We Talk

‘ഗുജറാത്തിന് സമാനമായ വംശഹത്യ’; മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്രത്തിനെതിരെ ബിഷപ്പ് പാംപ്ലാനി

മണിപ്പുര്‍ കലാപത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. മണിപ്പുരിലേത് വംശഹത്യയായി പരിണമിക്കുന്നുവെന്ന് ആശങ്ക പ്രകടിപ്പിച്ച ബിഷപ്പ്, സംഘര്‍ഷത്തെ 2002-ലെ ഗുജറാത്ത് കലാപവുമായി താരതമ്യം ചെയ്തു. മണിപ്പുര്‍ കലാപം അടിച്ചമര്‍ത്തുന്നതില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഒരുപോലെ പരാജയപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യന്‍ സൈന്യത്തെപ്പോലും തടഞ്ഞുവെക്കുന്ന കലാപം എന്നത് ഇതുവരെ കേട്ടുകേള്‍വി ഇല്ലാത്ത ഒന്നാണെന്നും ബിഷപ്പ് മാധ്യമങ്ങളോട് പ്രതികരിച്ചു. വിഷയത്തെ രാഷ്ട്രീയവത്ക്കരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ പ്രധാനമായും ക്രിസ്ത്യന്‍ പള്ളികളെ ലക്ഷ്യമിട്ടാണ് മണിപ്പൂരില്‍ കലാപം നടക്കുന്നതെന്നും വ്യക്തമാക്കി. മണിപ്പൂര്‍ വിഷയത്തല്‍ പ്രധാനമന്ത്രി പ്രതികരണത്തിന് മുതിരാത്തതിലുള്ള അതൃപ്തിയും ബിഷപ്പ് പ്രകടമാക്കി. ഇത്ര വലിയൊരു സംഭവം നടന്നിട്ടും ഒരു പ്രതികരണത്തിന് പോലും തയ്യാറാവാതെ പ്രധാനമന്ത്രി അമേരിക്കയിലേക്ക് പോയി. രാജ്യത്ത് ഒരു തരത്തിലുള്ള വിവേചനവും നടക്കുന്നില്ലെന്ന പ്രധാനമന്ത്രിയുടെ വാദം ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആസൂത്രിതമായി നടക്കുന്ന കലാപത്തെ സര്‍ക്കാര്‍ പിന്തുണയ്ക്കുന്നുണ്ടോ എന്ന ആശങ്ക ശക്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണഘടന ഉറപ്പു നല്‍കുന്ന സ്വാതന്ത്യം സംരക്ഷിക്കേണ്ടത് രാജ്യം ഭരിക്കുന്ന സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. എന്നാല്‍, അക്കാര്യത്തില്‍ സര്‍ക്കാരിന് വലിയ വീഴ്ച സംഭവിച്ചെന്നും പാംപ്ലാനി കുറ്റപ്പെടുത്തി. ആസൂത്രിതമായ കലാപ നീക്കം നടന്നു. അതിനു പിന്നിലുള്ളവരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അനുകൂല പ്രസ്താവനയുടെ പേരില്‍ നേരത്തെ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു ജോസഫ് പാംപ്ലാനി. റബ്ബറിന് മുന്നൂറ് രൂപ ലഭിച്ചാല്‍ ബിജെപിയെ സഹായിക്കുന്നത് പരിഗണിക്കും എന്നായിരുന്നു ബിഷപ്പ് പാംപ്ലാനിയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *