സാഹിത്യ അക്കാദമി പുസ്തകങ്ങളിൽ സർക്കാർ പരസ്യം; പ്രതിഷേധവുമായി എഴുത്തുകാർ
കേരള സാഹിത്യ അക്കാദമി പുറത്തിറക്കിയ പുസ്തകങ്ങളുടെ പുറംചട്ടയിൽ സംസ്ഥാന സർക്കാരിന്റെ പരസ്യം പ്രത്യക്ഷപ്പെട്ടതിനെതിരെ പ്രതിഷേധവുമായി എഴുത്തുകാർ. അധികാരത്തിന്റെ അല്പത്തരമെന്നും നീചമെന്നുമാണ് സംഭവത്തെ കവി കെജിഎസ് വിശേഷിപ്പിച്ചത്. അൻവർ അലി, എസ് ശാരദക്കുട്ടി, കല്പറ്റ നാരായണൻ, പി എഫ് മാത്യൂസ്, കരുണാകരൻ, ആദിൽ മഠത്തിൽ തുടങ്ങി നിരവധി പേർ പ്രതിഷേധവുമായി രംഗത്തെത്തി. ഒരു എഴുത്തുകാരന്റെ സർഗാത്മക സൃഷ്ടിയെ സർക്കാരിന്റെ പ്രൊപ്പഗണ്ട പ്രചരിപ്പിക്കാൻ ഉപയോഗിക്കുന്നതാണ് അക്കാദമി നടപടിയെന്നാണ് ഉയരുന്ന പ്രധാന വിമർശനം. സാഹിത്യ സൃഷ്ടികൾക്കുമേൽ ഇത്തരത്തിൽ ചാപ്പ കുത്തുന്നത് കേരളത്തിൽ പതിവില്ലാത്തതാണെന്നും വിമർശകർ പറയുന്നു. കേരള സാഹിത്യ അക്കാദമി പുറത്തിറക്കിയ 30 പുസ്തകങ്ങളുടെ കവർ പേജിലാണ് രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായുള്ള പരസ്യമുള്ളത്. ഡോ. എം ലീലാവതി, കവി കെ എ ജയശീലൻ എന്നിവരുടേത് ഉൾപ്പെടെയുള്ള പുസ്തകങ്ങൾ ഇക്കൂട്ടത്തിലുണ്ട്. രണ്ടാം പിണറായി സർക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായുള്ള പുസ്തകങ്ങളിലാണ് പരസ്യമുള്ളതെന്നും സർക്കാരിന്റെ പരസ്യം നൽകിയതിനോട് ആര്‍ക്കാണ് വിമര്‍ശനമെന്നുമായിരുന്നു അക്കാദമി സെക്രട്ടറി സി പി അബൂബക്കർ പ്രതികരിച്ചത്. എന്നാൽ സിപി അബൂബക്കറിന്റെ നിലപാടിനെ അക്കാദമി പ്രസിഡന്റും കവിയുമായ സച്ചിദാനന്ദൻ തള്ളിയിരുന്നു. പരസ്യം നൽകിയ സംഭവത്തിൽ അക്കാദമി നിർവാഹക സമിതി അംഗങ്ങളായ അശോകൻ ചരുവിൽ, സുനിൽ പി ഇളയിടം, ഇ പി രാജഗോപാലൻ എന്നിവർ നിലപാട് വ്യക്തമാക്കണമെന്ന് കവി അൻവർ അലി ആവശ്യപ്പെട്ടു.