We Talk

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം ; മഴക്കെടുതിയിൽ മരണം പതിനെട്ടായി

ഷിംല: ഉത്തരേന്ത്യയിൽ കനത്തമഴ തുടരുന്നു. മഴക്കെടുതിയിൽ മരണം 18 ആയി. പ്രളയത്തിൽ കെട്ടിടങ്ങളും പാലങ്ങളും തകരുന്നതിന്റെയും കാറുകൾ ഒലിച്ചു പോകുന്നതിന്റെയും ഭയപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തു വരുന്നത്. 72 മണിക്കൂറായി ശക്തമായ മഴ തുടരുകയാണ്. ജനങ്ങൾ സുരക്ഷിതമായ സ്ഥലങ്ങളിലേക്കു മാറണമെന്ന് സർക്കാർ മുന്നറിയിപ്പു നൽകി. മണ്ണിടിച്ചിലിനെ തുടർന്ന് മാണ്ഡി–കുളു ദേശീയ പാത അടച്ചു.

അടുത്ത 24 മണിക്കൂർ ജനങ്ങൾ പുറത്തിറങ്ങരുതെന്നു മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു അഭ്യർഥിച്ചു. ‘‘അടുത്ത 24 മണിക്കൂർ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കനത്ത മഴയിലും മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും അഞ്ചുപേർ മരിക്കുകയും നിരവധി വീടുകൾ തകർന്ന് വീഴുകയും ചെയ്തു. സ്‌കൂളുകളും കോളേജുകളും രണ്ട് ദിവസത്തേക്ക് അടച്ചിടാൻ അധികാരികൾ ഉത്തരവിട്ടു. സംസ്ഥാനത്തെ എല്ലാ പ്രധാന നദികളും കരകവിഞ്ഞൊഴുകുകയാണ്.

ദുരന്തബാധിത കുടുംബങ്ങൾക്ക് അടിയന്തര സഹായം നൽകാൻ ജില്ലാ ഭരണകൂടത്തിന് മുഖ്യമന്ത്രി നിർദേശം നൽകി. മണ്ണിടിച്ചിലിനെ തുടർന്ന് 200 ഓളം പേർ വിവിധ ഇടങ്ങളിൽ കുടുങ്ങി കിടക്കുകയാണ്. എന്നാൽ എല്ലാ ആളുകളും സുരക്ഷിതരാണെന്നും ഭക്ഷണവും അവശ്യ മരുന്നുകളും ക്രമീകരിച്ചിട്ടുണ്ടെന്നും പൊലീസ് സൂപ്രണ്ട് മായങ്ക് ചൗധരി പറഞ്ഞു.

മണ്ണുകൾ മാറ്റി റോഡ് പുനഃസ്ഥാപിക്കുന്ന മുറയ്ക്ക് ഇവരെ രക്ഷിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ആറുജില്ലകളിൽ പ്രളയമുന്നറിയിപ്പു നൽകിയിട്ടുണ്ട്. മിന്നൽ പ്രളയത്തിനു സാധ്യതയുള്ളതായും ജനങ്ങൾ പരമാവധി ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പു നൽകി.

Leave a Reply

Your email address will not be published. Required fields are marked *