കോണ്ടം ചോര്‍ച്ചയുണ്ടാവുന്ന രീതിയില്‍ നിര്‍മ്മിക്കാന്‍ രഹസ്യ ഉത്തരവിട്ട ചെഷസ്‌ക്യൂ; കമ്യൂണിസ്റ്റ് മണ്ടത്തരങ്ങള്‍ വീണ്ടും ചര്‍ച്ചയാവുമ്പോള്‍
ഗര്‍ഭനിരോധന ഉറകള്‍ നിര്‍മ്മിക്കുന്ന കമ്പനികളെ സ്വാധീനിക്കുകയായിരുന്നു ചെഷസ്‌ക്യൂവിന്റെ ആദ്യ പരിപാടി. എന്നിട്ട് കോണ്ടങ്ങള്‍ പുറത്തറിയാത്ത ചെറിയ സൂഷിരങ്ങള്‍ ഇട്ട് നിര്‍മ്മിക്കാന്‍ തീരുമാനിക്കുന്നു. അഞ്ചുവര്‍ഷത്തെ കാലയളവില്‍ അങ്ങനെ പതിനായിക്കണക്കിന് കുഞ്ഞുങ്ങള്‍ റുമാനിയയില്‍ ജനിച്ചു.
ഗര്‍ഭച്ഛിദ്രത്തിന്റെ പ്രസക്തിയെക്കുറിച്ച് അമേരിക്കന്‍ ഐക്യനാടുകളില്‍ അടക്കം വീണ്ടും ചര്‍ച്ചവരുന്ന സമയമാണിത്. അബോര്‍ഷന്‍ ദൈവനിഷേധമാണെന്ന് പറഞ്ഞ് ഇവാഞ്ചലിസ്റ്റുകള്‍ ബ്രിട്ടനിലും അമേരിക്കയിലുമൊക്കെ വന്‍ കാമ്പയിന്‍ നടത്തുന്നുണ്ട്. അപ്പോഴാണ്, അബോര്‍ഷനില്ലാക്കാലത്തെ കുറിച്ചും, കമ്യുണിസ്റ്റ് റുമാനിയയില്‍ നിക്കോളായി ചെഷസ്‌ക്യൂ എന്ന ഭരണണാധികാരി നടത്തിയ ഭ്രാന്തന്‍ നയങ്ങളെക്കുറിച്ചും ലോക മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ നിറയുന്നത്.
രണ്ടാം ലോക മഹായുദ്ധത്തില്‍ സോവിയറ്റ് യൂണിയന്റെ ചെമ്പട റുമാനിയ പിടിച്ചടക്കിയതോടെയാണ് ആ രാജ്യം ഒരു സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ആയി മാറിയത്. റുമാനിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആയ നിക്കോളായ് ചെഷസ്‌ക്യു ആണ് 1965 മുതൽ 1989 വരെ പ്രസിഡന്റ് ആയി രാജ്യം ഭരിച്ചത്. തികഞ്ഞ എകാധിപതിയായ ചെഷസ്‌ക്യുവിന്റെ മനസ്സിലുടെ പലപ്പോഴും ഓടിയിരുന്നത് ഭ്രാന്തന്‍ ചിന്തകള്‍ ആയിരുന്നു. തന്റെ നാട്ടിലെ ജനസംഖ്യ വല്ലാതെ കുറയുകയാണെന്ന് ഒരിക്കല്‍ ഈ സൈക്കോ നേതാവിന് തോന്നി. കൂടതല്‍ ജനങ്ങള്‍ ഉണ്ടെങ്കില്‍ സൈനികശേഷി കൂടുമെന്നും, കൂടുതല്‍പേരെ പണിയെടുപ്പിക്കാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. ഉടന്‍തന്നെ തന്റെ അനുചരരെ വിളിച്ച് ചെഷസ്‌ക്യൂ ഈ വിവരം പങ്കുവെച്ചു. എങ്ങനെയെങ്കിലും നാടിന്റെ ജനസംഖ്യ കൂട്ടണം. അതിനായി അവര്‍ പ്ലാന്‍ ചെയ്തത് ചരിത്രത്തില്‍ തന്നെ സമാനതകള്‍ ഇല്ലാത്ത ഒരു പരിപാടിയായിരുന്നു.

