ട്വിറ്ററിന് എതിരാളി? മെറ്റയുടെ ‘ത്രെഡ്’ എത്തുന്നു
ട്വിറ്ററിന് എതിരാളിയായി പുതിയ ആപ്ലിക്കേഷനുമായി ഫേസ്ബുക്ക് മാതൃസ്ഥാപനമായ മെറ്റ. ‘ത്രെഡ്’ എന്ന പേരിലാണ് പുതിയ ആപ്പിന്റെ വരവ്. ഇന്‍സ്റ്റഗ്രാമുമായി ലിങ്ക് ചെയ്യാന്‍ സാധിക്കുന്ന ആപ്പ് , വ്യാഴാഴ്ചയോടെ ഉപയോക്താക്കളിലേക്ക് എത്തുമെന്ന് മെറ്റ അറിയിച്ചു. ആപ്പിൾ ഉപയോക്താക്കൾക്കാകും ആപ്പ് ആദ്യം ലഭ്യമാകുക. ആപ്പ് സ്റ്റോറില്‍ പ്രീ-ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്കും ത്രെഡ് ആദ്യം ലഭ്യമാകും. ചെറിയ വാചകങ്ങളില്‍ കുറിപ്പ് പങ്കുവയ്ക്കാന്‍ സാധിക്കുന്ന ടെക്‌സ്റ്റ് അടിസ്ഥാനമാക്കിയുള്ള സംഭാഷണ ആപ്പാണ് ത്രെഡ് എന്ന് മെറ്റ അറിയിച്ചു. പുതിയ ആപ്പിന്റെ വരവ് മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗും ട്വിറ്റര്‍ ഉടമ ഇലോണ്‍ മസ്‌കും തമ്മിലുള്ള പുതിയ മത്സരത്തിലേക്ക് നയിക്കുമെന്ന സൂചനകളാണ് നല്‍കുന്നത്. ട്വിറ്ററുമായി മത്സരിക്കാന്‍ കഴിയുന്ന തരത്തിലുള്ള പുതിയ സംവിധാനങ്ങളാണ് ത്രെഡിനുള്ളത്. ഇന്‍സ്റ്റഗ്രാം പ്ലാറ്റ്‌ഫോമുമായി ലിങ്ക് ചെയ്യാനാകുമെന്നതിനാല്‍ ദശലക്ഷക്കണക്കിന് അക്കൗണ്ടുകളിലേക്കും ഇത് കണക്റ്റ് ചെയ്യപ്പെടും. ത്രെഡ് ഒരു മെറ്റ ആപ്പ് ആയതിനാല്‍ ലൊക്കേഷന്‍ വിവരങ്ങള്‍, ബ്രൗസിംഗ് ഹിസ്റ്ററി ഉള്‍പ്പെടെയുള്ള ഫോണിലെ ഡാറ്റയും ത്രെഡുകള്‍ ശേഖരിക്കും. ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് പ്രതിദിനം വായിക്കാന്‍ കഴിയുന്ന പോസ്റ്റുകളുടെ എണ്ണം കഴിഞ്ഞദിവസമാണ് മസ്‌ക് പരിമിതപ്പെടുത്തിയത്. എന്നാല്‍ ത്രെഡ് ആപ്പില്‍ അത്തരമൊരു നിയന്ത്രണമുണ്ടാകില്ല. പോസ്റ്റുകള്‍ കാണുന്നതിനോ വായിക്കുന്നതിനോ പരിമിതിയുണ്ടാകില്ല.