We Talk

ടൈറ്റാനിക് കാണാനുള്ള യാത്ര ഇനിയില്ല; പ്രവർത്തനം നിർത്തിവച്ച് ഓഷ്യൻഗേറ്റ്

ടൈറ്റന്‍ സമുദ്ര പേടകം തകര്‍ന്ന് അഞ്ച് പേര്‍ മരിച്ചതിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനുള്ള തീരുമാനവുമായി ഉടമസ്ഥകമ്പനിയായ ഓഷ്യന്‍ ഗേറ്റ്. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളില്‍ നടത്തുന്ന എല്ലാ പര്യവേഷണങ്ങളും, അതുമായി ബന്ധപ്പെട്ട വാണിജ്യപ്രവർത്തനങ്ങളും താൽക്കാലികമായി അവസാനിപ്പിക്കുന്നതായി കമ്പനി വെബ്‌സൈറ്റില്‍ പങ്കുവച്ച പ്രസ്താവനയിലൂടെ അറിയിച്ചു. അപകടത്തിന് ശേഷവും സമുദ്ര പര്യവേഷണത്തിനുള്ള പരസ്യം ഓഷ്യന്‍ഗേറ്റിന്റെ വെബ്‌സൈറ്റില്‍ നിന്ന് പിന്‍വലിക്കാതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഈ വര്‍ഷത്തെ യാത്ര തുടരുകയാണെന്നും അടുത്ത വര്‍ഷം രണ്ട് യാത്രകള്‍ക്കായി അപേക്ഷ നല്‍കാമെന്നുമായിരുന്നു പരസ്യം. ടൈറ്റാനിക് കണ്ട അപൂര്‍വം പേരിലൊരാളാകൂ എന്നതായിരുന്നു പരസ്യ വാചകം. അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ ആഴത്തിലേക്ക് യാത്ര തിരിച്ച ടൈറ്റന്‍ പേടകം ജൂണ്‍ 18നാണ് അപകടത്തില്‍പ്പെട്ടത്. യാത്ര തിരിച്ച് ഒന്നേമുക്കാല്‍ മണിക്കൂറിനുശേഷം പേടകവുമായുള്ള ആശയവിനിമയം മാതൃകപ്പലായ പോളാര്‍ പ്രിന്‍സിന് നഷ്ടമാകുകയായിരുന്നു. നാല് ദിവസത്തിന് ശേഷം ടൈറ്റന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയും അഞ്ച് സഞ്ചാരികളും മരിച്ചെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു. ഉയര്‍ന്ന മര്‍ദത്തില്‍ പേടകം തകര്‍ന്നാണ് അപകടമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *