We Talk

ഏക സിവില്‍ കോഡില്‍ സിപിഎം കാണിക്കുന്ന ഇരട്ടത്താപ്പ് സജീവ രാഷ്ട്രീയ ചര്‍ച്ചക്ക് വഴിയൊരുക്കുന്നു.

ഏക സിവില്‍ കോഡ് വിഷയത്തില്‍ സിപിഎമ്മിനെ ചരിത്രം തിരിഞ്ഞു കുത്തുകയാണ്. സിപിഎമ്മും ആ പാര്‍ട്ടിയുടെ എക്കാലത്തെയും ഏറ്റവും വലിയ സൈദ്ധാന്തികനും ആയിരുന്ന ഇ എം എസ് നമ്പൂതിരിപ്പാട് പൊതു സിവില്‍ കോഡ് നടപ്പാക്കുന്നതിനെ അനുകൂലിച്ചിരുന്നെന്നും ഇ എം എസ് അതിനു അനുകൂലമായി എഴുതുകയും പ്രസംഗിക്കുകയും ചെയ്തിരുന്നുവെന്നുമുള്ള വിവരങ്ങള്‍ പുറത്തു വരുമ്പോള്‍ പാര്‍ട്ടി ഇപ്പോള്‍ ചാടിപ്പുറപ്പെട്ടിരിക്കുന്ന സിവില്‍കോഡ് വിരുദ്ധ സമരത്തിന്റെ ആത്മാര്‍ത്ഥത ചോദ്യം ചെയ്യപ്പെടുകയാണ്.

വിമര്‍ശനങ്ങള്‍ കൊഴുക്കുമ്പോഴും സെമിനാറുകളും പൊതുസമ്മേനങ്ങളുമായി സിപിഎമ്മും എല്‍ ഡി എഫും മുന്നോട്ടു പോകുകയാണ്. ജൂലൈ 15 നു കോഴിക്കോട്ടാണ് ആദ്യ സെമിനാര്‍ . മുസ്‌ലിം ലീഗിനെ അതില്‍ പങ്കെടുപ്പിക്കണമെന്നാണ് സിപിഎമ്മിന്റെ ആഗ്രഹമെങ്കിലും ട്രാപ്പില്‍ വീഴേണ്ടെന്നാണ് ലീഗിന്റെ തീരുമാനം. ലീഗിനെ അടക്കം പങ്കെടുപ്പിച്ചു ഏക സിവില്‍ കോഡിനെതിരെ സമരം നടത്തുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനയെ ആദ്യം സ്വാഗതം ചെയ്ത മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ പിന്നീട് പുറകോട്ടു പോകാന്‍ നിര്‍ബന്ധിതനായി. ലീഗ് ഇല്ലെങ്കിലും മുസ്‌ലിം സമുദായ സംഘടനകളെ പങ്കെടുപ്പിച്ചു സെമിനാര്‍ വിജയിപ്പിക്കാനാണ് സിപിഎമ്മിന്റെ ശ്രമം. ജമാ അത്തെ ഇസ്‌ലാമി ഒഴികെ മുസ്‌ലിം സമുദായ സംഘടനകളെ ഇതിലേക്ക് ക്ഷണിച്ചിട്ടുണ്ട്. . എസ് ഡി പി ഐക്ക് ക്ഷണമില്ല. എന്നാല്‍, പി ഡി പിയെ പങ്കെടുപ്പിക്കും. സമസ്തയിലെ കാന്തപുരം എ പി വിഭാഗത്തെയും ഇ കെ വിഭാഗത്തെയും സെമിനാറിലും തുടര്‍ന്നുള്ള പരിപാടികളിലും പങ്കെടുപ്പിക്കാനാണ് തീരുമാനം. വിരുദ്ധ ധ്രുവങ്ങളില്‍ നില കൊണ്ടിരുന്ന ഈ രണ്ടു വിഭാഗങ്ങളും യോജിപ്പിനുള്ള സാദ്ധ്യതകള്‍ ഇപ്പോള്‍ തേടിക്കൊണ്ടിരിക്കുകയാണ്. ലീഗുമായി വരെ അടുപ്പം ആകാമെന്നാണ് മുന്‍പ് ശത്രുപക്ഷത്തു നിന്ന കാന്തപുരം അബുബക്കര്‍ മുസല്യാര്‍ പറഞ്ഞത്.

1985 ല്‍ ഷാബാനു കേസ് വിധി വന്നപ്പോള്‍ അതിനെ ശക്തമായി അനുകൂലിക്കുകയും മുസ്‌ലിം സ്ത്രീകള്‍ക്ക് തുല്യത ലഭിക്കാന്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കണമെന്നു വാദിക്കുകയും ചെയ്ത പാര്‍ട്ടിയാണ് സിപിഎം. ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിക്കുന്ന പുരോഗമന നിലപാടായാണ് അന്നത് ശ്ലാഘിക്കപ്പെട്ടത്. ഇ എം എസ് നമ്പൂതിരിപ്പാട് ഏക സിവില്‍ കോഡിനെ അനുകൂലിച്ചു പ്രസംഗിക്കുകയും എഴുതുകയും ചെയ്തിരുന്നോ എന്നത് ഇന്നു തര്‍ക്ക വിഷയമായി മാറി. ഒരു കാലത്തും ഇ എം എസ് ഏക സിവില്‍ കോഡിനെ അനുകൂലിച്ചിട്ടില്ലെന്ന തെറ്റായ വിശദീകരമാണ് സിപിഎം കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. . പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗം ഡോ . തോമസ് ഐസക്ക് കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ കുറിച്ചത് ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ടു ഇ എം എസിന്റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നാണ് . യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചു വെച്ചാണ് തോമസ് ഐസക് അത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയത്. സിപിഎം മുന്‍കാലങ്ങളില്‍ ഏക സിവില്‍ കോഡിന് അനുകൂലമായിരുന്നു എന്നതിന്റെ വ്യക്തവും കൃത്യവുമായ തെളിവുകള്‍ പാര്‍ട്ടി തന്നെ നല്‍കുന്നുണ്ട്.
ഇ എം എസിന്റെ തെരഞ്ഞെടുത്ത ചോദ്യോത്തരങ്ങള്‍ എന്ന പുസ്തകത്തിലെ 97 ആം പേജില്‍ ഇങ്ങിനെ പറയുന്നു : ‘ഭരണഘടനയിലെ ഏകീകൃത സിവില്‍ നിയമ വകുപ്പും ഇന്ത്യന്‍ ക്രിമിനല്‍ നിയമത്തിലെ വിവാഹ മോചിതക്ക് ചെലവിന് കൊടുക്കുന്നത് സംബന്ധിച്ച വകുപ്പും റദ്ദാക്കരുതെന്നു ആവശ്യപ്പെടുക മാത്രമല്ല കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ചെയ്യുന്നത്. ഏകീകൃത സിവില്‍ നിയമത്തിലേക്കുള്ള നീക്കം ത്വരിതപ്പെടുത്താന്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ അടക്കം ബഹുജന സംഘടനകള്‍ നടത്തുന്ന സമരം പ്രോത്സാഹനജനകമാണെന്നു കൂടി പാര്‍ട്ടി അഭിപ്രായപ്പെടുന്നു.’
സിപിഎമ്മും ഇ എം എസും ഏക സിവില്‍ കോഡിനെ അനുകൂലിച്ചിരുന്നു എന്നതിന് ഇതില്‍പരം എന്ത് തെളിവാണ് വേണ്ടത് ? ഷാബാനു കേസ് വിധി വന്ന ശേഷം ഏകീകൃത സിവില്‍ നിയമത്തിനു വേണ്ടി സിപിഎമ്മിന്റെ മഹിളാ സംഘടനയായ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നിരവധി പ്രക്ഷോഭ സമരങ്ങളും ഒപ്പുശേഖരണവും നടത്തിയിരുന്നു. ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നത് വരെ സമരം തുടരുമെന്നായിരുന്നു അന്ന് പറഞ്ഞത്. തലാഖും മുത്തലാഖും ബഹുഭാര്യത്വവും നിരോധിക്കാനുള്ള ശക്തമായ പ്രചാരണം മഹിളാ അസോസിയേഷന്‍ നടത്തിയതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ ലഭ്യമായിരിക്കെ മറിച്ചൊരു പ്രചാരണം ഉദ്ദേശിച്ച ഫലം ചെയ്യില്ല.

Leave a Reply

Your email address will not be published. Required fields are marked *