സച്ചിദാനന്ദന്റെ യൂടേൺ
കേരള സാഹിത്യ അക്കാദമി ഇക്കഴിഞ്ഞ മെയ് മാസത്തിൽ പുറത്തിറക്കിയ 30 പുസ്തകങ്ങളുടെ കവർ പേജിൽ പിണറായി സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായ പരസ്യ ലോഗോ ഉൾപ്പെടുത്തിയതിനെതിരെ അക്കാദമി അധ്യക്ഷനും പ്രശസ്ത കവിയുമായ കെ. സച്ചിദാനന്ദൻ ഫേസ്‌ബുക്കിലിട്ട കുറിപ്പ് പിൻവലിച്ചത് സാഹിത്യ ലോകത്തു ചർച്ചയായിരിക്കുകയാണ്. അക്കാദമി ഭരണ ചുമതലയുള്ള സെക്രട്ടറിയുടേതാണ് തീരുമാനമെന്നും അത് താൻ അറിഞ്ഞിട്ടില്ലെന്നും പറഞ്ഞ സച്ചിദാനന്ദൻ സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചു പുറത്തിറക്കുന്ന പുസ്തകങ്ങളാണെങ്കിൽ കൂടി കവറിൽ പരസ്യ ലോഗോ നൽകുന്നത് ഒഴിവാക്കി ഉൾപേജിൽ കൊടുത്താൽ മതിയായിരുന്നല്ലോ എന്ന അഭിപ്രായമാണ് ഫേസ്‌ബുക്കിൽ പങ്കു വെച്ചത്. ഇനിയുള്ള പതിപ്പുകളിൽ പരസ്യം ഉണ്ടാകില്ലെന്ന് പറഞ്ഞ അദ്ദേഹം സർക്കാരുകൾ വീഴാനും പുസ്തകങ്ങൾ നിൽക്കാനും ഉള്ളതായതിനാൽ ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ പുലർത്താൻ അക്കാദമിക്ക് ബാധ്യതയുണ്ടെന്നും സൂചിപ്പിച്ചു. ഈ പ്രയോഗം അക്കാദമിയിലെ സർക്കാർ അനുകൂലികളെ ചൊടിപ്പിച്ചതാണ് പ്രസിഡന്റ് ഫേസ്‌ബുക്ക് കുറിപ്പ് പിൻവലിക്കാൻ കാരണമെന്നാണ് അറിയുന്നത്. എന്തായാലും പിടിവിട്ടു വീണത് സർക്കാരല്ല, സച്ചിദാനന്ദനാണ്.
ഇന്ത്യയിൽ മതേതരത്വം തകരുമ്പോൾ നരേന്ദ്രമോദി സർക്കാർ കാഴ്ചക്കാരായി ഇരിക്കുന്നു എന്നാരോപിച്ചു മുൻപ് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നിരസിച്ച കവിയാണ് സച്ചിദാനന്ദൻ. എഴുത്തുകാരന്റെ അന്തസ്സ് എന്നും ഉയർത്തിപ്പിടിച്ചിരുന്ന അദ്ദേഹം രാഷ്ട്രീയക്കാരുടെ മുന്നിൽ ഒരിക്കലും തല കുനിച്ചിരുന്നില്ല. അങ്ങിനെയൊരാളാണ് സമൂഹ മാധ്യമത്തിലിട്ടു സാഹിത്യ രംഗത്തെ നിരവധി വ്യക്തികൾ പിന്തുണച്ച പോസ്റ്റ് പിൻവലിച്ചു തടിയൂരിയത്. സച്ചിദാനന്ദന്റെ ഈ നടപടി അദ്ദേഹം കഴിഞ്ഞ കാലങ്ങളിൽ സ്വീകരിച്ച ഉറച്ച നിലപാടുകളിൽ നിന്നുള്ള തിരിച്ചു പോക്കായാണ് വ്യാഖ്യാനിക്കപ്പടുന്നത്.
