മനോരമയും സിപിഎമ്മും നേർക്ക് നേർ
മലയാള മനോരമയും കേരളത്തിലെ കമ്യൂണിസ്റ്റുകാരുമായുള്ള തർക്കവും ആരോപണപ്രത്യാരോപണങ്ങളും ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി രൂപം കൊള്ളുന്നത് 1939 ലാണെങ്കിൽ ഇരുകൂട്ടരും തമ്മിലെ വഴക്കവും വക്കാണവും അന്നുമുതൽ തുടങ്ങിയെന്നു കാണാം. ഇതെന്തിനാണ് ഇപ്പോൾ പറയുന്നതെന്ന് നിങ്ങൾക്ക് തോന്നിയേക്കാം. കാരണമുണ്ട്. ഇരുകൂട്ടരും തമ്മിലെ ശത്രുത എല്ലാ അതിരുകളും ലംഘിച്ച് ആക്രമണോത്സുകമായി മുമ്പോട്ടു പോവുകയാണ്. മലയാള മനോരമ ഒരു രാഷ്ട്രീയ പാർട്ടിയല്ലാത്തതിനാൽ ആ സ്ഥാപനത്തിന് സ്വന്തം മാധ്യമങ്ങളേയേ ഉപയോഗിക്കാൻ കഴിയൂ. എന്നാൽ, സിപിഎമ്മിന് ദേശാഭിമാനി പത്രവും കൈരളി ചാനലും പോരാഞ്ഞിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ രംഗത്തിറങ്ങിയിരിക്കയാണ്. അതിന് താഴേക്ക് വന്നാൽ എം വി ഗോവിന്ദൻ മാസ്റ്ററടക്കം പ്രധാന നേതാക്കളെല്ലാം അണിനിരന്നിട്ടുണ്ട്. പാർട്ടിയുടെ യുവനേതാക്കളിൽ പ്രധാനിയായ എം സ്വരാജ് സമൂഹമാധ്യമങ്ങളിൽ നിരന്തരം മനോരമക്കെതിരെ എഴുതിക്കൊണ്ടിരിക്കുന്നു.
ഒരു കാര്യം എല്ലാവരും അംഗീകരിക്കുമെന്ന് തോന്നുന്നു. മനോരമ മുമ്പൊന്നുമില്ലാത്തവിധം സിപിഎമ്മിനെ ആക്രമിക്കുകയാണ്. സിപിഎമ്മിനെതിരായ പ്രചാരണം അവർ മുഖ്യ അജണ്ടയായി എടുത്തിട്ടുണ്ടെന്ന് പത്രം കാണുന്നവർക്കറിയാം. എന്താണ് മനോരമയെ ഇത്രമാത്രം പ്രകോപിപ്പിച്ചത്? ചൂണ്ടിക്കാണിക്കാവുന്ന ഒരു കാരണം, മുഖ്യമന്ത്രി പിണറായി വിജയൻ ന്യൂയോർക്കിലെ മലയാളികളുടെ യോഗത്തിൽ മനോരമയെ റബ്ബർ പത്രം എന്ന് വിളിച്ചതാണ്. അമേരിക്കയിൽ മുഖ്യമന്ത്രിയുടെ കൂടെയിരിക്കാൻ ലക്ഷങ്ങൾ സംഭാവന കൊടുക്കണമെന്ന് മനോരമ എഴുതിയിരുന്നു. ന്യൂയോർക്കിൽ മുഖ്യമന്ത്രിയുടെ പരിപാടിക്ക് സംഘാടകർ സ്പോൺസർഷിപ്പ് ക്ഷണിച്ചിരുന്നു. അതനുസരിച്ചാണ് മനോരമ വാർത്ത കൊടുത്തതെങ്കിലും അതു പിണറായിയെ വല്ലാതെ പ്രകോപിപ്പിച്ചു. മനോരമ പരിപാടി സംഘടിപ്പിക്കുമ്പോൾ സ്പോൺസർഷിപ്പ് സ്വീകരിക്കുന്നില്ലേ, അല്ലാതെ റബ്ബർ വിറ്റ് കിട്ടിയ കാശ് കൊണ്ടാണോ എന്ന് ടൈം സ്ക്വയറിലെ ലോക കേരള സഭാ യോഗത്തിൽ മുഖ്യമന്ത്രി ചോദിച്ചു.
സിപിഎം നേതാക്കൾ മനോരമയെ ഇതും ഇതിലപ്പുറവും പറഞ്ഞിട്ടുണ്ട്. എന്നാൽ, ഒരു മുഖ്യമന്ത്രി പൊതുവേദിയിൽ ഇങ്ങനെ ആക്ഷേപിക്കുന്നത് ആദ്യമാണ്. അതാവാം മനോരമ പത്രത്തിന്റെ അതിരുവിട്ട പ്രകോപനം. ഇൗ യുദ്ധം ഇവിടെയൊന്നും അവസാനിക്കാൻ പോകുന്നില്ല. പാർട്ടിയെയും സർക്കാരിനെയും സ്ഥിരമായും സമർഥമായും എതിർക്കുന്ന ഒരു പത്രത്തോട് സിപിഎമ്മിന് ഒരിക്കലും സന്ധി ചെയ്യാൻ കഴിയില്ല. കമ്യൂണിസ്റ്റുകാർ അധികാരത്തിൽ വന്നാൽ താൻ വിഷം കുടിച്ച് മരിക്കുമെന്ന് ദീർഘകാലം മനോരമയുടെ പത്രാധിപരായിരുന്ന കെ സി മാമ്മൻ മാപ്പിള പറഞ്ഞതായി സിപിഎമ്മുകാരും സിപിഎെക്കാരും ആരോപിക്കാറുണ്ട്. എം സ്വരാജ് ഇക്കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ ഇൗ പരിഹാസം ആവർത്തിച്ചു. 1957 ൽ കമ്യൂണിസ്റ്റുകാർ അധികാരത്തിൽ വരുന്നതിനു മുമ്പാണ് ഇൗ ആരോപണം ഉയർന്നത്. മനോരമയുടെ മേധാവികൾ അതിനെ കമ്യൂണിസ്റ്റ് നുണ എന്ന് പറഞ്ഞ് തള്ളിക്കളയുകയാണ് പതിവ്. എന്നാൽ, കെ സി മാമ്മൻ മാപ്പിളയുടെ മകനും മനോരമയുടെ വലിയ വികസനത്തിന് നേതൃത്വം നൽകിയ പത്രാധിപരുമായ കെ എം മാത്യുവിന്റെ ആത്മകഥ ‘എട്ടാമത്തെ മോതിരം’ വായിച്ചാൽ സത്യം ഇരുകൂട്ടരും പറയുന്നതിനിടയ്ക്കാണെന്ന് മനസ്സിലാകും.
കമ്യൂണിസ്റ്റുകാർ അധികാരത്തിൽ വന്നാൽ റഷ്യയിലെപ്പോലെ എതിരാളികളെ ജയിലിൽ പിടിച്ചിടുമെന്നും സ്വതന്ത്രമായി ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയയാതാകുമെന്നും അങ്ങനെ വന്നാൽ പിന്നെ ആത്മഹത്യ ചെയ്യുന്നതാവും നല്ലത് എന്നുമാണ് അപ്പച്ചൻ മാമ്മൻ മാപ്പിള പറഞ്ഞതെന്നാണ് കെ എം മാത്യൂ വിശദീകരിച്ചത്. ഇൗ വിശദീകരണം കണക്കിലെടുത്താൽ കമ്യൂണിസ്റ്റുകാർ തീർത്തും നുണ പറയുകയാണെന്ന് നമുക്ക് അംഗീകരിക്കാൻ കഴിയില്ല.കമ്യൂണിസ്ററുകാരോടുള്ള എതിർപ്പിന്റെ അടിസ്ഥാനവും കെ എം മാത്യൂ പറഞ്ഞിട്ടുണ്ട്. അതിൽ പ്രധാനം, അവർ ജനാധിപത്യത്തിൽ വിശ്വസിക്കുന്നില്ലെന്നതാണ്. വ്യക്തി സ്വാതന്ത്ര്യം അവർ അംഗീകരിക്കുന്നില്ല. ദൈവമുണ്ടെന്ന് അവർ വിശ്വസിക്കുന്നില്ല. മതബോധത്തെയോ ധാർമിക മൂല്യങ്ങളെയോ അംഗീകരിക്കുന്നില്ല. നേരെ മറിച്ചു മനോരമ ജനാധിപത്യലാണ് വിശ്വസിക്കുന്നത്. ഇതാണ് എതിർപ്പിന്റെ കാരണമെന്ന് കെ എം മാത്യൂ വിശദീകരിച്ചിട്ടുണ്ട്.
സിപിഎമ്മുകാർ തിരിച്ച് ചില ചോദ്യങ്ങൾ ഉന്നയിക്കുന്നുമുണ്ട്. ജനാധിപത്യത്തിൽ വിശ്വസിക്കുന്ന മനോരമ, വിമോചനസമരത്തിൽ പങ്കാളിയായതെന്തിന് ? ഇ എം എസ് സർക്കാരിനെ പിരിച്ചുവിട്ടപ്പോൾ പിന്തുണച്ചത് എന്തുകൊണ്ട്? പൗരാവകാശങ്ങളെല്ലാം മരവിപ്പിച്ച അടിയന്തരാവസ്ഥയെ പിന്താങ്ങിയത് എന്തിന്റെ പേരിലാണ് ? പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം ആരംഭിച്ച മനോരമ എന്തുകൊണ്ടാണ് ബ്രിട്ടീഷ് ആധിപത്യത്തെ എതിർക്കാതിരുന്നത്് ? തിരുവിതാംകൂർ രാജാവിനെ മാത്രമല്ല, ദിവാനെക്കൂടി പുകഴ്ത്തിയല്ലേ പത്രം തുടങ്ങിയത്് ? ഇങ്ങനെ പല വിധ ചോദ്യങ്ങൾ.
മലയാള മനോരമയെ ആശയപരമായി ഏറ്റവും ശക്തിയായി എതിർത്ത കമ്യൂണിസ്റ്റ് നേതാവ് ഇ എം എസ് നമ്പൂതിരിപ്പാടായിരുന്നു. പത്രത്തെ വിമർശിക്കാൻ കിട്ടുന്ന ഒരവസരവും ദേശാഭിമാനിയുടെ സ്ഥാപകനായ അദ്ദേഹം പാഴാക്കിയിരുന്നില്ല. തന്നെക്കുറിച്ച് മനോരമ നല്ലതെന്തെങ്കിലും പറഞ്ഞാൽ, തനിക്ക് എന്തോ പിശക് പറ്റിയെന്ന് മനസ്സിലാക്കുമെന്നാണ് മനോരമയെക്കുറിച്ച് താർക്കികനായ നമ്പൂതിരിപ്പാട് പറഞ്ഞത്. സ്ഥാനത്തും അസ്ഥാനത്തും സിപിഎം നേതാക്കൾ അതുദ്ധരിക്കാറുണ്ട്. എന്നാൽ, ഇ എം എസിന്റെ വിമർശനം ഉയർന്ന നിലവാരത്തിലുള്ള രാഷ്ട്രീയമായ ആക്രമണവും പ്രതിരോധവുമായിരുന്നു. ആ നിലവാരം ഇപ്പോഴത്തെ സിപിഎം നേതാക്കൾക്കില്ല.
പ്രൊഫഷണൽ മികവോടെ മനോരമ എന്ന വലിയ പത്രം സിപിഎമ്മിന്റെ തെറ്റുകുറ്റങ്ങൾ കണ്ടുപിടിച്ച് ജനങ്ങളെ അറിയിക്കാനുള്ളതുകൊണ്ടാണ് ഇവിടെ സിപിഎം തകരാതെ നിൽക്കുന്നതെന്ന ഒരു വാദവും ഉണ്ട്. ഭൂരിഭാഗം സിപിഎമ്മുകാരും ഇൗ വാദം അംഗീകരിച്ചുവെന്ന് വരില്ല. എന്നാൽ മനോരമയുടെ ഒരു കണ്ണ് എപ്പോഴും പാർട്ടിക്കു മേലുള്ളത് ജാഗ്രത പുലർത്താൻ പാർട്ടിയെ നിർബന്ധിക്കുമെന്ന് വിശ്വസിക്കുന്നവരും സിപിഎമ്മിലുണ്ട്. അങ്ങനെ നോക്കുമ്പോൾ മനോരമയോട് സിപിഎമ്മുകാർ നന്ദിയും കടപ്പാടും ഉള്ളവരായിരിക്കണം. വർഗ ശത്രു എന്നൊക്കെ വിശേഷിപ്പിക്കുമെങ്കിലും മനോരമയുടെ അവാർഡുകൾ സ്വീകരിച്ചും അഭിമുഖങ്ങൾ വായിച്ചും സിപിഎം നേതാക്കൾ ഹർഷ പുളകിതരാകാറുണ്ട്. പത്രം വൻ വ്യവസായമായി നടത്തുന്ന മനോരമയ്ക്കും ഇൗ സിപിഎം വിരുദ്ധത കൊണ്ടു നേട്ടമുണ്ട്. സിപിഎമ്മിനോടുള്ള എതിർപ്പ് ഉപേക്ഷിച്ചാൽ പത്രത്തിന്റെ പ്രചാരം താഴേക്കുപോകും.കാരണം സിപിഎം വിരുദ്ധതയാണ് മനോരമയുടെ ഉറപ്പുള്ള അടിത്തറ.
മനോരമ സിപി എമ്മിനെ എതിർക്കുന്നതു കൊണ്ടാണ് ദേശാഭിമാനി നിലനിൽക്കുന്നത്. ഇടതുപക്ഷത്തെ മനോരമ പിന്തുണക്കാൻ തുടങ്ങിയാൽ ദേശാഭിമാനിക്ക് കോൺഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെയോ ലീഗ് മുഖപത്രമായ ചന്ദ്രികയുടെയോ ഗതി വരും. അതുകൊണ്ട് പരസ്പര സഹായം എന്ന നിലയിൽ മനോരമയും സിപിഎമ്മും ആക്രമണ പ്രത്യാക്രമണങ്ങൾ തുടരട്ടെ.