Entertainments TalkWe Talk

ജൂഡ് ആന്റണി തമിഴിലേക്ക്; ആദ്യ ചിത്രം ലൈക്ക പ്രൊഡക്ഷൻസിനൊപ്പം

‌2018 എന്ന ചിത്രത്തിന്റെ വൻ വിജയത്തിന് പിന്നാലെ തമിഴിലെ ഏറ്റവും വലിയ നിർമാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസുമായി കൈകോർക്കാൻ സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. ലൈക്ക പ്രൊഡക്ഷൻസ് തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം പുറത്തുവിട്ടത്. ജൂഡ് ആന്റണിയും ലൈക്ക പ്രൊഡക്ഷൻസ് മേധാവി ജി കെ എം തമിഴ് കുമാരനും ഒരുമിച്ചുള്ള ഫോട്ടോയും പോസ്റ്റിൽ പങ്കുവച്ചു. പിന്നാലെ തമിഴ് പേശ പോറേൻ ( തമിഴ് സംസാരിക്കാൻ പോകുന്നു) എന്ന കുറിപ്പോടെ ജൂഡും ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. എന്നാൽ ചിത്രം തമിഴിൽ മാത്രമാണോ വിവിധ ഭാഷകളിലായാണോ ഒരുക്കുക എന്നതിൽ വ്യക്തതയില്ല. 2018ന്റെ വിജയത്തിന് പിന്നാലെ ജൂഡ് നിവിൻ പോളിക്കൊപ്പം ഒരു ചിത്രം പ്രഖ്യാപിച്ചിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തിൽ തമിഴ് താരം വിജയ് സേതുപതിയുമായി ചിത്രം ചെയ്യാൻ ആഗ്രഹമുള്ളതായും ജൂഡ് പറഞ്ഞിരുന്നു. ഇതുകൂടാതെ തമിഴ് താരം കിച്ചാ സുദീപിനൊപ്പമുള്ള ഒരു ഫോട്ടോയും ജൂഡ് അടുത്തിടെ പങ്കുവച്ചിരുന്നു. ഇവരിൽ ആരെങ്കിലുമായിരിക്കുമോ പുതിയ ചിത്രത്തിലെ നായകൻ എന്നാണ് ഇപ്പോൾ ആരാധകരുടെ സംശയം. വിജയ് ചിത്രം കത്തി, ലോകേഷിന്റെ കൈതി, നയൻതാരയുടെ കൊലമാവ് കോകില, രജനീകാന്തിന്റെ ഷങ്കർ ചിത്രം 2.0, മണിരത്നം ചിത്രങ്ങളായ പൊന്നിയിൻ സെൽവൻ 1, 2 തുടങ്ങി തമിഴ് ഇൻഡസ്‌ട്രിയിൽ അടുത്തിടെയിറങ്ങിയ മിക്ക ബി​ഗ് ബജറ്റ് ചിത്രങ്ങളും നിർമിച്ചത് ലൈക്ക പ്രൊഡക്ഷൻസാണ്. കമൽഹാസന്റെ ഇന്ത്യൻ 2, ഐശ്വര്യ രജനീകാന്തിന്റെ ലാൽ സലാം, തുടങ്ങിയവയാണ് ലൈക്ക പ്രൊഡക്ഷൻസിന്റേതായി വരാനിരിക്കുന്ന ചിത്രങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *