വിദ്യയോടൊപ്പം ഉള്ളവർ
വ്യാജ പ്രവർത്തിപരിചയ സർട്ടിഫിക്കറ്റ് കേസിലെ പ്രതി കെ വിദ്യ രണ്ടാഴ്ചയായി സൈബർ ലോകത്തു തരംഗമായിരുന്നു. സമൂഹ മാധ്യമങ്ങൾ തുറന്നാൽ “കിട്ടിയോ “എന്ന ചോദ്യം. വിദ്യ കാണാതിരിക്കാൻ പിന്തിരിഞ്ഞു നിൽക്കുന്ന പോലീസ് മേധാവിയുടെ ചിത്രം. ഇതെല്ലാം കണ്ടു രോഷാകുലരായി വിദ്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ഇടതു അനുകൂലികൾ എത്തിയതോടെ രംഗം കൊഴുത്തു. അറിയപ്പെടുന്ന ഇടതു ബുദ്ധിജീവികൾ, ജനകീയ ആരോഗ്യ പ്രവർത്തകർ , ഇടതനുകൂല മാധ്യമ പ്രവർത്തകർ തുടങ്ങി നിരവധി പേർ “വിദ്യയോടൊപ്പം” എന്ന് പ്രഖ്യാപിച്ചു ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു. വിദ്യ ചെയ്തത് എന്താ, അത്ര വലിയ കുറ്റമാണോ എന്നായിരുന്നു അവരുടെ ചോദ്യം.

ശരിയാണ്. തൂക്കിക്കൊല്ലാൻ മാത്രമുള്ള വലിയ കുറ്റകൃത്യങ്ങളൊന്നും വിദ്യ ചെയ്തിട്ടില്ല. മഹാരാജാസ് കോളജിന്റെ പേരിൽ ഒരു പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കി. അട്ടപ്പാടി ഗവ. കോളജിൽ ഗസ്റ്റ് ലെക്ച്ചറർ ജോലി കിട്ടാൻ അത് അവിടെ കൊടുത്തു. അതേ സർട്ടിഫിക്കറ്റ് കാസർകോട്ടെ ഒരു കോളജിലും കൊടുത്തു. മികച്ച ട്രാക്ക് റെക്കോർഡ് ഉള്ള വിദ്യാർത്ഥിയാണ് വിദ്യ. ക്ലാസും റാങ്കുമൊക്കെ നേടിയാണ് ജയിച്ചത്. പഠിക്കുമ്പോൾ എസ് എഫ് ഐ ക്കാരിയായിരുന്നു. കാലടി സംസ്കൃത കോളജിൽ ഇപ്പോൾ പി എച് ഡി ചെയ്യുന്നു. ലക്ഷങ്ങൾ കോഴ കൊടുത്താലേ സ്വകാര്യ കോളജിൽ അധ്യാപക ജോലി കിട്ടൂ. സാധാരണ കുടുംബത്തിലെ അംഗമായതിനാൽ ജീവിച്ചു പോകാൻ ജോലി വേണം. അതിനു വേണ്ടി ഒരു എക്‌സ്‌പീരിയൻസ് സർട്ടിഫിക്കറ്റ് നിർമിക്കൽ അത്ര വലിയ പാതകമൊന്നുമല്ല എന്നാണ് വിദ്യയോടൊപ്പം എന്ന് പ്രഖ്യാപിച്ചവരുടെ ഉള്ളിലിരിപ്പ്. ഒന്നോർത്താൽ സംഗതി ശരിയാണ്. വിദ്യ സ്വർണം കടത്തിയിട്ടില്ല. സോളാർ പ്രോജക്ടിന്റെ പേര് പറഞ്ഞു ആരോടും പണം വാങ്ങിയിട്ടില്ല. ഇതൊക്കെ ചെയ്‌തവർക്കു മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും ഹീറോ പരിവേഷം നൽകുമ്പോഴാണ് ഒരു പാവം വിദ്യയെ പിടികിട്ടാകൊലപ്പുള്ളിയെപ്പോലെ വേട്ടയാടുന്നത്.

പഴയ എസ് എഫ് ഐ പ്രവർത്തകയാണെങ്കിലും മുതിർന്ന സിപിഎം നേതാക്കളുടെ ബന്ധു അല്ലാത്തതിനാൽ വിദ്യക്ക് വെള്ളിത്തളികയിൽ ആരും ജോലി വെച്ചു നീട്ടില്ല. സ്പ്രിങ്ക്ലർ മുതൽ കെ ഫോൺ വരെ നീളുന്ന അഴിമതി കഥകളിലൊന്നും അവരില്ല. . ജീവിക്കാൻ ഒരു ജോലി ..അതു കിട്ടാനാണ് അവർ ഈ സാഹസമൊക്കെ കാട്ടിയത്. പോലീസ് കേസെടുത്തപ്പോൾ വിദ്യയെ കാണാതായി. വടകരയിലെ സുഹൃത്തിന്റെ വീട്ടിൽ ആയിരുന്നെന്നാണ് വിദ്യ പറഞ്ഞത്. അവിടെ നിന്ന് അവരെ അറസ്റ്റ് ചെയ്ത പോലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു കസ്റ്റഡിയിൽ വാങ്ങുകയും ചെയ്തു . താൻ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയിട്ടില്ലെന്നാണ് ഇപ്പോൾ വിദ്യ പറയുന്നത്. അങ്ങിനെ വന്നാൽ പോലീസ് വലയുകയേ ഉള്ളൂ. കാരണം സർട്ടിഫിക്കറ്റിന്റെ ഒറിജിനലോ മറ്റു തെളിവുകളോ കണ്ടെടുക്കാത്തിടത്തോളം വിദ്യക്കെതിരെ നിയമപരമായി നീങ്ങാൻ പൊലീസിന് കഴിയില്ല. . കോടതിക്ക് വേണ്ടത് തെളിവുകളാണ്. അത് പൊലീസിന് കിട്ടാത്തിടത്തോളം വിദ്യ ഒരു പരിക്കും കൂടാതെ പുറത്തിറങ്ങും. താൻ ഒരു സർട്ടിഫിക്കറ്റും ഉണ്ടാക്കിയിട്ടില്ലെന്നു വിദ്യ പറയുന്നത് വാസ്തവം ആയിരിക്കാമെന്നാണ് കരുതേണ്ടത്.കാരണം ഇതൊക്കെ നിർമിക്കാൻ അറിയുന്നവർ ഇവിടെയുണ്ട്. അട്ടപ്പാടി കോളജിൽ അഭിമുഖത്തിന് പോകുമ്പോൾ അവരിൽ നിന്ന് വിദ്യ അത് ഏറ്റുവാങ്ങുക മാത്രമേ ചെയ്തിട്ടുണ്ടാകൂ.
കേരള ചരിത്രത്തിൽ ആദ്യമായി ഉണ്ടാക്കിയ വ്യാജ രേഖ ഒന്നുമല്ലല്ലോ മഹാരാജാസിലേത്.. കറ തീർന്ന ഔദ്യോഗിക സംവിധാനം ഉണ്ടെന്നു നാമൊക്കെ വിശ്വസിക്കുന്ന പി എസ് സിയിൽ വരെ ഉദ്യോഗ തട്ടിപ്പ് നടന്ന കാലമാണിത്. യൂണിവേഴ്‌സിറ്റി കോളജിലെ കൊലക്കേസ് പ്രതികളായ രണ്ടു എസ് എഫ് ഐ നേതാക്കൾ പി എസ് സിയുടെ പോലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിൽ ഒന്നും മൂന്നും റാങ്കുകാരായത് ഭരണത്തിന്റെ തണലിലാണ്. കോളജ് യൂണിയൻ തെരഞ്ഞടുപ്പിൽ എസ് എഫ് ഐ നേതാവിന്റെ ആൾമാറാട്ടം, ഒരേ സമയം രണ്ടു യൂനിവേഴ്സിറ്റികളിൽ എസ് എഫ് ഐ നേതാവിന്റെ ബിരുദ പഠനം, പരീക്ഷ എഴുതാതെ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയുടെ മാർക്ക് ലിസ്റ്റ് എന്നിങ്ങനെ കൃത്രിമങ്ങളും തട്ടിപ്പുകളും ഒരുമിച്ചു വരികയും എല്ലാത്തിലും എസ് എഫ് ഐ കക്ഷിയാവുകയും ചെയ്യുമ്പോൾ മാധ്യമങ്ങൾ കുറച്ചൊക്കെ അതിരു വിട്ടു പോയെന്നു വരാം. വെട്ടൊന്ന് മുറി രണ്ടു എന്ന മട്ടിൽ സോഷ്യൽ മീഡിയയിൽ അമിതാവേശം സംഭവിച്ചിരിക്കാം. . അത് മഹാ പാതകമായി ചൂണ്ടിക്കാട്ടുന്ന എം സ്വരാജിനെ പോലുള്ളവരും ഇടതു ജിഹ്വകളും നടത്തുന്ന വിലാപം അവരുടെ മുൻകാല ചെയ്തികൾ മറച്ചു വെച്ചു കൊണ്ടാണ്. ടി പി ചന്ദ്രശേഖരന്റെ വിധവ കെ കെ രമയെ ആസ്ഥാന വിധവ എന്ന് വിളിച്ചു അപമാനിക്കുന്നതും അവർക്കെതിരെ തുടർച്ചയായി സൈബർ ആക്രമണം നടത്തുന്നതും എന്ത് തരം മാന്യതയാണ് ? . പി ടി തോമസിന്റെ വിധവ ഉമാ തോമസും സിപിഎം സൈബർ കുങ്കികളുടെ ആക്രമണം നേരിട്ടവരാണ്. ആന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി സാജന്റെ ഭാര്യയെ കുറിച്ച് അപവാദം പ്രചരിപ്പിക്കാൻ പാർട്ടി മുഖപത്രം ചെലവഴിച്ചത് ഒന്നാം പേജിൽ എട്ടു കോളമാണ് . കോടതി തള്ളിക്കളഞ്ഞ സോളാർ സരിതയുടെ പരാതി തലയിലേറ്റി ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചതിനു കയ്യും കണക്കുമുണ്ടോ ? അതിനാൽ, സിപി എം ഇപ്പോൾ ധാർമിക രോഷം കൊള്ളുന്നതിൽ വലിയ അർത്ഥമൊന്നുമില്ല. കാലം ഒന്നിനും കണക്കു ചോദിക്കാതെ കടന്നു പോകില്ല എന്നേ കരുതേണ്ടതുള്ളൂ. അപ്പോഴും അവിവാഹിതയായ യുവതി എന്ന നിലയിൽ വിദ്യ അനുകമ്പ അർഹിക്കുന്നുണ്ട്. വിദ്യയോടൊപ്പം അല്ല, അവരോടു സഹതാപം മാത്രം.