വിവാദപെരുമഴയിൽ നികേഷ് കുമാർ
എം വി ആറിന്റെ മകനേ, നിങ്ങൾ നിൽക്കുന്നത് തൊഴിലാളികളുടെ ചോരയിലാണ്
കേരളത്തിലെ ദൃശ്യമാധ്യമ രംഗത്ത് ശ്രദ്ധേയനായ മാധ്യമ പ്രവര്‍ത്തകനാണ് എം വി നികേഷ് കുമാര്‍. ഇന്ത്യാ വിഷന്‍ എന്ന കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ വാര്‍ത്താ ചാനലിലൂടെ പുതിയൊരു മാധ്യമ സംസ്‌ക്കാരത്തിനു തുടക്കമിട്ടയാളാണ് അദ്ദേഹം. മുസ്‌ലീം ലീഗ് നേതാവ് ഡോ എം കെ മുനീര്‍ ചെയര്‍മാനായിരുന്ന ഇന്ത്യാവിഷന്‍, പിന്നീട് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചു പൂട്ടി. . അതിനുമുമ്പ് തന്നെ റിപ്പോര്‍ട്ടര്‍ ടിവി എന്ന തന്റെ സ്വന്തം ചാനലുമായി നികേഷ് ഇന്ത്യാവിഷന്‍ വിട്ടിരുന്നു. ഇന്ത്യാ വിഷനിലെ ചില സഹപ്രവര്‍ത്തകരെയും കൂടെക്കൊണ്ടുപോയി. കഷ്ടിച്ച് രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ റിപ്പോര്‍ട്ടര്‍ ടീവിയും സാമ്പത്തികമായി ബുദ്ധിമുട്ടിലായി. ജീവനക്കാരുടെ ശമ്പളം മുടങ്ങി. അതിനിടെ മാധ്യമ പ്രവര്‍ത്തനം ഉപേക്ഷിക്കുകയാണെന്നു പ്രഖ്യാപിച്ചു അഴീക്കോട് മണ്ഡലത്തില്‍ നിയമസഭാ സീറ്റില്‍ സ്ഥാനാത്ഥിയായി നികേഷ്. തെരഞ്ഞടുപ്പില്‍ തോറ്റതോടെ വീണ്ടും റിപ്പോര്‍ട്ടറില്‍ തിരിച്ചെത്തി. നികേഷിന്റെ പൊളിറ്റിക്കല്‍ ക്രഡിബിലിറ്റി നഷ്ടമായതോടെ റിപ്പോര്‍ട്ടറിന് പിന്നെ ഉയരാനായില്ല. റേറ്റിങ്ങില്‍ താഴേക്ക് പോയി തട്ടിയും മുട്ടിയും ആ ചാനല്‍ നിലനിന്ന് പോവുകയായിരുന്നു.
എന്നാല്‍ ഇപ്പോള്‍ കഥ മാറുകയാണ്. ചില വിവാദ വ്യവസായികളുമായി ചേര്‍ന്ന് എല്ലാവിധ അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുമായി റിപ്പോര്‍ട്ടര്‍ ടീവി റീ ലോഞ്ച് നടത്തിയിരിക്കയാണ്. ഉണ്ണി ബാലകൃഷ്ണന്‍, ഡോ അരുണ്‍കുമാര്‍, സ്മൃതി പരുത്തിക്കാട്, സുജയ്യ പാര്‍വതി തുടങ്ങിയ മാധ്യമ പ്രവര്‍ത്തകരുടെ നീണ്ട നിര ഇപ്പോള്‍ റിപ്പോര്‍ട്ടറിനുണ്ട് . നികേഷ് എഡിറ്റര്‍ ഇന്‍ ചീഫും, വ്യവസായി ആന്റോ അഗസ്റ്റിന്‍ മാനേജിങ്ങ് ഡയറക്ടറുമാണ്. ഫ്രീ എഡിറ്റോറിയല്‍ പോളിസിയാണ് തങ്ങളുടേത് എന്നും, നിര്‍ഭയമായ ജേര്‍ണലിസത്തിന്റെ കാലം തിരിച്ചുകൊണ്ടുവരും എന്നൊക്കെയാണ് ലോഞ്ചിങ്ങിന് മുന്നോടിയായി നടന്ന, സംവാദത്തില്‍ നികേഷ് പറഞ്ഞത്. ചാനലിന്റെ പുതിയ ഉടമകളായി രംഗത്ത് വന്നിരിക്കുന്നവര്‍ മുട്ടില്‍ അടക്കം മരംവെട്ട് കേസുകളിലെയും എം ഫോണ്‍ തട്ടിപ്പിലേയും പ്രതികളാണെന്ന സവിശേഷതയുമുണ്ട്. വനം വകുപ്പില്‍ മാത്രം നിരവധി കേസുകള്‍ ഉള്ളതായാണ് അറിവ്. സംസ്ഥാനത്തു മറ്റൊരു ചാനലിനും അവകാശപ്പെടാനില്ലാത്ത പ്രത്യേകതയാണിത്.

