തലസ്ഥാന മാറ്റം; ഹൈബി ഈഡന്‍ തുഗ്ലക്കിന് പഠിക്കുമ്പോള്‍!
ലോക രാഷ്ട്രങ്ങളുടെ കാര്യം എടുത്താല്‍, അവയില്‍ മിക്കതിനും തലസ്ഥാനം എന്നത് രാജ്യത്തിന്റെ മധ്യത്തിലോ പ്രധാന വാണിജ്യ നഗരങ്ങളിലോ അല്ല. തലസ്ഥാനം വാഷിംങ്്ടണിലായതുകൊണ്ട്, ലോകത്തിലെ ഏറ്റവും വലിയ നഗരമായ ന്യൂയോര്‍ക്കിന്റെ പ്രൗഡിക്ക് എന്തെങ്കിലും കുറവുള്ളതായി അറിയില്ല.
14ാം നുറ്റാണ്ടില്‍ ഡല്‍ഹി ഭരിച്ചിരുന്ന മുഹമ്മദ് ബിന്‍ തുഗ്ലക്ക്, രാജ്യത്തിന്റെ തലസ്ഥാനം ഡല്‍ഹിയില്‍നിന്ന് ദക്ഷിണേന്ത്യയിലെ ദൗലത്താബാദിലേക്ക് മാറ്റി, ലക്ഷക്കണിക്കിന് ജനങ്ങളെ ബുദ്ധിമുട്ടാക്കിയതും, പിന്നീട് പ്രതിഷേധം ശക്തമായപ്പോള്‍ തലസ്ഥാനം തിരിച്ച് ഡല്‍ഹിയിലേക്ക് മാറ്റിയതും നാം ചെറിയ ക്ലാസുകളില്‍ പഠിച്ചിട്ടുണ്ട്. ഭരണാധികാരികള്‍ എടുക്കുന്ന മണ്ടന്‍ തീരുമാനങ്ങള്‍ക്ക് തുഗ്ലക്ക് പരിഷ്‌ക്കാരം എന്ന വാക്ക് ഉറച്ചുപോയതും അങ്ങനെയാണ്. ഇപ്പോള്‍ നമ്മുടെ എറണാകുളം എം പി ഹൈബി ഈഡന്‍ പാര്‍ലിമെന്റില്‍ അവതിരിപ്പിച്ച ഒരു സ്വകാര്യബില്ലിന്റെ വാര്‍ത്തകള്‍ പുറത്തായത് വീണ്ടും സാക്ഷാല്‍ മുഹമ്മദ് ബിന്‍ തുഗ്ലക്കിനെ ഓര്‍മ്മിപ്പിക്കയാണ്. കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് മാറ്റണം പോലും!
കഴിഞ്ഞ മാര്‍ച്ചില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച സ്വകാര്യബില്ലിലാണ് തലസ്ഥാനം മാറ്റണമെന്ന് ഹൈബി ആവശ്യപ്പെട്ടത്. തെക്കേ അറ്റത്തുള്ള തലസ്ഥാന നഗരത്തിലേക്ക് വടക്കേ അറ്റത്തുനിന്നുള്ളവര്‍ക്ക് എത്തിച്ചേരാന്‍ ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാട്ടിയാണ് മധ്യഭാഗത്തുള്ള കൊച്ചിയിലേക്ക് തലസ്ഥാനം മാറ്റണമെന്ന ആവശ്യം ഹൈബി ഉന്നയിച്ചത്. തുടര്‍ന്ന് ഇക്കാര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനത്തോട് അഭിപ്രായം ആരാഞ്ഞ് കത്ത് അയച്ചിരുന്നു. അപ്പോഴാണ് അത് വാര്‍ത്തായാവുന്നതും.
ഹൈബിയുടെ ആവശ്യം അപ്രായോഗികമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. സംസ്ഥാനരൂപീകരണം മുതല്‍ തിരുവന്തപുരമാണ് കേരളത്തിന്റെ തലസ്ഥാനം. അതിന് ആവശ്യമായുള്ള സൗകര്യങ്ങളും സംവിധാനങ്ങളും ഇവിടെ ലഭ്യമാണ്. മാത്രവുമല്ല അതിഭീകരമായ സാമ്പത്തിക ചെലവ് തലസ്ഥാനം മാറ്റുന്നതിന് വരുമെന്നും മുഖ്യമന്ത്രി ഫയലില്‍ കുറിച്ചു. സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ ഹൈബിയെ തള്ളുകയും, ഇത്തരം സ്വകാര്യ ബില്ലുകള്‍ അവതരിപ്പിക്കുന്നതിന് മുമ്പ് കോണ്‍ഗ്രസ് പാര്‍ട്ടിയുമായി കൂടിയാലോചിക്കണമെന്ന് താക്കീത് നല്‍കുകയും ചെയ്തിട്ടുണ്ട്.

തുഗ്ലക്കിനേക്കാള്‍ ലോജിക്കില്ലാത്ത വാദങ്ങള്‍
സത്യത്തില്‍ ഇന്ന് നാം തുഗ്ലക്ക് പരിഷ്‌ക്കാരം എന്ന് പരിഹസിക്കുമെങ്കിലും ശരിക്കും ലോജിക്കുള്ള ഒന്ന് തന്നെയായിരുന്നു, അന്നെത്തെ തലസ്ഥാനമാറ്റം. വാര്‍ത്താവിനിമയ- വാഹന സൗകര്യങ്ങള്‍ വളരെ പരിമിതമായിരുന്ന അക്കാലത്ത്, ഡല്‍ഹിയിലിരുന്നു ഇത്രയും വിശാലമായൊരു സാമ്രാജ്യത്തിന്റെ ഭരണം സുഗമമായി കൈകാര്യം ചെയ്യുകയെന്നത് അത്യന്തം ക്ലേശകരമായിരുന്നു. ഗുരുതരമായ ഈ പ്രശ്നത്തിന് പരിഹാരമായാണ് ദക്ഷിണേന്ത്യയിലെ ദൗലത്താബാദ് മറ്റൊരു തലസ്ഥാനമാക്കാന്‍ തുഗ്ലക്ക് തീരുമാനിച്ചത്. മര്‍മ്മപ്രധാനമായ മറ്റു രണ്ടു ലക്ഷ്യങ്ങള്‍ കൂടി അദ്ദേഹത്തിനുണ്ടായിരുന്നു. മംഗോളിയക്കാരുടെ നിരന്തരമായ ആക്രമണങ്ങള്‍ക്ക് ഡല്‍ഹി പലപ്പോഴും വിധേയമായിട്ടുണ്ടായിരുന്നു. തലസ്ഥാനമാറ്റം തീരുമാനിച്ച കാലത്തും അവരുടെ ഭീഷണി നിലനിന്നിരുന്നു. ഇത് പരിഹരിക്കാന്‍ കഴിയുമെന്ന അദ്ദേഹത്തിന്റെ വാദം ശരിക്കും യുക്തിഭദ്രമായിരുന്നു. മാത്രമല്ല ദക്ഷിണേന്ത്യക്കാരില്‍ നിന്നും ഉണ്ടായേക്കാവുന്ന ഭരണവിരുദ്ധ വികാരങ്ങളെ തരണം ചെയ്യുക എന്ന ലക്ഷ്യവും ഈ തലസ്ഥാനമാറ്റാത്ത് പിന്നില്‍ ഉണ്ടായിരുന്നു എന്ന് പില്‍ക്കാലത്ത് വിലയിരുത്തപ്പെട്ടു.ഇനി ഹൈബിയുടെ ആധുനിക കേരളത്തിലേക്ക് വരാം. എല്ലാ ഡിജിറ്റല്‍ ആയിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ദൂരം ഒരു പ്രശ്‌നമാണോ? തുഗ്ലക്കിന്റെ കാലത്തെ എന്നപോലെ എന്തെങ്കിലും ആക്രമണ ഭീഷണി ഇന്നുണ്ടോ. മാത്രമല്ല എത്രമാത്രം കോടികളുടെ പാഴ്‌ചെലവാണ്, ഈ മാറ്റം യാഥാര്‍ത്ഥ്യമായാല്‍ ഉണ്ടാവുക. സെക്രട്ടറിയേറ്റും നിയമസഭയുമൊക്കെ കൊച്ചിയില്‍ ഉണ്ടാക്കുകയും, ഉദ്യോഗസ്ഥ പുനര്‍ വിന്യാസവുമൊക്കെ എത്ര കോടികളുടെ ബാധ്യതയാണ് ഉണ്ടാക്കുക.മാത്രമല്ല, തലസ്ഥാനം എന്ന ആശയത്തെ അപ്രസ്തകമാക്കാനായിട്ടാണ്, നാം വികേന്ദ്രീകൃത ആസുത്രണം കൊണ്ടുവരുന്നത്. അമേരിക്കയിലെ ചിക്കാഗോയില്‍ വിമാനത്താവളങ്ങള്‍വരെ നഗരസഭ നിയന്ത്രിക്കുന്നു. നമുക്കും പഴയതുപോലെ, തൊട്ടതിനും പിടിച്ചതിനുമൊക്കെ തിരുവനന്തപുരത്തേക്ക് ഓടണ്ടേ ആവശ്യമില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കി, ഒരു പൗരന്റെ ആവശ്യങ്ങളുടെ തലസ്ഥാനം സ്വന്തം പഞ്ചായത്ത് ആക്കി മാറ്റുകയാണ് ആധുനികകാലത്ത് ചെയ്യേണ്ടത്.

ദൂരം ഒരു പ്രശ്‌നമല്ല
ഇനി ലോക രാഷ്ട്രങ്ങളുടെ തന്നെ കാര്യം എടുത്തുനോക്കുക. അവയില്‍ മിക്കതിനും രാജ്യത്തിന്റെ തലസ്ഥാനം എന്നത് നടുമധ്യത്തിലല്ല. പ്രധാന വാണിജ്യ നഗരങ്ങളില്‍ ക്യാപിറ്റല്‍ പണിയുന്ന രീതി അവിടെയില്ല. തലസ്ഥാനം വാഷിംങ്്ടണിലായതുകൊണ്ട്, ലോകത്തിലെ ഏറ്റവും വലിയ നഗരമായ ന്യൂയോര്‍ക്കിന്റെ പ്രൗഡിക്ക് എന്തെങ്കിലും കുറവുള്ളതായി അറിയില്ല. രാജ്യത്തെ ഏറ്റവും വലിയ നഗരമായ സിഡ്‌നിയല്ല, കാന്‍ബറയാണ് ഓസ്‌ട്രേലിയയുടെ തലസ്ഥാനം. അങ്ങനെ ലോക ചരിത്രത്തില്‍ എത്രയെത്ര ഉദാഹരണങ്ങള്‍. അവര്‍ ആരും രാജ്യത്തിന്റെ മാപ്പ് എടുത്ത് നടുമധ്യം കണ്ടെത്തിയല്ല തലസ്ഥാനം നിശ്ചയിക്കുന്നത്.

