പാലക്കാട് ബാലവിവാഹവും ; യുവാവിനും അമ്മയക്കും അച്ഛനുമെതിരെ കേസ്; വരന്‍ ജയിലിലാവുന്ന വിവാഹങ്ങളുടെ കഥ!
പാലക്കാട് തൂത ഭഗവതിക്ഷേത്രത്തില്‍ ബാലവിവാഹം നടന്നതില്‍ വരനുള്‍പ്പെടെ മൂന്നുപേര്‍ക്കെതിരേയാണ് ചെര്‍പ്പുളശ്ശേരി പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തത്. കേരളത്തിലും നിരവധി ആദിവാസി യുവാക്കള്‍ വിവാഹം കഴിച്ചതിന്റെ പേരില്‍ പോക്‌സോ കേസില്‍പെട്ട് ജയിലിലാണ്.

80 കളില്‍ കേരളത്തെ പിടിച്ചുകുലുക്കിയ ഒരു കേസ് ആയിരുന്നു, മുന്‍ മന്ത്രി എം പി ഗംഗാധരനും, ജുഡീഷ്യല്‍ ആക്റ്റീവിസ്റ്റ് നവാബ് രാജേന്ദ്രനും തമ്മിലുള്ള കേസ്. മന്ത്രി ഗംഗാധരന്‍ തന്റെ പ്രായപൂര്‍ത്തിയാവാത്ത മകളെ വിവാഹം കഴിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി നവാബ് നല്‍കിയ ഹരജിയില്‍, തെറിച്ചത് ഗംഗാധാരന്റെ മന്ത്രി സ്ഥാനമാണ്. സ്‌കൂള്‍ സര്‍ട്ടിഫിക്കേറ്റ് പ്രകാരം കുട്ടിക്ക് അപ്പോള്‍ പ്രായപൂര്‍ത്തിയായിരുന്നില്ല. സത്യത്തില്‍ ഈ കേസിന് കിട്ടിയ വലിയ ഒരു പ്രചാരവും ബാലവിവാഹത്തെ തടയാന്‍ ഏറെ ഉപകരിച്ചു.
പക്ഷേ കാലം ഒരുപാട് കഴിഞ്ഞിട്ടും, 18 തികയാതെയുള്ള വിവാഹങ്ങള്‍ കേരളത്തില്‍ പലപ്പോഴും നടക്കുന്നുണ്ട്. ആദിവാസി വിഭാഗങ്ങളിലാണ് ഇത് ഏറെയുള്ളത്. സത്യത്തില്‍ അവരില്‍ പലര്‍ക്കും 18 വയസ്സ് എന്ന കടമ്പപോലും അറിയില്ലായിരുന്നു. തങ്ങളുടെ ക്ലാസുകളില്‍ പഠിക്കുന്ന ആദിവാസി പെണ്‍കുട്ടിയെ ഒരു സുപ്രഭാതത്തില്‍ കാണാതാവുമ്പോഴാണ് അധ്യാപകര്‍ അറിയുക, കുട്ടിയുടെ വിവാഹം കഴിഞ്ഞുവെന്ന്. ഇങ്ങനെ അധ്യാപകരും എസ്ഇഎസ്ടി പ്രമോര്‍ട്ടര്‍മാരും റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളാണ് പിടിക്കപ്പെടുന്നത്. ഇങ്ങനെ വിവാഹിതരായ ആദിവാസി വരന്മാര്‍ക്കെതിരെ പോക്സോ കേസ് ചുമത്തിയിരുന്നു. അങ്ങനെ ഈ വരന്മാര്‍ ജയിലിലായി. ജാമ്യത്തിലെടുക്കാന്‍ ആളും വക്കീലും ഇല്ലാത്ത ഇവര്‍ മാസങ്ങളോളം ജയിലില്‍ കഴിഞ്ഞു.
അജ്ഞതയും ഇത്തരം വിവാഹങ്ങളുടെ ഒരു കാരണം ആണെന്ന് അറിഞ്ഞതോടെ, കോടതി നിര്‍ദേശമുള്ളതിനാല്‍ ഇപ്പോള്‍ പോക്‌സോ കേസ് എടുക്കുന്നില്ല എന്ന് മാത്രം.
പക്ഷേ ആദിവാസികള്‍ക്ക് ഇടയില്‍ മാത്രമല്ല, കേരളത്തില്‍ മറ്റ് ചില സമുദായങ്ങള്‍ക്കിടയിലും ആചാരത്തിന്റെ പേരില്‍ ഇപ്പോഴും ബാലവിവാഹം നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പാലക്കാട്ട് ഉണ്ടായ ഒരു സംഭവം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

പാലക്കാട്ടെ പുലിവാല്‍ കല്യാണം
നേരത്തെ പാലക്കാട് പല്ലശ്ശനയില്‍, പെണ്‍കുട്ടി കരഞ്ഞുകൊണ്ട് വീട്ടില്‍ കയറണം എന്ന ആചാരം നിലനിര്‍ത്താനായി, വധൂവരന്‍മ്മാരുടെ തല കൂട്ടിയിടിപ്പിച്ച ബന്ധുവായ അല്‍വാസിക്കെതിരെ പൊലീസ് കേസ് എടുത്തത് കേരളം ഏറെ ചര്‍ച്ചചെയ്തതാണ്.
ജാതിയുടെയും ആചാരങ്ങളുടെയും പേരില്‍ കേരളം പണ്ടേ ഉപേക്ഷിച്ച പല കാര്യങ്ങളും ഇപ്പോള്‍ തിരിച്ചുവരികയാണെന്നതിന്റെ തെളിവാണ് പാലക്കാട് തൂതയിലെ ബാലവിവാഹവും.
തൂത ഭഗവതിക്ഷേത്രത്തില്‍ ബാലവിവാഹം നടന്നതില്‍ വരനുള്‍പ്പെടെ മൂന്നുപേര്‍ക്കെതിരേയാണ് ചെര്‍പ്പുളശ്ശേരി പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തത്. വരന്‍ തൂത തെക്കുംമുറി കുളത്തുള്ളി വീട്ടില്‍ മണികണ്ഠന്‍, പെണ്‍കുട്ടിയുടെ അച്ഛന്‍, അമ്മ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തതെന്ന് എസ്.എച്ച്.ഒ. ടി. ശശികുമാര്‍ പറഞ്ഞു. തൂത തെക്കുംമുറിയിലെ മുപ്പത്തിരണ്ടുകാരന്‍, മണ്ണാര്‍ക്കാട്ടെ പതിനേഴുകാരിയെ വിവാഹം കഴിച്ചെന്നാണ് കേസ്.
തൂത ഭഗവതിക്ഷേത്രത്തില്‍ ബാലവിവാഹം നടന്നതായുള്ള രഹസ്യവിവരത്തെത്തുടര്‍ന്ന്, വനിതാശിശുക്ഷേമവകുപ്പിനുകീഴിലുള്ള ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സി.ഡബ്ല്യു.സി.) പോലീസിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു.
ജൂണ്‍ 29ന് നൂറോളം ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് ആചാരപ്രകാരം വിവാഹം നടന്നതെന്നാണ് അധികൃതര്‍ക്ക് ലഭിച്ച വിവരം. വധൂവരന്മാരെ കണ്ടെത്താനുള്ള ശ്രമത്തിലാണു പോലീസ്. ഊട്ടിയില്‍ പെണ്‍കുട്ടി പഠിച്ച സ്‌കൂളില്‍നിന്നു ജനനത്തീയതി കണ്ടെത്തിയാണ് പൊലീസ് വയസ് നിര്‍ണ്ണയിച്ചത്.

