വിവാദ യൂട്യൂബർ ‘തൊപ്പി’ കസ്റ്റഡിയിൽ
കൊച്ചി: അസഭ്യമായ രീതിയിൽ പാട്ട് പാടിയതിനും ഗതാഗത തടസ്സം സൃഷ്ടിച്ചതിനും യൂട്യൂബർ ‘തൊപ്പി’യെ വളാഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് പുലർച്ചെ രണ്ടു മണിയോടെ പൊലീസ്
ഫ്ലാറ്റിനു പുറത്തെത്തി വാതിൽ തുറക്കാനാവശ്യപ്പെട്ടെങ്കിലും ലോക്ക് ജാമായതിനാൽ തൊപ്പിക്കി വാതിൽ തുറക്കാൻ സാധിച്ചില്ല. തുടർന്ന് താക്കോൽ വാതിലിനടിയിലൂടെ തൊപ്പി പുറത്തേക്കിട്ട് കൊടുത്തെങ്കിലും പോലീസിനും വാതിൽ തുറക്കാൻ സാധിച്ചില്ല. ശേഷം വാതിൽ ചവിട്ടി പൊളിച്ചാണ് തൊപ്പിയെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഈ രംഗം തൊപ്പി തന്നെ സമൂഹമാധ്യമങ്ങളിൽ തത്സമയം പങ്കുവെച്ചിരുന്നു. സ്റ്റേഷനിൽ ഹാജരാകാമെന്ന് അറിയിച്ചിട്ടും സമ്മതിച്ചില്ലെന്നും പ്രശസ്തിക്കു വേണ്ടിയാണ് അറസ്റ്റെന്നും തൊപ്പി ആരോപിച്ചു. ഇയാളുടെ ഫ്ലാറ്റിൽ നിന്ന് ഒരു കമ്പ്യൂട്ടർ, ഹാർഡ് ഡിസ്ക്, രണ്ട് മൊബൈൽ ഫോൺ എന്നിവയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. തൊപ്പിയ്ക്കെതിരെ ഏതൊക്കെ വകുപ്പുകളാണ് ചുമത്തേണ്ടതെന്ന് പൊലീസ് വിശദമായി പരിശോധിക്കും. കഴിഞ്ഞയാഴ്ച വളാഞ്ചേരിയിൽ കടയുടെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഉദ്ഘാടന പരിപാടി സംഘടിപ്പിച്ച ‘പെപെ സ്ട്രീറ്റ് ഫാഷൻ’ വസ്ത്രവ്യാപാരശാലയുടെ ഉടമക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.