ഹൈബിയുടെ വാദം കണക്കിലെടുത്താല്‍, തമിഴ്‌നാട് അടക്കമുള്ള ഇന്ത്യയുടെ മിക്ക സംസ്ഥാനങ്ങളുടെയും തലസ്ഥാനം മാറ്റേണ്ടിവരും. നമ്മുടെ അയല്‍ സംസ്ഥാനങ്ങളുടെ കാര്യം തന്നെ എടുത്താല്‍ കര്‍ണാടകയുടെ തലസ്ഥാനമായ ബംഗളൂരുവില്‍ നിന്നും പത്തുനാല്‍പ്പത് കിലോമീറ്റര്‍ ചെന്നാല്‍ തമിഴ്‌നാട്ടിലെ ഹൊസൂര്‍ ആയി. അതേസമയം, വടക്ക് മഹാരാഷ്ട്ര അതിര്‍ത്തിയിലുള്ള ഒരു കന്നഡിഗന്റെ കാര്യം ഓര്‍ത്തുനോക്കുക. അവന് ബംഗളൂരുവില്‍ വരുന്നതിന്റെ മൂന്നിലൊന്ന് ദൂരമില്ല ഗോവന്‍ തലസ്ഥാനമായ പനാജിയിലേക്ക്. എന്തിന്, മുംബൈ പോലും അവന് തന്റെ തലസ്ഥാനത്തേക്കാള്‍ സമീപസ്ഥമാണ്. ചെന്നൈയില്‍ നിന്ന് 50കിലോമീറ്റര്‍ കഷ്ടി പിന്നിട്ടാല്‍ ആന്ധ്ര ബോര്‍ഡര്‍ സിറ്റി ആയി. നാഗര്‍കോവില്‍ ജില്ലയില്‍ ഉള്ള ഒരുവന് സ്വന്തം തലസ്ഥാനത്ത് എത്താന്‍ എഴുനൂറിലേറെ കിലോമീറ്റര്‍ സഞ്ചരിക്കണം എന്നോര്‍ക്കുക. നമ്മുടെ തിരുവനന്തപുരത്ത് നിന്നും അന്‍പത് കിലോമീറ്റര്‍ വേണ്ട ഇതേ നാഗര്‍കോവില്‍ ജില്ലയുടെ കവാടത്തിലെത്താന്‍.
ഈ നാട്ടുകാരൊക്കെ തലസ്ഥാന നഗരി കിലോമീറ്റര്‍ അളന്ന്, സംസ്ഥാനത്തിലെ നടുമാധ്യത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാല്‍ കുഴഞ്ഞുപോവുകയേ ഉള്ളു. ചരിത്രപരമായ കാരണങ്ങളാല്‍ രാജഭരണക്കാലത്ത് ക്യാപിറ്റല്‍ സിറ്റികളായവ അതുപോലെ തുടരുകയാണ് അവിടെയൊക്കെ ഉണ്ടായത്. കേരളവും ആ മാതൃക പിന്തുടര്‍ന്നു. തലസ്ഥാനം അനന്തപുരിയിലും, ഹൈക്കോടതി കൊച്ചിയിലും എന്നത് പണ്ടേയുള്ള ഒരു ഭരണ ഫോര്‍മുലയാണെന്ന് പട്ടം താണുപ്പിള്ളയൊക്കെ എഴുതിയിട്ടുണ്ട്. ഇതൊന്നും മനസ്സിലാക്കാതെ, ഇലക്ഷന്‍കാലത്തേക്ക് ഒരു പ്രാദേശിക വികാരം ആളിക്കത്തിച്ച് വോട്ടുണ്ടാക്കാനുള്ള ഒരുപരിപാടിയായിരിക്കണം ഹൈബി ഈഡനും കളിച്ചത്. തിരുവിതാംകൂറുകാര്‍, കൊച്ചിയെ അവഗണിക്കുന്നുവെന്നും, അതിനാല്‍ പുതിയ സംസ്ഥാനം വേണമെന്നും പറയാഞ്ഞത് നന്നായി. ഇത്തരം ചീപ്പ് പ്രൊപ്പഗന്‍ഡകളാണ് പലപ്പോഴും രാഷ്ട്രീയത്തില്‍ നിറഞ്ഞ് നില്‍ക്കാറുള്ളത്.
തുഗ്ലക്കിനെ ആരാണ് ചതിച്ചത്?
പറഞ്ഞുതുടങ്ങിയത് തുഗ്ലക്കിനെ കുറിച്ചാണെല്ലോ. പിന്നീട് പല പ്രമുഖ ചരിത്രകാരമ്മാരും തുഗ്ലക്ക് വെറും മണ്ടന്‍ ഭരണാധികാരികയായിരുന്നില്ല എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരുപാട് ദീര്‍ഘവീക്ഷണമുള്ള, പ്രജാക്ഷേമ തല്‍പ്പരായ ഒരു ഭരണാധികാരിയായിരുന്നു അദ്ദേഹം. തുഗ്ലക്കിനെ ഉദ്യോഗസ്ഥര്‍ ചതിക്കയായിരുന്നുവെന്നും പഠനങ്ങളുണ്ട്.
തുഗ്ലക്ക് തലസ്ഥാനം മാറ്റിയപ്പോള്‍ ഉദ്യോഗസ്ഥരില്‍ ബഹുഭൂരിഭാഗം പേര്‍ക്കും ഡല്‍ഹി വിട്ടുപോവാന്‍ ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ അവര്‍ ഈ പദ്ധതിക്ക് തുരങ്കം വെച്ചു. ഔദ്യോഗിക സ്ഥാപനങ്ങളേയും, ഉദ്യോഗസ്ഥരേയും, താല്‍പ്പര്യമുള്ള ഡല്‍ഹി നിവാസികളേയും മാത്രം ദൗലത്താബാദിലേക്ക് മാറ്റാനുള്ള അദ്ദേഹത്തിന്റെ ഉത്തരവ് മറച്ചുവെച്ചുകൊണ്ട്, ഡല്‍ഹിയിലെ മുഴുവന്‍ ജനങ്ങളും മാറിത്താമസിക്കണമെന്നാണ് കല്‍പനയെന്ന് അവര്‍ വ്യാപകമായി പ്രചാരണം നടത്തി. ഇത് സത്യമാണെന്ന് വിശ്വസിച്ചു ചെറിയൊരു വിഭാഗം പോകാന്‍ തയ്യാറായി. വിസമ്മതം പ്രകടിപ്പിച്ച കര്‍ഷകരും വ്യവസായികളും കച്ചവടക്കാരുമായ വലിയൊരു വിഭാഗം ജനങ്ങളെ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി പലായനത്തിന് നിര്‍ബന്ധിച്ചു. തല്‍ഫലമായി പൊതുജനങ്ങള്‍ക്ക് പല വിധത്തിലുമുള്ള ദുരിതങ്ങളും പ്രയാസങ്ങളും അനുഭവിക്കേണ്ടിവന്നു. പലരും വഴിയില്‍ വീണു മരിച്ചു. ഇതോടെ പലഭാഗങ്ങളില്‍ നിന്നും അമര്‍ഷവും പ്രതിഷേധവും തലപൊക്കിത്തുടങ്ങി. കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കിയ ചക്രവര്‍ത്തി തന്റെ തീരുമാനം പിന്‍വലിക്കുകയും തലസ്ഥാനം പഴയ രീതിയില്‍ ആക്കുകയും ചെയ്തു.
നോക്കുക, ഇന്നത്തെ ഭരണാധികാരികളേക്കാള്‍ എത്ര ജനാധിപത്യബോധമുള്ളവനായിരുന്നു തുഗ്ലക്ക്. ഇന്ന് എന്തെങ്കിലും ഒരു തെറ്റായ തീരുമാനം എടുത്ത് അതിനെതിരെ ബുഹുജന രോഷം ഉണ്ടായാലും തിരുത്താറുണ്ടോ. തുഗ്ലക്കിനേക്കാള്‍ എത്രയോ താഴെയാണ് ഇന്നും നമ്മുടെ അധികാരി വര്‍ഗം.