ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ നടപടി; അര്‍ച്ചന ജോഷിയെ നീക്കി
ഡല്‍ഹി: ബാലസോർ ട്രെയിൻ അപകടത്തിൽ നടപടിയുമായി ഇന്ത്യൻ റെയിൽവേ. ദക്ഷിണേന്ത്യന്‍ റെയില്‍വേ ജനറല്‍ മാനേജര്‍ അര്‍ച്ചന ജോഷിയെ ചുമതലയില്‍ നിന്ന് നീക്കി. പകരം ചുമതലയിലേക്ക് അനില്‍ കുമാര്‍ മിശ്രയെ ക്യാബിനറ്റ് അപ്പോയിന്‍മെന്റ് കമ്മിറ്റി നിയമിച്ചു. ഒഡിഷ ബാലസോർ ട്രെയിന്‍ ദുരന്തത്തില്‍ റെയില്‍വേ സുരക്ഷാ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് നടപടി. നേരത്തെ സൗത്ത് ഈസ്റ്റേൺ റെയിൽവേയിലെ 5 ഉന്നത ഉദ്യോഗസ്ഥരെ നടപടിയുടെ ഭാഗമായി സ്ഥലം മാറ്റിയിരുന്നു.
ജൂൺ രണ്ടിനാണ് രാജ്യത്തെ നടുക്കിയ ട്രെയിന്‍ ദുരന്തമുണ്ടായത്.ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിൽ 292 പേരാണ് മരിച്ചത്. 287 പേര്‍ സംഭവ സ്ഥലത്തും അഞ്ചു പേര്‍ ആശുപത്രിയില്‍ ചികിത്സയ്ക്കിടെയുമാണ് മരിച്ചത്. 1208 പേര്‍ക്ക് പരിക്കേറ്റു. ഷാലിമാർ-ചെന്നൈ സെൻട്രൽ കോറോമണ്ടൽ എക്‌സ്‌പ്രസ്, ബെംഗളൂരു-ഹൗറ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ്, ഗുഡ്‌സ് ട്രെയിൻ എന്നിവയാണ് കൂട്ടിയിടിച്ചത്. ജൂണ്‍ 6നാണ് അന്വേഷണം സി.ബി.ഐക്ക് കൈമാറിയത്.
സംഭവത്തില്‍ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. ബാഹനഗ ബസാര്‍ റെയില്‍വേ സ്റ്റേഷനിലെ റിലേ റൂം സീല്‍ ചെയ്യുകയും പാനലും ഉപകരണങ്ങളും സിബിഐ തെളിവായി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട് . കൂടാതെ സ്റ്റേഷന്‍ മാസ്റ്ററും സിഗ്നലിംഗ് ഓഫീസറും അടക്കമുള്ളവരെ സിബിഐ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.