വിവാഹദിനത്തിൽ വധുവിന്റെ അച്ഛനെ വെട്ടിക്കൊന്നു; അയൽവാസി ഉൾപ്പെടെ നാല് പേര്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം കല്ലമ്പലത്ത് മകളുടെ വിവാഹ ദിവസം അച്ഛൻ കൊല്ലപ്പെട്ടു. വടശ്ശേരിക്കോണത്ത് ശ്രീലക്ഷ്മിയിൽ രാജു (61) ആണ് കൊല്ലപ്പെട്ടത്. വർക്കല ശിവഗിരിയിൽ വച്ച് മകൾ ശ്രീലക്ഷ്മിയുടെ വിവാഹം ബുധനാഴ്ച നടക്കാനിരിക്കെയാണ് കൊലപാതകം. ശ്രീലക്ഷ്മിയുടെ മുന്‍ സുഹൃത്തും അയൽവാസിയുമായ ജിഷ്ണുവും സഹോദരനും സുഹൃത്തുക്കളും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. സംഭവത്തില്‍ നാലു പേരെ വർക്കല പോലീസ് കസ്റ്റഡിയിലെടുത്തു. ഗൾഫിൽ നിന്ന് മടങ്ങി വന്ന ശേഷം നാട്ടിൽ ഓട്ടോ ഡ്രൈവർ ആയി ജോലി ചെയ്യുക ആയിരുന്നു രാജു. വിവാഹത്തലേന്ന് നാലംഗ സംഘം വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കുകയായിരുന്നു. ബഹളവും വാക്കേറ്റവും മര്‍ദനത്തിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു. ശ്രീലക്ഷ്മിയുടെ സൃഹൃത്തായിരുന്ന ജിഷ്ണു , ഇയാളുടെ സഹോദരന്‍ ജിജിന്‍, ശ്യാം , മനു എന്നിവര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയത്. ഇവരും വടശ്ശേരിക്കോണം സ്വദേശികള്‍ തന്നെയാണ്. തര്‍ക്കത്തിനിടെ രാജുവിനെ മണ്‍വെട്ടി കൊണ്ട് അടിക്കുകയും കത്തി കൊണ്ട് കുത്തുകയുമായിരുന്നു. പെണ്‍കുട്ടിയും ജിഷ്ണുവും നേരത്തെ പ്രണയത്തിലായിരുന്നുവെന്നും ബന്ധത്തില്‍ നിന്ന് പിന്മാറിയതാണ് കൊലപാതകത്തിന് പ്രേരണയായതെന്നും പോലീസ് പറഞ്ഞു.