വീട്ടമ്മക്കെതിരെ വ്യാജ ലഹരി കേസ്: വഴിതെറ്റുന്നുവോ കുറ്റാന്വേഷണം?
ബിഗ്‌ബോസ് സീസണ്‍ 5ലെ മത്സരാര്‍ഥി ശോഭ വിശ്വനാഥ് എന്ന സംരംഭക, വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ ഒരുത്തന്‍ തന്റെ സ്ഥാപനത്തില്‍ മയക്കുമരുന്ന്്‌വെച്ച് തന്നെ അറസ്റ്റ് ചെയ്യിപ്പിച്ച സംഭവം പറഞ്ഞത് കേരളം ഞെട്ടലോടെയാണ് കേട്ടത്. അതുപോലെ തന്നെയാണ് നടന്‍ ഷൈന്‍ ടോം ചാക്കോ പ്രതിയായ പഴയ കൊക്കെയിന്‍ കേസും. രാസപരിശോധനില്‍ ഷൈന്‍ ടോമും കൂട്ടരും കൊക്കെയിന്‍ ഉപയോഗിച്ചില്ലെന്ന് തെളിഞ്ഞെങ്കിലും, നടന്‍ ദിവസങ്ങളോളം ജയിലില്‍ കഴിഞ്ഞു.
ഇപ്പോഴിതാ, സമാനമായ സംഭവം വീണ്ടും ആവര്‍ത്തിക്കുന്നു. ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീലാ സണ്ണി എന്ന 51കാരിയായ വീട്ടമ്മയാണ് വ്യാജ മയക്കുമരുന്ന് കേസിന്റെ പുതിയ ഇര. വെറും കടലാസു കഷ്ണങ്ങള്‍ കൈവശം വെച്ചതിന്റെ പേരിലാണ് അവര്‍ ജയിലില്‍ ആവുന്നത്. ലോക ചരിത്രത്തില്‍ തന്നെ അത്യപൂര്‍വമായ കേസാണിത് . നാലുമാസം മുമ്പ് ഷീലാ സണ്ണിയില്‍നിന്ന് എല്‍.എസ്.ഡി. സ്റ്റാമ്പ് എന്നുപറഞ്ഞ് എക്‌സൈസ് പിടികൂടിയത് വെറും കടലാസുകഷണങ്ങളാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കയാണ്. അപ്പോഴേക്കും ഷീല വിയ്യൂര്‍ ജയിലില്‍ കിടന്നത് 72 ദിവസം. ഈ ദിവസങ്ങളത്രയും ചില മാധ്യമങ്ങള്‍ നിറംപിടിപ്പിച്ച കഥകളുമായി അവരെയും കുടുംബത്തെയും വേട്ടയാടി.
എന്തുകൊണ്ടാണ് നമ്മുടെ പൊലീസും എക്‌സൈസും ഇങ്ങനെയാവുന്നത് ? ഭീതി ഉയര്‍ത്തുന്നതാണ് കേരളത്തിലെ കുറ്റാന്വേഷണം . ഏതൊരാള്‍ക്കും വെറും കടലാസ് കഷ്ണങ്ങള്‍ ഉപയോഗിച്ച് ആരെയും ജയിലില്‍ ആക്കാമെന്ന അവസ്ഥ. എല്‍എസ് ഡി ഏതാണ് കടലാസ് ഏതാണ് എന്ന് പ്രാഥമികമായി തിരിച്ചറിയാനുള്ള പരിശീലനം പോലും നമ്മുടെ എക്‌സൈസിനും പൊലീസിനും കിട്ടുന്നില്ലെന്നു ഇതില്‍നിന്ന് വ്യക്തമാണ്. മാത്രമല്ല, സാഹചര്യത്തെളിവുകളും അവര്‍ കണക്കിലെടുക്കുന്നില്ല. ഒരു വീട്ടമ്മയുടെ ബാഗില്‍ പൊടുന്നനെ എല്‍എസ് ഡി കണ്ടു എന്ന് പറഞ്ഞാല്‍, അത് ട്രാപ്പ് ആണോ എന്ന് പരിശോധിക്കാനുള്ള സാധ്യത ഉദ്യോഗസ്ഥര്‍ കണക്കിലെടുത്തില്ല. മാത്രമല്ല, അവരെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് പൊടിപ്പും തൊങ്ങലും വെച്ച് വാര്‍ത്ത നല്‍കുകയും ചെയ്തു.

‘ആത്മഹത്യക്കുപോലും കഴിഞ്ഞില്ല’
ബന്ധുക്കളില്‍നിന്നും നാട്ടുകാരില്‍നിന്നും ഒറ്റപ്പെട്ട്, അപമാനിതയായി കഴിഞ്ഞുകൂടിയ ആ നാളുകള്‍ ഒരു പേക്കിനാവായിക്കണ്ട് മറക്കാനുള്ള ശ്രമത്തിലാണ് ഷീലയിപ്പോള്‍. അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച, കാക്കനാട്ടെ സര്‍ക്കാര്‍ റീജണല്‍ കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറിയിലെ പരിശോധനാഫലമാണ് ഷീലയുടെ നിരപരാധിത്വം പുറത്തു കൊണ്ടു വന്നത്. അഭിഭാഷകനായ നിഫിന്‍ പി. കരീമിന് കോടതി വഴിയാണിത് ലഭിച്ചത്.
തന്റെ ഇരുചക്രവാഹനത്തില്‍ സൂക്ഷിച്ച ബാഗില്‍നിന്ന് എക്‌സൈസ് കണ്ടെത്തിയ ‘എല്‍.എസ്.ഡി. സ്റ്റാമ്പുകള്‍’ സ്റ്റാമ്പു മാതൃകയിലുള്ള 0.160 ഗ്രാം പേപ്പര്‍ കഷണങ്ങളാണെന്ന പരിശോധനാഫലം വന്നിട്ടും എല്ലാം മറന്നൊന്ന് ചിരിക്കാന്‍പോലും ഷീലയ്ക്കു പറ്റുന്നില്ല. ചെയ്യാത്ത തെറ്റിന് നാലുമാസമായി അനുഭവിക്കുന്ന ശിക്ഷയും പീഡനവും അത്രമാത്രം അവരെ തളര്‍ത്തിയിരിക്കുന്നു. ”ജയിലില്‍ ആത്മഹത്യ ചെയ്യാനുള്ള സൗകര്യമുണ്ടായിരുന്നെങ്കില്‍ ഞാനിന്ന് ജീവിച്ചിരിപ്പുണ്ടാകുമായിരുന്നില്ല” ഷീല പറയുന്നു.

ആ ദിവസം ഷീല ഇങ്ങനെ ഓര്‍ക്കുന്നു. ”ഫെബ്രുവരി 27ാം തീയതി വൈകിട്ട് അഞ്ചരയോടെയാണ് കുറേ ഓഫിസര്‍മാര്‍ വന്നത്. ഞാന്‍ മയക്കുമരുന്ന് കച്ചവടം നടത്തുന്നതായി വിവരം കിട്ടി, പരിശോധിക്കണം എന്നു പറഞ്ഞു. ഞാന്‍ പരിശോധിച്ചോളാന്‍ പറഞ്ഞു. അത് ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യം എനിക്കുണ്ട് . പരിശോധിക്കാന്‍ വന്നവര്‍ വേറെ എവിടെയും നോക്കിയില്ല. ബ്യൂട്ടി പാര്‍ലറില്‍ ഇഷ്ടം പോലെ സ്ഥലമുണ്ട്. പക്ഷേ അവര്‍ നേരെ വന്നു നോക്കിയത് എന്റെ ബാഗിലാണ്. എന്റെ ബാഗിലും വണ്ടിയിലുമാണ് സാധനമുള്ളതെന്ന് വിളിച്ചു പറഞ്ഞവര്‍ കൃത്യമായി അറിയിച്ചിരുന്നു.’
