റോളർ കോസ്റ്റർ പണിമുടക്കി; അമേരിക്കയില്‍ വിനോദ സഞ്ചാരികൾ തലകീഴായി തൂങ്ങിക്കിടന്നത് മണിക്കൂറുകളോളം
റോളർ കോസ്റ്റർ റൈഡിൽ കയറി സാഹസിക യാത്ര നടത്താൻ ഇഷ്ടപ്പെടുന്നവർ ഏറെയുണ്ട്. എന്നാൽ റൈഡിൽ മണിക്കൂറുകളോളം തല കീഴായി തൂങ്ങിക്കിടക്കേണ്ടി വന്നാലോ? അമേരിക്കയിലെ ഒരു അമ്യൂസ്മെന്റ് പാർക്കിൽ റൈഡിന് കയറിയ ആളുകള്‍ ഏറ്റവും ഉയരത്തില്‍ മധ്യഭാഗത്തായി തലകീഴായി തൂങ്ങിക്കിടന്നത് മണിക്കൂറുകളോളമാണ്. അമേരിക്കയിലെ ക്രാൻഡൻ പാർക്കിലെ ഫോറസ്റ്റ് കൗണ്ടി ഫെസ്റ്റിവലിനിടെയാണ് സംഭവം. സാങ്കേതിക തകരാർ കാരണം റൈഡിന് കയറിയ ആളുകള്‍ മണിക്കൂറുകളോളം തലകീഴായി തൂങ്ങിക്കിടക്കുകയായിരുന്നു.
വിസ്‌കോൺസിനിലെ ക്രാൻഡണിൽ നടന്ന ഒരു ഫെസ്റ്റിവലിലാണ് റോളർ കോസ്റ്റർ തകരാറിലായത്. ഏകദേശം മൂന്ന് മണിക്കൂറോളം എട്ട് പേർ തലകീഴായി തൂങ്ങിക്കിടന്നു. എട്ടിൽ ഏഴ് പേരും കുട്ടികളാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപ്രതീക്ഷിതമായി റൈഡ് തകരാറിലായതോടെ സംഘാടകരും ആശങ്കയിലായി. മൂന്ന് മണിക്കൂര്‍ നേരം സുരക്ഷ ബെല്‍റ്റുകളുടെ സഹായത്തോടെയാണ് അവര്‍ റോളര്‍ കോസ്റ്ററില്‍ തല കീഴായി തൂങ്ങിക്കിടന്നത്. റൈഡിനെത്തിയവരെല്ലാം സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചിരുന്നതിനാൽ വലിയ അപകടം ഒഴിവായതായി ക്രാൻഡൻ അഗ്നിശമനസേന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. സമീപ പ്രദേശത്ത് നിന്ന് അടിയന്തര രക്ഷാപ്രവർത്തകരെത്തിയാണ് റോളർ കോസ്റ്ററിൽ കുടുങ്ങിക്കിടന്നവരെ രക്ഷിച്ചത്. മൂന്ന് മണിക്കൂർ നീണ്ട ശ്രമങ്ങൾക്കൊടുവിൽ എല്ലാവരെയും സുരക്ഷിതമായി രക്ഷിച്ച് സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ആര്‍ക്കും പരുക്കില്ല. തലകീഴായി കിടക്കുന്ന യാത്രക്കാരെ രക്ഷിക്കാന്‍ റൈഡിലേയ്ക്ക് കയറുന്ന രക്ഷാപ്രവര്‍ത്തകരുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.