We Talk

ദേവകി നിലയങ്ങോട് അന്തരിച്ചു

സാമൂഹിക പ്രവർത്തകയും  എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് അന്തരിച്ചു. 95 വയസ്സായിരുന്നു. തൃശൂരിലെ വസതിയില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 12.15 ഓടെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ഏറെ നാളായി കിടപ്പിലായിരുന്നു. ഔദ്യോഗിക വിദ്യാഭ്യാസം നേടാതെയാണ് എഴുത്തുകാരി എന്ന നിലയിൽ ദേവകി ശോഭിച്ചത് എന്നത് ശ്രദ്ധേയമാണ്. ബ്രാഹ്മണസമുദായത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച ദേവകി നിലയങ്ങോട് സാമൂഹിക പ്രശ്നങ്ങളിലും ഇടപെട്ടു. സ്ത്രീകൾക്ക് സമൂഹത്തിൽ നേരിട്ടിരുന്ന അനാചാരങ്ങൾക്കെതിരെ പ്രവർത്തിക്കുകയും അവർക്കുവേണ്ടി ശബ്ദമുയർത്തുകയും ചെയ്തു. ദേവകിയുടെ ‘നഷ്ടബോധങ്ങളില്ലാതെ- ഒരു അന്തർജനത്തിന്റെ ആത്മകഥ’ എന്ന കൃതി ഏറെ പ്രസിദ്ധമാണ്. 75-ാം വയസിലാണ് ഇത് പുറത്തുവരുന്നത്. ‘കാലപ്പകർച്ചകൾ’, ‘യാത്ര കാട്ടിലും നാട്ടിലും’ എന്നിവയാണ് മറ്റു കൃതികൾ. പകരാവൂർ മനയിൽ കൃഷ്‌ണൻ സോമയാജിപ്പാടിന്റെയും പാർവ്വതി അന്തർജ്ജനത്തിന്റെയും മകളായി 1928-ൽ പൊന്നാനിക്ക് സമീപം മൂക്കുതലയിലായിരുന്നു ജനനം. പരേതനായ ചാത്തന്നൂർ നിലയങ്ങോട്‌ മനയിലെ രവി നമ്പൂതിരിയാണ് ഭർത്താവ്. അടുത്തിടെ അന്തരിച്ച വിദ്യാഭ്യാസ വിചക്ഷണൻ ചിത്രൻ നമ്പൂതിരിപ്പാട് സഹോദരനാണ്. അന്തരിച്ച ചിന്ത രവി മരുമകനാണ്.

Leave a Reply

Your email address will not be published. Required fields are marked *