ഇങ്ങനെ ആഘോഷപൂര്‍വം റീലോഞ്ച് നടക്കുന്നതിനിടെയാണ്, റിപ്പോര്‍ട്ടര്‍ ടീവിയില്‍ നേരത്തെ ജോലിചെയ്ത് ലക്ഷങ്ങളുടെ ശമ്പള കുടിശ്ശികയുള്ള ജീവനക്കാര്‍ പരാതിയുമായി എത്തുന്നത്. . കവിയും, എഴുത്തുകാരനും, മാധ്യമ പ്രവര്‍ത്തകനുമായ എം എസ് ബനേഷ് ചുട്ടുപൊള്ളിക്കുന്ന റിപ്പോര്‍ട്ടര്‍ അനുഭവങ്ങളെക്കുറിച്ചു സമൂഹ മാധ്യമത്തില്‍ കുറിച്ചത് നികേഷിന്റെ മറ്റൊരു മുഖമാണ് വെളിച്ചത്തു കൊണ്ടുവരുന്നത്. . ശമ്പളം മുടങ്ങിയതോടെ പാഡ് വാങ്ങിക്കാന്‍ പോലും പണമില്ല എന്ന് പരാതി പറഞ്ഞ പെണ്‍കുട്ടികളെപോലും നികേഷ് അവഗണിച്ചുവെന്നും, പ്രളയകാലത്ത് ഡിവൈഎഫ്‌ഐയുടെ സൗജന്യ പൊതിച്ചോറ് കഴിച്ചാണ് തങ്ങള്‍ റിപ്പോര്‍ട്ടറില്‍ കഴിഞ്ഞ് കൂടിയത് എന്നും ബനേഷ് ഓര്‍ക്കുന്നു. പക്ഷേ പ്രളയജലമൊടുങ്ങിയപ്പോള്‍, ‘ചാനലിന് നാണക്കേടുണ്ടാക്കാന്‍ തെണ്ടിക്കഴിച്ചവര്‍’ എന്ന് തങ്ങളെ നികേഷ് ആക്ഷേിപിച്ചതായും ബനേഷ് ആരോപിക്കുന്നു. ‘ ഞാനടക്കമുള്ള നൂറുകണക്കിന് ജീവനക്കാരുടെ വര്‍ഷങ്ങള്‍ നീണ്ട അധ്വാനത്തിന് ശമ്പളം തരാതെ, രാവും പകലും പണിയെടുപ്പിച്ച്, പറ്റിച്ച്, വിശ്വാസവഞ്ചന നടത്തിക്കൊണ്ടാണ് താങ്കള്‍ വിശുദ്ധനെപ്പോലെ വെള്ളവസ്ത്രം ധരിച്ച് വീണ്ടുമെത്തുന്നതെന്ന് ബനേഷ് ഓര്‍മ്മിപ്പിക്കുന്നു. കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കയാണ്. എം എസ് ബനേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ്. ”വീണ്ടുമിതാ വിശുദ്ധന്റെ വെള്ളവേഷമിട്ട് ‘നികേഷും പീഠവും’… വീണ്ടും നിങ്ങള്‍ പാപികള്‍ക്ക് മാപ്പു നല്‍കുമോ….?എംവിആറിന്റെ മകനേ, നിങ്ങള്‍ ചവുട്ടിനില്‍ക്കുന്ന ‘റിപ്പോര്‍ട്ടറി’ന്റെ ചുവപ്പ് ഞങ്ങള്‍ തൊഴിലാളികളുടെ രക്തമാണ്. ഞാനടക്കമുള്ള നൂറുകണക്കിന് ജീവനക്കാരുടെ വര്‍ഷങ്ങള്‍ നീണ്ട അധ്വാനത്തിന് ശമ്പളം തരാതെ, രാവും പകലും പണിയെടുപ്പിച്ച്, പറ്റിച്ച്, വിശ്വാസവഞ്ചന നടത്തിക്കൊണ്ട്, ആ ജീവനക്കാരുടെ ബലിച്ചോരയില്‍ ചവുട്ടിനിന്നുകൊണ്ട് എം.വി നികേഷ് കുമാറും മുട്ടില്‍ മരംമുറി കേസിലെ പ്രതികളും ചേര്‍ന്ന് റിപ്പോര്‍ട്ടര്‍ ടിവി പുതിയ രീതിയില്‍ അവതരിപ്പിക്കുകയാണ്.

കണ്ണൂരില്‍ നിന്നടക്കം ട്രെയിനി ജേണലിസ്റ്റുകളായി വന്ന് മാസങ്ങളോളം ജോലി ചെയ്തിട്ടും ശമ്പളം കിട്ടാതെ പറ്റിക്കപ്പെട്ട പെണ്‍കുട്ടികള്‍, മൂന്നുനേരം ഭക്ഷണം കഴിക്കാന്‍ പൈസയില്ലാതെ ഒരുനേരം മാത്രം ഭക്ഷണമാക്കി ചുരുക്കിയവര്‍, പാഡ് മാറ്റാന്‍ പോലും പൈസയില്ല നികേഷ് സാറേ, ശമ്പളം താ എന്ന് റിപ്പോര്‍ട്ടര്‍ ടിവിയുടെ വാട്‌സാപ് ഗ്രൂപ്പില്‍ പോസ്റ്റിട്ട വനിതകള്‍…. അവരുടെയൊക്കെ ചോരയില്‍ ചവുട്ടി നിന്നുകൊണ്ടാണ് ഇടതുപക്ഷത്തിന്റെ ആദര്‍ശമുഖം വീണ്ടുമണിഞ്ഞ് നികേഷ് മുട്ടില്‍മരംമുറി കേസിലെ പ്രതികള്‍ കോടികള്‍ വാരിയെറിഞ്ഞ പുതിയ റിപ്പോര്‍ട്ടറിലിരുന്ന് പതിവുപോലെ വാര്‍ത്താവിചാരണയും ധാര്‍മ്മികപ്രഭാഷണവും നടത്താന്‍ പോകുന്നത്.ആ ചാനലിനോട് സഹകരിക്കാനും മനുഷ്യാവകാശലംഘനം അടക്കമുള്ള വിഷയങ്ങളില്‍ രാത്രിച്ചര്‍ച്ചകളില്‍ പങ്കെടുക്കാനും തയ്യാറായിരിക്കുന്ന കേരളത്തിലെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ പ്രഗത്ഭരോട് ഞാന്‍ ചോദിക്കുകയാണ്. നൂറുകണക്കിന് ജീവനക്കാരുടെ വര്‍ഷങ്ങള്‍ നീണ്ട ശമ്പളക്കുടിശ്ശിക കൊടുക്കാതെ, അവരോട് നീതിനിഷേധം നടത്തിയ ഒരു മുതലാളിയുടെ ചാനലില്‍ അവരുടെ ശമ്പളം കൊടുത്തിട്ടുമതി ഞങ്ങളെ ചര്‍ച്ചയ്ക്കും പ്രതികരണത്തിനും വിളിക്കാന്‍ എന്ന് ബഹുമാനപ്പെട്ട നിങ്ങള്‍ക്ക് തീരുമാനമെടുക്കാന്‍ കഴിയുമോ….?
പ്രിയപ്പെട്ട എഴുത്തുകാരി ശ്രീ. എസ്. ശാരദക്കുട്ടി ടീച്ചര്‍ ഒരിക്കല്‍ ഫെയ്‌സ് ബുക്കില്‍ നികേഷ് കുമാറിന്റെ വാര്‍ത്താ അവതരണങ്ങളിലെ നീണ്ടു കുറുകിയ കണ്ണുകളിലെ നിഷ്‌കളങ്കമായ കുസൃതി നിറഞ്ഞ നോട്ടങ്ങളെക്കുറിച്ച് വാചാലമായി എഴുതിയത് ഞാന്‍ വായിച്ച ദിവസമായിരുന്നു എന്റെ ജീവിത്തിലെ സമീപകാലങ്ങളിലെ ഏറ്റവും വേദനാനിര്‍ഭരവും ധാര്‍മികരോഷം നിറഞ്ഞതുമായ ദിനം. ടീച്ചറേ, കൂട്ടക്കുരുതികളുടെ അഡോള്‍ഫ് ഹിറ്റ്‌ലര്‍ വെജിറ്റേറിയനായിരുന്നുവെന്നും മ്യൂസിക്കല്‍ കണ്‍സര്‍ട്ടുകള്‍ കണ്ട് കരയാറുണ്ടായിരുന്നു എന്നും നിഷ്‌കളങ്കമായി പറയുന്നതുപോലെയാണ് അത്…റിപ്പോര്‍ട്ടര്‍ ടിവിയില്‍ 2016 ഏപ്രില്‍ 15 മുതല്‍ 2018 ഓഗസ്റ്റ് 20 വരെയാണ് ഞാന്‍ ജോലി ചെയ്തത്. നികേഷ് കുമാര്‍ ഒറ്റയ്കാണ് ഇന്റര്‍വ്യൂ ചെയ്ത് എന്നെ അപ്പോയിന്റ് ചെയ്തത്. പ്രോഗ്രാം ചീഫായിരുന്ന പ്രമോദ് പയ്യന്നൂര്‍ മമ്മൂട്ടിയെ നായകനാക്കി ബാല്യകാലസഖി എന്ന സിനിമ സംവിധാനം ചെയ്യാന്‍ രാജിവെച്ചപ്പോള്‍ ഒഴിവു വന്ന തസ്തിക. ചാനലിന്റെ പ്രോഗ്രാം ചീഫ് എന്ന നിലയില്‍ ആത്മാര്‍ത്ഥമായി ജോലി ചെയ്‌തെങ്കിലും ആദ്യത്തെ ചില മാസങ്ങള്‍ക്ക് ശേഷം ശമ്പളം തരാതായി. ചോദിക്കുമ്പോള്‍ അടുത്തമാസം ലഭിക്കും, വിട്ടുപോകരുത്, പുതിയ ടീം ഏറ്റെടുക്കാന്‍ പോകുന്നു, എന്നിങ്ങനെയായിരുന്നു മറുപടി.നികേഷിനും അഭിലാഷ് മോഹനനുമൊപ്പം ആഴ്ച തോറും ഒരുമിച്ചിരുന്ന് അവതരിപ്പിച്ചിരുന്ന ‘മീറ്റ് ദി എഡിറ്റേഴ്‌സ്’, പൊളിറ്റിക്കല്‍ സറ്റയര്‍ പ്രോഗ്രാമായ ‘ഡെമോക്രേസി’, മോണിംഗ് റിപ്പോര്‍ട്ടര്‍ വാര്‍ത്താ അവതരണം, എന്നിവയെല്ലാം അക്കാലമത്രയും ചെയ്തു.

ശമ്പളകുടിശ്ശിക 3,89,197. 00 (മൂന്നു ലക്ഷത്തി എണ്‍പത്തിയൊമ്പതിനായിരത്തി ഒരുനൂറ്റി തൊണ്ണൂറ്റിയേഴ് ) രൂപയായി. ഗതികെട്ട് രാജിവെച്ചു. എന്നിട്ടും ശമ്പളം തന്നില്ല. റിലീവിംഗ് ഓര്‍ഡറും തന്നില്ല. അതില്ലാതെ മറ്റൊരിടത്ത് ജോലിക്ക് കയറാനാകാത്ത നാളുകള്‍. ശമ്പളത്തിന് വേണ്ടി റിപ്പോര്‍ട്ടര്‍ ടിവിയില്‍ ആഴ്ചതോറും കയറിയിറങ്ങി. മുഖംതരാതെ മുങ്ങിനടന്ന നികേഷ് കുമാറും എച്ച് ആര്‍ വകുപ്പും.25 ലക്ഷത്തിലേറെ രൂപ ശമ്പളം കൊടുക്കാതെ പറ്റിക്കപ്പെട്ടവര്‍ മുതല്‍ മാസം പതിനായിരത്തില്‍ താഴെ രൂപയ്ക്ക് വര്‍ഷങ്ങളോളം ജോലി ചെയ്ത് ശമ്പളം കൊടുക്കാതെ മനുഷ്യവാകാശങ്ങളെല്ലാം ഹനിക്കപ്പെട്ട യുവാക്കളും യുവതികളും ഏറെ. അവര്‍ ഭയംകൊണ്ട് മിണ്ടുന്നില്ല, നികേഷ്, ഒരിക്കല്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായിരുന്നയാള്‍, ഇനിയും സ്ഥാനാര്‍ത്ഥിയായേക്കാവുന്ന ആള്‍, സിപിഎമ്മില്‍ പിടിപാട്, എംവി രാഘവന്റെ മകന്‍ എന്നിങ്ങനെയുള്ള ഭയങ്ങള്‍.2018ലെ പ്രളയദിവസം വീട്ടില്‍ വെള്ളം കയറുന്നുവെന്ന വിളി വന്നിട്ടും രാത്രി പത്തിന് സംപ്രേഷണം ചെയ്യാനുള്ള പ്രോഗ്രാമിന്റെ പേരില്‍ പുറത്തേക്ക് പോകാന്‍ അനുമതി നിഷേധിക്കപ്പെട്ടത് ഇപ്പോഴും ഓര്‍മ്മയില്‍. പ്രോഗ്രാമുകള്‍ മുടങ്ങാതിരിക്കാന്‍ പ്രളയനാളുകളില്‍ ഓഫീസില്‍ തന്നെ കഴിഞ്ഞപ്പോള്‍ ഭക്ഷണത്തിന് മാര്‍ഗമില്ലാതെ ട്രെയിനി കുട്ടികളടക്കം ഞങ്ങള്‍ സന്നദ്ധസംഘടനകളുടെ പൊതിച്ചോര്‍ വിതരണ നമ്പറുകള്‍ സംഘടിപ്പിച്ചു. ഡിവൈഎഫ്‌ഐ വിതരണം ചെയ്യുന്ന പൊതിച്ചോറിന്റെ നമ്പറാണ് കിട്ടിയത്. അവര്‍ ഭക്ഷണമെത്തിച്ചു. പ്രളയജലമൊടുങ്ങിയപ്പോള്‍ നികേഷേ താങ്കള്‍ പരിഹസിച്ചു, ചാനലിന് നാണക്കേടുണ്ടാക്കാന്‍ തെണ്ടിക്കഴിച്ചവര്‍ എന്ന്. ആ തെണ്ടികളുടെ കൂടി ആസ്തിയാണ് ഇന്ന് പുത്തന്‍ കോടികളാല്‍ പുതുക്കപ്പെട്ടിരിക്കുന്ന റിപ്പോര്‍ട്ടര്‍.നികേഷും എച്ച് ആറും ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഫോണ്‍ എടുക്കാതായതോടെ, ശമ്പള കുടിശ്ശിക നല്‍കാത്തതിനെതിരെ 2020 ജൂലൈ മൂന്നിന് ഞാന്‍ ലേബര്‍ കമ്മീഷണര്‍ക്ക് പരാതി കൊടുത്തു. എനിക്ക് ലേബര്‍ കോടതിയെ സമീപിക്കാവുന്നതാണെന്ന് കമ്മീഷണര്‍ നോട്ടീസ് നല്‍കി. ശമ്പളം കിട്ടാത്തതിനാല്‍ ലേബര്‍ കോര്‍ട്ടിനെ സമീപിക്കാനും വക്കീലിനെ വെക്കാനുമുള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്തതിനാല്‍ ഇതുവരെയും ലേബര്‍ കോര്‍ട്ടിനെ സമീപിക്കാന്‍ കഴിഞ്ഞില്ല. സമാനമായ പരാതി കേരള പത്രപ്രവര്‍ത്തക യൂണിയന്‍ അംഗം എന്ന നിലയില്‍ യൂണിയനും നല്കിയെങ്കിലും ഫലമുണ്ടായില്ല.

ഇക്കാലത്തിനിടയിലും നികേഷ് കെഎസ്ആര്‍ടിസിയില്‍ ഒരു മാസം ശമ്പളം മുടങ്ങിയതടക്കമുള്ള പ്രശ്‌നങ്ങളില്‍ മനുഷ്യാവകാശലംഘനമടക്കുള്ള ധാര്‍മ്മികപ്രശ്‌നങ്ങള്‍ ഉയര്‍ത്തി ന്യൂസ് നൈറ്റുകള്‍ നടത്തി. ആ വാര്‍ത്തകളുടെ സംപ്രേഷണം നടക്കുമ്പോഴും സ്വന്തം ജീവനക്കാര്‍ മാസങ്ങളോളം ശമ്പളം കിട്ടാതെ നരകിക്കുകയായിരുന്നു.ശമ്പളക്കുടിശ്ശിക തീര്‍ത്തുതരണമെന്ന് സൂചിപ്പിച്ചുകൊണ്ട് 2018 ജൂണ്‍ 2നും ജൂണ്‍ 16നും 2019 സെപ്റ്റംബര്‍ 19 നും 2020 ജൂണ്‍ 27നും ഞാന്‍ നികേഷ് കുമാറിനും ഫിനാന്‍സ് എച്ച് ആര്‍ മാനേജര്‍മാര്‍ക്കും ഇ മെയിലുകള്‍ അയച്ചിരുന്നു. അവയ്‌ക്കൊന്നിനും മറുപടിയുണ്ടായില്ല. പല തവണ ഇരുവരെയും നേരില്‍ കാണാന്‍ ശ്രമിച്ചെങ്കിലും അതിന് അനുവദിക്കുകയുണ്ടായില്ല. ഫോണും എടുക്കുന്നുണ്ടായിരുന്നില്ല.പിന്നീട് റിപ്പോര്‍ട്ടര്‍ ടിവിയെയും അതിന്റെ കമ്പനിയായ ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് ചാനല്‍ പ്രൈവറ്റ് ലിമിറ്റഡിനെയും മുട്ടില്‍ മരം മുറി കേസിലെ പ്രതികള്‍ ഉള്‍പ്പെടുന്ന പുതിയ മാനേജ് മെന്റ് ഏറ്റെടുത്തിരിക്കുന്നതായി അറിയാന്‍ കഴിഞ്ഞ പശ്ചാത്തലത്തില്‍ ഞാന്‍ എം.വി നികേഷ് കുമാറിന് വീണ്ടും ശമ്പളകുടിശ്ശിക തീര്‍ത്തുതരണമെന്ന് സൂചിപ്പിച്ച് മെസ്സേജ് അയച്ചിരുന്നു. അത്രയും കാലം എന്റെ ഫോണെടുക്കാതിരുന്ന, ഒഴിഞ്ഞുമാറിയിരുന്ന നികേഷ് അന്നാദ്യമായി പ്രതികരിച്ചു. വാട്‌സാപ്പില്‍ ഇങ്ങനെയൊരു മറുപടി നല്‍കി. മറുപടി ഇതായിരുന്നു, ‘പുതിയ എച്ച് ആര്‍ മാനേജറെ സമീപിക്കൂ’. അങ്ങനെയെങ്കില്‍ അങ്ങനെയാവട്ട എന്ന് കരുതി പുതിയ മാനേജരെ കണ്ട് കത്ത് നല്‍കി. പക്ഷേ, ഈ നിമിഷംവരെയും നികേഷില്‍ നിന്നോ നികേഷ് കൂടി ഉള്‍പ്പെടുന്ന പുതിയ എച്ച് ആറില്‍ നിന്നോ ഔദ്യോഗികമായ ഒരറിയിപ്പും ലഭിച്ചിട്ടില്ല. അയാള്‍ ഇപ്പോഴും അതേ ചരിച്ചുവച്ച് ഒട്ടിച്ചുചീകിയ മുടിയും കറുപ്പുകണ്ണടയും വച്ച് ഇപ്പോഴും പുരോഗമന, ഇടതുപക്ഷ, മാധ്യമപ്രവര്‍ത്തകന്റെ ഭാവവുമായി ഫ്‌ലക്‌സുകളില്‍ നിറയുന്നു. കവിതയും മാധ്യമപ്രവര്‍ത്തനവും മാത്രം അഭയമായ ഞാന്‍ തെരുവുകളിലൂടെ നടക്കുമ്പോള്‍ മെട്രോ തൂണുകളിള്‍ ഫഌ്‌സുകളായിരുന്ന് റിപ്പോര്‍ട്ടര്‍ എന്ന അടിക്കുറിപ്പോടെ, അയാള്‍ ഞാനടക്കമുള്ള തൊഴിലാളികളെ വഞ്ചിച്ചതിന്റെ ഒരു ഭാവവും മുഖത്തില്ല എന്ന മട്ടില്‍ കട്ടിയില്‍ മേക്കപ്പിട്ട് അഭിനയം തുടരുന്നു.കേരളത്തിലെ എഴുത്തുകാരും സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ പ്രവര്‍ത്തകരും ഈ കാപട്യത്തെ തിരിച്ചറിയുമോ?” ഇങ്ങനെയാണ് ബനേഷ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.