ഇന്ത്യയിലെ ഒരു പാർട്ടിയുമായും തന്മയീഭവിക്കാൻ തനിക്കു കഴിയില്ലെന്ന് മുൻപൊരു അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു. യഥാർത്ഥ ജനാധിപത്യ വാദികൾ സങ്കുചിത താല്പര്യങ്ങൾ മാറ്റിവെച്ചു ജനാധിപത്യത്തിന്റെ ശത്രുക്കൾക്കെതിരെ ഒരു പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ ഒന്നിക്കണമെന്നതാണ് തന്റെ രാഷ്ട്രീയ നിലപാടെന്നും സച്ചിദാനന്ദൻ വ്യക്തമാക്കിയിരുന്നു. സ്വാതന്ത്ര്യവും ജനാധിപത്യവും അദ്ദേഹത്തിന്റെ കവിതകളുടെ മാത്രമല്ല, ജീവിതത്തിന്റെയും അന്തർധാരകളാണ്. കടന്നു വന്ന വഴികളിൽ ഒരിടത്തും അതിനോട് വിട്ടുവീഴ്ച ചെയ്യാൻ അദ്ദേഹം തയ്യാറായിട്ടുമില്ല. അങ്ങിനെയുള്ള ഒരാൾ പൊടുന്നനെ തന്റെ അഭിപ്രായം സ്വയം വിഴുങ്ങിയത് സച്ചിദാനന്ദന്റെ കവിതകളെയും വ്യക്തി എന്ന നിലയിൽ അദ്ദേഹത്തെയും സ്നേഹിച്ചവരിൽ അമ്പരപ്പ് സൃഷ്ടിച്ചിരിക്കുകയാണ്. സമ്മർദ്ദത്തിന് വഴങ്ങിയാണ് അദ്ദേഹം ഫേസ്‌ബുക്ക് കുറിപ്പ് പിൻവലിച്ചതെങ്കിൽ എല്ലാ അർത്ഥത്തിലും അതദ്ദേഹത്തിന്റെ കീഴടങ്ങലാണ് .
സാഹിത്യ അക്കാദമി എന്ന പ്രസ്ഥാനം പുറമേക്ക് സ്വയംഭരണം എന്ന് പറയാമെങ്കിലും പൂർണ അർത്ഥത്തിൽ അതൊരു സർക്കാർ സ്ഥാപനമാണ്. സർക്കാരാണ് അക്കാദമിക്ക് പണം നൽകുന്നത്. സർക്കാരിന് താൽപര്യമുള്ളവരെയാണ് അതിന്റെ തലപ്പത്തു നിയമിക്കുന്നത്. പ്രസിഡന്റായി പൊതു സ്വീകാര്യനായ എഴുത്തുകാരനെ നിയമിക്കുമെങ്കിലും സെക്രട്ടറിയും വൈസ് പ്രസിഡന്റും എല്ലാക്കാലത്തും പാർട്ടി നോമിനികൾ തന്നെയായിരിക്കും. അക്കാദമിയുടെ എക്സിക്യൂട്ടീവിലും ജനറൽ കൗൺസിലിലുമെല്ലാം ആളെ നോമിനേറ്റ് ചെയ്യുന്നതും പാർട്ടി പരിഗണനകൾ കണക്കിലെടുത്താണ്. തീരുമാനം തന്റേതാണെന്നു അക്കാദമി സെക്രട്ടറി സി പി അബുബക്കറിനു പറയാൻ കഴിയുന്നത് പ്രസിഡണ്ടോ അക്കാദമി ഭരണ സമിതിയോ അറിയാതെ അങ്ങനെ ചെയ്യാൻ തനിക്കു അധികാരമുണ്ടെന്ന ഉറച്ച വിശ്വാസത്തിലാണ്. അക്കാദമിയോട് സർക്കാർ ആവശ്യപ്പെട്ടു രണ്ടാം വാർഷിക പരസ്യലോഗോ പുസ്തകത്തിന്റെ പുറംചട്ടകളിൽ ആലേഖനം ചെയ്യിപ്പിച്ചതാണെന്നു കരുതാനും നിവൃത്തിയില്ല. സർക്കാരിനെയും സാംസ്‌കാരിക മന്ത്രിയെയും സുഖിപ്പിക്കാൻ രാജാവിനേക്കാൾ രാജഭക്തി കാണിച്ചതാകാനാണ് കൂടുതൽ സാധ്യത. . എന്തു തന്നെയായാലും ഈ വിവാദത്തോടു എം എൻ സാനു മാഷ് പറഞ്ഞ അഭിപ്രായമാണ് ഇവിടെ പ്രസക്തം. സാഹിത്യ അക്കാദമി സർക്കാരിന്റെ ഭാഗമാണ്. അതിലെ ഭാരവാഹിത്വം സർക്കാർ നാമനിർദേശമാണ് . ഒരു അക്കാദമിയും എഴുത്തുകാരന്റെ സ്വാതന്ത്ര്യം അനുവദിക്കുന്നില്ല. സർക്കാർ തീരുമാനിക്കുന്നതും പറയുന്നതുമായ കാര്യങ്ങളേ അവിടെ നടക്കൂ.
ReplyForward |