We Talk

സംസ്ഥാനത്ത് ഇന്ന് മൂന്ന് പനിമരണം കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് പനി മരണം കൂടി റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരത്ത് ഒരാളും തൃശൂരിൽ രണ്ടുപേരുമാണ് മരിച്ചത്. കുര്യച്ചിറ സ്വദേശി അനീഷ സുനില്‍ (34), നാട്ടികയില്‍ ജോലി ചെയ്യുന്ന ബംഗാളി സ്വദേശി ജാസ്മിൻ ബീബി(28) എന്നിവരാണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജിലാണ് ഇരുവരും മരിച്ചത്. ജാസ്‌മിന് എലിപ്പനിയാണ് ബാധിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പരിശോധനയുടെ ഭാഗമായി ജാസ്‌മിൻ താമസിച്ച സ്ഥലത്തുനിന്ന് ആരോഗ്യവിഭാഗം സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്. അനീഷ എതു പനി ബാധിച്ചാണ് മരിച്ചതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. തിരുവനന്തപുരത്ത് വില്ലയിൽ കിരൺ ബാബു (26) ഡെങ്കിപ്പനി ബാധിച്ചാണ് മരിച്ചത്. പനിയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവേയാണ് മരണം സംഭവിച്ചത്.
ഇതോടെ ഒരുമാസത്തിനിടെ വിവിധ സാംക്രമിക രോഗങ്ങൾ ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 81 ആയി . ഡെങ്കിപ്പനി ബാധിച്ച് മാത്രം 36 പേരാണ് മരിച്ചത്. ഇന്നലെ മാത്രം 12,900 പേരാണ് പനിബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടിയത്. ഒരിക്കൽ ഡെങ്കി ബാധിച്ചവർക്കു പിന്നീട് ഡെങ്കിയുടെ മറ്റൊരു വൈറസ് ബാധിച്ചാൽ രോഗം ഗുരുതരമാകാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞമാസം മാത്രം മൂന്നുലക്ഷത്തോളം പേരാണ് പനി ബാധിച്ച് സർക്കാർ ആശുപത്രികളിൽ ചികിത്സയ്ക്കെത്തിയത്. സംസ്ഥാനത്ത് ഡെങ്കിപ്പനിക്കു കാരണമാകുന്ന 4 തരം വൈറസുകളും കേരളത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പനി മരണം തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *