കൊടുങ്ങല്ലൂര്‍ ഭരണി നടക്കുന്ന നാട്ടില്‍ തെറിപ്പാട്ടിന് ‘തൊപ്പി’ അറസ്റ്റില്‍; കേരളാ പൊലീസിന് വീണ്ടും നാണക്കേട്
എല്ലാം ക്ഷമിക്കുന്ന അമ്മയെപ്പോലെയാണ് സ്‌റ്റേറ്റ് എന്നാണ് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ വാക്കുകള്‍. അതായത് ഭരണകൂടവും പൊലീസുമൊക്കെ പൗരനെ രക്ഷിക്കാനാണ്, ശിക്ഷിക്കാനല്ല. ‘തൊപ്പി’യുടെ ഭാഷയിലുള്ള പോരായ്മകള്‍ പറഞ്ഞ് മനസ്സിലാക്കി അവനെ ഒരു നല്ല യൂട്യൂബറാക്കി മാറ്റുകയാണ് വേണ്ടത്. അതിന് അറസ്റ്റല്ല, കൗണ്‍സിലിങ്ങും ക്ലാസുമാണ് വേണ്ടത്.
കൊച്ചി: ശിക്ഷ ഒരിക്കലും തെറ്റിനേക്കാള്‍ വലുതാവരുത് എന്നാണ് നിയമത്തിന്റെ അടിസ്ഥാന പാഠം. ഒരാളെ നേര്‍വഴിക്ക് നടത്താനുള്ളതാണ് ശിക്ഷ. അല്ലാതെ അയാളെ സ്ഥിരമായി റെബലാക്കാനുള്ളതല്ല. കേരളത്തിലെ കുട്ടികളുടെ വീരനായകനായ തൊപ്പി എന്നറിയപ്പെടുന്ന കണ്ണുര്‍ മാങ്ങാട്ടെ മുഹമ്മദ് നിഹാലിനെ (25) അറസ്റ്റ് ചെയ്തത് കേരളാ പൊലീസിന് വീണ്ടും നാണക്കേട് ആവുകയാണ്. കൊടിയ ക്രമിനല്‍ കേസുകളിലെ പ്രതിയെപ്പോലെ രാത്രിക്ക് രാത്രിയെത്തി വാതില്‍ ചവിട്ടിപ്പൊളിച്ച് അറസ്റ്റ് ചെയ്യേണ്ട വ്യക്തിയാണോ തൊപ്പിയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം.
വളാഞ്ചേരിയില്‍ കടയുടെ ഉദ്ഘാടനത്തിന് തെറിപ്പാട്ടുപാടുകയും അശ്ലീലം പറയുകയും ചെയ്‌തെന്നാണ് കേസ്. പൊലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച് പരിശോധിക്കേണ്ട നിസ്സാര കാര്യമെയുള്ളൂ. എന്നാല്‍ എറണാകുളത്ത് സുഹൃത്തിന്റെ വീട്ടില്‍നിന്ന്് മുറിയുടെ വാതില്‍ ചവിട്ടിപ്പൊളിച്ചാണ്, തൊപ്പിയെ അര്‍ധരാത്രി വളാഞ്ചേരി പോലീസ് കസ്റ്റഡിയില്‍ എടുത്തത് . ഇതിന്റെ വീഡിയോ തൊപ്പി തന്നെ ലൈവിട്ടിരുന്നു.

ഇതോടെ തൊപ്പിയുടെ ആരാധകരായ കുട്ടിപ്പടയും അതീവ രോഷത്തിലാണ്. ഇത്തരം നടപടികള്‍ കുട്ടികളെ കൂടുതല്‍ കൂടുതല്‍ റെബലുകളാക്കി മാറ്റുകയാണ് ചെയ്യുക എന്നാണ് സാമൂഹിക നിരീക്ഷകര്‍ പറയുന്നത്. തൊപ്പിയുടെ ഭാഷയില്‍ വിയോജിപ്പുള്ളവര്‍ ഏറെയുണ്ട്. പക്ഷേ അത് പറഞ്ഞുകൊടുത്ത് അയാളെ തിരുത്തിക്കുന്നതിന് പകരം അറസ്റ്റ് ചെയ്തിട്ട് എന്തു ഫലമാണ് ഉണ്ടാവുക. എല്ലാം ക്ഷമിക്കുന്ന അമ്മയെപ്പോലെയാണ് സ്‌റ്റേറ്റ് എന്നാണ് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ ഒരു വാക്കുകള്‍. അതായത് ഭരണകൂടവും പൊലീസുമൊക്കെ പൗരനെ രക്ഷിക്കാനാണ്, ശിക്ഷിക്കാനല്ല. തൊപ്പിയുടെ ഭാഷയിലുള്ള പോരായ്മകള്‍ പറഞ്ഞ് മനസ്സിലാക്കി, അവനെ ഒരു നല്ല യൂട്യൂബറാക്കി മാറ്റുകായണ് വേണ്ടത്. അതിന് അറസ്റ്റല്ല, കൗണ്‍സിലിങ്ങും ക്ലാസുമാണ് വേണ്ടത്.
