എഞ്ചിനീയറിംഗ് കോളജുകള്‍ അടച്ചു പൂട്ടലിലേക്ക്
വിദ്യാഭ്യാസമേഖല നേരിടാന്‍ പോകുന്ന വലിയ പ്രതിസന്ധിയെക്കുറി്ച്ചാണ് ഇന്ന് അവതരിപ്പിക്കുന്നത്.നേരിടാന്‍ പോകുന്നതല്ല ,നേരിട്ടുകൊണ്ടിരിക്കുന്നു എന്നു പറയുന്നത് തന്നെയാണ് ശരി.രാഷ്ട്രീയ നേതൃത്വത്തിന്റ പക്വതയില്ലാത്ത തീരുമാനങ്ങള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നു എന്നത് കേരളത്തിന് പുത്തരിയല്ലെങ്കിലും ഓരോന്നും ഓരോ അളവിലാണ് നമ്മെ ബാധിക്കുക.വിദ്യാഭ്യാസ മേഖലയിലാണെങ്കില്‍ അതുണ്ടാക്കുന്ന പ്രതിസന്ധി ചില്ലറയായിരിക്കല്ല.അത്തരമൊരു പ്രതിസന്ധിയാണ് എഞ്ചിനീയറിംഗ് കോളേജുകള്‍ നേരിടുന്നത്.
പഠിക്കാന്‍ വിദ്യാര്‍ഥികള്‍ ഇല്ലാത്തതിനാല്‍ കേരളത്തിലെ എഞ്ചിനിയറിങ് കോളേജുകളില്‍ ഭൂരിഭാഗവും അടച്ചുപൂട്ടലിനെ നേരിടുകയാണെന്നതാണ് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖല നേരിടുന്ന ഇന്നത്തെ ഗുരുതരമായ പ്രശ്‌നം . സ്വകാര്യ മേഖലയിലുള്ള കോളജുകളില്‍ വിരലില്‍ എണ്ണാവുന്നവ മാത്രമേ അവശേഷിക്കൂ. സര്‍വൈവല്‍ ഓഫ് ദി ഫിറ്റസ്റ്റ് എന്ന സ്വാഭാവിക നീതിയാണ് കാരണം. ലാഭം മുന്നില്‍ കണ്ടു തുടങ്ങിയ കോളജുകളില്‍ ബഹു ഭൂരിഭാഗവും താഴിടേണ്ട അവസ്ഥയിലാണ്. അവിടങ്ങളില്‍ ജോലി ചെയ്യുന്ന അധ്യാപകരും അനധ്യാപകരും വേറെ ജോലി കണ്ടുപിടിക്കേണ്ടി വരും.
സര്‍ക്കാരിലും സ്വകാര്യ മേഖലയിലുമായി 140 എഞ്ചിനിയറിങ് കോളേജുകളാണ് സംസ്ഥാനത്തുള്ളത്.. അവയില്‍ അധികവും കച്ചവടക്കണ്ണ് വെച്ച് ആരംഭിച്ച സ്വാശ്രയ കോളേജുകളാണ് . ഈ കോളജുകളിലൊക്കെയായി ഒരുലക്ഷത്തി ഇരുപതിനായിരം സീറ്റുണ്ട്. ഒരു വര്‍ഷം പരമാവധി ചേരുന്നതോ എണ്‍പതിനായിരം പേര്‍ . ഓരോ വര്‍ഷം കഴിയുന്തോറും ഇത് കുറഞ്ഞു കുറഞ്ഞു വരികയാണ്. . സ്വാശ്രയ സ്ഥാപനങ്ങള്‍ പല ഓഫറുകളും നല്‍കിയിട്ടാണ് ഇത്രയും പേരെയെങ്കിലും കിട്ടുന്നത്. ഫീസില്‍ ഇളവ്, സ്‌കോളര്‍ഷിപ്പ്, എത്ര മാര്‍ക്ക് കുറഞ്ഞവര്‍ക്കും അഡ്മിഷന്‍ , പ്രവേശന പരീക്ഷ എഴുതിയാല്‍ മാത്രം മതി, എന്‍ ആര്‍ ഐ ക്വാട്ടയിലാണെങ്കില്‍ അതുംവേണ്ട. ഇങ്ങിനെ പോകുന്നു ഓഫറുകള്‍ . മാനേജ്‌മെന്റ് ക്വാട്ടയില്‍ കുട്ടികളെ കിട്ടാതെ വരുമ്പോള്‍ അത് എന്‍ ആര്‍ ഐ ക്വാട്ടയാക്കി കിട്ടുന്ന കാശും വാങ്ങി അഡ്മിഷന്‍ നടത്തും. ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയാണെങ്കില്‍ കണ്ണടച്ചും കൊടുക്കും. ഇതാണ് എഞ്ചിനീയറിംഗ് വിദ്യാഭ്യാസ മേഖലയിലെ പൊതു സ്ഥിതി.
എഞ്ചിനിയറിങ്ങ് ബിരുദം നാലുവര്‍ഷത്തെ കോഴ്‌സാണ്. കണക്കിലും സയന്‍സിലും നല്ല കഴിവുള്ളവര്‍ക്കേ ഈ കോഴ്‌സ് നല്ല നിലയില്‍ പൂര്‍ത്തിയാക്കാന്‍ കഴിയൂ. എന്നാല്‍, നമ്മുടെ നാട്ടിലെ എഞ്ചിനിയറിങ് കോഴ്‌സിനു ചേരുന്നവരില്‍ മഹാഭൂരിഭാഗവും മറ്റു കോഴ്‌സുകളൊന്നും കിട്ടാതെ എഞ്ചിനിയറിങ്ങിന് ചേരുന്നവരാണ്. എഞ്ചിനിയറിങ്ങിന്റെ അടിസ്ഥാനം മാത്തമാറ്റിക്‌സാണ്. മാത്തമാറ്റിക്‌സിന് പത്തുമാര്‍ക്ക് കിട്ടാത്തവര്‍പോലും എഞ്ചിനിയറിങ്ങിന് ചേര്‍ന്നാല്‍ എന്താകും അവസ്ഥ? പാസാകില്ല. വടക്കന്‍ സെല്‍ഫിയിലെ ഉമേഷിന്റെ കാര്യം പറഞ്ഞപോലെ സപ്ലി സപ്ലിയായി നാലുവര്‍ഷം തീരും.
സപ്ലിയൊന്നുമില്ലാതെ ഒരുവിധം തട്ടിമുട്ടി പാസാകുന്നവര്‍ 30 ശതമാനമേയുള്ളു. അതായത് നാലുവര്‍ഷം കൊണ്ട് പഠനം പൂര്‍ത്തിയാക്കി പുറത്തുവരുന്നവര്‍. ഈ മുപ്പതുശതമാനത്തില്‍ തന്നെ മികച്ച രീതിയില്‍ പാസാകുന്നവര്‍ പത്തുശതമാനം പോലും വരില്ല. അതായാത് ഒരുലക്ഷം പേര്‍ ചേര്‍ന്നാല്‍ പതിനായിരം പേരേ എഞ്ചിനിയറാകാന്‍ കൊള്ളൂ എന്ന് സാരം. ഇവരില്‍ ജോലി കിട്ടുന്നവര്‍ അത്ര തന്നെ കാണില്ല. അതുകൊണ്ടാണ് മാസം അയ്യായിരം രൂപക്ക് വരെ ജോലി ചെയ്യാന്‍ ബിടെക്കുകാര്‍ തയാറാകുന്നത്.
ചുരുക്കത്തില്‍ വിദ്യാര്‍ഥികളുടെ ഭാവിയും മാനവും രക്ഷിതാക്കളുടെ പണവും മനസ്സമാധാനവും കളയുന്ന ഏര്‍പ്പാടായി മാറിയിട്ടുണ്ട് എഞ്ചിനീയറിംഗ് പഠനം. കേരളത്തിലെ എഞ്ചിനിയറിങ് പഠനം മെച്ചപ്പെടുത്താന്‍ കോഴിക്കോട് എന്‍ ഐ ടിയില്‍ പ്രൊഫസറായിരുന്ന ഡോ. എന്‍ പി ചന്ദ്രശേഖരന്‍ അധ്യക്ഷനായി ഒരു കമ്മിററിയെ വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ നിയോഗിച്ചിരുന്നു. കമ്മിറ്റി പഠനം നടത്തി റിപ്പോര്‍ട്ട് കൊടുത്തു. പക്ഷേ, മറ്റു ശുപാര്‍ശകള്‍ പോലെ ഇതും അട്ടത്ത്കിടന്നു. ഇനി വിലപിച്ചിട്ട് കാര്യമില്ല, വരാനുള്ളത് വഴിയില്‍ തങ്ങില്ല.
നൂറുവിദ്യാര്‍ഥികള്‍ക്ക് സൗകര്യമൊരുക്കി കാത്തിരിക്കുന്ന കോളേജില്‍ മുപ്പതുപേര്‍ മാത്രം ചേര്‍ന്നാല്‍ എന്തു സംഭവിക്കും ? കോളേജിന് വരുമാനമുണ്ടാവില്ല. അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ശമ്പളം കൊടുക്കാന്‍ കഴിയില്ല. ഒരു സ്വാശ്രയ കോളേജ് മുതലാളിയും കുടുംബത്തിലെ പണമെടുത്ത് ശമ്പളം കൊടുക്കാന്‍ തയാറാകില്ലല്ലോ. പല സ്വാശ്രയ കോളേജുകളിലും അധ്യാപകരുടെ എണ്ണം കുറച്ചു. ശമ്പളവും കുറച്ചു. . കുറഞ്ഞ ശമ്പളം തന്നെ കൃത്യമായി കിട്ടാതെയായി.
സര്‍ക്കാര്‍ മേഖലയില്‍ സംസ്ഥാനത്തു രണ്ടു തരത്തിലുള്ള കോളേജുകള്‍ നടത്തുന്നുണ്ട്. ഒന്ന് സര്‍ക്കാര്‍ നേരിട്ട് നടത്തുന്നവ. അത്തരം കോളേജുകള്‍ക്ക് അത്യാവശ്യം നിലവാരമുണ്ട്. കുട്ടികളെയും കിട്ടുന്നുണ്ട്. കാരണം, വാര്‍ഷിക ഫീസ് ഏഴായിരം രൂപയേയുള്ള. പ്രവേശനമാണെങ്കില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ മാത്രവും സര്‍ക്കാര്‍ തന്നെ സ്വാശ്രയ കോളേജുകളും നടത്തുന്നുണ്ട്. ഐ എച്ച് ആര്‍ ഡി, കേപ്പ് തുടങ്ങിയ സ്ഥാപനങ്ങള്‍. അവരുടെ ഫീസ് കൂടുതലാണ്. വര്‍ഷം 35,000 രൂപ. ഇത്തരം കോളേജുകളില്‍ കുട്ടികളെ കിട്ടുന്നില്ല. ശമ്പളം കൊടുക്കല്‍ അവര്‍ക്കും പ്രശ്‌നമായിട്ടുണ്ട്.
കേരളത്തില്‍ ആര്‍ക്കും എഞ്ചിനിയറിങ് കോളേജ് തുറക്കാമെന്ന സ്ഥിതിയുണ്ടാക്കിയത് എ കെ ആന്റണി മുഖ്യമന്ത്രിയായ കാലത്താണ്. ഇവിടെ നിന്ന് വിദ്യാര്‍ഥികള്‍ ഇതര സംസ്ഥാനങ്ങളിലേക്ക് പോകുന്നത് തടയാന്‍ കഴിയുമെന്ന് വാദിച്ചാണ് ആന്റണി സെല്‍ഫ് ഫൈനാന്‍സ് എന്‍ജിനീയറിങ് കോളേജുകളെ ന്യായീകരിച്ചത്. രണ്ടു സ്വാശ്രയ കോളജുകള്‍ സമം ഒരു സര്‍ക്കാര്‍ കോളജ് എന്ന മോഹന മുദ്രാവാക്യവും അന്നിറക്കി. . അവസരം മുതലാക്കി കച്ചവട മനസ്സുള്ളവര്‍ യഥേഷ്ടം എഞ്ചിനിയറിങ് കോളേജുകള്‍ തുടങ്ങി. തൊഴില്‍ സാധ്യതയോ കോഴ്‌സിന്റെ നിലവാരമോ കുട്ടികളുടെ ഭാവിയോ ഒന്നും ആരും കണക്കിലെടുത്തില്ല. 140 എഞ്ചിനിയറിങ് കോളേജുകള്‍ ഉണ്ടായിട്ടും സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ എഞ്ചിനീയറിംഗ് പഠിക്കാന്‍ ഇന്നും പുറത്തേക്ക് പോകുകയാണ്. കാരണം, തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും സ്വകാര്യ സ്ഥാപനങ്ങള്‍ നടത്തുന്നത് കേരളത്തേക്കാള്‍ മികച്ച രീതിയിലാണ്. ദേശീയ നിലവാരം പുലര്‍ത്തുന്ന സ്ഥാപനങ്ങള്‍ അവിടെയുണ്ട്. . വിദേശത്തു നിന്നുവരെ ധാരാളം വിദ്യാര്‍ഥികള്‍ അവിടെ പഠിക്കാന്‍ വരുന്നു. പഠനം കഴിയുമ്പോള്‍ ക്യാമ്പസ് സെലക്ഷനിലൂടെ ജോലി ഉറപ്പാക്കാന്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് കഴിയുന്നു.
സാങ്കേതിക രംഗത്തെ വിസ്‌ഫോടനം വ്യവസായ രംഗത്തു വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇന്നലെ കണ്ട തൊഴിലുകള്‍ ഇന്നു കാണില്ല. ഇന്നുള്ള ജോലിക്കാരെ നാളെ ആവശ്യമില്ല. ഈ മാറ്റമൊന്നും കാണാതെയാണ് കേരളത്തിലെ എഞ്ചിനിയറിങ്ങ് കോഴ്‌സുകള്‍ മുന്നോട്ടുപോകുന്നത്. ആര്‍ക്കുംവേണ്ടാത്ത കോഴ്‌സുകള്‍. പഠിക്കാന്‍ താല്‍പ്പര്യമോ കഴിവോ ഇല്ലാത്ത വിദ്യാര്‍ഥികള്‍, എന്തു ചെയ്യണമെന്ന് അറിയാത്ത ഭരണാധികാരികള്‍. ഇതാണ് കേരളത്തിലെ സ്ഥിതി. അപ്പോള്‍ അടച്ചു പൂട്ടല്‍ അനിവാര്യമായി മാറുകയാണ്.