We Talk

കേരളത്തിലെ ഏറ്റവും വലിയ ക്രമസമാധാന പ്രശ്നം ഷാജൻ സ്കറിയ ആണോ ?

കേരളത്തിലെ ഏറ്റവും വലിയ ക്രമസമാധാന പ്രശ്നം മറുനാടൻ മലയാളി ഓൺലെൻ ചാനലും അതിന്റെ ഉടമയും  എഡിറ്ററുമായ ഷാജൻ സ്കറിയ ആണോ ? കുറച്ചു ദിവസങ്ങളായി കേരളാ പോലീസ് നടത്തിക്കൊണ്ടിരിക്കുന്ന മറുനാടൻ വേട്ട അടിയന്തിരാവസ്ഥക്കാലത്തു പോലും നടക്കാത്തതാണ്. ഷാജൻ സ്കറിയയെ  പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു  സംസ്ഥാനം മുഴുവൻ അരിച്ചു പെറുക്കുന്ന പോലീസ്  മറുനാടൻ മലയാളിയുടെ തലസ്ഥാനത്തെ പ്രധാന ഓഫിസിലും വിവിധ ജില്ലകളിലെ ഓഫിസുകളിലുമൊക്കെ രാപകൽ ഭേദമില്ലാതെ കടന്നു ചെന്നു  തിരച്ചിൽ നടത്തി.  ഇത് പോരാഞ്ഞു  വനിതകളടക്കം ജീവനക്കാരുടെ വീടുകളിലും പോലീസ് എത്തി. ഓഫിസുകളിൽ നിന്ന് കമ്പ്യൂട്ടറുകളും ലാപ്ടോപ്പുകളും എടുത്തു കൊണ്ടു പോയി. ജീവനക്കാരുടെ മൊബൈൽ ഫോണുകൾ  പിടിച്ചെടുത്തു. സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്തു. ഇതെന്താ, വെള്ളരിക്കാ പട്ടണമാണോ എന്ന് തോന്നിപ്പിക്കുന്ന നിലവിട്ട കളികൾ. മറുനാടനെ പൂട്ടിപ്പിക്കുമെന്നു പ്രതിജ്ഞയെടുത്ത നിലമ്പൂർ എം എൽ എ  പി വി അൻവർ കേരളത്തിന്റെ ആഭ്യന്തര മന്ത്രിയായോ എന്നു സംശയിപ്പിക്കുന്ന നടപടികൾ. 

ഒരു കൂട്ടക്കൊലപാതക കേസിലെ  പ്രതിയെയോ അതല്ലെങ്കിൽ  കൊടും ഭീകരനെയോ പിടി കൂടാനുള്ള സന്നാഹങ്ങളാണ് ഷാജനെ പിടിക്കാൻ പോലീസ് ഒരുക്കിയിട്ടുള്ളത്. ഷാജൻ സ്കറിയ സുപ്രിം കോടതിയിൽ കൊടുത്ത മുൻ‌കൂർ ജാമ്യ ഹർജിയിൽ തീർപ്പ് വരുന്നതിനു മുൻപ് പിടികൂടി  കുറച്ചു ദിവസത്തേക്കെങ്കിലും ജയിലിൽ ഇടണമെന്ന പ്രതികാരബുദ്ധിയാണ് പോലീസിന്റെ പ്രവർത്തനത്തിൽ കാണുന്നത്. കാരണം ഇതിനേക്കാൾ ഗൗരവമുള്ള കേസുകളിൽ ഒളിവിൽ കഴിഞ്ഞ പ്രതികളെ പിടിക്കാൻ ഇത്ര വലിയ ജാഗ്രത പോലീസ് കാണിച്ചിട്ടില്ല. അപ്പോൾ ആരുടെയൊക്കെയോ താൽപര്യത്തിൽ ഒരു കൂലിപ്പട്ടാളത്തിന്റെ റോളാണ് കേരളാ പോലീസ് ചെയ്‌തു കൊണ്ടിരിക്കുന്നത്. ഒളിവിൽ കഴിയുന്ന ഷാജനെ പിടിക്കുന്നതിന്  അധികാര ദുർവിനിയോഗവും അമിതാധികാര പ്രയോഗവുമാണ് പോലീസ് നടത്തുന്നത്. 

 എന്താണ് ഷാജന് എതിരെയുള്ള കേസ് ? ഹൈക്കോടതി ഷാജന് മുൻകൂർ ജാമ്യം നിഷേധിച്ചത് കുന്നത്തുനാട് എം എൽ എ  പി വി  ശ്രീനിജൻ കൊടുത്ത പരാതിയിൽ എളമക്കര പോലീസ് രെജിസ്റ്റർ ചെയ്ത കേസിലാണ്. വ്യാജ വാർത്തകളും ആരോപണങ്ങളും ഉന്നയിച്ചു തന്നെ നിരന്തരം ഷാജൻ സ്‌കറിയ അവഹേളിക്കുന്നു എന്നതാണ് ശ്രീനിജന്റെ പരാതി. പട്ടികജാതി നിരോധന നിയമ പ്രകാരം പോലീസ് കേസെടുത്തതാണ് ഷാജന് വിനയായത്. തനിക്കെതിരെ  പട്ടികജാതി നിരോധന നിയമ പ്രകാരമുള്ള കേസ്  നില നിൽക്കില്ലെന്ന ഷാജൻ സ്കറിയയുടെ വാദം ഹൈക്കോടതി സ്വീകരിച്ചില്ല. കിഴക്കമ്പലത്തെ ട്വൻറി ട്വൻറി നേതാവും  കിറ്റക്‌സ് കമ്പനി എം ഡി യുമായ സാബു  ജേക്കബിനെതിരെയും മുൻപ് ഇതേ വകുപ്പ് ഉൾപ്പെടുത്തി ശ്രീനിജൻ പരാതി നൽകുകയും പുത്തൻകുരിശ് പോലീസ്  കേസെടുക്കുകയും ചെയ്തിരുന്നു. സമാന സ്വഭാവത്തിലുള്ള കേസുകൾ കേരളത്തിൽ നിരവധി ഉണ്ടായിട്ടുണ്ട്. പോക്സോ, പട്ടികജാതി പീഡനം എന്നീ വകുപ്പുകൾ രാജ്യത്തുടനീളം വ്യാപകമായി ദുരുപയോഗം ചെയ്തു എതിരാളികളെ കുടുക്കാൻ ഉപയോഗിക്കുന്നുണ്ട്. ഇക്കാര്യം കേരളാ പൊലീസിന് അറിയാത്തതല്ല. ഒരു വീട്ടമ്മക്കെതിരെ വ്യാജ പോക്സോ പരാതിയിൽ കേസടുത്തു അവരെ റിമാൻഡ് ചെയ്തു ജയിലിൽ അടപ്പിച്ചു പുലിവാൽ പിടിച്ച അനുഭവം കേരളാ പൊലീസിന് അടുത്ത കാലത്തുണ്ടായിട്ടുണ്ട്. അന്ന് വീട്ടമ്മക്കെതിരെ ഉയർന്നത് വ്യാജ പരാതി ആയിരുന്നെന്ന വിവരം പുറത്തു കൊണ്ടുവന്നത് മറുനാടൻ മലയാളി ആയിരുന്നു. ജനപ്രതിനിധിയായ ശ്രീനിജനെതിരെ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ അതിൽ അദ്ദേഹത്തിന് പട്ടികജാതി പരിരക്ഷ ലഭിക്കണമോ  എന്നത് സങ്കീർണമായ നിയമ പ്രശ്നമാണ്. കാരണം നിരവധി വിഷയങ്ങളിൽ ആരോപണ വിധേയനാണ് ശ്രീനിജൻ. സിനിമാ മേഖലയിലെ പണ ഇടപാടുമായി  ബന്ധപ്പെട്ടു  കഴിഞ്ഞ ദിവസം ശ്രീനിജനിൽ നിന്ന്  ആദായ നികുതി വകുപ്പ് മൊഴിയെടുത്തിരുന്നു. മാനനഷ്ടത്തിൽ നിൽക്കേണ്ട ഒരു കേസിനു പട്ടികജാതി പീഡനം മറയാക്കിയോ എന്ന് പരിശോധിക്കേണ്ട ഉത്തരവാദിത്തം പോലീസിനുണ്ട്. അങ്ങിനെ പരിശോധിച്ച ശേഷമാണു പോലീസ് കേസെടുക്കേണ്ടിയിരുന്നത്. 

 ഇനി ഷാജൻ സ്കറിയയിലേക്കു വരാം .  മാതൃകാപരമായ   പത്രപ്രവർത്തന ശൈലിയാണ്  അദ്ദേഹത്തിന്റേത് എന്ന് പറയാൻ കഴിയില്ല. ഷാജൻ ആരംഭിച്ച മറുനാടൻ മലയാളി വാർത്താ പോർട്ടൽ അതിന്റെ ആദ്യകാലത്തു മുഖ്യധാരാ മാധ്യമങ്ങൾ നടത്തുന്ന ഓൺലൈൻ പോർട്ടലുകളെ വെല്ലുവിളിക്കുന്ന  മീഡിയയായി മാറിയിരുന്നു. പരസ്യ താല്പര്യത്തിന്റെ പേരിൽ പത്രങ്ങളും ചാനലുകളും തമസ്കരിക്കുന്ന  വാർത്തകൾ അതിൽ വായിച്ചു ജനം സംതൃപ്തിയടഞ്ഞു. എന്നാൽ, യൂട്യൂബ് ചാനലുകൾ ആരംഭിച്ചു ഷാജൻ സ്കറിയ വാർത്താ സംപ്രേഷണം തുടങ്ങിയതു  മുതൽ അവസ്ഥ മാറി. ആർക്കെതിരെയും എന്തും  വിളിച്ചു പറയാമെന്നും ഏതു തരം താണ ഭാഷ ഉപയോഗിക്കാമെന്നുമുള്ള അവസ്ഥ വന്നു. ഷാജന്റെ വാക്‌ചാതുരിയിൽ മുറിവേറ്റ നിരവധി പേരുണ്ട്. അതിൽ നിരപരാധികളുമുണ്ട്. ഒരവസരം കിട്ടിയപ്പോൾ അവരെല്ലാം ഷാജനും മറുനാടൻ മലയാളിക്കുമെതിരെ അണി നിരന്നു എന്നതാണ് വാസ്തവം. മറുനാടനെതിരെ പരാതിയുള്ളവർക്കു വേണ്ടി പി വി അൻവർ ആരംഭിച്ച ഹെൽപ് ഡെസ്കിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം കുറച്ചൊന്നുമല്ല. അവരിൽ പലരും സമൂഹ മാധ്യമത്തിൽ പങ്കുവെച്ച അനുഭവങ്ങൾ ഗൗരവ സ്വഭാവമുള്ളതാണ്.   സമൂഹ മാധ്യമങ്ങളിൽ വരുന്ന വസ്തുതാ വിരുദ്ധമായ വിവരങ്ങൾ വരെ ആധാരമാക്കി വിഡിയോകൾ ചെയ്തതാണ് എം എ യൂസഫലിയെ പോലുള്ള ഒരാൾ ഷാജനെതിരെ കേസ് ഫയൽ ചെയ്യാൻ ഇടയാക്കിയത്. ഒരു മാധ്യമ പ്രവർത്തകനു  കിട്ടുന്ന വിവരങ്ങൾ വീണ്ടും വീണ്ടും പരിശോധിച്ച് ഉറപ്പു വരുത്തി വസ്തുതയാണെന്നു സ്ഥിരീകരിച്ച ശേഷം മാത്രം പുറത്തെക്ക് വിടുക എന്ന ജേർണലിസത്തിന്റെ പ്രാഥമിക തത്വം ഷാജൻ വിസ്മരിച്ചു. വാട്സാപ്പിൽ ആരെങ്കിലും അയക്കുന്ന വിവരങ്ങൾ വിഡിയോ ആക്കി അയാൾ യൂട്യൂബിൽ ഇട്ടു. അതിൽ അയാൾ ഉപയോഗിക്കുന്ന ഭാഷ പലപ്പോഴും അരോചകമായിരുന്നു. ആരെയും അധിക്ഷേപിക്കാനും തെറിവിളിക്കാനുമുള്ള ലൈസൻസ് തനിക്കുണ്ടെന്ന് ഷാജൻ സ്കറിയ തെറ്റിദ്ധരിച്ചെന്നു തോന്നുന്നു.  ഈ അധിക്ഷേപങ്ങൾ  കേട്ട് ആവേശഭരിതരായി  കമന്റുകളിടുന്ന ആരാധക വൃന്ദത്തിന്റെ ആരവത്തിൽ മതിമറന്നതാണ് ഷാജന്റെ കുറ്റം. ഷാജന്റെ പത്രപ്രവർത്തന ശൈലിയെക്കുറിച്ചു ഹൈക്കോടതി നടത്തിയ പരമാർശം അക്ഷരാർത്ഥത്തിൽ ശരിയാണ്.  മറുനാടൻ മലയാളിയുടെ വളർച്ച കണ്ടു അതിന്റെ ചുവട് പിടിച്ചു ഓൺലൈൻ ചാനലുകൾ ആരംഭിച്ചു അപവാദങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് മികച്ചൊരു അനുഭവ പാഠം കൂടിയാണ് ഷാജൻ സ്‌കറിയയുടെ ഒളിച്ചോട്ടം. 

പത്രപ്രവർത്തനത്തിൽ പ്രകടിപ്പിച്ച ധീരത സ്വന്തം ജിവിതത്തിൽ കാണിക്കാൻ കഴിയാതെ  ഒരു കേസ് വന്നപ്പോഴേക്കും ഒളിവിൽ പോയതാണ് ഷാജൻ സ്‌കറിയയുടെ ഏറ്റവും വലിയ മണ്ടത്തരം. നിയമത്തിനു മുന്നിൽ കീഴടങ്ങി ജയിലിൽ പോകേണ്ടി വന്നാൽ അതും ഒരനുഭവമായി കണ്ടു ജാമ്യം നേടി പുറത്തു വരാൻ കഴിയുമായിരുന്നു അദ്ദേഹത്തിന്. അങ്ങിനെ ചെയ്തിരുന്നെങ്കിൽ അദ്ദേഹത്തിന്റെ സ്ഥാപനത്തെ അത് തെല്ലും ബാധിക്കുമായിരുന്നില്ല. നേരെ മറിച്ചു നിയമത്തിനു വഴങ്ങാതെ  ഭീരുവായി ഒളിച്ചോടുകയാണ് ഷാജൻ ചെയ്തത്. ഷാജന്റെ  ഈ പ്രവർത്തിയുടെ ഫലം അനുഭവിക്കേണ്ടി വന്നത് അവിടുത്തെ ജീവനക്കാരാണ്. 

 ഇനി ഷാജനെ പൂട്ടിക്കാൻ നടക്കുന്ന നിലമ്പൂർ എം എൽ എ പി വി അൻവറിനെ കുറിച്ച് പറയാതെ ഇത് അവസാനിപ്പിക്കുന്നത് ശരിയല്ല.  കൊലപാതകം അടക്കം നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയായ അൻവറിനു എന്ത് വിശ്വാസ്യതയാണുള്ളത് ? ഇടതുപക്ഷത്തിന് അഭിമാനമൊന്നുമല്ല ഈ എം എൽ എ . അൻവറിനെതിരെ മാധ്യമങ്ങളിൽ വന്നതെല്ലാം   വ്യാജ വാർത്തകളല്ല . വസ്തുതകളുടെ പിൻബലമുണ്ട് അതിന് .അതിന്റെ പേരിൽ നാട്ടിലെ അച്ചടി മാധ്യമങ്ങൾക്കും ചാനലുകൾക്കും എതിരെ ഗാഗ്വാ വിളികൾ നടത്തുന്ന അൻവറിനെ തലയിൽ വെച്ച് നടക്കേണ്ടി വരുന്നത് സിപിഎമ്മിന്റെ  ഗതികേടാണ്. സമൂഹ മാധ്യമങ്ങളിലെ ഇടതു അനുകൂലികളുടെ ആരവത്തിൽ മതി മറന്നിരിക്കുന്ന അൻവർ ഓർക്കേണ്ടത് ഒന്ന് തകർക്കാൻ കച്ച കെട്ടിയിറങ്ങുമ്പോൾ തന്റെ കൂടെയുള്ള പലതും തകരുമെന്നാണ്. ചരിത്രം അങ്ങിനെയാണ് കാണിച്ചു തന്നിട്ടുള്ളത്. പക തീർക്കാനുള്ളതാണെന്നു അൻവർ പറയുമ്പോൾ ആ പക ഒടുവിൽ തനിക്കും  വിനയായി വരുമെന്നു ഓർക്കുന്നത് നന്ന്.  

Leave a Reply

Your email address will not be published. Required fields are marked *