വണ്ടി സാധാരണ ബ്യൂട്ടി പാര്‍ലറിന്റെ താഴെയാണ് നിര്‍ത്താറുള്ളത്. ഉദ്യോഗസ്ഥര്‍ നേരെ വന്നു ബാഗ് തുറന്ന് അതിന്റെ അറയില്‍നിന്ന് ഒരു പൊതിയെടുത്തു. അതായത് അവര്‍ കണ്ടതുപോലെയാണ് എല്ലാം വിളിച്ചു പറഞ്ഞിരിക്കുന്നത്. മോനെ വിളിച്ചുവരുത്തി അവനെയും കൂട്ടിപ്പോയാണ് വണ്ടിയില്‍നിന്ന് മറ്റൊരു പൊതിയെടുത്തത്. അതിനുശേഷം ഇത് മയക്കുമരുന്നാണ് എന്ന് അവര്‍ പറഞ്ഞു. സത്യത്തില്‍ എന്താണ് സംഭവിക്കുന്നത് എന്നുപോലും എനിക്കു മനസ്സിലായില്ല. എന്തൊക്കെയോ എഴുത്തും കുത്തും കഴിഞ്ഞ് ഒരു മണിക്കൂറിനു ശേഷം എന്നെ ചാലക്കുടിയിലെ എക്‌സൈസ് ഓഫിസിലേക്കു കൊണ്ടുപോയി.’
അതിനുശേഷം കുറേ പത്രക്കാരും ചാനലുകാരും വന്നു. എന്റെ കുറേ ഫോട്ടോയെടുത്തു . ഈ സമയമെല്ലാം ഞാന്‍ അവിടെ ഇരിക്കുകയാണ്. എന്താണ് സംഭവിക്കുന്നതെന്നു പോലും എനിക്കു മനസ്സിലായില്ല. ഇതിനിടെ അവിടെയുണ്ടായിരുന്ന ഒരു ഓഫിസര്‍ എന്നോടു തല കുമ്പിട്ടിരിക്കാന്‍ പറഞ്ഞു. ഇതൊക്കെ വാര്‍ത്തയാകുമെന്നോ എന്നെ ജയിലില്‍ കൊണ്ടുപോകുമെന്നോ എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. അവര്‍ ഇപ്പോള്‍ത്തന്നെ വീട്ടില്‍ വിടുമെന്നായിരുന്നു എന്റെ ധാരണ.
ഇതൊന്നും ഞാന്‍ വച്ചതല്ലെന്ന് ഉദ്യോഗസ്ഥരോടു പറഞ്ഞതാണ്. ബാഗ് ഞാനല്ലേ ഉപയോഗിക്കുന്നത് എന്ന് അവര്‍ ചോദിച്ചു. അതേയെന്നു ഞാന്‍ മറുപടി പറഞ്ഞു. ബാഗ് ഞാനാണ് ഉപയോഗിക്കുന്നത്, വണ്ടിയും മറ്റെങ്ങും വയ്ക്കാറില്ല. അതിനിടെ ചോദ്യം ചെയ്തപ്പോള്‍ സാമ്പത്തിക ബാധ്യതയുടെ കാര്യം ചോദിച്ചു. സാമ്പത്തിക ബാധ്യതയുള്ളതു കൊണ്ടാണ് ഞാന്‍ ഈ ബിസിനസ് ചെയ്യുന്നതെന്ന് അവര്‍ പറഞ്ഞു. ഒരു മാസമായിട്ട് എന്നേക്കുറിച്ച് പരാതി ലഭിക്കുന്നുണ്ടെന്നും പറഞ്ഞു. അങ്ങനെയെങ്കില്‍ ഞാന്‍ എവിടെയാണ് പോകുന്നത്, എന്തിനാണ് പോകുന്നത് എന്നൊക്കെ നിങ്ങള്‍ക്ക് കൃത്യമായി അറിയില്ലേ എന്നു ഞാന്‍ ചോദിച്ചു. ഞാന്‍ പറയുന്നതൊന്നും അവര്‍ കേട്ടില്ല. വൈകിട്ട് എന്നെ ജയിലിലേക്കു കൊണ്ടുപോയി. ഇത് ആരോ എന്നെ കുടുക്കാന്‍ ചെയ്തതാണെന്നാണ് സംശയം. എനിക്ക് അങ്ങനെ ശത്രുക്കളൊന്നുമില്ല. ഈ ബ്യൂട്ടി പാര്‍ലര്‍ ആരംഭിച്ചിട്ട് ഏഴു വര്‍ഷമായി.’ ഷീല വിശദീകരിച്ചു.

എക്‌സൈസിന് തീരാത്ത നാണക്കേട്
ഒരു ലക്ഷം രൂപയുടെ ലഹരി സ്റ്റാംപുമായി ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ അറസ്റ്റ് ചെയ്‌തെന്നായിരുന്നു എക്‌സൈസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളെ അറിയിച്ചത്. ബ്യൂട്ടി പാര്‍ലറില്‍ വരുന്ന യുവതികള്‍ക്കു വില്‍ക്കാന്‍ വേണ്ടിയാണ് ഇതെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഏതാനും ദിവസത്തെ നിരീക്ഷണത്തിനു ശേഷമാണ് ഇരുചക്ര വാഹനത്തില്‍നിന്ന് ലഹരിമരുന്ന് പിടികൂടിയതെന്നായിരുന്നു അവരുടെ ഭാഷ്യം. ഷീലയുടെ വാക്കുകള്‍ കേള്‍ക്കാന്‍പോലും തയ്യാറാവാതിരുന്ന ഉദ്യോഗസ്ഥര്‍ അന്നുതന്നെ കോടതിയില്‍ ഹാജരാക്കി. ആ രാത്രി റിമാന്‍ഡിലായ ഷീലക്ക്് മെയ് 10നാണ് ഹൈക്കോടതി ജാമ്യമനുവദിച്ചത്.
സംശയമുള്ള ചില ബന്ധുക്കളുടെ പേരുകള്‍ പറഞ്ഞിരുന്നുവെങ്കിലും ഒരുതവണപോലും അവരെ ചോദ്യംചെയ്തിട്ടില്ലെന്നും ഷീല പറയുന്നു. തന്നെപ്പോലെ എത്ര നിരപരാധികള്‍ ഇതുപോലെ കുറ്റവാളികളാക്കപ്പെട്ടിട്ടുണ്ടാകാമെന്ന് നെടുവീര്‍പ്പോടെ അവര്‍ ചോദിക്കുന്നു. സംഭവത്തില്‍ മാനനഷ്ടക്കേസ് ഫയല്‍ചെയ്യാനുള്ള ഒരുക്കത്തിലാണ് ഷീലയും കുടുംബവും. എന്നാല്‍, ആരാണ് ചതിച്ചതെന്ന കാര്യത്തില്‍ അവര്‍ക്ക് വ്യക്തതതയില്ല. മരുമകളുടെ സഹോദരിയെ സംശയമുണ്ടെന്ന് കഴിഞ്ഞ ദിവസം ഏഷ്യാനെററിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറയുന്നുണ്ട്.
പരിശോധനാഫലം പുറത്തുവരുന്നതിന് മുമ്പുതന്നെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് ഇത് തട്ടിപ്പാണെന്ന് മനസ്സിലായിരുന്നു. അതിനാല്‍ ഷീലയെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെ എക്‌സൈസ് സ്ഥലം മാറ്റിയിരിക്കയാണ്. പക്ഷേ അത് മാത്രം മതിയോ ? . അവര്‍ തകര്‍ത്തത് ഒരു കുടുംബത്തിന്റെ ജീവിതമാണ്. തിരിച്ചുവന്നപ്പോഴേക്കും ബ്യൂട്ടിപാര്‍ലര്‍ ഇല്ലാതായിരുന്നു. ഇനി അവര്‍ എല്ലാം ഒന്നില്‍നിന്ന് വേണം തുടങ്ങാന്‍. അതിനേക്കാള്‍ ഉപരിയായി വെറും കടലാസുകഷ്ണങ്ങള്‍ മതി ഒരാളെ ജയിലില്‍ ആക്കാന്‍ എന്നതും ഞെട്ടിക്കുന്നതാണ്. നാളെ ഉപ്പും പഞ്ചസാരയുമെല്ലാം വെച്ചിട്ട് ബ്രൗണ്‍ഷുഗറാണെന്ന് പറഞ്ഞ്, നിരപരാധികളെ ജയിലില്‍ ഇടുന്ന കാലം വരാതിരിക്കട്ടെ.