വിവാഹശേഷം ക്ഷേത്രപരിസരത്തെ ഓഡിറ്റോറിയത്തില്‍ നടന്ന സല്‍ക്കാരത്തിലും ബന്ധുക്കളും പ്രദേശവാസികളും പങ്കെടുത്തിരുന്നെന്നാണു വിവരം. എന്നാല്‍ ക്ഷേത്രസന്നിധിയില്‍ വിവാഹം നടത്തുന്നതിനായി വഴിപാട് കൗണ്ടറില്‍ 250 രൂപ അടച്ച് ചീട്ടാക്കിയിരുന്നെന്നും സാക്ഷ്യപത്രം നല്‍കിയിട്ടില്ലെന്നും തൂത ദേവസ്വം അധികൃതര്‍ പറയുന്നത്. മലബാര്‍ ദേവസ്വം ബോര്‍ഡിന്റെകീഴിലുള്ള ക്ഷേത്രങ്ങളില്‍ വിവാഹം ചീട്ടാക്കുമ്പോള്‍ രസീതില്‍ വയസ്സു രേഖപ്പെടുത്താറില്ല. ക്ഷേത്രത്തില്‍ സൂക്ഷിക്കുന്ന വിവാഹ രജിസ്റ്ററില്‍ വയസ്സു രേഖപ്പെടുത്തിയതിനുശേഷംമാത്രമേ സാക്ഷ്യപത്രം നല്‍കൂ എന്നും ദേവസ്വം അധികൃതര്‍ പറഞ്ഞു. പക്ഷേ പൊലീസ് കേസ് എടുത്തതോടെ വിഷയം ഇപ്പോള്‍ ദേശീയ ശ്രദ്ധയിലേക്കുവരെ വന്നിരിക്കയാണ്.
വിവാഹ പ്രായം കുറയ്ക്കണോ?
ഉത്തരരേന്ത്യയിലൊക്കെ നിരവധി പേര്‍ ഇപ്പോഴും ബാലവിവാഹത്തിന്റെ പേരില്‍ ജയിലില്‍ കിടക്കുന്നുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 375ാം വകുപ്പ് പ്രകാരം 18 വയസില്‍ താഴെയുള്ളവരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് കുറ്റകരമാണ്. അതിനാല്‍ വിവാഹമായാലും പോക്‌സോ കേസാണ് വരന് നേരെ ഉണ്ടാവുക. മധുവിധു കഴിയുന്നതിന് മുമ്പ് വരന്‍ ജയിലില്‍ ആവുകയാണ് ഇതിന്റെ ഫലം ഉണ്ടാവുക.
അതിനിടെയാണ്, ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള കുറഞ്ഞ പ്രായം 18ല്‍നിന്ന് 16 ആയി കുറക്കണമെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് മധ്യപ്രദേശ് ഹൈക്കോടതി നിര്‍ദേശിച്ചത്. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനുള്ള കുറഞ്ഞ പ്രായം 18 ആയി ഉയര്‍ത്തിയത് സാമൂഹികഘടനയെ ബാധിച്ചതായതും ഹൈക്കോടതിയിലെ ജസ്റ്റിസ് ദീപക് കുമാര്‍ അഗര്‍വാള്‍ ചൂണ്ടിക്കാട്ടി.
സാമൂഹികമാധ്യമങ്ങളില്‍നിന്നും ഇന്റര്‍നെറ്റ് സൈറ്റുകളില്‍നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പതിനെട്ട് വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടെന്ന് ജസ്റ്റിസ് ദീപക് കുമാര്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ ഉഭയ സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനുള്ള കുറഞ്ഞ പ്രായം 18ല്‍നിന്ന് 16 ആയി കുറക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിനോട് മധ്യപ്രദേശ് ഹൈക്കോടതി അഭ്യര്‍ഥിച്ചത്.
ക്രിമിനല്‍ നിയമത്തില്‍ 2013ല്‍ കൊണ്ടുവന്ന ഭേദഗതിപ്രകാരമാണ് ഉഭയ സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനുള്ള കുറഞ്ഞ പ്രായം 16ല്‍നിന്ന് 18 ആയി ഉയര്‍ത്തിയത്. നേരത്തേ മദ്രാസ് ഹൈക്കോടതിയും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനുള്ള കുറഞ്ഞ പ്രായം 16 ആയി കുറക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരം ഒരു നിര്‍ദേശം പരിഗണനയിലില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു.

21 ആക്കി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍
ബ്രിട്ടീഷ് ഭരണകാലത്തെ ശൈശവ വിവാഹ നിയന്ത്രണ നിയമം (ശാരദാ നിയമം) ഭേദഗതി ചെയ്താണ് 1978ല്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 15ല്‍ നിന്ന് 18 ആയി ഉയര്‍ത്തിയത്. ഇത് 18ല്‍ നിന്ന് 21 ആയി ഉയര്‍ത്തണമെന്ന നിര്‍ദേശം കേന്ദ്രമന്ത്രിസഭ തത്വത്തില്‍ അംഗീകരിച്ചു കഴിഞ്ഞു. പക്ഷേ 2021ല്‍ ഇത് കൊണ്ടുവന്നപ്പോള്‍ കടുത്ത എതിര്‍പ്പാണ് ഉണ്ടായത്. അതിനാല്‍ ഇത് നിയമമാക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. രാജ്യം പുരോഗമിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യഭ്യാസത്തിനും തൊഴിലിനുമുള്ള സാധ്യതകള്‍ കൂടുതലായി തുറന്നുകിട്ടുന്നുണ്ടെന്നും അതിന് അനുസരിച്ച് വിവാഹപ്രായം പുതുക്കണമെന്നുമാണ് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചിരുന്നത്. ഇക്കാര്യം പഠിക്കാന്‍ 2020 ജൂണില്‍ പ്രത്യേക കര്‍മസമിതിയും രൂപീകരിച്ചു. സമതാ പാര്‍ട്ടി മുന്‍ അധ്യക്ഷ ജയാ ജെയ്റ്റിലിയായിരുന്നു സമിതിയുടെ ചെയര്‍പേഴ്‌സണ്‍. ഈ സമിതിയാണ് പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 വയസ്സാക്കാന്‍ ശിപാര്‍ശ ചെയ്തത്.
ജയാ ജെയ്റ്റിലി സമിതി റിപ്പോര്‍ട്ട് നല്‍കിയപ്പോള്‍ തന്നെ അതിനെതിരെ ശക്തമായ എതിര്‍പ്പും ഉയര്‍ന്നിരുന്നു. പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതിനോട് പല സ്ത്രീശിശു അവകാശ ആക്ടിവിസ്റ്റുകള്‍ക്കും കുടുംബാസൂത്രണജനസംഖ്യാ നിയന്ത്രണ വിദഗ്ദര്‍ക്കും എതിര്‍പ്പുണ്ട്. നിയമം കര്‍ശനമായി നടപ്പാക്കുന്നത് രഹസ്യമായ നിയമവിരുദ്ധ വിവാഹങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് അവരുടെ പ്രധാന ആശങ്ക. രാജ്യത്ത് വിവാഹം കഴിച്ച പെണ്‍കുട്ടികളില്‍ 23 ശതമാനവും 18 വയസ് തികയാത്തവരാണെന്നാണ് ദേശീയ കുടുംബ ആരോഗ്യ സര്‍വ്വെ ഫലം പറയുന്നത്. കൂടാതെ വിവാഹം കഴിച്ച നിരവധി പേര്‍ 21 വയസിന് താഴെയുള്ളവരുമാണ്. ഇന്ത്യയിലെ പെണ്‍കുട്ടികളുടെ ആദ്യവിവാഹത്തിന്റെ ശരാശരി പ്രായം 17.2 ആയിരുന്നുവെന്നാണ് 2005ലെ സര്‍വ്വെ ഫലം പറയുന്നത്. പത്ത് വര്‍ഷം കഴിഞ്ഞപ്പോള്‍ അത് 19 ആയി ഉയര്‍ന്നു. കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച പുതിയ പ്രായമായ 21ലും താഴെയാണ് ഇതെല്ലാം.
ഇന്ത്യയിലെ 70 ശതമാനം ശൈശവ വിവാഹങ്ങളും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ആദിവാസിദലിത് വിഭാഗങ്ങള്‍ക്കിടയിലാണ് നടക്കുന്നതെന്നാണ് സര്‍വ്വെഫലം പറയുന്നത്. പുതിയ നിയമം വന്നാല്‍ വിവാഹങ്ങള്‍ ഒളിവില്‍ നടക്കാന്‍ കാരണമാവുമെന്നാണ് ഒരു വിഭാഗം ആശങ്ക പ്രകടിപ്പിക്കുന്നത്. ദേശീയ കുടുംബ ആരോഗ്യ സര്‍വ്വെ പ്രകാരം ഒ.ബി.സി വിഭാഗങ്ങളിലെ പെണ്‍കുട്ടികളുടെ ശരാശരി വിവാഹ പ്രായം 18.5 ആണ്. ആദിവാസി വിഭാഗങ്ങളില്‍ ഇത് 18.4ഉം ദലിത് വിഭാഗങ്ങളില്‍ 18.1ഉം ആണ്.സമൂഹത്തില്‍ മാറ്റമുണ്ടാവാതെ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍, പ്രത്യേകിച്ച് ആദിവാസിദലിത് വിഭാഗങ്ങള്‍ നിയമലംഘകരായി ചിത്രീകരിക്കപ്പെടാന്‍ കാരണമാവുമെന്നാണ് ആശങ്ക. അതുപോലെ തന്നെ മുസ്‌ലീം സമുദാത്തിലെ മത യാഥാസ്ഥിക ഗ്രൂപ്പുകളും വിവാഹ പ്രായം കൂട്ടുന്നതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

ആദ്യരാത്രിയില്‍ അരക്കെട്ട് തകര്‍ന്ന് മരിച്ച പെണ്‍കുട്ടി
എന്നാല്‍ എക്കാലവും മതമൗലികാവാദികളോട് പൊരുതിയാണ്, ഇന്ത്യയില്‍ സാമൂഹിക പരിഷ്‌ക്കരണങ്ങള്‍ വന്നിട്ടുള്ളത്. ആദ്യരാത്രിയില്‍ അരക്കെട്ട് തകര്‍ന്ന് മരിച്ച ഫൂല്‍ മണി എന്ന പത്തു വയസ്സുമാത്രമുള്ള ഒഡീഷക്കാരി പെണ്‍കുട്ടിയുടെ പേര് ഇന്ന് എത്രപേര്‍ക്ക് അറിയാം. 1891ലാണ് സംഭവം. ഭര്‍ത്താവ് 35 വയസ്സുള്ള ഹരിമോഹന്‍ മൈത്തിക്ക് ആദ്യരാത്രി തന്നെ ഭാര്യയുടെ കനകാത്വം തകര്‍ക്കണമെന്ന് നിര്‍ബന്ധമായിരുന്നു. ആദ്യ രാത്രിയില്‍ കിടക്കവിരികളില്‍ രക്തം കാണണെമെന്നും അന്നുണ്ടായിരുന്നു ഒരു ആചാരം ആയിരുന്നു.
അങ്ങനെ അരക്കെട്ട് തകര്‍ന്നാണ് ഫൂല്‍മണി എന്ന കുഞ്ഞു ഭാര്യ മരിച്ചത്. പക്ഷേ ആ ഒടിഞ്ഞ് നാക്കുതള്ളിക്കിടക്കുന്ന മൃതദേഹം കണ്ട്, കരളലിഞ്ഞവര്‍ ഇന്ത്യയിലെ ജാതി തമ്പുരാക്കന്മാരോ, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളോ ആയിരുന്നില്ല. ബ്രിട്ടീഷുകാര്‍ ആയിരുന്നു. അനവധി കൊച്ചുപെണ്‍കുട്ടികള്‍ ദാരുണമായി കൊല്ലപ്പെടുന്ന സാമൂഹ്യപരിതസ്ഥിതി അക്കാലത്ത് ഉണ്ടായിരുന്നു. കന്യാചര്‍മ്മം പൊട്ടി രക്തം വരാത്തവരെ ഉപക്ഷേിക്കുന്ന രീതിയുമുണ്ടായിരുന്നു. ഈ അനാചാരങ്ങള്‍ നിലനിന്ന കാലത്താണ് ഏജ് കണ്‍സെന്റ് ബില്‍ ( എസിബി ) ബ്രിട്ടീഷുകാര്‍ കൊണ്ടു വന്നത്. അതിന് അവരെ പ്രേരിപ്പിച്ചത് ഫൂല്‍മണിയുടെ ദാരണ അന്ത്യം ആയിരുന്നു. പെണ്‍കുട്ടികളുടെ വിവാഹ പ്രായം പത്തില്‍നിന്ന് 12 വയസ്സാക്കി ഉയര്‍ത്തിയത് അതോടെയാണ്. ഇന്ന് നമുക്ക് അത്ഭുദമെന്നുതോന്നും, ബാലഗംഗാധര തിലകനെപ്പോലുള്ളവര്‍ പോലും അന്ന് ഈ നിയമത്തിനെതിരെ ഉറഞ്ഞു തുള്ളുകയായിരുന്നു. പക്ഷേ ബ്രിട്ടീഷുകാര്‍ തോക്ക് എടുത്തതോടെ സമരം അടങ്ങി.

1829 ലെ സതി നിരോധന നിയമം, 1840 ലെ അടിമത്ത നിരോധന നിയമം, 1856 ലെ വിധവാ വിവാഹ നിയമം, 1891ലെ ഏജ് ഓഫ് കണ്‍സെന്റ് ബില്‍, 1929ലെ ദ ചൈല്‍ഡ് മാര്യേജ് റിസ്റ്റ്‌റെയിന്‍ഡ് ആക്റ്റ് എന്നിവയൊക്കെ എടുത്തുനോക്കുക. മതമൗലികവാദികളോട് പടപൊരുതിക്കൊണ്ടാണ് ഈ നിയമങ്ങള്‍ ബ്രിട്ടീഷുകാര്‍ നടപ്പാക്കിയത്. ഇതൊക്കെയാണ് ഒരുപക്ഷെ, സ്ത്രീകളുടെ സാമൂഹിക നിലവാരം അല്‍പമെങ്കിലും മെച്ചപ്പെടാന്‍ ഇടയാക്കിയ നിയമ നിര്‍മ്മാണങ്ങള്‍. അല്ലാതെ മതവും പാരമ്പര്യവും അല്ല സ്ത്രീകള്‍ക്ക് തുണയായത്.പത്തില്‍നിന്ന് 12ലേക്കും പിന്നെ 16ലേക്കും പിന്നെ 18ലേക്കും സ്ത്രീയുടെ വിവാഹപ്രായം ക്രമാനുഗതമായി ഉയര്‍ത്തിയത് മതമൗലികാ വാദികളുടെ തിട്ടൂരങ്ങളെ എതിര്‍ത്തുകൊണ്ടുതന്നെയാണ്. അതുകൊണ്ടുതന്നെ ആധുനികകാലത്ത് പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 വയസ്സാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത് എന്നാണ് പുരോഗമനവാദികളുടെ വാദം.