57ാം വയസ്സിലും ബോളിവുഡിന്റെ രാജാവ് കിങ് ഖാന്‍ തന്നെ
ഇന്ത്യയിലെ ഏറ്റവും വിപണി മൂല്യമുള്ള താരം ആരെന്ന ചോദ്യത്തിന് ഇന്നും ഒരേ ഒരു ഉത്തരമേയുള്ളൂ. തുടര്‍ച്ചയായ പരാജയങ്ങളെ തുടര്‍ന്ന് നാലുവര്‍ഷത്തോളം സിനിമയില്‍നിന്ന് വിട്ടുനിന്നിട്ടും കിങ് ഖാന്‍ എന്ന ഷാറൂഖ് ഖാന്‍ തന്നെയാണത്! റിപ്പബ്ലിക് ദിന റിലീസായി എത്തിയ പഠാന്റെ വിജയത്തിലൂടെ തന്റെ താരമൂല്യത്തിന് ഒരു കോട്ടവും തട്ടിയില്ലെന്ന് ഷാരൂഖ് തെളിയിച്ചു. വരാനിരിക്കുന്ന റിലീസുകളായ അറ്റ്ലി സംവിധാനം ചെയ്ത ജവാന്‍, രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്ത ഡംഗി എന്നിവയിലൂടെ ബോക്സോഫീസില്‍ വീണ്ടും ചലനം സൃഷ്ടിക്കാന്‍ ഷാരൂഖ് ഒരുങ്ങുകയാണ്.
ജവാന്‍, ഡംഗി എന്നിവയുടെ നോണ്‍-തിയറ്റര്‍ അവകാശങ്ങളുടെ വില്‍പ്പനയാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. ഈ രണ്ട് ചിത്രങ്ങളുടെയും ഒടിടി, മ്യൂസിക്, ചാനല്‍ റൈറ്റ്‌സ് എന്നിവ ഏകദേശം 450 കോടി മുതല്‍ 480 കോടി രൂപ വരെ വിലയ്ക്ക് വിറ്റുപോയി. സാറ്റലൈറ്റ്, ഡിജിറ്റല്‍, മ്യൂസിക് എന്നിവയുടെ റൈറ്റ്‌സ് വിറ്റതിലൂടെ ജവാനും ഡംഗിയും റെക്കോര്‍ഡ് പ്രതിഫലം നേടിയതായാണ് റിപ്പോര്‍ട്ടുകള്‍. തീയറ്റര്‍ ഇതര വരുമാനത്തിന്റെ കാര്യത്തില്‍ ഷാരൂഖ് ഖാന്‍ വെര്‍സസ് ഷാരൂഖ് ഖാന്‍ എന്ന അവസ്ഥയാണ്. എക്കാലത്തെയും മികച്ച രണ്ട് തിയറ്റര്‍ ഇതര ഡീലുകള്‍ കിംഗ് ഖാന്റെ പേരിലാണ്. എന്താണ് ഷാറൂഖിനെ ഇത്രമേല്‍ ജനപ്രിയനാക്കുന്നത്?
സിമ്പിള്‍, ഹമ്പിള്‍ ഖാന്‍
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയില്‍ ഷാരൂഖ് ഖാനോളം, ഇന്ത്യന്‍ ജനതയെ സ്വാധീനിച്ച താരങ്ങള്‍ കുറവാണ്. 2015ല്‍ ബിബിസി നടത്തിയ സര്‍വേയില്‍ ലോക സിനിമയിലെ ഏറ്റവും പ്രശസ്തനായി തിരഞ്ഞെടുക്കപ്പെട്ടത് ഈ ഇന്ത്യന്‍ താരമായിരുന്നു. ഏകദേശം 400 കോടി ജനങ്ങള്‍ക്കറിയാവുന്ന നടന്‍. അന്നത്തെ ലോക ജനസംഖ്യയുടെ പകുതിയില്‍ കൂടുതല്‍ വരുന്ന പ്രശസ്തി. ഹോളിവുഡ് താരങ്ങളായ ടോം ക്രൂസിനെക്കാളും, ജാക്കിചാനെക്കാളുമാണ് ഷാരൂഖിന്റെ ആരാധകര്‍. ഒരു സുപ്രഭാതത്തില്‍ നേടിയെടുത്തതല്ല അദ്ദേഹം ഇത്.
പക്ഷേ 2015നുശേഷമുള്ളകാലം ഷാരൂഖിന് തിരിച്ചടികളുടേത് ആയിരുന്നു. തുടര്‍ച്ചയായി പടങ്ങള്‍ പരാജയപ്പെട്ടു. മകന്‍ മയക്കുമരുന്ന് കേസില്‍പെട്ടത് അപമാനമായി. 2018 ല്‍ പുറത്തിറങ്ങിയ സീറോയുടെ പരാജയത്തോടെ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയായിരുന്നു ഈ താരരാജാവ്. പക്ഷേ സിദ്ധാര്‍ത്ഥ് ആനന്ദ് ഒരുക്കിയ പഠാനിലൂടെ ഷാരൂഖ് ഖാന്‍ ശക്തമായി തിരിച്ചുവന്നു. സംഘപരിവാര്‍ ഉയര്‍ത്തിയ കാവി ബിക്കിനി വിവാദം ഫലത്തില്‍ സിനിമക്ക് ഗുണമായി മാറി.
ഹേറ്റേഴ്സ് പ്രചരിപ്പിക്കുന്നതുപോലെ, ഒന്നുമല്ല യഥാര്‍ഥത്തില്‍ ഷാറൂഖിന്റെ വ്യക്തിജീവിതം. ഖാന്‍ ത്രയങ്ങളിലെ ഏറ്റവും ലവബിള്‍ ആയ, സിമ്പിള്‍ ഹമ്പിള്‍ എന്ന് പേരുകേട്ട മനുഷ്യന്‍. കറകളഞ്ഞ മതേതര വാദിയാണ് ഷാറൂഖ്. മിശ്രവിവാഹിതനായ അയാള്‍ ഭാര്യയെ ഒരിക്കലും സ്വന്തം മതത്തിലേക്ക് കൂട്ടാന്‍ ശ്രമിച്ചിട്ടില്ല. മക്കളെയും അങ്ങനെ തന്നെ. സല്‍മാന്‍ഖാനെപ്പോലെ മദ്യപിച്ച് തല്ലുണ്ടാക്കിയ കഥയോ, കൃഷ്ണമൃഗത്തെ വേട്ടയാടിയതോ, എന്തിന് സഹനടിമാരുമായുള്ള ഗോസിപ്പുകളോ ഒന്നും ഷാറൂഖിന് നേരെ ഉയര്‍ന്നിട്ടില്ല. പട്ടിണിയില്‍നിന്ന് വളര്‍ന്നുവന്ന അയാള്‍ ഇപ്പോഴും തന്റെ എളിമ കാത്തു സൂക്ഷിക്കുന്നു.
പഠാന്‍ സിനിമയുടെ പേരില്‍ ഷാറൂഖിനെതിരെ വാളെടുത്തവര്‍, മറന്നുപോകുന്നത് അദ്ദേഹം ബ്രിട്ടനെതിരെ പൊരുതിയ ഒരു സ്വാതന്ത്ര്യ സമര സേനാനിയുടെ മകന്‍ ആണെന്നത് കൂടിയാണ്. ബ്രിട്ടീഷ് ഇന്ത്യയില പെഷവാറിലെ (ഇന്നത്തെ പാക്കിസ്ഥാനില്‍) സ്വാതന്ത്ര്യസമര സേനാനിയായിരുന്നു ഖാന്റെ പിതാവായ താജ് മുഹമ്മദ് ഖാന്‍. ഖാന്റെ മാതാവ് ലത്തീഫ് ഫാത്തിമ, സുഭാഷ് ചന്ദ്ര ബോസിന്റെ കാലഘട്ടത്തില്‍ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയില്‍ മേജര്‍ ജനറല്‍ ആയിരുന്ന ഷാനവാസ് ഖാന്റെ ദത്ത് പുത്രിയായിരുന്നു. ഇന്ത്യ സ്വതന്ത്രമായപ്പോള്‍ ആ കുടുംബം ഡല്‍ഹിയിലേക്ക് മാറി. ”എന്റെ പിതാവൊരു ദരിദ്രനായിരുന്നു, തൊഴില്‍ രഹിതനും. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ അദ്ദേഹം കഷ്ടപ്പെടുന്നത് കുട്ടിക്കാലത്ത് ഞാന്‍ കണ്ടിട്ടുണ്ട്.’- ഷാറൂഖ് ഒരിക്കല്‍ പറഞ്ഞു.
മുബൈയിലെ പട്ടിണിക്കാലം
ഡിഗ്രി കഴിഞ്ഞ് നടനാകണമെന്ന ആഗ്രഹവുമായി മുംബൈയില്‍ എത്തുമ്പോള്‍ അവിടെ അദ്ദേഹത്തിന് സുഹൃത്തുക്കള്‍ പോലും ഉണ്ടായിരുന്നില്ല. വെറും കൈയോടെ മുബൈയിലെത്തിയ പുതുമുഖത്തിന് ആര് എന്ത് വേഷം തരാന്‍. അങ്ങനെ അയാള്‍ ഒരു തീയേറ്ററിലെ ടിക്കറ്റ് മുറിക്കുന്ന ജോലിയില്‍ കയറി. സിനിമയുമായി ബന്ധമുള്ള ജോലി എന്നാണ് ഷാറൂഖ് അതിനെ തമാശയായി പറയുന്നത്. 50 രൂപ ആയിരുന്നു ആദ്യ ശമ്പളം. പിന്നെ ഒരു സീരിയല്‍ നടിയുടെ ഡ്രൈവറായി ജോലി നോക്കി. ഈ സമയത്തും അഭിനയമോഹം തുടര്‍ന്നു. അങ്ങനെ ലൊക്കേഷന്‍ തിരഞ്ഞ് പോകുന്നതിനാല്‍ ജോലിക്ക് പോകാന്‍ കഴിയാതെ അത്താഴപ്പട്ടിണി കിടന്നു. പെപ്പുവെള്ളം കുടിച്ച് വിശപ്പടക്കിയ ദിവസങ്ങള്‍ ഷാരൂഖിന്റെ ആത്മകഥയില്‍ പറയുന്നുണ്ട്.
അങ്ങനെ നടിയുടെ ഡ്രൈവറായി ജോലി ചെയ്യുന്ന സമയത്താണ് ഭാഗ്യം ഷാറുഖിനെ തേടിയെത്തിയത്. ഒരിക്കല്‍ ഒരു നടന്‍ സമയത്ത് ലൊക്കേഷനില്‍ എത്തിച്ചേരാത്തതിനാല്‍ സംവിധായകന്‍ ഷാരൂഖിനെ അഭിനയിക്കാന്‍ ക്ഷണിച്ചു. അങ്ങനെ ലോക സിനിമയില്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായ എസ്ആര്‍കെയുടെ അഭിനയ ജീവിതം അവിടെ തുടങ്ങി.
ഇന്ത്യയില്‍ ടെലിവിഷന്‍ വിപ്ലവം നടക്കുന്ന 80കളുടെ അവസാനഘട്ടമായിരുന്നു അത്. ചറപറാ ടീവി സീരിയലുകള്‍ വരുന്ന കാലം. അതിന്റെ ഗുണം ഈ യുവ നടനും കിട്ടി. പതുക്കെ ഒരു ടെലിവിഷന്‍ താരം എന്ന നിലയില്‍ അയാള്‍ അറിയപ്പെടാന്‍ തുടങ്ങി. ഷാരൂഖിന് 25 വയസ്സായപ്പോഴേക്കും മാതാവ് ലതീഫ് ഫാത്തിമയും അന്തരിച്ചു. മകന്‍ ലോകം അറിയുന്ന നടനായി വളരുന്നത് കാണാന്‍ ആ അമ്മക്ക് ഭാഗ്യം ഉണ്ടായിരുന്നില്ല.
ബാദ്ഷായില്‍ നിന്ന് കിങ് ഖാനിലേക്ക്
1991ല്‍ ഹേമ മാലിനിയുടെ ആദ്യ സംവിധാന സംരംഭം ആയിരുന്ന ദില്‍ ആഷിയാന എന്ന ചിത്രത്തിലേക്ക് ഖാന്‍ കരാര്‍ ഒപ്പ് വച്ചു. പക്ഷെ 1992 ജൂണില്‍ പുറത്തിറങ്ങിയ ദീവാന ആണ് ഷാരൂഖിന്റെ റിലീസാകുന്ന ആദ്യ സിനിമ. ദീവാനയില്‍ സിനിമയുടെ രണ്ടാം പകുതിയില്‍ ”കോയിനാ കോയി ചാഹിയെ” എന്ന ഗാനം പാടി ബൈക്ക് ഓടിച്ചു വന്ന ഷാറൂഖ് ഓടിക്കയറിയത് സിനിമാ പ്രേമികളുടെ ഹൃദയത്തിലേക്ക് ആണ്. ആ സിനിമയിലൂടെ ഏറ്റവും മികച്ച പുതുമുഖത്തിനുള്ള ഫിലിം ഫെയര്‍ അവാര്‍ഡും നേടി. പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
1995 ല്‍ ആദിത്യ ചോപ്ര ആദ്യമായി സംവിധാനം ചെയ്ത സിനിമയായ ‘ദില്‍വാലെ ദുല്‍ഹനിയ ലേ ജായേങ്കെ’ ആണ് പ്രധാന വഴിത്തിരിവായത്. ഇതിലെ നായകനാവാന്‍ സംവിധായകന്‍ ആദിത്യ ചോപ്ര മനസ്സില്‍ ഉറപ്പിച്ചത് സാക്ഷാല്‍ ടോം ക്രൂസിനെ. പിന്നെ നിശ്ചയിച്ചത് സെയ്ഫ് അലി ഖാനെ. ഇവ രണ്ടും നടക്കാതെ വന്നപ്പോഴാണ് യാഷ് ചോപ്ര നിര്‍ദ്ദേശിച്ചത് അനുസരിച്ചു ഷാരൂഖിന് നറുക്ക് വീഴുന്നത്. അത് ചരിത്രമായി. ഷാറൂഖ്- കാജോള്‍ ജോടികള്‍ ഹിന്ദി സിനിമയുടെ എക്കാലത്തെയും മികച്ച പ്രണയ ജോടികളായി. ലോകമെമ്പാടും ഈ സിനിമ ഹിറ്റായി. മുബൈയില്‍ തുടര്‍ച്ചയായ ഇരുപതുവര്‍ഷം പ്രദര്‍ശിപ്പിച്ച ഡിഡിഎല്‍ജെയുടെ ലോക റെക്കാര്‍ഡ് ആര്‍ക്കും തിരുത്താല്‍ കഴിയില്ല. ഈ നിത്യ ഹരിത പ്രണയ സിനിമ ഷാറൂഖിനെ സൂപ്പര്‍ സ്റ്റാറായി ഉയര്‍ത്തി. 1998ല്‍ ഇറങ്ങിയ ‘കുച്ച് കുച്ച് ഹോതാ ഹേ’ എന്ന സിനിമയിലൂടെ അദ്ദേഹം ബോളിവുഡ് ബാദ്ഷായില്‍ നിന്ന് കിങ് ഖാനിലേക്കു വളരുക ആയിരുന്നു. അതായിരുന്നു ഇന്ത്യക്ക് പുറത്ത് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമ. പിന്നീടുള്ള ഷാറൂഖിന്റെ ജീവിതം തുറന്ന പുസ്തകമാണ്.
സിനിമയിലൂടെ മാത്രമല്ല ഇന്ത്യ ഷാറൂഖിനെ സ്‌നേഹിക്കാന്‍ തുടങ്ങിയത്. കോടിക്കണക്കിന് രൂപയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മനുഷ്യസ്‌നേഹിയാണ് അദ്ദേഹം. എപ്പോഴും ഒരു കുസൃതിക്കുട്ടിയെപ്പോലെ പെരുമാറാന്‍, ഈ 57ാമത്തെ വയസ്സിലും അദ്ദേഹത്തിന് കഴിയുന്നു. ഒരു വേദിയില്‍ വച്ച് ഗായിക റിമിടോമിയെ എടുത്തുപൊക്കിയത് വൈറലായിരുന്നു. അതുപോലെ എവിടെ പോയാലും ഒരോളമുണ്ടാക്കാന്‍ അദ്ദേഹത്തിന് കഴിയും. ഈ പ്രായത്തിലും സിക്‌സ് പാക്കിന്റെ എനര്‍ജി സൂക്ഷിക്കുന്ന വ്യക്തി. ഷാരൂഖിനെ വെല്ലാന്‍ കഴിയുന്ന ഒരു താരം ഇനി ഇന്ത്യയില്‍ ജനിക്കേണ്ടിയിരിക്കുന്നു.