We Talk

ആശിഷ് ജെ ദേശായി കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസാകും

ഗുജറാത്ത് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആശിഷ് ജെ ദേശായി കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസാകും. ഇതു സംബന്ധിച്ച ശുപാർശ കൊളീജിയം കേന്ദ്ര സർക്കാരിന് സമർപ്പിച്ചു. കേരളാ ഹൈക്കോടതിയിലെ നിലവിലെ ചീഫ് ജസ്റ്റിസായ എസ് വി ഭട്ടിയെ സുപ്രീംകോടതിയിലേക്ക് ശുപാർശ ചെയ്തപ്പോഴുണ്ടായ ഒഴിവിലേക്കാണ് ജസ്റ്റിസ് എജെ ദേശായി എത്തുന്നത്. കേന്ദ്ര സർക്കാർ നിയമന ഉത്തരവിറക്കുന്നതോടെ കേരളാ ഹൈക്കോടതിയുടെ 38-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എ ജെ ദേശായി സത്യപ്രതിജ്ഞ ചെയ്യും. ഫെബ്രുവരി മുതൽ ഗുജറാത്ത് ഹൈക്കോടതിയിൽ ആക്ടിങ് ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. 2011ലാണ് ഗുജറാത്ത് ഹൈക്കോടതി അഡിഷണൽ ജഡ്ജിയായി ചുമതലയേറ്റത്. 2006 മുതൽ 2009 വരെ ഗുജറാത്ത് ഹൈക്കോടതിയിൽ കേന്ദ്ര സർക്കാർ സ്റ്റാന്റിങ് കൗൺസിലായിരുന്നു. ഗുജറാത്ത് സർക്കാരിന്‌ വേണ്ടി അഭിഭാഷകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് വി ഭട്ടി, തെലങ്കാന ഹൈക്കോടതി ചിറ്റ് ജസ്റ്റിസ് ഉജ്വൽ ഭൂയാൻ എന്നിവരെ കൊളീജിയം കഴിഞ്ഞ ദിവസം സുപ്രീംകോടതി ജഡ്ജിയായി ശുപാർശ ചെയ്തിരുന്നു. മലയാളിയായ കെ എം ജോസഫ് ഉൾപ്പെടെയുള്ള മൂന്ന് പേർ സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ഒഴിവിലേക്കാണ് ഇരുവരെയും ശുപാർശ ചെയ്തത്. 2013 മുതൽ ആന്ധ്രാ ഹൈക്കോടതിയിലെ ജഡ്ജിയായിരുന്ന ജസ്റ്റിസ് എസ് വി ഭട്ടി 2019ലാണ് കേരളാ ഹൈക്കോടതിയിലെത്തുന്നത്. കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഇക്കഴിഞ്ഞ മെയ് 26നായിരുന്നു അദ്ദേഹം ചുമതലയേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *