We Talk

ബിജെപി നേതാവ് മുഖത്ത് മൂത്രമൊഴിച്ച ആദിവാസി യുവാവിന്റെ കാല്‍ കഴുകി മാപ്പ് പറഞ്ഞ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍

മധ്യപ്രദേശിലെ സിദ്ധി ജില്ലയില്‍ ബിജെപി നേതാവ് മുഖത്തേക്ക് മൂത്രമൊഴിച്ച ആദിവാസി യുവാവിന്റെ കാല്‍ കഴുകി മാപ്പ് പറഞ്ഞ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതും പ്രതിപക്ഷം ഏറ്റെടുത്തതും പാർട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന മധ്യപ്രദേശില്‍ സംഭവത്തിനെതിരെ വ്യാപക ജനരോഷം ഉയര്‍ന്നതോടെ പ്രതി പ്രവേശ് ശുക്ലയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയും ഇയാളുടെ വീട് സര്‍ക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇരയായ ദസ്മത് രാവത്തിനോട് മുഖ്യമന്ത്രി മാപ്പ് പറഞ്ഞത്. ദസ്മത്തിനെ മുഖ്യമന്ത്രിയുടെ വസതിയിലെത്തിച്ചാണ് കാല്‍ കഴുകിയത്. ‘ആ വീഡിയോ കണ്ട് ഞാന്‍ വേദനിച്ചു. ഞാന്‍ നിങ്ങളോട് മാപ്പ് പറയുന്നു. എനിക്ക് നിങ്ങള്‍ ദൈവത്തെ പോലെയാണ്’ കാല്‍ കഴുകിയതിന് ശേഷം ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. അതിന് ശേഷം അദ്ദേഹത്തെ പൂമാലയിട്ടും ഷാള്‍ അണിയിച്ചും ആദരിക്കുകയും ചെയ്തു. തുടർന്ന് ദസ്മത്തിനൊപ്പം മുഖ്യമന്ത്രി ഭോപ്പാലിലെ സ്മാര്‍ട്ട് സിറ്റി പാര്‍ക്ക് സന്ദര്‍ശിച്ച് തൈകള്‍ നടുകയും ചെയ്തു. ബി.ജെ.പി. ഭരണത്തിന് കീഴില്‍ ആദിവാസികള്‍ക്കും ദളിതര്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ച് വരുകയാണെന്ന് രാഹുല്‍ഗാന്ധിയടക്കം ആരോപിച്ചിരുന്നു. ആദിവാസികളോടും ദളിതരോടുമുള്ള ബി.ജെ.പി.യുടെ വെറുപ്പിന്റെ യഥാര്‍ഥമുഖം മനുഷ്യത്വരഹിതമായ പ്രവൃത്തിയിലൂടെ തുറന്നുകാട്ടപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ഏതാനും മാസങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിന്റെ വീഡിയോ വൈറലായി വിവാദമായതോടെ മാത്രമാണ് കേസെടുക്കാന്‍പോലും തയ്യാറായതെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *