ചോദ്യം ചെയ്യലിനിടെ വിദ്യ കുഴഞ്ഞു വീണു
പാലക്കാട്: വ്യാജരേഖ കേസില്‍ അറസ്റ്റിലായ എസ്.എഫ്.ഐ. മുന്‍ നേതാവ് കെ.വിദ്യ പൊലീസിന്‍റെ ചോദ്യം ചെയ്യലിനിടെ കുഴഞ്ഞുവീണു. ഒളിവിൽ കഴിഞ്ഞിരുന്ന മേപ്പയൂർ കുട്ടോത്ത് വീട്ടിൽനിന്ന് ബുധനാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത വിദ്യയെ അഗളി പൊലീസായിരുന്നു കൊണ്ടുപോയത്. കോടതിയിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങിയ വിദ്യയെ പാലക്കാട്ടെ അഗളി ഡി.വൈ.എസ്പി ഓഫിസിൽ വെച്ച് ചോദ്യം ചെയ്തപ്പോഴാണ് കുഴഞ്ഞുവീണത്.
കുഴഞ്ഞുവീണ വിദ്യയെ പൊലീസ് സമീപത്തുള്ള കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. ഇന്നലെയാണ് വിദ്യയെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടത്. പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ആർട്സ് കോളജിലെ മലയാളം ഗസ്റ്റ് ലക്ചറർ തസ്തികയിൽ നിയമനം ലഭിക്കാൻ എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണു കേസ്. സംശയ നിവാരണത്തിന് അട്ടപ്പാടി കോളജ് അധികൃതർ ബന്ധപ്പെട്ടതിനെ തുടർന്നു മഹാരാജാസ് കോളജ് പ്രിൻസിപ്പൽ നൽകിയ പരാതിയിലാണു പൊലീസ് കേസ് എടുത്തത്.