ഇത് ‘ദുരാരോപണ മാഫിയ’; ‘കൈതോലപ്പായ’ വിവാദത്തില്‍ സിന്ധുജോയ്
”കഴിഞ്ഞ 11 വര്‍ഷമായി കേരള രാഷ്ട്രീയത്തില്‍ ഞാനോ എന്റെ നിഴല്‍ പോലുമോ ഇല്ല. എന്നിട്ടും എന്റെ പേര് ഈ നുണക്കഥയില്‍ വലിച്ചിഴക്കുന്നവര്‍ ഒരു പെണ്ണിന്റെ പേരുകേട്ടാല്‍ പോലും സായൂജ്യമടയുന്ന മനോരോഗികളാണ്.”- മൂന്‍ എസ്എഫ്‌ഐ നേതാവ് സിന്ധുജോയിയുടെ വാക്കുകളാണിത്. ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റർ ജി ശക്തിധരന്‍ ഫേസ്‌ബുക്കിലൂടെ ഉന്നയിച്ച ‘കൈതോലപ്പായ’ വിവാദത്തിൽ തന്നെ ബന്ധപ്പെടുത്തിയതിനെതിരെ അതിശക്തമായ പ്രതികരണമാണ് സിന്ധു ജോയ് നടത്തിയത്. . പ്രമുഖ സിപിഎം നേതാവ് കൈതോലപ്പായയില്‍ പൊതിഞ്ഞ് കെട്ടി,2.35 ലക്ഷം രൂപ ഇന്നോവയില്‍ കടത്തിയെന്നാണ് ശക്തിധരന്‍ ഫേസ്ബുക്കില്‍ എഴുതിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും, ബെന്നി ബഹനാനും അടക്കമുള്ള നേതാക്കള്‍ ഈ വിവാദം ഏറ്റുപിടിക്കുകയും സോഷ്യൽ മീഡിയ കൈതോലപ്പായ ട്രോളിൽ മുങ്ങുകയും ചെയ്‌തു .പണം കടത്തിനു പുറമെ ശക്തിധരൻ മറ്റൊരു കഥകൂടി പറയുന്നുണ്ട്. ഒരു സിപിഎം മന്ത്രിയെയും അന്നത്തെ എസ്എഫ്‌ഐ വനിതാ നേതാവിനെയും ഉൾപ്പെടുത്തിയുള്ള കഥ. ഇവരെ സ്റ്റാര്‍ ഹോട്ടലില്‍നിന്ന് പിടിക്കപ്പെടേണ്ടതായിരുന്നുവെന്നും അന്നത്തെ മുഖ്യമന്ത്രിയുടെ മുന്നറിയിപ്പാണ് അവരെ രക്ഷിച്ചതെന്നുമാണ് ശക്തിധരന്‍ എഴുതി വിട്ടത്.
അപവാദ കഥകൾക്ക് വേണ്ടി കാത്തിരിക്കുന്നവർക്കു അതൊരു ചാകരയായി .മന്ത്രി ആരാണെന്നും വനിതാ നേതാവ് ആരാണെന്നും ഗവേഷണം തുടങ്ങി. മലയാളിയുടെ സഹജമായ സ്വഭാവ വിശേഷമാണല്ലോ ഇത്. യുട്യൂബര്‍മാരും ഓണ്‍ലൈന്‍ മീഡിയക്കാരും സിന്ധു ജോയിയെ ഇതിലേക്ക് വലിച്ചിട്ടു. ഇതിനെതിരെയാണ് അതിരൂക്ഷമായ പ്രതികരണവുമായി ഡോ സിന്ധു ജോയ് രംഗത്തെത്തിയത്. കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി കേരള രാഷ്ട്രീയത്തിന്റെ പരിസരത്തുപോലുമില്ലാത്ത തന്നെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നവര്‍ക്കെതിരെ നിയമ നടപടി തുടങ്ങിക്കഴിഞ്ഞുവെന്നും, വിവാഹനാന്തരം യുകെയില്‍ താമസമാക്കിയ സിന്ധുജോയി വെളിപ്പെടുത്തി.
എസ്എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡണ്ടും സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന സിന്ധു ജോയ് ഒരു കാലത്തു സംസ്ഥാനത്തെ തീപ്പൊരി വിദ്യാർത്ഥി നേതാവായിരുന്നു. നിരവധി സമരങ്ങളില്‍ പങ്കെടുത്ത് മര്‍ദ്ദനവും ജയില്‍ വാസവും അനുഭവിച്ചിട്ടുണ്ട്. 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയ്ക്കെതിരെ മല്‍സരിച്ചു പരാജയപ്പെട്ടു. പിന്നീട് എറണാകുളം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കെ വി തോമസിനെതിരെ മത്സരിച്ചെങ്കിലും അവിടെയും തോല്‍വിയുണ്ടായി.വനിതകളോട് സിപിഎം കാണിക്കുന്ന പൊതു സമീപനം അവരുടെ കാര്യത്തിലും ഉണ്ടായി. സംസ്ഥാനം മുഴുവൻ അറിയുന്ന നേതാവായിട്ടും ജയസാധ്യതയുള്ള സീറ്റ് നൽകാതെ സിന്ധു ജോയിയെ യു ഡി എഫിന്റെ ഉറച്ച മണ്ഡലത്തിൽ മത്സരിപ്പിക്കുകയാണ് സിപിഎം ചെയ്തത്. അച്ചടക്കമുള്ള പാർട്ടി പ്രവർത്തകയായ അവർ അത് സ്നേഹപൂർവ്വം സ്വീകരിച്ചു. തുടർച്ചയായ അവഗണനയിൽ പിന്നീട് മനസ്സു മടുത്തു സിപിഎം വിട്ട് സിന്ധു കോണ്‍ഗ്രസില്‍ ചേക്കേറി. എന്നാല്‍ അത് അധികാലം നീണ്ടുനിന്നില്ല. കോൺഗ്രസ് വിട്ട അവർ സിപിഎമ്മിലേക്ക് ഔദ്യോഗികമായി തിരിച്ചുവന്നില്ലെങ്കിലും ഇപ്പോൾ ഇടതുപക്ഷ സഹയാത്രികയായി തുടരുകയാണ്. അതിനിടെ മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുത്തും അവര്‍ വാര്‍ത്തയായിരുന്നു. കഴിഞ്ഞ 11 വര്‍ഷമായി പുര്‍ണ്ണമായും രാഷ്ട്രീയത്തില്‍നിന്ന് വിട്ടു നിൽക്കുന്ന തനിക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നവരെ വെറുതെ വിടില്ലെന്നാണ് സിന്ധു ജോയ് മുന്നറിയിപ്പ് നൽകുന്നത്.

സിന്ധുജോയിയുടെ ഫേസ്ബുക്ക് പേജിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ്. –
‘കൈതോലപ്പായ’യുടെ കഥാകാരന്മാരോട്…കഴിഞ്ഞ മൂന്നു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഓളംതല്ലുന്ന അത്യന്തം അപകീര്‍ത്തികരമായ ഒരു പൈങ്കിളി വാര്‍ത്തമാനം ഞാന്‍ കണ്ടില്ലെന്നു നടിക്കുകയായിരുന്നു. കാരണമുണ്ട്, അത്തരം വ്യാജവാര്‍ത്ത ഫാക്ടറികള്‍ മറുപടി അര്‍ഹിക്കാത്തവിധം ജുഗുപ്‌സാവഹമാണ്; എനിക്ക് എന്റേതായ ജോലിയും അതിന്റെ ഉത്തരവാദിത്വങ്ങളുമുണ്ട്. ഇത്തരം അമേധ്യവാഹകര്‍ക്കായി പാഴാക്കാനുള്ളതല്ല എന്റെ സമയവും ഊര്‍ജവും എന്ന ബോധ്യവുമുണ്ട്.
പക്ഷെ, ‘ദേശാഭിമാനി’യില്‍ ഏറെനാള്‍ പ്രവര്‍ത്തിച്ച ഒരു സഖാവ് തന്നെ ആരുടെയോ ചട്ടുകമായി എഴുതി പറത്തിയ ‘കൈതോലപ്പായ’ കഥയില്‍ എനിക്കെതിരെയുമുണ്ടായി ദുഷ്ടലാക്കുള്ള ഒരു പരോക്ഷ പരാമര്‍ശം. സ്ത്രീകള്‍ക്കെതിരെയുള്ള അപവാദം വിറ്റു ജീവസന്താരണം നടത്തുന്ന മറ്റൊരു നികൃഷ്ടജീവി എന്റെ പേരും പടവും ചേര്‍ത്ത് മസാലവ്യാപാരത്തിന് ഇറങ്ങിയപ്പോള്‍ കണ്ടില്ലെന്ന് നടിക്കാനായില്ല.
ഈ കഥയില്‍ ഞാനെങ്ങനെ നായികയായി എന്ന് നോക്കാം. കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍ 16 വര്‍ഷം മുന്‍പ് നടന്ന ഒരു ചടങ്ങില്‍ എസ് എഫ് ഐയുടെ സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ ഞാനും പങ്കെടുത്തിരുന്നു. അന്നത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്നു പരിപാടിയുടെ ഉദ്ഘാടകന്‍. ചടങ്ങിനുശേഷം സര്‍വകലാശാല യൂണിയന്‍ ഭാരവാഹികളും എസ് എഫ് ഐ സഖാക്കളും ചേര്‍ന്ന ഒരു സംഘം എറണാകുളം പാലാരിവട്ടത്തുള്ള റിനൈസെന്‍സ് ഹോട്ടലിന്റെ റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ കയറി. താഴത്തെ നിലയിലെ റെസ്റ്റോറന്റില്‍ ഒഴികെ മറ്റൊരിടത്തും ഞങ്ങളില്‍ ഒരാള്‍ പോലും കയറിയില്ല; മുറിയെടുത്തില്ല. അന്ന് എന്നോടൊപ്പം ഉണ്ടായിരുന്ന സഖാക്കളാരും മരിച്ചിട്ടില്ല; ജീവനോടെയുണ്ട്. അവര്‍ക്കറിയാം ഈ സത്യങ്ങള്‍.
പക്ഷെ, കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഈ നുണക്കഥ കേരള രാഷ്ട്രീയത്തിലെ മലീമസമായ ജഡിലസ്ഥലികളില്‍ കാതോടു കാതോരം സഞ്ചരിക്കുന്നുണ്ട്. പിന്നീട് എപ്പോഴോ കഥാപശ്ചാത്തലം തിരുവന്തപുരം മസ്‌കറ്റ് ഹോട്ടല്‍ ആക്കി ഇത്തരം ‘സുകൃതികള്‍’ മാറ്റി.

ഇക്കിളിക്കഥകളില്‍ അഭിരമിക്കുന്ന ഇത്തിരിക്കുഞ്ഞന്മാര്‍ക്ക് ഇതൊരു വിരുന്നാണ്; സ്വന്തം അമ്മയെയും മകളേയും പെങ്ങളെയും ചേര്‍ത്ത് രതിഭാവന നെയ്യുന്നവരാണ് അവര്‍. കഴിഞ്ഞ 11 വര്‍ഷമായി കേരളത്തിലെ രാഷ്ട്രീയത്തില്‍ ഞാനോ എന്റെ നിഴല്‍ പോലുമോ ഇല്ല. എന്നിട്ടും എന്റെ പേര് ഈ നുണക്കഥയില്‍ വലിച്ചിഴക്കുന്നവര്‍ ഒരു പെണ്ണിന്റെ പേരുകേട്ടാല്‍ പോലും സായൂജ്യമടയുന്ന മനോരോഗികളാണ്.ഏറെക്കാലം ഞാന്‍ പ്രവര്‍ത്തിച്ച ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ് സിപിഎം. ഒരു നോക്കുകൊണ്ടോ വാക്കുകൊണ്ടോ എന്നെ അശുദ്ധമാക്കുന്നതൊന്നും ആ പ്രസ്ഥാനത്തില്‍ ആരും ചെയ്തിട്ടില്ല. മഹാരാജാസ് കോളേജില്‍ ഒരു സാധാരണ എസ്എഫ്‌ഐ പ്രവര്‍ത്തകയായി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയവളാണ് ഞാന്‍. ബക്കറ്റ് പിരിവ് നടത്തിയും സമരം ചെയ്തും തല്ലുകൊണ്ടും ലോക്കപ്പിലും ജയിലിലും കിടന്നും ഗ്രനേഡ് കൊണ്ട് കാല്‍ തകര്‍ന്നും നിരവധി തവണ പോലീസ് മര്‍ദനമേറ്റും പൊരുതി ഉയര്‍ന്നവളാണ്. ആരുമായും കിടപ്പറ പങ്കിട്ടല്ല ആ പദവികളില്‍ ഞാനെത്തിയത്. അത് കേരളത്തിലെ മനസാക്ഷിയുള്ള ഓരോരുത്തര്‍ക്കുമറിയാം. ചെറുപ്പത്തില്‍ തന്നെ അനാഥയായ എനിക്ക് പാര്‍ട്ടി ഒരു തണലായിരുന്നു; സംരക്ഷണമായിരുന്നു. ആ തണലാണ് എന്നെ ഇത്രയൊക്കെ അനുഭവിച്ചിട്ടും ആത്മഹത്യ ചെയ്യാതെ ജീവിച്ചിരിക്കാന്‍ പ്രാപ്തയാക്കിയത്.ഇന്നെനിക്ക് ഒരു കുടുംബമുണ്ട്; ഭര്‍ത്താവുണ്ട്. സ്വസ്ഥവും ശാന്തവുമായ ഒരു ജീവിതം നയിക്കുന്ന എന്നെ ഇത്തരമൊരു നുണക്കഥയുടെ കയറില്‍കെട്ടി ഇക്കിളി വാര്‍ത്തകളുടെ എച്ചില്‍ക്കൂനയിലേക്ക് വലിച്ചിഴക്കുന്നത് ക്രൂരതയാണ്. ഇത്തരം കീടജന്മങ്ങളെ സംഹരിക്കുന്ന അണുനാശിനികളായി നമ്മുടെ പോലീസ്, നിയമ സംവിധാനങ്ങള്‍ മാറേണ്ടതാണ്. അല്ലെങ്കില്‍, പൊതുജനം ഈ നീചന്മാരെ പെരുവഴിയില്‍ കൈകാര്യം ചെയ്തുപോയേക്കാം.

ഇപ്പോഴത്തെ സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാന്‍ പ്രവര്‍ത്തിക്കുന്ന ‘ദുരാരോപണ മാഫിയ’ എന്നെക്കൂടി അവരുടെ അപവാദ പ്രചരണത്തിനുള്ള ഉല്‍പ്പന്നമാക്കുകയാണ്! സോറി, നിങ്ങള്‍ക്ക് ആളുതെറ്റിപ്പോയി; ഇത്, സിന്ധു ജോയി ആണ്. എല്ലാം സഹിക്കാനും ക്ഷമിക്കാനും കരഞ്ഞു വീട്ടിനുള്ളില്‍ അടച്ചിരിക്കാനും ഇനി എന്നെ കിട്ടില്ല. പണ്ടത്തെ കാലമല്ല ഇത്; പണ്ടത്തെ പെണ്ണുമല്ല ഇന്നത്തെ പെണ്ണ്. പഴയ സിന്ധു ജോയിയുമല്ല ഇത്.എന്നെ അതിശയിപ്പിക്കുന്നത്, സ്ത്രീകളുടെ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി ഘോരഘോരം പറയുന്ന പലരും സോഷ്യല്‍ മീഡി യയിലെ ഈ അമേദ്യം ഷെയര്‍ ചെയ്തും കമന്റ് ചെയ്തും പ്രോത്സാഹിപ്പിക്കുന്നു എന്നതാണ്. നിങ്ങള്‍ക്കും അമ്മപെങ്ങന്മാരില്ലേ എന്നൊന്നും ഞാന്‍ ചോദിക്കുന്നില്ല.യൂട്യൂബ്, ഫേസ്ബുക്ക് എന്നിവയിലൂടെ നടക്കുന്ന ഈ ദുഷ്ടപ്രചാരണം സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ പരിധിയില്‍ വരും; Cyber Stalking ആണ് അത്. ഇന്ത്യയിലും വിദേശത്തും സാധ്യമായ എല്ലാ നിയമ സംവിധാനങ്ങളും ഉപയോഗിച്ചും ഇതിനെ നേരിടാനാണ് എന്റെ തീരുമാനം. സോഷ്യല്‍ മീഡിയയില്‍ എന്റെ പേര് പരാമര്‍ശ വിധേയമാകുന്ന ഏതു പോസ്റ്റും ഫ്‌ലാഗ് ചെയ്യപ്പെടുന്ന വിധത്തില്‍ ഒരു സൈബര്‍ ടീം എന്റെ സഹായത്തിനുണ്ട്.