’ സാങ്കേതിക വിദ്യ, വീഡിയോ, ഫോട്ടോ ചിത്രീകരണത്തിന് എച്ച്ഡി ക്യാമറകൾ, യന്ത്രക്കൈ തുടങ്ങിയവയാണ് മറ്റ് സവിശേഷതകൾ. 1000 ലിറ്റർ ഓക്സിജൻ ആണ് ഇതിൽ സംഭരിക്കാൻ സാധിക്കുക. 2018 ൽ പരീക്ഷണാത്മകമായി യാത്രകൾ ആരംഭിച്ചെങ്കിലും 2021ലാണ് ആഴക്കടൽ വിനോദസഞ്ചാരം ടൈറ്റൻ ആരംഭിച്ചത്.
യാത്രക്കാർ 18 വയസിന് മുകളിൽ പ്രായമുള്ളവരായിരിക്കുക എന്നത് മാത്രമാണ് വിനോദസഞ്ചാരത്തിനുള്ള വ്യവസ്ഥ. പരിമിതമായ സ്ഥലങ്ങളിൽ ഇരിക്കാൻ സാധിക്കുന്നവരുമാകണം. മറ്റു സുരക്ഷാ സംവിധാനങ്ങൾ ആവശ്യമില്ല എന്നാണ് കമ്പനിയുടെ പക്ഷം. സഹായക്കപ്പലിൽ ഒരു ചങ്ങാടത്തിലാണ് സമുദ്രപേടകം അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് കൊണ്ടുപോവുക. സമുദ്രപേടകം വെള്ളത്തിൽ മുങ്ങുന്നതോടെ ചങ്ങാടത്തിൽ നിന്ന് വേർപെടും.. ടൈറ്റൻ പേടകം നിയന്ത്രിക്കാൻ ഉപയോഗിച്ചത് ഓഫ്-ദി-ഷെൽഫ് ലോജിടെക് ഗെയിമിങ് കൺട്രോളറാണ്. സിബിഎസ് ന്യൂസാണ് ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവിട്ടത്. അത്തരമൊരു കൺട്രോളർ ഉപയോഗിച്ച് ടൈറ്റൻ പ്രവർത്തിപ്പിച്ചതാവാം പേടകം മുങ്ങാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ.

രക്ഷാപ്രവർത്തനം എങ്ങനെ? 

യുഎസിൽ നിന്നും കാനഡയിൽ നിന്നുമുള്ള ഒന്നിലധികം ഏജൻസികൾ ഉൾപ്പെട്ടതാണ് തിരച്ചിൽ സംവിധാനങ്ങൾ. ഉപരിതലത്തിലും  വെള്ളത്തിനടിയിലും വ്യാപകമായ തിരച്ചിലുകൾ നടക്കുന്നുണ്ട്. ചൊവ്വാഴ്ച വരെ 10,000 ചതുരശ്ര മൈലിലധികം തിരച്ചിൽ നടത്തി. ബോട്ടുകൾ, വിമാനങ്ങൾ, റഡാർ ഉപകരണങ്ങൾ എന്നിവ വെള്ളത്തിന് മുകളിലൂടെ സ്കാൻ ചെയ്യുന്നുണ്ട്. സോണാർ സംവിധാനങ്ങൾ ഉപയോഗിച്ച് കടലിനടിയിലെ ശബ്ദങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. തിരച്ചിലിൽ പങ്കുചേരാൻ അണ്ടർവാട്ടർ റോബോട്ട് ഘടിപ്പിച്ച ഒരു ഗവേഷണ കപ്പൽ ഫ്രാൻസ് അയച്ചിട്ടുണ്ട്. എന്നാൽ സമുദ്രവാഹിനി കണ്ടെത്തുക എന്നത് ആദ്യപടി മാത്രമാണെന്നാണ് ഗവേഷകരുടെ അഭിപ്രായം. അതിനെ രക്ഷിക്കുക എന്നതാണ് യഥാർത്ഥ വെല്ലുവിളി. സമുദ്ര പേടകം എവിടെ, എത്ര ആഴത്തിലാണ് ഉള്ളതെന്നത് പ്രധാനമാണ്. രക്ഷാപ്രവർത്തനത്തിന് ഏത് രീതി പ്രയോഗിക്കണമെന്ന് തീരുമാനിക്കണമെങ്കിൽ സമുദ്രപേടകം എവിടെയാണുള്ളതെന്ന് മനസിലാക്കണം.
ബ്രിട്ടിഷ് വ്യവസായി ഹാമിഷ് ഹാർഡിങ് , എൻഗ്രോയുടെ വൈസ് ചെയർമാനും ശതകോടീശ്വരനുമായ ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ ദാവൂദ്, ഫ്രഞ്ച് പൗരനായ മുങ്ങൽവിദഗ്ധൻ പോൾ ഹെൻ‌റി നാർസലേ, ഓഷൻഗേറ്റ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടൻ റഷ് എന്നിവർ പര്യവേക്ഷണ വാഹനത്തിലുണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ഹാമിഷ് ഹാർഡിങ് യാത്ര തിരിക്കുന്നതിന് മുൻപായി ടൈറ്റാനിക്കിലേക്ക് തിരിക്കുകയാണ് എന്നർത്ഥത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു.

ReplyForward

Leave a Reply

Your email address will not be published. Required fields are marked *