കെ സുധാകരനെ ചങ്ക് കൊടുത്തും പാർട്ടി സംരക്ഷിക്കുമെന്ന് വി ഡി സതീശൻ
തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പു കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത കെപിസിസി പ്രസിഡന്റ് കെ സുധാകരനെ പാര്‍ട്ടി ചങ്കു കൊടുത്തും സംരക്ഷിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ജനാധിപത്യ കേരളം സുധാകരന് ഒപ്പമാണ്. കെട്ടിച്ചമച്ച കേസിന്റെ പേരില്‍ സുധാകരന്‍ നേതൃസ്ഥാനത്തുനിന്ന് മാറാന്‍ തയ്യാറായാല്‍ പോലും മാറ്റില്ലെന്നും കോണ്‍ഗ്രസ് ഒറ്റക്കെട്ടായി സുധാകരനൊപ്പമുണ്ടെന്നും സതീശന്‍ പറഞ്ഞു.
സുധാകരനെ അറസ്റ്റ് ചെയ്തതിലൂടെ സര്‍ക്കാരിന്റെ വൈരാഗ്യബുദ്ധിയാണ് വീണ്ടും പ്രകടമായത്. മോന്‍സന്റെ ഡ്രൈവറെമൂന്നുതവണ ചോദ്യംചെയ്തിട്ടും സുധാകരനെതിരെ മൊഴിയില്ലായിരുന്നു. പരാതിക്കാര്‍ പത്തുകോടി നല്‍കിയത് ആരുടെയും സാന്നിധ്യമില്ലാതെയാണ്. പിന്നെന്തിനാണ് 25 ലക്ഷത്തിന് സുധാകരന്റെ ഗ്യാരന്റിയെന്നും സതീശന്‍ ചോദിച്ചു. കോടതിയുടെ സഹായമില്ലായിരുന്നെങ്കില്‍ കെപിസിസി പ്രസിഡന്റ് കള്ളക്കേസില്‍ ജയിലില്‍ അടയ്ക്കപ്പെട്ടേനെയെന്ന് സതീശന്‍ പറഞ്ഞു.

ആര് മൊഴികൊടുത്താലും പൊലീസ് കേസെടുക്കുമെന്നാണോ. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും എതിരെ സ്വപ്ന സുരേഷ് നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചു. ഏതെങ്കിലും കേസില്‍ പൊലീസ് എഫ്‌ഐആര്‍ എടുത്തിരുന്നോ? എത്രയോ ഗുരുതരമായ ആരോപണങ്ങൾ പ്രതിപക്ഷം തെളിവു സഹിതം ഉന്നയിച്ചിട്ടും എഫ്ഐആർ ഇടാൻ പോലും സർക്കാർ തയാറായോ? ആരുടെയെങ്കിലും കയ്യിൽ നിന്നു പരാതി എഴുതിവാങ്ങി പ്രതിപക്ഷ നേതാക്കളെ കള്ളക്കേസിൽപ്പെടുത്തുകയാണെന്ന് സതീശൻ ആരോപിച്ചു
സര്‍ക്കാര്‍ നില്‍ക്കുന്നത് അഴിമതിയുടെ ചെളിക്കുണ്ടിലാണെന്നും ആ ചെളി പ്രതിപക്ഷത്തിനുമേല്‍ തെറിപ്പിക്കാമെന്നത് വ്യാമോഹമാണെന്നും വി ഡി സതീശൻ പറഞ്ഞു.