എനിക്കെതിരെ യൂട്യൂബ്, ഫേസ്ബുക്ക് എന്നിവയിലൂടെ നടന്ന വ്യാജ പ്രചാരണത്തിന് എതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിക്കഴിഞ്ഞു. കേരളത്തിന് അകത്തും പുറത്തും ഇതിനെതിരെ കേസുകള്‍ ഫയല്‍ ചെയ്യാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. പ്രൊഫൈല്‍ ലോക്ക് ചെയ്തും വ്യാജ പ്രൊഫൈല്‍ ചമച്ചും കമന്റ് ഇട്ടും ഷെയര്‍ ചെയ്തും സഹായിക്കുന്ന ‘ചങ്ങാതി’മാരുടെ ഐപി അഡ്രസ് പൊക്കാനും ഏര്‍പ്പാട് ചെയ്തിട്ടുണ്ട്.

ഒരു സ്ത്രീ രാഷ്ട്രീയത്തില്‍ ഉയര്‍ന്നാല്‍ അവരൊക്കെ കിടപ്പറ പങ്കിടുന്നവരാണെന്ന ആ തോന്നലിനാണ് ആദ്യം ചികിത്സ വേണ്ടത്. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന ആണിനും പെണ്ണിനും ഒരുമിച്ച് യാത്ര ചെയ്യേണ്ടിവരും; ഭക്ഷണം കഴിക്കേണ്ടിവരും. അതിനെയെല്ലാം ലൈംഗികതയുടെ മഞ്ഞക്കണ്ണടയിലൂടെ കാണുന്നവരോട് ഇനി യാതൊരു അനുഭാവവും പാടില്ല.എനിക്കുവേണ്ടി മാത്രമല്ല എന്റെ പോരാട്ടം. രാഷ്ട്രീയത്തിന്റെ പൊതുധാരയിലേക്ക് ഇനിയും ഇറങ്ങിവരേണ്ട ഓരോ സഹോദരിമാര്‍ക്കും വേണ്ടിക്കൂടിയാണ്. യൂട്യുബിലും ഫേസ്ബുക്കിലും ക്ലിക്കും റീച്ചും കിട്ടാനും അതുവഴി പണപ്പെട്ടി നിറക്കാനുംവേണ്ടി ഏതു പെണ്ണിന്റെയും അടിവസ്ത്രത്തിലെ കറ തിരയുന്ന നികൃഷ്ട ജന്മങ്ങള്‍ക്കുള്ള അന്ത്യശാസനം കൂടിയാണ് ഇത്. രാഷ്ട്രീയ നേതാക്കളുടെ പെണ്മക്കളായി ജനിച്ചുപോയതുകൊണ്ടു മാത്രം അപവാദം നേരിടേണ്ടിവരുന്ന ചില ജീവിതങ്ങള്‍ക്കു വേണ്ടിക്കൂടിയാണ് ഇത്.ദാവീദും ഗോലിയാത്തും തമ്മിലുള്ള പോരാട്ടമാണ് ഇത്; സത്യവും അസത്യവും തമ്മിലുള്ള പോരാട്ടം. ഇനിയുമൊരു സ്ത്രീക്ക് ഇത്തരമൊരു അവസ്ഥ ഉണ്ടാകരുത്. നിങ്ങള്‍ കൂടെയുണ്ടാകണം. ഈ പോരാട്ടത്തില്‍ നമുക്ക് ഈ അഭിനവ ഗോലിയാത്തുമാരുടെ നെറ്റിത്തടം തകര്‍ക്കണം. കൂട്ടരേ, ഒപ്പമുണ്ടാവുക നിങ്ങള്‍’.- ഇങ്ങനെയാണ് സിന്ധുജോയി പോസ്റ്റ് അവസാനിപ്പിക്കുന്നത്.