‘ക്യാപ്റ്റൻ കൂൾ’ ന് ഇന്ന് 42-ാം പിറന്നാൾ
“You don’t play for the crowd, you play for the country” – നിങ്ങൾ ആൾക്കൂട്ടത്തിന് വേണ്ടി കളിക്കരുത്, നിങ്ങൾ രാജ്യത്തിന് വേണ്ടി കളിക്കു.” ക്രിക്കറ്റ് കളിയെ അലങ്കരിച്ച ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിംഗ് ധോണിയുടെ വാക്കുകളാണിത്. ക്യാപ്റ്റൻ കൂൾ എന്ന് വിളിക്കുന്ന ആരാധകരുടെ തലക്കി ഇന്ന് 42-ാം പിറന്നാൾ.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നെടും തൂണായി ക്യാപ്റ്റന്‍ കൂള്‍ ഇപ്പോഴും തുടരുന്നുണ്ട്. കിരീടം വെക്കാത്ത രാജാവായി കരിയര്‍ അവസാനിപ്പിക്കേണ്ടി വരുമായിരുന്ന ക്രിക്കറ്റിലെ ദൈവം എന്ന് കരുതുന്ന സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് ലോക ചാമ്പ്യന്‍ പട്ടം നേടിക്കൊടുക്കാന്‍ ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമിന് കഴിഞ്ഞത് ചരിത്രനേട്ടമായിരുന്നു .

2011 ഏപ്രില്‍ 2 അര്‍ദ്ധരാത്രിയില്‍ ഒരു രാജ്യത്തിന്റെ 28 വര്‍ഷം നീണ്ട ക്രിക്കറ്റ് മോഹങ്ങള്‍ക്ക് വിരാമമിട്ട ഇന്ത്യന്‍ നായകന്‍ ധോണിയുടെ ഫിനിഷിങ് സിക്സര്‍ ഇന്നും അതിശയോക്തിയോടെയാണ് ആരാധകർ ഓർക്കുന്നത്.
2007ൽ ടി20 ലോകകപ്പിലാണ് എംഎസ് ധോണി ഇന്ത്യയുടെ നായകനാവുന്നത്. യുവതാരത്തിൻെറ കീഴിൽ ആദ്യ ടൂർണമെൻറിൽ തന്നെ ഇന്ത്യ കപ്പടിച്ചു.

ഇത് കൂടാതെ 2011ലെ ഏകദിന ലോകകപ്പും 2013ലെ ചാമ്പ്യൻസ് ട്രോഫിയും ഇന്ത്യ ധോണി നായകനായ കാലത്ത് നേടിയിട്ടുണ്ട്. മൂന്ന് ഐസിസി കിരീടങ്ങളുള്ള ലോകത്തിലെ ഏക ക്രിക്കറ്റ് നായകനാണ് ധോണി.
പരസ്യമായി വിമർശിക്കുന്നവർ പോലും രഹസ്യമായി ആരാധിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖഛായ മാറ്റിയ ക്യാപ്റ്റൻ ആയിരുന്നു മഹി.

1981 ജൂലൈ 7 ന് റാഞ്ചി (ജാർഖണ്ഡ്) ലാണ് ധോണിയുടെ ജനനം. അച്ഛൻ പാൻസിംഗ്, അമ്മ ദേവകിദേവി, സഹോദരി ജയന്തിഗുപ്ത, സഹോദരൻ നരേന്ദ്ര സിംഗ്, ധോണി ഭാര്യ സാക്ഷി, മകൾ സിവ ഇതാണ് ധോണിയുടെ കുടുംബം.