മലയാളത്തില്‍ ഒപ്പിടുന്ന ചീഫ് സെക്രട്ടറി, നാടക നടന്‍; വ്യത്യസ്തനാകുന്ന ഡോ വേണു

കോഴിക്കോട്: ‘ദ കിങ്ങ്’ സിനിമയില്‍ മമ്മൂട്ടിയുടെ കലക്ടര്‍, വാണി വിശ്വനാഥിന്റെ കഥാപാത്രമായ ഐഎഎസ് ട്രെയിനിയോട് പറയുന്ന ഒരു ഡയലോഗില്ലേ. അക്ഷരത്താളുകളില്‍ അടിച്ചുകൂട്ടിയ ഇന്ത്യയല്ല യാഥര്‍ത്ഥ ഇന്ത്യയെന്ന്, അതറിയാന്‍ സെന്‍സും, സെന്‍സിബിലിറ്റിയും, സെന്‍സിറ്റിവിറ്റിയും വേണമെന്നാണ് മമ്മൂട്ടിയുടെ കലക്ടറുടെ ആക്രോശം. നമ്മുടെ ഭരണവര്‍ഗം എന്ന സിവില്‍ സര്‍വീസിനെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ആദ്യ ഓര്‍മ്മ വരിക ഒരു തരം വരേണ്യവര്‍ഗ സംസ്‌ക്കാരം തന്നെയാണ്. പക്ഷേ ഇപ്പോള്‍ ചീഫ് സെക്രട്ടിറയായ ഡോ വി വേണുവിനെക്കുറിച്ച് അങ്ങനെ പറയാന്‍ കഴിയുന്നില്ല. സമരവും, നാടകവും, കവിതയും, യാത്രയുമൊക്കെയായി ഇന്ത്യയുടെയും, കേരളത്തിന്റെയും, സെന്‍സും സെന്‍സിറ്റിവിറ്റിയും നന്നായി അറിഞ്ഞയാളാണ് ഇദ്ദേഹം. അതുകൊണ്ടുതന്നെ വേണു കേരളത്തിന്റ ഉദ്യോഗസ്ഥവൃന്ദത്തിന്റെ തലപ്പത്ത് എത്തുമ്പോള്‍ സാധാരണക്കാരിലും പ്രതീക്ഷകള്‍ ഏറെയാണ്.
ഏറ്റവും ചുരുങ്ങിയത് ജനകീയ സമരങ്ങളോട് പുച്ഛം വെച്ചുപുലര്‍ത്തുന്ന ഒരു ബ്യൂറോക്രാറ്റ് ആവില്ല വേണു എന്ന് ഉറപ്പാണ്. കാരണം അദ്ദേഹം അറിയപ്പെട്ടതുതന്നെ ഒരു സമരത്തിലൂടെയാണ്. 1987ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥിയായിരിക്കേ നടന്ന വലിയ ഒരു പ്രക്ഷോഭത്തിന്റെ നേതൃനിരയില്‍ വേണു ഉണ്ടായിരുന്നു.
കോളജിലെ സമര്‍ത്ഥനായ വിദ്യാര്‍ത്ഥി എറണാകുളം ഇടപ്പള്ളി സ്വദേശിയായ സമദ് ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥി പ്രക്ഷോഭമായിരുന്നു അത്. അമ്മ ഡോ. രാജമ്മ അന്ന് മെഡിക്കല്‍ കോളേജില്‍ അധ്യാപികയാണ് എന്നതൊന്നും വേണുവിനെ സമരമുഖത്ത് നിന്ന് പിന്തിരിപ്പിച്ചിട്ടില്ല.
പരീക്ഷാപേപ്പറില്‍ ഉത്തരത്തിന് പകരം എഴുതിയ ഒരു കമന്റുമായി ബന്ധപ്പെട്ട് അധികൃതര്‍ സ്വീകരിച്ച ചില നടപടി ക്രമങ്ങളാണ് സമദിന്റെ ആത്മഹത്യയിലേക്ക് നയിച്ചത്.വിദ്യാര്‍ത്ഥികള്‍ ഒറ്റക്കെട്ടായി അധ്യാപകര്‍ക്ക് എതിരെ തിരിഞ്ഞിരിക്കുന്ന സമയം. അപ്പോഴാണ് ഒരു അധ്യാപികയുടെ മകന്‍ സമരത്തിന്റെ മുന്‍ നിരയില്‍ നിന്ന് പോരാടുന്നത്. അത് മാധ്യമ പ്രവര്‍ത്തകര്‍ക്കുപോലും അത്ഭതമായിരുന്നു. മെഡിക്കല്‍ കോളജില്‍ നടക്കുന്ന മെഡിക്കോസ് ആര്‍ട്ട് ഫെസ്റ്റിലും, നാടക – കലാ പ്രവര്‍ത്തനങ്ങളിലുമൊക്കെ ആ വിദ്യാര്‍ത്ഥി മുന്‍പന്തിയില്‍ ഉണ്ടായിരുന്നു.
മുക്കത്തെ ജനകീയ ഡോക്ടര്‍
കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ കോഴിക്കോട് നടക്കാവിലെ ‘ചൈതന്യയില്‍’ വാസുദേവപ്പണിക്കരുടെയും, ഡോ രാജമ്മയുടെയും മകനായ വേണു, കേന്ദ്രീയ വിദ്യാലയം, മലബാര്‍ ക്രിസ്ത്യന്‍ കോളജ് എന്നിവടങ്ങളിലെ പഠനത്തിനുശേഷമാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചേരുന്നത്. ഡോ എം കെ മുനീര്‍ അടക്കമുള്ളവര്‍ അദ്ദേഹത്തിന്റെ സഹപാഠികള്‍ ആയിരുന്നു. പഠനം കഴിഞ്ഞ് 1988ല്‍, മുക്കത്ത് ‘മെഴ്സി’ എന്ന പേരില്‍ സ്വന്തമായി ഒരു ക്ലിനിക്ക് ഇട്ട് അദ്ദേഹം ചികിത്സ തുടങ്ങിയിരുന്നു. അന്നുതന്നെ ജനകീയ ഡോക്ടര്‍ എന്ന നിലയില്‍ വേണു പേരെടുത്തു. ആ സമയത്തുതന്നെ അദ്ദേഹത്തിന് സിവില്‍ സര്‍വീസ് സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു. 1988-ല്‍ ആദ്യം സിവില്‍ സര്‍വീസ് പരീക്ഷയെഴുതുമ്പോള്‍ റാങ്ക് 100. ഐ.പി.എസ്. കിട്ടുമായിരുന്നിട്ടും ഐ.ആര്‍.എസ്. തിരഞ്ഞെടുത്ത് കസ്റ്റംസില്‍ എത്തി. അവധിയെടുത്ത് പഠിച്ച് അടുത്തതവണ 26-ാം റാങ്ക് നേടി ഐഎഎസ് നേടി.
ബന്ധുവായ കാവാലം നാരായണപ്പണിക്കരാണ് വേണുവില്‍ നാടകം കുത്തിവെച്ചത്. അച്ഛനും അമ്മയും കുട്ടനാട്ടുകാര്‍തന്നെ. ഇതുവരെ അമ്പതോളം നാടകങ്ങളില്‍ അഭിനയിച്ചു. കേരളത്തില്‍ അന്താരാഷ്ട്ര നാടകോത്സവം വന്നതിനുപിന്നിലും വേണുതന്നെ. ഫുട്ബോളായിരുന്നു മറ്റൊരു അഭിനിവേശം. അങ്ങനെ മുട്ടിനുവേദനയായി. അത് പരിഹരിക്കാനാണ് സൈക്കിള്‍യാത്ര ശീലമാക്കിയത്. ലോക വിനോദസഞ്ചാരവിപണിയില്‍ കേരളത്തെ ഏതൊരു വിദേശരാജ്യത്തോടൊപ്പവും മത്സരിക്കാന്‍ പ്രാപ്തമാക്കിയതില്‍ പങ്കുവഹിച്ചതിലുള്ള അഭിമാനംമാത്രം അദ്ദേഹം പങ്കുവെക്കുന്നു. നോര്‍ക്കയുടെ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി. അതിനെ ആദ്യം നയിച്ചു. പ്രളയത്തിനുശേഷം കേരള പുനര്‍നിര്‍മാണത്തിനുള്ള റീ ബില്‍ഡ് കേരള മിഷന്റെ നേതൃത്വത്തില്‍ എത്തിയെങ്കിലും അഭിപ്രായവ്യത്യാസങ്ങള്‍ തുറന്നുപറഞ്ഞതോടെ ഇടയ്ക്കൊരു ചെറിയകാലം പ്രധാന പദവികളില്‍നിന്ന് വേണുവിന് മാറിനില്‍ക്കേണ്ടിയും വന്നു.ചേര്‍ത്തലയിലെ ഓമനക്കുട്ടനുമായി ബന്ധപ്പെട്ട വിവാദത്തിന് രമ്യമായ പര്യവസാനം സാധ്യമായത് ഡോ. വേണുവിന്റെ തന്ത്ര പരമായ ഒപ്പം ആത്മാര്‍ത്ഥതയുള്ള ഇടപെടല്‍ ആയിരുന്നു.
മലയാളത്തില്‍ ഒപ്പ്
മുണ്ടുടുത്ത്, സദാപുഞ്ചിരിച്ച് നടക്കുന്ന, മലയാളത്തില്‍ ഒപ്പിടുന്ന ഐ.എ.എസുകാരനായ ഡോ. വി. വേണു മറ്റുള്ളവരില്‍നിന്ന് തീര്‍ത്തും വ്യത്യസ്താനാണ്. ഇന്ത്യന്‍ വിനോദസഞ്ചാരത്തിന്റെ ടാഗ് ലൈനായി അറിയപ്പെട്ട ‘ഇന്‍ക്രെഡിബിള്‍ ഇന്ത്യ’ എന്ന പരസ്യവാചകം സൃഷ്ടിച്ചത് വേണുവാണ്. കേന്ദ്രത്തില്‍ ടൂറിസം ഡയറക്ടറായിരിക്കുമ്പോള്‍. നാടകത്തിന്റെ അരങ്ങിലും തിളങ്ങിയാണ് വേണു ചീഫ് സെക്രട്ടറി എന്ന നായകനാവുന്നത്.
യാത്രകളിലും എഴുത്തിലും അഭിരമിക്കുന്ന ജീവിതം. കുടുംബത്തോടൊപ്പം സഞ്ചരിക്കവേ മാവേലിക്കരയില്‍വെച്ചുണ്ടായ വാഹനാപകടത്തിലെ പരിക്കുകളെ അതിജീവിച്ച് നൂറുകിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി വര്‍ക്കലയില്‍ വിജയശ്രീലാളിതനായി നില്‍ക്കുന്ന തന്റെ ചിത്രം വേണു ഫേസ്ബുക്കില്‍ പോസ്റ്റ്‌ചെയതത് ജൂണ്‍ 18-നായിരുന്നു.കേന്ദ്ര ടൂറിസം ഡെപ്യൂട്ടി സെക്രട്ടറി, സാംസ്‌കാരികവകുപ്പ് ജോയിന്റ് സെക്രട്ടറി, ഡല്‍ഹി നാഷണല്‍ മ്യൂസിയം തലവന്‍ തുടങ്ങിയ നിലകളില്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലും പ്രവര്‍ത്തിച്ചു. നാഷണല്‍ മ്യൂസിയത്തെ നവീകരിച്ചതും ഒട്ടേറെ പുതിയ ഗാലറികള്‍ തുറന്നതും ഇക്കാലത്താണ്. നാഷണല്‍ മ്യൂസിയം ഇന്‍സ്റ്റിറ്റ്യൂട്ട് വൈസ് ചാന്‍സലറുടെ ചുമതലയുമുണ്ടായിരുന്നു.മകള്‍ കല്യാണി നര്‍ത്തകിയാണ്. മകന്‍ ശബരി കാര്‍ട്ടൂണിസ്റ്റും ചിത്രകാരനുമാണ്.
അടുത്തവര്‍ഷം ഓഗസ്റ്റില്‍ വേണു പദവിയൊഴിയുമ്പോള്‍ കാത്തിരിക്കുന്നത് അസാധാരണമായ ഒരു മുഹൂര്‍ത്തമാണ്. ഭാര്യയും ഇപ്പോള്‍ തദ്ദേശവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ ശാരദാ മുരളീധരന് പദവി കൈമാറിക്കൊണ്ടാവും അദ്ദേഹം അന്ന് വിരമിക്കുക. വേണുവിനൊപ്പം ഐ.എ.എസിലെത്തിയ ശാരദയുടേതാണ് ചീഫ് സെക്രട്ടറി പദത്തില്‍ അടുത്ത ഊഴം.
ReplyForward |