ഗുസ്തിതാരങ്ങളുടെ പോരാട്ടം ഇനി കോടതിയിലൂടെ
ന്യൂഡല്‍ഹി : ലൈംഗിക ചൂഷണം ഉള്‍പ്പടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് ബ്രിജ്ഭൂഷണ്‍ ശരണ്‍സിങ്ങിനെതിരേ അഞ്ചുമാസത്തോളമായി സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ സമരമുറ മാറ്റുന്നു. തെരുവില്‍ സമരം നടത്തിയ താരങ്ങള്‍ തങ്ങള്‍ ഇനി കോടതിയിലേക്ക് നീങ്ങുകയാണെന്ന് പ്രഖ്യാപിച്ചു. പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന ഗുസ്തിതാരങ്ങളായ വിനേഷ് ഫോഗട്ട്, ബജ്രംഗ് പൂനിയ, സാക്ഷിമാലിക് എന്നിവര്‍ ട്വിറ്ററിലൂടെയാണ് വിവരം അറിയിച്ചത്.
ബ്രിജ്ഭൂഷണെതിരെ കേസ്സെടുത്തതോടെ സര്‍ക്കാര്‍ വാക്ക് പാലിച്ചെന്നും കേസില്‍ നീതി കിട്ടുംവരെ പോരാടുമെന്നും താരങ്ങള്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.കോടതിയിലൂടെയായിരിക്കും തങ്ങളുടെ പോരാട്ടമെന്നാണ് ഇവര്‍ പറയുന്നത്.
റെസലിങ്ങ് ഫെഡറേഷന്‍ ഓ്ഫ് ഇന്ത്യയിലെ പരിഷ്‌ക്കരണം ,തിരഞ്ഞെടുപ്പ് നടപടികള്‍ തുടങ്ങിയവ ആരംഭിച്ചിട്ടുണ്ടെന്നും ജൂലൈ 11നു നടക്കുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലഭിച്ച ഉറപ്പുകള്‍ നടപ്പാക്കാന്‍ കാത്തിരിക്കുകയാണെന്നും താരങ്ങള്‍ പറഞ്ഞു.