അബോര്‍ഷന്‍ നിരോധിക്കുന്നു
ഗര്‍ഭനിരോധന ഉറകള്‍ നിര്‍മ്മിക്കുന്ന കമ്പനികളെ സ്വാധീനിക്കുകയായിരുന്നു ചെഷസ്‌ക്യൂവിന്റെ ആദ്യ പരിപാടി. എന്നിട്ട് കോണ്ടങ്ങള്‍ പുറത്തറിയാത്ത ചെറിയ സൂഷിരങ്ങള്‍ ഇട്ട് നിര്‍മ്മിക്കാന്‍ തീരുമാനിക്കുന്നു. അഞ്ചുവര്‍ഷത്തെ കാലയളവില്‍ അങ്ങനെ പതിനായിരക്കണക്കിന് കുഞ്ഞുങ്ങള്‍ റുമാനിയയില്‍ ജനിച്ചു. അവിഹിത ഗര്‍ഭത്തിന്റെ പേരില്‍ കൊലകളും മറ്റും നടന്നു. അനാഥകുട്ടികള്‍ വലിയ സാമൂഹിക പ്രശ്നമായി. പിന്നീട് ഇക്കാര്യം പുറത്താവുകയും ജനരോഷം ഉയരുകയും ചെയ്തപ്പോള്‍, ‘എല്ലാം വിപ്ലവത്തിന് വേണ്ടി’ എന്നായിരുന്നു ചെഷസ്‌ക്യൂവിന്റെ മറുപടി.1966 ല്‍ ചെഷസ്‌ക്യൂ അബോര്‍ഷന്‍ നിരോധിച്ചു. അബോര്‍ഷന്‍ നടത്തുന്ന സ്ത്രീകള്‍ക്കും കൂട്ടു നില്‍ക്കുന്നവര്‍ക്കും കടുത്ത ശിക്ഷയാണ് നിലവില്‍ വന്നത്.ഇതോടെ നിയമ വിരുദ്ധമായ ഗര്‍ഭച്ഛിദ്രങ്ങള്‍ വര്‍ധിച്ചു. സുരക്ഷിതമല്ലാത്ത ഗര്‍ഭച്ഛിദ്രങ്ങള്‍ വഴി റുമാനിയയില്‍ മരണമടഞ്ഞവരുടെ എണ്ണം അഞ്ച് ലക്ഷത്തോളം വരും എന്നാണ് അനൗദ്യോഗിക കണക്ക്. 1989ലെ സോഷ്യലിസ്റ്റ് വിരുദ്ധ വിപ്ലവത്തെത്തുടര്‍ന്ന്, റുമാനിയയില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നിലംപതിച്ചതോടെയാണ്, ഗര്‍ഭച്ഛിദ്രം നിയമാനുസൃതമായത്. തുടര്‍ന്നാണ് അബോര്‍ഷന്‍ നിരോധിച്ച കാലത്തെ പ്രശ്‌നങ്ങള്‍ പുറം ലോകം അറിഞ്ഞത്.അബോര്‍ഷന്‍ നിരോധിച്ചപ്പോള്‍ അനാഥാലയങ്ങള്‍ നിറഞ്ഞു കവിഞ്ഞു. അവിടെ കുഞ്ഞുങ്ങള്‍ക്ക് അതിഭീകരമായ അവസ്ഥകളാണ് നേരിടേണ്ടി വന്നത്. ഇഷ്ടമില്ലാതെ പ്രസവിച്ചതോ , സാമ്പത്തിക സ്ഥിതി മോശമായത് മൂലമോ ഉപേക്ഷിക്കപ്പെടുന്ന കുട്ടികളുടെ ഒരു തലമുറയെ പാര്‍പ്പിക്കാന്‍, രാജ്യത്തുടനീളം നൂറുകണക്കിന് കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ ചെഷസ്‌ക്യൂ ഉത്തരവിട്ടു. ‘ദ സ്‌റ്റേറ്റ് കാന്‍ ടേക്ക് ബെറ്റര്‍ കെയര്‍ ഓഫ് യുവര്‍ ചൈല്‍ഡ് ദാന്‍ യു കാന്‍’ എന്നെഴുതിയ ബോര്‍ഡുകള്‍ രാജ്യത്തുടനീളം സ്ഥാപിക്കപ്പെട്ടു.

എലി കടിച്ച് മരിച്ച കുട്ടികള്‍
1990ല്‍, പുറംലോകം ചെഷസ്‌ക്യൂവിന്റെ അനാഥാലയങ്ങളെ കുറിച്ചറിഞ്ഞു. അതില്‍ 1,70,000ത്തോളം ഉപേക്ഷിക്കപ്പെട്ട ശിശുക്കളും, കുട്ടികളും, കൗമാരപ്രായക്കാരും ഉണ്ടായിരുന്നു.. ജീവനക്കാരുടെ ദൗര്‍ലഭ്യം കാരണം ഇത്ര അധികം കുട്ടികളെ സ്‌നേഹത്തോടെ പരിചരിക്കുക അസാധ്യമായിരുന്നു. സ്‌നേഹത്തോടെ ഉള്ള ഒരു സ്പര്‍ശം പോലും കിട്ടാതെ ആണ് ഈ അനാഥാലയങ്ങളില്‍ കുട്ടികള്‍ വളര്‍ന്നത്. 1966 നും 1989 നും ഇടയില്‍ റുമാനിയയില്‍ 15,000 നും 20,000നും ഇടയില്‍ ശിശു മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും എന്തെങ്കിലും വൈകല്യമുള്ള കുട്ടികളായിരുന്നു. മഞ്ഞുവീഴ്ച ബാധിച്ചും എലികളാല്‍ ആക്രമിക്കപ്പെട്ടും കുട്ടികള്‍ മരിച്ചു വീണു!

കുട്ടികളെ ആരും പരിചരിക്കാന്‍ ഇല്ലാതെ മലത്തില്‍ പുരണ്ടു കിടക്കുന്നതും, ഇത്തരം അനാഥാലയങ്ങളില്‍ പതിവ് കാഴ്ച്ച ആയിരുന്നു. പ്രവര്‍ത്തിക്കാത്ത സിസ്റ്റത്തിന്റെ മനുഷ്യത്വരഹിതമായ സ്വഭാവത്താല്‍ പല ജീവനക്കാരുടെയും മനസ്സ് മുരടിച്ചു. വൈകല്യമുള്ള കുട്ടികളുമായി ഇടപെടാന്‍ അവരില്‍ പലരും വിദ്യാഭ്യാസം നേടിയവരായിരുന്നില്ല, മാത്രമല്ല, ഇത്രയും അധികം കുട്ടികളെ കൈകാര്യം ചെയ്യുന്നത് ജീവനക്കാർക്ക് അസാധ്യമായിരുന്നു. അവരില്‍ പലര്‍ക്കും സഹാനുഭൂതി ഉണ്ടായിരുന്നെങ്കിലും കുട്ടികളെ സഹായിക്കാന്‍ ശ്രമിച്ചാല്‍ സീനിയര്‍ സൂപ്പര്‍വൈസറുമാരാല്‍ ശിക്ഷിക്കപ്പെടുമായിരുന്നു.
ഇതില്‍ നിരവധി കുട്ടികളെ പാശ്ചാത്യര്‍ ദത്തെടുക്കുകയും അവരില്‍ ചിലര്‍ ഒടുവില്‍ അവരുടെ കുടുംബങ്ങളിലേക്ക് മടങ്ങുകയും ചെയ്തു. ഈ സ്ഥാപനങ്ങളില്‍ ഉണ്ടായിരുന്ന കുട്ടികളെ കുറിച്ച് ഹാര്‍വാര്‍ഡിലെ ഗവേഷകന്‍ ചാള്‍സ് നെല്‍സണ്‍ പഠിച്ചു. ഇവര്‍ക്ക് ഐക്യു കുറവ്, മോശം വൈജ്ഞാനിക കഴിവുകള്‍, ഓട്ടിസത്തോട് അടുത്ത് നില്‍ക്കുന്ന തരത്തില്‍ മറ്റുള്ളവരുമായി അടുപ്പം രൂപീകരിക്കുന്നതില്‍ പ്രശ്‌നങ്ങള്‍, ഒപ്പം ഉത്കണ്ഠയും വിഷാദവുമെല്ലാം വളരെ കൂടുതല്‍ ആയിരുന്നു.

‘ഡ്രാക്കുള’ നിരോധിക്കുന്നു
കലാ സാഹിത്യരംഗത്തും ചെഷസ്‌ക്യൂ കാര്യമായി ഇടപെട്ടു. അധികാരമേറ്റ ഉടന്‍ ‘ഡ്രാക്കുള’ നോവല്‍ പുസ്തകരൂപത്തില്‍ വിറ്റഴിക്കുന്നതും, ചലച്ചിത്രരൂപത്തില്‍ പ്രദര്‍ശിപ്പിക്കുന്നതും നിരോധിക്കുകയുണ്ടായി. ചെഷസ്‌ക്യൂവിന്റെ പതനത്തിനുശേഷമാണ് ഡ്രാക്കുളപ്രഭുവിന് തന്റെ സ്വന്തം രാജ്യത്ത് പിന്നീട് പ്രവേശനം കിട്ടിയത്. ഡ്രാക്കുളയുടെ കഥ , തന്നെ കളിയാക്കാന്‍ ഉണ്ടാക്കിയതോണോ എന്നുപോലും ചെഷസ്‌ക്യൂവിന് സംശയം ഉണ്ടായിരുന്നത്രേ. ഇന്ന് റുമാനിയയിലെ ഏറ്റവും വലിയ വരുമാന മാര്‍ഗമാണ് കാര്‍പ്പാത്തിയന്‍ ടൂറിസം എന്ന ഡ്രാക്കുളകോട്ട കാണിക്കല്‍.

ജനം പട്ടിണിയിലും ശൈത്യത്തിലും മരിക്കുമ്പോള്‍, സ്വര്‍ണ്ണചെരിപ്പുള്ള പത്‌നിയുമായി സ്വര്‍ണ്ണത്തളികയില്‍ ഭക്ഷണം കഴിച്ചിരുന്ന ചെഷ്‌സക്യൂവിനെ, ഒരു പ്രാപ്പഗന്‍ഡാ മാനേജ്‌മെന്റിനും രക്ഷിക്കാനായില്ല. രോഷം അണപൊട്ടി ഒഴുകിയതോടെ ജനം അദ്ദേഹത്തെ ഓടിച്ചിട്ട് തല്ലിയും വെടിവെച്ചും കൊല്ലുകയായിരുന്നു. അപ്പോഴും ചെഷസ്‌ക്യൂവിന്റെ മാധ്യമ വിഭാഗം പടച്ചുവിട്ട കഥകള്‍ വിശ്വസിച്ച് ലോകത്തിന്റെ പലഭാഗത്തും ഇദ്ദേഹത്തെ വിശുദ്ധനാക്കി ലേഖനങ്ങള്‍ വന്നിരുന്നു. ‘ഫോര്‍ മന്ത്‌സ്, 3 വീക്‌സ് ആന്‍ഡ് ടു ഡെയ്‌സ് ‘ എന്നത് വിഖ്യാതമായ ഒരു റുമാനിയന്‍ സിനിമ ആണ്. ഒരു സ്ത്രീ, അബോര്‍ഷന്‍ ആവശ്യമായ സുഹൃത്തിനെ സഹായിക്കാന്‍ ശ്രമിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. ഈ ചിത്രവും ഇന്ന് അബോര്‍ഷനെ അനുകൂലിക്കുന്നവരുടെ കാമ്പയിനില്‍ മുന്നില്‍ നില്‍ക്കുന്നുണ്ട്.