‘വ്യാജ സർട്ടിഫിക്കറ്റിന് പിന്നിൽ മുൻ എസ്എഫ്ഐ നേതാവ് അബിൻ സി. രാജ്’ എന്ന് നിഖിലിന്റെ മൊഴി
ആലപ്പുഴ: വ്യാജ ഡിഗ്രിയുടെ സർട്ടിഫിക്കറ്റ് നൽകിയത് എസ്എഫ്ഐ മുൻ ഏരിയ പ്രസിഡന്റ് അബിൻ സി രാജാണെന്നും ഇയാൾക്ക് 2020ൽ 2 ലക്ഷം രൂപ കൈമാറിയെന്നും അറസ്റ്റിലായ നിഖില്‍ തോമസിന്റെ മൊഴി. അബിൻ സി രാജ് കായംകുളത്ത് വിദ്യാഭ്യാസ ഏജന്‍സി നടത്തിയിരുന്നുവെന്നും ഇപ്പോൾ വിദേശത്ത് അധ്യാപകനായി ജോലി നോക്കുകയാണെന്നും നിഖിൽ തോമസ് പൊലീസിന് മൊഴി നൽകി. ഒളിവിൽ പോയ രാത്രി ഫോൺ ഓടയിൽ കളഞ്ഞെന്നും കെഎസ്ആർടിസി ബസ്സിൽ തനിച്ചായിരുന്നു യാത്രയെന്നും കൈയിലെ പണം തീർന്നതു മൂലം കീഴടങ്ങാൻ തീരുമാനിച്ചു
വെന്നും നിഖിൽ തോമസ് പറഞ്ഞു. കൊട്ടാരക്കരയിലെത്തി സാഹചര്യം നോക്കി കായംകുളത്ത് എത്താൻ ആയിരുന്നു തീരുമാനമെന്നും നിഖില്‍ തോമസ് പൊലീസിനെ അറിയിച്ചു.

വെള്ളിയാഴ്ച രാത്രി കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം നിഖിലിനെ കസ്റ്റഡിയിലെടുത്തത്.
വെള്ളിയാഴ്ച രാത്രി 12.30 ഓടെ കട്ടപ്പനയിൽ നിന്ന് കോട്ടയത്തേക്ക് കെഎസ്ആർടിസി ബസിൽ വരുന്നതിനിടെയാണ് നിഖിൽ പിടിയിലായത്. കായംകുളം സിഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിഖിലിനെ പിടികൂടിയത്. കഴിഞ്ഞ അഞ്ച് ദിവസമായി നിഖിൽ ഒളിവിലായിരുന്നു.

ഒളിവിലായിരുന്ന നിഖിലിൻ്റെ സുഹൃത്തായ എസ് എഫ് ഐ നേതാവിനെ വർക്കലയിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നിഖിൽ ഒളിവിൽ കഴിയുന്ന സ്ഥലം സംബന്ധിച്ചുള്ള വിവരം ഇയാളിൽ നിന്നും ലഭിച്ചിരുന്നു . ഇതിന് പിന്നാലെയാണ് നിഖിൽ പിടിയിലായത്. നിഖിലിൻ്റെ നീക്കങ്ങൾ വ്യക്തമായി മനസിലാക്കിയ ശേഷമാണ് പോലീസ് സംഘം കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെത്തിയത്.
നിഖിൽ തോമസ് കീഴടങ്ങുമെന്ന സൂചനകൾ പോലീസിന് ലഭിച്ചിരുന്നു. ഛത്തീസ്ഗഢിലെ കലിംഗ സർവകലാശാലയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കി നിഖിൽ എംഎസ്എം കോളേജിൽ എം.കൊം പ്രവേശനം നേടിയെന്നാണ് നിഖിലിനെതിരായ ആരോപണം.
ഡിഗ്രി സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ആക്ഷേപത്തിൽ എസ്.എഫ്.ഐ കായംകുളം മുൻ ഏരിയാ സെക്രട്ടറി നിഖിൽ തോമസിനെ സംഘടനയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കിയതായി എസ്.എഫ്.ഐ വ്യക്തമാക്കിയിരുന്നു. ഡിഗ്രി സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ആക്ഷേപം ഉയർന്നുവന്ന ഘട്ടത്തിൽ തന്നെ എസ്.എഫ്.ഐയുടെ മുഴുവൻ ഘടകങ്ങളിൽനിന്നും അദ്ദേഹത്തെ മാറ്റി നിർത്തിയിരുന്നു. തുടർന്ന് അദ്ദേഹത്തോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ സംഘടനയെ പൂർണമായും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് നിഖിൽ വിശദീകരണം നൽകിയതെന്ന് നേതൃത്വം വ്യക്തമാക്കിയിരുന്നു.