കണ്ണൂർ സർവകലാശാല അസോ. പ്രൊഫസറായി പ്രിയാ വര്‍ഗീസിന് നിയമനം
ഹൈക്കോടതിയില്‍ നിന്നുള്ള അനുകൂല വിധിക്ക് പിന്നാലെ പ്രിയാ വര്‍ഗീസിന് അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള നിയമന ഉത്തരവ് നല്‍കി കണ്ണൂര്‍ സര്‍വകലാശാല. അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് പ്രിയ വര്‍ഗീസിന് യോഗ്യതയില്ലെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയതോടെയാണ് സര്‍വകലാശാലയുടെ തീരുമാനം. നീലേശ്വരം ക്യാംപസിലാണ് നിയമനം. ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരെ യുജിസി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. പിന്നാലെ പ്രിയ വര്‍ഗീസ് സുപ്രീംകോടതിയില്‍ തടസഹര്‍ജി ഫയല്‍ ചെയ്തു. നിയമനം ശരിവച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെയുള്ള ഹര്‍ജികളില്‍ തന്റെ വാദം കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുത് എന്നാവശ്യപ്പെട്ടാണ് പ്രിയയുടെ തടസഹര്‍ജി.