തെറിപ്പാട്ട് പാടി എന്നതിന്റെ പേരിലൊക്കെ അറസ്റ്റ് ചെയ്താല്‍ കൊടുങ്ങല്ലൂര്‍ ഭരണിയൊക്കെ നടത്താന്‍ കഴിയുമോ. പക്ഷേ വിശ്വാസത്തിന്റെ പേരിലും മതത്തിന്റെ പേരിലും ആവുമ്പോള്‍ എന്തും നടത്താമല്ലോ. ഇനി ഗതാഗതക്കുരുക്ക് ഉണ്ടാക്കിയ സംഭവത്തിനാണെങ്കില്‍ നമ്മുടെ രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെ എത്രപേരെ അറസ്റ്റ് ചെയ്യേണ്ടി വരും.
ഇവിടെക്കുറേ രാഷ്ട്രീയക്കേസുകള്‍ കിടക്കുന്നുണ്ടെന്നും അവ ഒളിപ്പിക്കാനും മുക്കാനുമാണ് തനിക്കെതിരായ കേസ് വലുതായി കാണിക്കുന്നതെന്നും നിഹാല്‍ ലൈവില്‍ ആരോപിച്ചു. ഇത്ര വലിയ പ്രശ്നമൊന്നും ആക്കേണ്ട കാര്യമില്ല. പോലീസ് ഉദ്യോഗസ്ഥര്‍ വിളിച്ചപ്പോള്‍ അടുത്തദിവസം സ്റ്റേഷനില്‍ ഹാജരാകാമെന്ന് അറിയിച്ചതാണ്. വെറുതേ വാര്‍ത്തയാക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ വന്ന് അറസ്റ്റ് ചെയ്യുന്നതെന്നും നിഹാല്‍ കുറ്റപ്പെടുത്തി.

അറസ്റ്റല്ല വേണ്ടത് കൗണ്‍സിലിങ്ങ്
പക്ഷേ ഇത്തരം നിസ്സാര കേസുകളാക്കെ കോടതിയില്‍ എത്തിയാല്‍ പൊലീസ് നാറുമെന്ന് ഉറപ്പാണ്. നേരത്തെ രഹ്‌നാഫാത്തിമ കേസില്‍ അതാണ് കണ്ടത്.
സ്വന്തം മക്കളെ കൊണ്ട് തന്റെ നഗ്നശരീരത്തില്‍ ചിത്രം വരപ്പിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട സംഭവത്തിലാണ് രഹ്ന ഫാത്തിമക്കെതിരെ പോലീസ് കേസെടുത്തിരുന്നത്. പോക്സോ, ഐ ടി ആക്ട് പ്രകാരമായിരുന്നു രഹ്നക്കെതിരെ സൗത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. രഹ്ന ഫാത്തിമ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് കേസ് റദ്ദാക്കിയത്.
ആരുടെയോ ഒരു പരാതികിട്ടിയ ഉടന്‍, പാഞ്ഞെത്തി പെയിന്റും ബ്രഷും ലാപ്ടോപ്പും അടക്കം കണ്ടുകെട്ടി തൊണ്ടിയാക്കി, അമ്മയ്‌ക്കെതിരെ പോക്സോയും ഐടി നിയമവും ചുമത്തിയ കേരള പോലീസിന്റെ കുറ്റപത്രം വലിച്ചുകീറി കുട്ടയിലിട്ടതിന് സമാനമായ നടപടിയാണ് ഹൈക്കോടതിയില്‍നിന്ന് ഉണ്ടായത്. ”പുരുഷന് അവന്റെ ശരീരത്തിന്റെ മേലുള്ള അധികാരം ,സമൂഹത്തില്‍ വളരെ അപൂര്‍വമായി മാത്രമേ ചോദ്യം ചെയ്യപ്പെടുന്നുള്ളൂ. അതേസമയം സ്ത്രീക്ക് അവളുടെ ശരീരത്തിലുള്ള അവകാശം പുരുഷാധിപത്യ സമൂഹത്തില്‍ നിരന്തരം ചോദ്യം ചെയ്യപ്പെടുന്നു.
ശരീരത്തിന്റെയും ജീവിതത്തിന്റെയും കാര്യത്തില്‍ തീരുമാനം എടുക്കുന്നതിന്റെ പേരില്‍ സ്ത്രീയെ സമൂഹംഭീഷണിപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും വിചാരണ നടത്തുകയും ചെയ്യുന്നു. ”- ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് വിധിയില്‍ ചൂണ്ടിക്കാട്ടി. കേരളാ പൊലീസിന്റെ മുഖത്ത് കിട്ടിയ അടി എന്ന നിലയിലാണ് ഈ വിധി വിലയിരുത്തപ്പെട്ടത്.
അതുപോലെ കോടതിയില്‍നിന്ന് രൂക്ഷമായ വിമര്‍ശനം വരാന്‍ സാധ്യതയുള്ള ഒരു സംഭവമാണ് തൊപ്പി കേസും. തൊപ്പിയോട് തോന്നിയ ഈര്‍ഷ്യ മുഴുവന്‍ അയാള്‍ തന്റെ ജീവിതം പറയുന്ന, ഒരു ഇന്റവ്യൂ കണ്ടാല്‍ പോവും. ശരിക്കും ടോക്സിക്ക് പാരന്റിങ്ങിന്റെയും ചൈല്‍ഡ്ഹുഡ് ട്രോമയുടെ ഇരയാണ് അയാള്‍. പാട്ടും നൃത്തവും എല്ലാം വിലക്കുന്ന ഒരു ഇസ്‌ലാമിക കുംടുംബത്തില്‍ ജനിച്ച തൊപ്പി പതുക്കെ സൈബര്‍ ലോകത്തിലേക്ക് മാറുകയായിരുന്നു. അഞ്ചുവര്‍ഷമായത്രേ, അയാള്‍ മുറിവിട്ട് പുറത്തുപോയിട്ട്. ആ 25കാരന് സത്യത്തില്‍ വേണ്ടത് ശരിക്കും കൗണ്‍സിലിങ്ങും, വ്യക്തിത്വവികസനത്തിനായുള്ള ക്ലാസുകളുമാണ്. അതിന് പകരം പൊലീസ് ചെയ്യുന്നത് അറസ്്റ്റും ഭീഷണിയുമാണ്.

ജനറേഷന്‍ ആല്‍ഫയുടെ പ്രശ്‌നങ്ങള്‍
2010നും 2024നും ഇടയില്‍ ജനിക്കുന്നവരെയാണ് ജനറേഷന്‍ ആല്‍ഫ എന്ന് വിളിക്കുക. ഈ കുട്ടികള്‍ എല്ലാം കൊണ്ടും വ്യത്യസ്താരാണ്. ഇവരുടെ താരമാണ് തൊപ്പി. ഇവരെ മാനേജ് ചെയ്യുകയും വലിയ പണിയാണ്. ഇനിയുള്ള കാലത്ത് കേരളം അഭിമുഖീകരിക്കാന്‍ പോവുന്ന ഏറ്റവും വലിയ പ്രശ്നമായിരിക്കും പുതു തലമുറയെ എങ്ങനെ മനേജ് ചെയ്യുക എന്നത്.
ജനറേഷന്‍ ഗ്യാപ്പ് വളരെയധികമുള്ള സമൂഹമാണ് നാം. ജനിച്ചപ്പോള്‍ മുതല്‍ സെല്‍ഫോണ്‍ കണ്ട് വളര്‍ന്ന, പുതിയ തലമുറയുടെ ഭാഷപോലും നമ്മള്‍ ചിന്തിക്കുന്നതില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. നമ്മള്‍ ഫോളോചെയ്യുന്ന, അന്താരാഷ്ട്ര ദേശീയ, പ്രശ്നങ്ങളും കേരള രാഷ്ട്രീയവും, പരിസ്ഥിതി വിഷയവും ഒന്നുമല്ല ഇവരുടെ പ്രശ്നം. അവര്‍ക്ക് ചില്ലായി ജീവിച്ചുപോയാല്‍ മതി. കൂള്‍ ആണ്, ഫ്രീക്കാണ്, വൈബാണ്, മജയാണ് തുടങ്ങിയ അവരുടെ വാക്കുകള്‍പോലും പഴയ തലമുറക്ക് പിടികിട്ടില്ല. മുനുഷ്യ- മൃഗ സംഘര്‍ഷത്തേക്കാളുമൊക്കെ കേരളത്തെ ഇനി സംഘര്‍ഷഭരിതമാക്കുക, രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള ഘര്‍ഷണമാണ്. ഇപ്പോഴുണ്ടായ തൊപ്പിത്തരംഗമൊക്കെ അതിന്റെ സൂചനകളാണ്.
സൈബര്‍ ലോകത്ത് വളര്‍ന്നുവരുന്ന ഒരു തലമുറക്ക് ഒപ്പം, സ്നേഹത്തിലൂടെ അവരുടെ കൂട്ടുകാരനായി മാറിയുള്ള ഒരു പാരന്റിങ്ങ് മലയാളിക്ക് പരിചയമില്ല. ആ രീതിയിലുള്ള ആഴത്തിലുള്ള ഇടപെടലുകളെക്കുറിച്ച് നാം ആലോചിച്ച് തുടങ്ങേണ്ട സമയമാണിത്. അപ്പോഴാണ് നമ്മുടെ പൊലീസ് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പോകുന്നത്. കീഴ്ശ്വാസത്തിന്റെ തനി മലയാളം പറഞ്ഞ ഒരു പാട്ടിന്റെ പേരില്‍ അറസ്റ്റുണ്ടായി എന്നറിഞ്ഞാല്‍ ലോക മാധ്യമങ്ങള്‍ നമ്മെ പുച്ഛിക്കുമെന്നുപോലും കേരളാ പൊലീസ് മറന്നുപോയി. ആദ്യം കൗണ്‍സലിങ്ങും ക്ലാസും വേണ്ടത് നമ്മുടെ പൊലീസിനാണ്.