പ്രശസ്ത നിർമാതാവ് അച്ചാണി രവി അന്തരിച്ചു
കൊല്ലം: മലയാള സിനിമയെ ആഗോളതലത്തിൽ പ്രശസ്തമാക്കിയ നിരവധി ചിത്രങ്ങളുടെ നിർമാതാവ് അച്ചാണി രവി എന്നറിയപ്പെടുന്ന കെ രവീന്ദ്രനാഥൻ നായർ അന്തരിച്ചു. 90 വയസായിരുന്നു. കൊല്ലത്തെ വസതിയിൽ പതിനൊന്ന് മണിയോടെയാണ് അന്ത്യം. ജനറല്‍ പിക്‌ചേഴ്‌സിന്റെ ഉടമയും കശുവണ്ടി വ്യവസായിയുമായിരുന്നു. അരവിന്ദന്റെയും അടൂര്‍ ഗോപാലകൃഷ്ണന്റെയും നിരവധി ക്ലാസിക് സിനിമകളുടെ നിര്‍മ്മാതാവാണ്. ആകെ നിർമിച്ച 14 സിനിമകൾക്കായി 18 ദേശീയ, സംസ്ഥാന പുരസ്കാരങ്ങളാണ് ലഭിച്ചത്. 1973 ല്‍ നിർമിച്ച അച്ചാണി എന്ന സിനിമ ഹിറ്റായതോടെയാണ് കെ രവീന്ദ്രനാഥ്, അച്ചാണി രവി ആയത്. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് 2008 ല്‍ ജെ സി ഡാനിയേല്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട് എസ്തപ്പാൻ എന്ന സിനിമയിൽ മുഖം കാണിച്ചിട്ടുമുണ്ട്. കേരളത്തിലെ കശുവണ്ടി വ്യവസായത്തിലും കെ.രവീന്ദ്രനാഥ് എന്ന പേര് വിസ്മരിക്കാനാവില്ല. ജനറൽ പിക്ചേഴ്‌സ് രവി, അച്ചാണി രവി, രവി മുതലാളി അങ്ങനെ പലപേരുകളിലും അദ്ദേഹം അറിയപ്പെട്ടു. അന്വേഷിച്ചു കണ്ടെത്തിയില്ല, അച്ചാണി, എലിപ്പത്തായം, വിധേയൻ, കുമ്മാട്ടി, അനന്തരം, കാട്ടുകുരങ്ങ്, മുഖാമുഖം, മഞ്ഞ, കാഞ്ചന സീത, തമ്പ്, പോക്കുവെയില്‍ തുടങ്ങിയവയാണ് പ്രധാന സിനിമകൾ. ദേശീയ ചലച്ചിത്ര അവാര്‍ഡ് കമ്മറ്റി അംഗമായും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അംഗമായും ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.