We Talk

സുധാകരന്‍ എന്തുകൊണ്ട് രാജിവെക്കുന്നില്ല?

സംസ്ഥാനത്തു സാമ്പത്തിക തട്ടിപ്പു കേസില്‍ പോലീസ് അറസ്റ്റ് ചെയ്യുന്ന ആദ്യ കെ പി സി സി പ്രസിഡന്റ് എന്ന ബഹുമതി കെ സുധാകരനു അവകാശപ്പെട്ടതാണ്. സുധാകരന്റെ  അറസ്റ്റ്  രാഷ്ട്രീയ ഗൂഢാലോചന ആണെന്നും നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നുമൊക്കെ കോണ്‍ഗ്രസ് നേതാക്കള്‍ വലിയ വായില്‍ പറയുന്നുണ്ട്. കേരളത്തില്‍ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് എത്തി നില്‍ക്കുന്ന ദുര്യോഗമാണ് ഇത് തുറന്നു കാണിക്കുന്നത്.

സുധാകരനെ അറസ്റ്റ് ചെയ്തത് ഏതെങ്കിലും ജനകീയ സമരത്തില്‍ പങ്കെടുത്തതിന്റെ പേരിലല്ല. പുരാവസ്തു തട്ടിപ്പുകാരനായ മോണ്‍സണ്‍ മാവുങ്കല്‍ ഒന്നാം പ്രതിയായ വഞ്ചനാ കേസില്‍ ക്രൈം ബ്രാഞ്ച് രണ്ടാം പ്രതിയായി ചേര്‍ത്തതിനാലാണ്. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് കരുതുക വയ്യ. അങ്ങിനെ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാനാണെങ്കില്‍ കെ സുധാകരന്റെ  അനധികൃത സമ്പാദ്യത്തെക്കുറിച്ചുള്ള പരാതിയില്‍  അന്വേഷണം നടത്തിയ വിജിലന്‍സ്  പ്രഥമ ദൃഷ്ട്യാ കേസുണ്ടെന്നും എഫ് ഐ ആര്‍ രെജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്താന്‍ അനുമതി നല്‍കണമെന്നും കാണിച്ചു ആഭ്യന്തര വകുപ്പിന് നല്‍കിയ അപേക്ഷ മാസങ്ങളായി മുഖ്യമന്ത്രിയുടെ മേശപ്പുറത്തു ഇരിക്കില്ലായിരുന്നു.

തട്ടിപ്പുകാരനായ മോണ്‍സണ്‍ മാവുങ്കലും കോണ്‍ഗ്രസ് നേതാവായ സുധാകരനും തമ്മിലെ ബന്ധം സാധാരണ കോണ്‍ഗ്രസുകാര്‍ക്ക് അഭിമാനകരമായി പറയാന്‍ പറ്റുന്ന ഒന്നല്ല. 2018 മുതല്‍ മോണ്‍സണ്‍ അറസ്റ്റിലാവുന്നതു വരെ പലവട്ടം മോണ്‍സന്റെ വീട്ടില്‍ പോകുകയും താമസിക്കുകയും ചെയ്തിട്ടുള്ള ആളാണ് കെ . സുധാകരന്‍. 12 തവണ പോയതിന്റെ ഡിജിറ്റല്‍ തെളിവ് ക്രൈം ബ്രാഞ്ചിന് ലഭിച്ചതായാണ് വിവരം. കണ്ണിനു താഴെയുള്ള കറുപ്പ് നിറം മാറ്റാനുള്ള ചികിത്സക്കാണ് പോയതെന്ന സുധാകരന്റെ വാദം അങ്ങിനെ എളുപ്പത്തില്‍ വെള്ളം കൂട്ടി വിഴുങ്ങാന്‍ പറ്റുന്നതല്ല. സുധാകരനെ പോലെ ഒരു പാര്‍ലമെന്റ് അംഗത്തിന് ചികില്‍സിക്കാന്‍ മോണ്‍സണ്‍ പോലെയൊരു തട്ടിപ്പുകാരന്റെയടുത്തു പോകേണ്ട കാര്യമില്ല. വിദേശത്തു പുരാവസ്തു വിറ്റ വകയില്‍ രണ്ടര ലക്ഷം കോടി കിട്ടാനുണ്ടെന്ന മോണ്‍സണ്‍ന്റെ ബഡായി വിശ്വസിക്കാന്‍ മാത്രം വിഡ്ഢിയായൊരു രാഷ്ട്രീയ നേതാവുമല്ല കെ സുധാകരന്‍. ഈ പണം അക്കൗണ്ടിലേക്കു വരാനുള്ള ചെലവിന് എന്ന് പറഞ്ഞു മോണ്‍സണ്‍ തട്ടിപ്പിലൂടെ വാങ്ങിയ പണത്തിന്റെ പങ്കു പറ്റിയെന്നതാണ് അദ്ദേഹത്തിനെതിരായ ആക്ഷേപം. ഇങ്ങനെയൊരു കേസില്‍ കേരളാ പോലീസ് കെ പി സി സി പ്രസിഡന്റിനെ പ്രതിയാക്കണമെങ്കില്‍ നിശ്ചയമായും കൃത്യമായ തെളിവ് അവരുടെ പക്കല്‍ ഉണ്ടാകുമെന്നതില്‍ സംശയമില്ല. അതല്ലെങ്കില്‍ പോലീസിനും സര്‍ക്കാരിന് തന്നെയും തിരിച്ചടിയാകും ഈ കേസ്. അതിനാല്‍ സുധാകരന് വേണ്ടി സമരം ചെയ്യാന്‍ തെരുവില്‍ ഇറങ്ങുന്നതിനു പകരം പാര്‍ട്ടിയുടെ ഉന്നതമായ മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കാന്‍ പ്രസിഡന്റ് സ്ഥാനം രാജി വെക്കണമെന്നു അദ്ദേഹത്തോട് ആവശ്യപ്പെടുകയാണ് പാര്‍ട്ടിയെ സ്‌നേഹിക്കുന്ന കോണ്‍ഗ്രസുകാര്‍ ചെയ്യേണ്ടത്.

ആദര്‍ശ ശാലികളുടെ വലിയൊരു നിരയുള്ള പാര്‍ട്ടിയായ കോണ്‍ഗ്രസില്‍ നിന്ന് കെ സുധാകരന്റെ രാജിക്കുള്ള ആവശ്യം ഇതുവരെ പൊന്തി വരാതിരുന്നത് മഹാത്ഭുതം തന്നെയാണ്. കോണ്‍ഗ്രസിന് സ്വതസിദ്ധമായി ഉണ്ടായിരുന്ന ധാര്‍മിക ബോധം കൈമോശം വന്നു എന്നാണ് ഇത് തെളിയിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് ആവശ്യം ഉയരുന്നതിനു മുന്‍പേ തന്നെ രാജിവെച്ചൊഴിയുകയായിരുന്നു യഥാര്‍ത്ഥത്തില്‍ സുധാകരന്‍ ചെയ്യേണ്ടിയിരുന്നത്. ഇത്രയും ഗുരുതരമായ ഒരു വഞ്ചനാ കേസില്‍ പ്രതിയായിട്ടും നേതൃസ്ഥാനത്തു അദ്ദേഹം തുടരുന്നത് പാര്‍ട്ടിയോട് കാണിക്കുന്ന കൊടിയ അനീതിയാണ്. സുധാകരന്‍ രാജി വെച്ചത് കൊണ്ട് അറബിക്കടലിലേക്ക് ഒഴുകിപ്പോകുകയൊന്നുമില്ല കോണ്‍ഗ്രസ്. നേരെ മറിച്ചു രാജി പാര്‍ട്ടിക്ക് ആശ്വാസമാകുകയാണ് ചെയ്യുക. 2024 ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് രാജ്യം നീങ്ങുബോള്‍ സംസ്ഥാനത്തു കോണ്‍ഗ്രസിനെ വിജയത്തിലെത്തിക്കാന്‍ നേതൃത്വം നല്‍കേണ്ടയാളാണ് പി സി സി പ്രസിഡന്റ്. മോണ്‍സണുമായി തനിക്കു ഒരു ബന്ധവുമില്ലെന്ന് പറയാനുള്ള ആര്‍ജവം സുധാകരനില്ലെന്നു നേരത്തെ തന്നെ ബോധ്യം വന്നതാണ്. . എന്ന് മാത്രമല്ല, മോണ്‍സണുമായി അടുത്ത ബന്ധമാണുണ്ടായിരുന്നതെന്നും പല കാര്യങ്ങളും മോണ്‍സണ്‍ തനിക്കു ചെയ്തു തന്നിട്ടുണ്ടെന്നും മാധ്യമങ്ങളോട് പറയാന്‍ അദ്ദേഹം തെല്ലും ലജ്ജ കാണിച്ചില്ല. തനിക്കു മോണ്‍സണെ ശത്രുവായി കാണാനാകില്ലെന്നു നിലപാട് വ്യക്തമാക്കിയ ആളാണ് സുധാകരന്‍. . പ്രായപൂര്‍ത്തിയാകാത്ത ബാലികയെ ലൈംഗികമായി പീഡിപ്പിച്ചതിന് ജീവിതാവസാനം വരെ തുറുങ്കിലടയ്ക്കാന്‍ കോടതി ശിക്ഷിച്ച തട്ടിപ്പുകാരനുമായി കെ പി സിസി പ്രസിഡന്റിനുള്ള സുദൃഢ ബന്ധം എന്തിന്റെ സൂചനയാണെന്നത് കോണ്‍ഗ്രസുകാരെ അലട്ടുന്ന വിഷയമാണ്. തള്ളിപ്പറയാനാവാത്ത വിധം എന്തു തരാം കടപ്പാടാണ് സുധാകരന് മോണ്‍സണുമായി ഉള്ളത് ?മുന്‍കാലങ്ങളില്‍ ആയിരുന്നെങ്കില്‍ ചങ്കുറപ്പോടെ ഇത് ചോദിക്കാന്‍ തന്റേടമുള്ള നേതാക്കളും അണികളും കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നു, അവരുടെയൊക്കെ നാവുകള്‍ ഇപ്പോള്‍ വരിഞ്ഞു കെട്ടിയിരിക്കുകയാണ് .

രാജന്‍ കേസിലും ചാരക്കേസിലുമൊക്കെ കെ കരുണാകരനെ കോണ്‍ഗ്രസുകാര്‍ മുഖ്യമന്ത്രി സ്ഥാനം രാജി വെപ്പിച്ചത് അദ്ദേഹം ഈ സംഭവങ്ങളിലൊന്നും നേരിട്ട് ഇടപെട്ടതിന്റെ പേരിലല്ല. മറിച്ചു ഉന്നതമായ പാര്‍ട്ടി മൂല്യങ്ങളുടെ പേരിലായിരുന്നു. അതാണ് കോണ്‍ഗ്രസ് സംസ്‌കാരം ആയി വാഴ്ത്തപ്പെട്ടു പോന്നത്. നിസാരമായ ആരോപണങ്ങളുടെ പേരില്‍ കേന്ദ്രമന്ത്രി സ്ഥാനം രാജി വെച്ച എ കെ ആന്റണിയെ പോലുള്ളവര്‍ ഇന്നും പാര്‍ട്ടിയിലുണ്ടെങ്കിലും നിശ്ശബ്ദരാണ്. പൂച്ചക്കാര് മണികെട്ടും എന്ന സന്ദേഹത്തിലാണ് കോണ്‍ഗ്രസ്. സുധാകരന്‍ രാജി വെക്കണമെന്ന് അഭിപ്രായമുള്ളവര്‍ നിരവധിയുണ്ട്. പക്ഷേ , അത് പറയാന്‍ കഴിയാതെ തൊണ്ടയില്‍ എവിടെയോ കുടുങ്ങിക്കിടക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *