കേരളത്തിൽ കനത്ത മഴ തുടരുന്നു: ജനങ്ങൾ ദുരിതത്തിൽ; കടലാക്രമണം ശക്തം, വീടുകളിൽ വെള്ളം കയറി, കടലാക്രമണം ശക്തം
തിരുവനതപുരം : സംസ്ഥാനത്ത് അതി ശക്തമായ മഴ തുടരുകയാണ് . ഇന്നലെ രാത്രി തുടങ്ങിയ മഴ പല സ്ഥലങ്ങളിലും ഇപ്പോഴും തുടരുകയാണ്. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ 6 ജില്ലകളിൽ വ്യാഴാഴ്ച ഓറഞ്ച് അലർട്ടാണ്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത് . തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ആറ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ശക്തമായ മഴ കണക്കിലെടുത്ത് തിരുവനന്തപുരം , വയനാട് , മലപ്പുറം ഒഴികെയുള്ള ജില്ലകളിൽ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട് ,എന്നാൽ മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

എറണാകുളം ജില്ലയിൽ കണ്ണമാലി ,നായരമ്പലം കണ്ണമാലി തുടങ്ങിയ തീരമേഖലകളിൽ കടൽ ക്ഷോഭം തുടരുകയാണ്. കോട്ടയം ജില്ലയിൽ പാലാ അടക്കമുള്ള മേഖലയിൽ മീനച്ചിലാറ്റിൽ ജലനിരപ്പ് താണു. എന്നാൽ ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ വെള്ളക്കെട്ട് തുടരുകയാണ്. മണ്ണാർക്കാട് തെങ്കരയിൽ മരം വീണ് ലൈൻ പൊട്ടിയതിനെ തുടർന്ന് അട്ടപ്പാടി മേഖലയിൽ വൈദ്യതി നിലച്ചു.
ആലപ്പുഴയിൽ കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും ജലനിരപ്പുയർന്നു. വയനാട്ടിൽ മഴയെത്തുടർന്ന് നൂൽപുഴ കല്ലൂർപുഴ കരകവിഞ്ഞതോടെ പുഴങ്കുനി ആദിവാസി കോളനി ഒറ്റപ്പെട്ടു.
കോട്ടയം നഗരത്തിലും മഴ തുടരുന്നു.

ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ വെള്ളക്കെട്ടാണ്. കുമരകം റോഡിൽ വെള്ളം കയറി. കാസർകോട് വെള്ളരിക്കുണ്ടിൽ പലയിടത്തും റോഡിലേക്ക് മണ്ണിടിഞ്ഞു. പാണത്തൂരിലും മണ്ണിടിച്ചിലുണ്ട്; ഇവിടെ മണ്ണുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. തൃശൂർ രാമവർമപുരത്ത് വന്മരം കടപുഴകി വീണ് നാല് വൈദ്യുതി പോസ്റ്റുകൾ തകർന്നു. കുതിരാനു സമീപം മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിലെ വഴുക്കുംപാറ മേൽപ്പാതയിൽ കഴിഞ്ഞയാഴ്ച വിള്ളൽ രൂപപ്പെട്ടിടത്ത് വലിയ കുഴിയായി. ഈ ഭാഗത്തു പൊലീസ് ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം തുടരുകയാണ്.

മലയോര മേഖലകളിലും തീര പ്രദേശങ്ങളിലും അതീവ ജാഗ്രത തുടരണമെന്ന് നിർദ്ദേശം ഉണ്ട് . ഉയരത്തിൽ വീശുന്ന വേഗമേറിയ കാറ്റിനും ചുരുങ്ങിയ സമയത്തിൽ കൂടുതൽ മഴ പെയ്യിക്കുന്ന കൂറ്റൻ മഴ മേഘങ്ങൾക്കും സാധ്യത തുടരുകയാണ്. മത്സ്യതൊഴിലാളികൾ ഒരു കാരണവശാലും കടലിൽ പോകരുതെന്നും കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നുണ്ട്.