We Talk

കോളേജുകളില്‍ പരാതി പരിഹാര സെല്ലുകളുടെ രൂപീകരണത്തിന് ഹൈക്കോടതി സ്റ്റേ

കൊച്ചി: സംസ്ഥാനത്തെ കോളേജുകളില്‍ പരാതി പരിഹാര സെല്ലുകള്‍ രൂപീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി സ്‌റ്റേ ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍മാരുടെ കൗണ്‍സില്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസ് പി ഗോപിനാഥ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്.
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് നടപ്പാക്കുന്നതിന് ഒരു മാസത്തേക്കാണ് സ്റ്റേ. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരും ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും വീശദീകരണം നൽകണം. യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷനും മറുപടി സത്യവാങ്മൂലം നല്‍കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഹര്‍ജി ഓഗസ്റ്റ് ആദ്യവാരം വീണ്ടും പരിഗണിക്കും.
കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനി ശ്രദ്ധ സതീഷിന്റെ ആത്മഹത്യയെ തുടര്‍ന്നായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാര്‍ത്ഥികള്‍ക്ക് എതിരായ മാനസിക പീഡനം തടയുക എന്നതാണ് പരാതി പരിഹാര സെല്ലിന്റെ (ജിആര്‍സി) ലക്ഷ്യം.
സംസ്ഥാനത്തെ സര്‍വകലാശാല പഠന വകുപ്പുകള്‍, സര്‍ക്കാര്‍ കോളേജുകള്‍, അഫിലിയേറ്റഡ് കോളജുകള്‍ എന്നിവിടങ്ങളില്‍ പരാതി പരിഹാര സെല്ലുകള്‍ രൂപീകരിക്കണമെന്നായിരുന്നു ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതിന്റെ പരിധിയില്‍ വരും. ഈ കോളേജുകളില്‍ ഒരു മാസത്തിനകം പരാതി പരിഹാര സെല്ലുകള്‍ രൂപീകരിക്കണം എന്നായിരുന്നു സര്‍ക്കാർ ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *