മമ്മൂട്ടി കൊതിച്ച ഭീമനെ ലാലിലേക്കു എത്തിച്ച വര; പത്മരാജനുവേണ്ടി ഗന്ധര്‍വനെയുണ്ടാക്കി; ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ സിനിമാറ്റിക്ക് ഇടപെടലുകള്‍
മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമെന്താണെന്ന് ചോദിച്ചാല്‍ അത് രണ്ടാമൂഴത്തിലെ ഭീമനെ ഇതുവരെ അവതരിപ്പിക്കാന്‍ കഴിയാതിരുന്നതാവണം. എം ടിയുടെ തിരക്കഥ പൂര്‍ത്തിയായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ചിത്രം അനിശ്ചിതത്വത്തിലാണ്. രണ്ടാംമൂഴം നോവലില്‍ എം ടിയുടെ ക്രാഫ്റ്റ്‌പോലെ തന്നെ ചര്‍ച്ചയായിരുന്നു ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ വരയും. ഒരുവേള ആ വരയിലെ ഭീമന്റെ വിദൂരഛായകളാണ് ആ കഥാപാത്രം മോഹന്‍ലാലിലേക്ക് പോകുന്നത്. പക്ഷേ തന്റെ അടുത്ത സുഹൃത്തുകൂടിയായ നമ്പൂതിരിയുടെ മാന്ത്രിക വിരലുകള്‍ കോറിയിട്ട കഥാപാത്രമായി മാറാനുള്ള ഭാഗ്യം ലാലിനും ഉണ്ടായില്ല. ബി ആര്‍ ഷെട്ടി രണ്ടായിരം കോടി മുടക്കി, ശ്രീകുമാരമേനോന്റെ സംവിധാനത്തില്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിട്ട ചിത്രം മുടങ്ങിപ്പോയി. തിരക്കഥയെ ചൊല്ലി എം ടിയും ശ്രീകുമാരമേനോനും കോടതി കയറുകയും ചെയ്തു.
താന്‍ ഏറെ കൊതിച്ച കഥാപാത്രമാണ് രണ്ടാമൂഴത്തിലെ ഭീമനെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. പക്ഷേ നമ്പൂതിരിയുടെ വരസാമ്യം ലാലിനായിരുന്നു. വരയുടെ തമ്പുരാനായ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ ഓര്‍മ്മ മലയാളികളുടെ മനസ്സില്‍ നിലനിര്‍ത്താന്‍ രണ്ടാമൂഴം നോവലിലെ വര മാത്രം മതി. ‘എന്റെ ഭീമനെയല്ല നമ്പൂതിരിയുടെ ഭീമനെയാണ് വായനക്കാര്‍ കണ്ടത്’ എന്ന എം ടിയുടെ സാക്ഷ്യം മാത്രം മതി ആ പ്രതിഭയുടെ അംഗീകാരത്തിന് . ‘വരയുടെ പരമശിവന്‍’ എന്നാണ് വി കെ എന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെ വിശേഷിപ്പിച്ചത്. ചിത്രകലയിലെ വരരുചി എന്നാണ് കെ ജി ശങ്കരപ്പിള്ള പറഞ്ഞത്. ഈ വിശേഷണങ്ങള്‍ക്കെല്ലാം അപ്പുറത്താണ് കെ എം വാസുദേവന്‍ നമ്പൂതിരി എന്ന ആര്‍ട്ടിസ്റ്റ് നമ്പൂതിരി.
മോഹന്‍ലാലുമായി ഏറെ അടുപ്പമായിരുന്നു ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്ക്. ലാല്‍ ഇങ്ങനെ എഴൂതുന്നു. ”അദ്ദേഹം വരച്ച എത്രയോ സ്‌കെച്ചുകള്‍ എന്റെ ശേഖരത്തിലുണ്ട്. ഒരിക്കല്‍ പറഞ്ഞു, ലാലിനെപ്പോലെ എന്റെ ചിത്രം ശേഖരിച്ച ആരുമുണ്ടാകില്ല. ഓരോ ചിത്രവും സ്വീകരിച്ചതു പ്രാര്‍ഥനയോടെയാണ്. നമ്പൂതിരി സാറുമായി ചേര്‍ന്നിരുന്ന അരങ്ങുകള്‍ മറക്കാനാകില്ല. അദ്ദേഹം ധാരാളം കഥകള്‍ പറഞ്ഞു. പലതും ചെവിയിലാണു പറഞ്ഞുതന്നത്. അത് ആസ്വദിച്ചു ഞങ്ങള്‍ ചിരിച്ചു. എന്നും എന്നെ കൈ പിടിച്ചു കുട്ടിയെപ്പോലെ അദ്ദേഹം അടുത്തിരുത്തി. വീട്ടിലായാലും പൊതുവേദിയിലായാലും.”

പത്മരാജന്റെ ഗന്ധര്‍വന്‍
തനിക്കുവേണ്ടി ഒരു ഗന്ധര്‍വ ചിത്രം നമ്പൂതിരി വരച്ചതും മോഹന്‍ലാല്‍ അനുസ്മരിക്കുന്നുണ്ട്്. അതുപോലെ അന്തരിച്ച സംവിധായകന്‍ പത്മരാജന്റെ ‘ഞാന്‍ ഗന്ധര്‍വനുവേണ്ടി’ ഗന്ധര്‍വനെയുണ്ടാക്കിയതും ആ മാന്ത്രിക വിരലുകള്‍ ആയിരുന്നു. ചിത്രത്തിന്റെ കലാസംവിധായകന്‍ രാജീവ് അഞ്ചലായിരുന്നു. എന്നാല്‍ ഗന്ധര്‍വനെ സൃഷ്ടിച്ചത് ആര്‍ടിസ്റ്റ് നമ്പൂതിരിയാണ്. നമ്പൂതിരിയുടെ വരയെ ആസ്പദമാക്കിയാണ് നിതീഷ് ഭരദ്വാജിനെ ഗന്ധര്‍വനാക്കി മാറ്റിയതെന്ന് പത്മരാജന്‍ മുന്‍പൊരിക്കല്‍ പറഞ്ഞിട്ടുണ്ട്.
മികച്ച കലാസംവിധായകനുള്ള ചലച്ചിത്ര പുരസ്‌കാരം നേടിയ ആര്‍ട്ടിസ്റ്റ് നമ്പൂതിരി മലയാളികളുടെ ചലച്ചിത്ര ശീലങ്ങളെയും മാറ്റി എഴുതിയിരുന്നു. മലയാളത്തിലെ കലാസിനിമകളുടെ ലോകത്ത് കുതിച്ചുചാട്ടമുണ്ടാക്കിയ ചിത്രമാണ് ഉത്തരായനം. ആര്‍ടിസ്റ്റ് നമ്പൂതിരിയുടെ സുഹൃത്തായിരുന്ന ജി.അരവിന്ദന്റെ ആദ്യസിനിമയായ ഉത്തരായനം 1975ലാണ് പുറത്തിറങ്ങിയത്. തിക്കോടിയനാണ് ഉത്തരയാനത്തിന്റെ തിരക്കഥാകൃത്ത്. തന്റെ ആദ്യചിത്രത്തില്‍ കലാസംവിധാനം നിര്‍വഹിക്കാന്‍ അരവിന്ദനാണ് നമ്പൂതിരിയെ ക്ഷണിച്ചത്. ആ വര്‍ഷത്തെ മികച്ച കലാസംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നമ്പൂതിരിക്ക് ആ സിനിമയിലൂടെ ലഭിച്ചു.
1977ല്‍ അരവിന്ദന്‍ രാമായണത്തെ തന്റെ കാഴ്ചകളിലൂടെ പുനര്‍വ്യാഖ്യാനിച്ചു. കാഞ്ചനസീതയെന്ന സിനിമ അതുവരെ ജനങ്ങള്‍ കേട്ടറിഞ്ഞ രാമായണത്തിന്റെ മറ്റൊരു മുഖമായിരുന്നു. രാമന്റെ പിന്തുടര്‍ച്ചക്കാരെന്ന് അവകാശപ്പെടുന്ന ആന്ധ്രയിലെ രാമചെഞ്ചു എന്ന ആദിവാസി വിഭാഗത്തില്‍നിന്നാണ് അഭിനേതാക്കളെ കണ്ടെത്തിയത്. സ്ത്രീപക്ഷത്തുനിന്നുള്ള രാമായനം ആന്ധ്രയിലെ ആദിമ ഗോത്രമേഖലകളിലാണ് ചിത്രീകരിച്ചത്. രാജീവ് താരാനാഥ് എന്ന അതുല്യകലാകാരനാണ് സംഗീതമൊരുക്കിയത്. ഷാജി.എന്‍.കരുണാണ് ഛായാഗ്രഹണം നിര്‍വഹിച്ചത്. കാഞ്ചനസീതയുടെ കലാസംവിധായകനാവാന്‍ അത്തവണയും അരവിന്ദന്‍ നമ്പൂതിരിയെ ക്ഷണിച്ചുകൊണ്ടുവരികയായിരുന്നു. മികച്ച സംവിധായകനുള്ളേ ദേശീയ പുരസ്‌കാരം നേടിയ കാഞ്ചനസീതയാണ് സ്വതന്ത്ര സിനിമയെന്ന കാഴ്ചപ്പാട് ഇന്ത്യയ്ക്കു സമ്മാനിച്ചത്. അരവിന്ദന്റെ ഒരിടത്ത്, തമ്പ് തുടങ്ങിയ സിനിമകളിലും നമ്പൂതിരി ഭാഗമായിരുന്നു.
മലയാളത്തിലെ ആദ്യ സ്‌കാനിങ്് മെഷീന്‍
മലയാളത്തിലലെ ആദ്യത്തെ സ്‌കാനിങ് മെഷീന്‍ ആയിരുന്നു നമ്പൂതിരിയെന്ന് എംടിയെപ്പോലുള്ളവര്‍ സരസമായി പറഞ്ഞിട്ടുണ്ട്. ഏതു ദൃശ്യം കണ്ടാലും വരയ്ക്കാന്‍ ഇടയുള്ള ഏതു മനുഷ്യനെ കണ്ടാലും സ്‌കാന്‍ ചെയ്ത് മനസ്സിലേക്കിടും. പഴയ കാര്യങ്ങള്‍ ഓര്‍മിക്കുമ്പോള്‍ ആളുകള്‍ ചിത്രമായാണ് ആദ്യം മനസ്സിലെത്തുകയെന്നാണ് അദ്ദേഹം പറയാറുള്ളത്. നമ്പൂതിരിയെയും പാട്ടുകാരന്‍ യേശുദാസിനെയും പറ്റി എം.എന്‍. വിജയന്റെ ഒരു നിരീക്ഷണമുണ്ട്. യേശുദാസും നമ്പൂതിരിയും കേരളത്തിന്റെ കലവറയാണ്. ഒരാള്‍ പാട്ടു വരയ്ക്കുന്നു, ഒരാള്‍ ചിത്രം പാടുന്നു. ചിത്രങ്ങള്‍ നോക്കി മുഖം വരയ്ക്കുന്ന ആളായിരുന്നില്ല ആര്‍ട്ടിസ്റ്റ് നമ്പൂതിരി. എന്തും നോക്കി പകര്‍ത്തുന്നത് അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല.
തന്റെ അടുത്ത സുഹൃത്തായ നമ്പൂതിരിയെക്കുറിച്ചു എം ടി മുന്‍പൊരിക്കല്‍ പറഞ്ഞത് ഇങ്ങിനെയാണ് :
‘ വളരെക്കാലമായുള്ള അടുപ്പമാണു ഞങ്ങള്‍ തമ്മില്‍. ഏതാണ്ട് അന്‍പതു കൊല്ലമായുള്ള അടുപ്പം. ഏതു കാലത്തിനുമിണങ്ങിയ ചിത്രകാരനാണു നമ്പൂതിരി. ‘രണ്ടാമൂഴം’ മൂന്നുനാല് അധ്യായം എഴുതിക്കഴിയുമ്പോള്‍ അദ്ദേഹത്തിന്റെ കോഴിക്കോട്ടെ ബിലാത്തിക്കുളത്തെ വീട്ടിലേക്ക് കൊടുത്തയയ്ക്കുമായിരുന്നു. എങ്ങനെ വരയ്ക്കണമെന്നതു സംബന്ധിച്ചു നമ്മള്‍ നിര്‍ദ്ദേശം കൊടുക്കേണ്ട കാര്യമൊന്നുമില്ല. പുരാണകഥാപാത്രങ്ങളെ നന്നായി വരയ്ക്കും. സാഹിത്യം, കഥകളി, സംഗീതം ഇതൊക്കെ അദ്ദേഹത്തിന് അസ്സലായിട്ടറിയാം.”
ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത ആളായിരുന്നു ആര്‍ടിസ്റ്റ് നമ്പൂതിരി എന്ന് കേള്‍ക്കുമ്പോള്‍ ഇന്ന് ആശ്ചര്യം തോന്നും. വിഖ്യാത ചിത്രകാരനായിരുന്ന കെ സി എസ് പണിക്കരുടെ ശിഷ്യനായിരുന്നു അദ്ദേഹം. രോഗാവസ്ഥയിലേക്കു വഴുതി വീഴുന്നത് വരെ തന്റെ കര്‍മ്മ മണ്ഡലത്തില്‍ സജീവമായിരുന്നു നമ്പൂതിരി . കടലാസില്‍ മാത്രമല്ല, മണ്ണിലും മരത്തിലും കല്ലിലും ലോഹത്തിലും നമ്പൂതിരിയുടെ കരങ്ങള്‍ മഹാത്ഭുതങ്ങള്‍ തീര്‍ത്തു. മലയാളി മങ്കയുടെ സ്‌ത്രൈണത നിറഞ്ഞ ശരീര ഭാഷയും മുഖകാന്തിയും പ്രസരിപ്പിക്കുന്ന സ്ത്രീ രൂപങ്ങളാണ് അദ്ദേഹം വരച്ചത്. എഴുത്തുകാരന്റെ ഭാവനയോടു ചേര്‍ന്ന് നില്‍ക്കുന്ന സൃഷ്ടികളായിരുന്നു അതെല്ലാം. എം ടി യുടെയും വി കെ എന്നിന്റെയും മാത്രമല്ല, തകഴിയുടെയും പൊറ്റക്കാട്ടിന്റെയും പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെയുമെല്ലാം കഥകള്‍ക്കും നോവലുകള്‍ക്കും തന്റെ വരകളിലൂടെ ദൃശ്യചാരുത പകര്‍ന്നു നല്‍കി ആര്‍ടിസ്റ്റ് നമ്പൂതിരി.
ഒരു മനുഷ്യായുസ്സ് മുഴുവന്‍ വരകളുടെയും വര്‍ണ്ണങ്ങളുടെയും ശില്പങ്ങളുടെയും ലോകത്തു ജീവിച്ച ഈ മഹാനുഭാവന് അര്‍ഹിക്കുന്ന അംഗീകാരം നല്‍കുന്നതില്‍ നീതിപൂര്‍വമായ നടപടി ഉണ്ടായോ എന്ന ചോദ്യം പ്രസക്തമാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതികളൊന്നും അദ്ദേഹത്തിനു നല്‍കിയില്ല. പത്മശ്രീയോ പത്മ വിഭൂഷണോ ഒരിക്കല്‍ പോലും നമ്പൂതിരിയെ തേടിയെത്തിയില്ല. പദവികള്‍ക്കു പിറകെ അദ്ദേഹം പോയതുമില്ല. അദ്ദേഹവുമായി അടുത്ത ബന്ധമുണ്ടായിരുന്നവരും സമൂഹത്തില്‍ ഉന്നത സ്ഥാനീയരുമായ വക്തികള്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്ക് ഉയര്‍ന്ന ബഹുമതികള്‍ നല്‍കുന്നതിനോട് ആഭിമുഖ്യം കാണിച്ചതുമില്ല.
ദീര്‍ഘകാലം മാതൃഭൂമിയില്‍ ജോലി ചെയ്ത നമ്പൂതിരിക്ക് ഏറ്റവും പ്രിയ നഗരമായിരുന്നു കോഴിക്കോട്. തന്റെ ആത്മകഥയില്‍ ‘പാരഗണ്‍കാലം’ എന്ന ഒരു അധ്യായം എഴുതിയാണ് അദ്ദേഹം കോഴിക്കോടിന്റെ ഭക്ഷണത്തെയും സൗഹൃദത്തെയും പുകഴ്ത്തുന്നത്. 97ാം വയസ്സില്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി ഈ ലോകത്ത്‌നിന്ന് വിടവാങ്ങുന്നത് ‘നമ്പൂരിച്ചിത്രംപോലെ സുന്ദരം’ എന്ന ഒരു ചൊല്ല്തന്നെ സമ്മാനിച്ചാണ്.