സംസ്ഥാനത്ത് മഴ ശക്തമാകുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലര്‍ട്ട്
കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വിഭാഗത്തിന്റെ പ്രവചനം. കാലവർഷം ശക്തി പ്രാപിക്കുന്നതിനോടനുബന്ധിച്ച് അടുത്ത ദിവസങ്ങളിലായി മഴ ശക്തിപ്രാപിക്കുമെന്നും മുന്നറിയിപ്പുണ്ട്. നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, കോഴിക്കോട്, കണ്ണൂർ കാസർഗോഡ് തുടങ്ങിയ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. നാളെ തൃശ്ശൂർ, മലപ്പുറം, കണ്ണൂർ, കോഴിക്കോട് തുടങ്ങിയ നാല് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ചയും വ്യാപക മഴ തുടരാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് ഏഴ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് തുടങ്ങിയ ജില്ലകളിലാണ് അലർട്ട്. ഈ ജില്ലകളിലെല്ലാം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലവസ്ഥ വിഭാഗം പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.05 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാവാൻ സാധ്യതയുണ്ട്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള തീരപ്രദേശങ്ങളിൽ ശക്തമായ മഴ ലഭിച്ചിട്ടുണ്ട്. അടുത്ത മണിക്കൂറിലും ഇതേ നിലയിൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. കടൽക്ഷോഭമുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പും നിലനിൽക്കുന്നുണ്ട്.