വിദ്യയ്ക്ക് കർശന ഉപാധികളോടെ ജാമ്യം
പാലക്കാട്: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ പ്രവൃത്തിപരിചയ രേഖ ചമച്ചെന്ന കേസിൽ മുൻ വിദ്യാർത്ഥിനി കെ വിദ്യയ്ക്ക് ജാമ്യം. മണ്ണാർക്കാട് കോടതിയാണ് ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് ജാമ്യം. ഒരു മണിയോടെയാണ് വിദ്യയെ കോടതിയിൽ ഹാജരാക്കിയത്.
പാലക്കാട് അഗളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ ജാമ്യം ലഭിച്ചിരിക്കുന്നത്. കേരളം വിട്ടു പോകരുത്, പാസ്പോർട്ട് ഹാജരാക്കണം, രണ്ടാഴ്ച കൂടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
കരിന്തളം കോളേജിൽ തന്നേക്കാൾ യോഗ്യത ഉള്ള ആൾ അഭിമുഖത്തിന് എത്തിയിരുന്നതിനാൽ ജോലി കിട്ടില്ലെന്ന് തോന്നിയത് കൊണ്ട് വിദ്യ വ്യാജ രേഖ നിർമ്മിക്കുകയായിരുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റ് അട്ടപ്പാടി ചുരത്തില്‍വച്ച് കീറിക്കളഞ്ഞുവെന്നും നശിപ്പിച്ചത് പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോഴാണെന്നും വിദ്യ മൊഴി നല്‍കിയെന്ന് പൊലീസ് കോടതിയിൽ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത് താൻ തന്നെയെന്ന വിദ്യയുടെ കുറ്റസമ്മത മൊഴി ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ തുടക്കത്തിലേ എതിർത്തത്. എന്നാൽ, അറസ്റ്റിൽ നടപടിക്രമങ്ങൾ പാലിച്ചില്ല, ആരോഗ്യം, സ്ത്രീ എന്ന പരിഗണന വേണം തുടങ്ങിയവയായിരുന്നു വിദ്യയുടെ വാദം. ഇരു കൂട്ടരുടേയും വാദം കേട്ട കോടതി വിദ്യക്ക് കർശന ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. അതേസമയം, വിദ്യയെ അറസ്റ്റ് ചെയ്യാതിരുന്ന നീലേശ്വരം പൊലീസ് മൂന്ന് ദിവസത്തിനകം ഹാജരാകാൻ നിർദേശിച്ചു.