ഇംഗ്ലണ്ടിലെ ചര്‍ച്ചുകള്‍ മാത്രമല്ല ഇറാനിലെ മോസ്‌ക്കുകളും പൂട്ടുകയാണ് എം വി ഗോവിന്ദന്‍ പറഞ്ഞതിലെ സത്യമിങ്ങനെ
യൂറോപ്പില്‍ പ്രത്യേകിച്ച് ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളായി കണക്കാക്കുന്ന, സ്‌കാന്‍ഡനേവിയന്‍ രാജ്യങ്ങളില്‍, പള്ളികള്‍ വ്യാപകമായി അടച്ചുപൂട്ടിയിട്ടുണ്ട്. ഫിന്‍ലന്‍ഡ്, നോര്‍വേ, നെതര്‍ലന്‍ഡ്, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഈ പ്രവണത വ്യാപകമായിരുന്നു.
ഇംഗ്ലണ്ടില്‍ പള്ളികള്‍ പൂട്ടുന്നുവെന്ന്, സിപിഎം സംസ്ഥാന സെട്ട്രറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നടത്തിയ പ്രസംഗം വന്‍ വിവാദമായല്ലോ. വിഷയത്തില്‍ ക്രിസ്ത്യന്‍ സംഘടനകള്‍ പ്രതിഷേധിച്ചതോടെ, താന്‍ കണ്ട കാര്യം പറഞ്ഞുവെന്നേയുള്ളൂവെന്നും, ഒരു വിശ്വാസിയുടെയും വികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഈയിടെ ഇംഗ്ലണ്ട് സന്ദര്‍ശിച്ച് തിരിച്ചുവന്ന ഗോവിന്ദന്‍, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന്റെ നവീകരിച്ച ഹാളുകള്‍ ഉദ്ഘാടനം ചെയ്യുമ്പോഴാണ് തന്റെ യാത്രാനുഭവങ്ങള്‍ പങ്കുവച്ചത്. ‘ഇംഗ്ലണ്ടിലെ യുവതീ യുവാക്കളൊന്നും പള്ളികളില്‍ പോകാറില്ല. ഇതോടെയാണു പള്ളികള്‍ വില്‍പനയ്ക്കു വെച്ചത്. ചെറിയൊരു പള്ളിക്ക് 6.5 കോടി രൂപയാണു വില. എന്നാല്‍, കേരളത്തില്‍ നിന്നുള്ളവര്‍ അവിടെ പള്ളികളില്‍ പോകുന്നുണ്ട്. അവിടെ ശമ്പളക്കൂടുതല്‍ ആവശ്യപ്പെട്ട് അച്ചന്‍മാര്‍ സമരം നടത്തുകയാണ്. സിഖുകാര്‍ തങ്ങളുടെ ക്ഷേത്രമാക്കാന്‍ പള്ളി വാങ്ങി. മലയാളികള്‍ ചേര്‍ന്ന് ശ്രീനാരായണ ഗുരുവിന്റെ ആരാധനാ കേന്ദ്രമാക്കാനും പള്ളി വാങ്ങിയിട്ടുണ്ട്’ എം.വി.ഗോവിന്ദന്‍ പറഞ്ഞു.
ഇതിനെതിരെ വിവിധ ക്രിസ്ത്യന്‍ സംഘടനകള്‍ ശക്തമായി രംഗത്തുവന്നു. എന്നാല്‍ ഗോവിന്ദന്‍ പറഞ്ഞത് വസ്തുതയാണെന്ന് ഗൂഗിളില്‍ സെർച്ച് ചെയ്തു നോക്കിയാൽ ആര്‍ക്കും അറിയാൻ കഴിയും. ഇംഗ്ലണ്ടില്‍ മാത്രമല്ല, യൂറോപ്പില്‍ മൊത്തമായി മതവിശ്വാസം വല്ലാതെ കുറയുകയാണ്. എന്നാല്‍ അമേരിക്കയിലും ഏഷ്യന്‍ രാജ്യങ്ങളിലും നേരെ തിരിച്ചാണ് കാര്യങ്ങള്‍. ക്രിസ്റ്റാനിറ്റിക്ക് മാത്രമല്ല, ഇസ്‌ലാമിനുപോലും വന്‍ തിരിച്ചടികള്‍ ഉണ്ടാവുന്നുണ്ട്. ജനസംഖ്യ വര്‍ധിക്കുന്നുണ്ടെങ്കിലും, വിശ്വാസികളുടെ എണ്ണം ഗണ്യമായി കുറയുകയാണെന്ന് വിവിധ പഠനങ്ങളും സര്‍വേകളും തെളിയിക്കുന്നുണ്ട്.
പള്ളികള്‍ ഡാന്‍സ്ബാറുകള്‍ ആവുന്നുണ്ടോ?
രണ്ടുവര്‍ഷം മുമ്പ് ഹാഗിയ സോഫിയ വിവാദത്തില്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്റെ പ്രസംഗവും വിവാദമായിരുന്നു.യൂറോപ്പില്‍ പള്ളികള്‍ ഡാന്‍സ് ബാറുകള്‍ വരെയായിട്ടുണ്ടെന്ന ചാണ്ടി ഉമ്മന്റെ പ്രസ്താവനക്കെതിരെ ക്രൈസ്തവ സംഘടനകള്‍ തിരിയുകയും അദ്ദേഹം മാപ്പുപറയുകയും ചെയ്തു.

പക്ഷേ യാഥര്‍ത്ഥത്തില്‍ എം വി ഗോവിന്ദനും, ചാണ്ടി ഉമ്മനും പറഞ്ഞത് സത്യം തന്നെയായിരുന്നു. യൂറോപ്പില്‍ പ്രത്യേകിച്ച് ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളായി കണക്കാക്കുന്ന, സ്‌കാന്‍ഡനേവിയന്‍ രാജ്യങ്ങളില്‍, പള്ളികള്‍ വ്യാപകമായി അടച്ചുപൂട്ടിയിട്ടുണ്ട്. ഫിന്‍ലന്‍ഡ്, നോര്‍വേ, നെതര്‍ലന്‍ഡ്, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇത് പ്രവണത വ്യാപകമായിരുന്നു. ജര്‍മ്മനിയിലും, നെതര്‍ലന്‍ഡ്‌സിലും പല ്പള്ളികളും ഡാന്‍സ് ബാറുകള്‍ വരെ ആയിട്ടുണ്ട്.

സൊസൈറ്റി വിത്തൗട്ട് ഗോഡ് അഥവാ ദൈവരഹിത സമൂഹം എന്ന് വിഖ്യാത പുസ്തകം എഴുതിയ ലോക പ്രശസ്ത സോഷ്യോളജിസ്റ്റ് ഫില്‍ സുക്കര്‍മാന്‍ സ്‌കാന്‍ഡനേവിയില്‍ രാജ്യങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ തെളിയുന്നത് അവിടെ വിശ്വാസികളുടെ എണ്ണം മുപ്പത് ശതമാനത്തില്‍ താഴെയാണെന്നാണ്. അവര്‍ പോലും പള്ളിയില്‍ പോവുന്നുമില്ല. വിവാഹം, മരണം തുടങ്ങിയ കാര്യങ്ങള്‍ക്കല്ലാതെ അവരില്‍ ഭൂരിഭാഗവും ആരാധാനാലയങ്ങളില്‍ പോയിട്ടില്ല. പക്ഷേ ഇപ്പോള്‍ ഇസ്‌ലാമിക കുടിയേറ്റ ജനത വര്‍ധിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഈ രാജ്യങ്ങളിലും തീവ്രവലതുപക്ഷം ഉയര്‍ഴുന്നേറ്റിരിക്കയാണ്. അതോടൊപ്പം ചര്‍ച്ചുകള്‍ക്കും ജീവന്‍ വെക്കുന്നുണ്ട്.

ജര്‍മ്മനി അടക്കമുള്ള രാജ്യങ്ങളിലും പുരോഹിതന്‍മ്മാരെ കിട്ടാത്തതിനാല്‍ പൂട്ടിയിട്ട പള്ളികള്‍ ഉണ്ടെന്ന് ഫില്‍ സുക്കര്‍മാര്‍ എഴുതിയിട്ടുണ്ട്. പല പൗരാണിക പള്ളികളും ലേലത്തിന് വെച്ചിട്ടുണ്ട്്. ജര്‍മ്മനിയിലെ കത്തോലിക്കാ സഭ തന്നെ പറയുന്നത് 2022ല്‍ അഞ്ചുലക്ഷം പേര്‍ അംഗത്വം ഉപേക്ഷിച്ചുവെന്നാണ്. ബേണ്‍ ആസ്ഥാനമായ ജര്‍മ്മന്‍ ബിഷപ്പ് കൗണ്‍സിലിന്റെ കണക്കാണിത്. 2021ല്‍ മൂന്ന് ലക്ഷത്തി അറുതിനായിരം പേര്‍ സഭ ഉപേക്ഷിച്ചുവെന്നും അവര്‍ തന്നെ പറയുന്നണ്ട്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ ജനസംഖ്യയുടെ 30 ശതമാനവും ഒരു മതത്തിലും വിശ്വസിക്കാത്തവരെന്ന് ഫെഡറല്‍ സ്റ്റാറ്റിക്കല്‍ ഓഫീസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ താമസിക്കുന്ന മൂന്നിലൊന്നിലധികം പേര്‍ മതപരമായ ചടങ്ങുകളിലും പങ്കെടുത്തിട്ടില്ല. 45 ശതമാനം പേരും സര്‍വേക്ക് മുമ്പുള്ള 12 മാസങ്ങളായി പ്രാര്‍ത്ഥനയും നടത്തിയിട്ടില്ല എന്നാണ് തെളിയുന്നത്.

യൂറോപ്പില്‍ പൊതുവെ മതത്തോടുള്ള ഈ വിരക്തി, ഏതെങ്കിലും യുക്തിവാദി സംഘങ്ങള്‍ പോയി പ്രവര്‍ത്തിച്ചത് ഒന്നുകൊണ്ടൊന്നും ഉണ്ടായതല്ല. ആ നാട്ടുകാര്‍ അത്ര പ്രധാന്യമേ ഇതിന് കൊടുക്കുന്നുള്ളൂ എന്നതാണ്. പക്ഷേ ഇസ്‌ലാമിന്റെ വളര്‍ച്ചയുടെ ഭാഗമായി ഉണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന് തീവ്രവലതുപക്ഷം യൂറോപ്പിലും ഇപ്പോള്‍ ശക്തി പ്രാപിക്കയാണ്. ഫ്രാന്‍സിലും, ഭൂമിയിലെ സ്വര്‍ഗം എന്ന് അറിയപ്പെടുന്ന സ്‌കാനഡനേവിയന്‍ രാജ്യങ്ങളിലും അടുത്തകാലത്തുണ്ടായ സംഘര്‍ഷങ്ങള്‍ ഉദാഹരണം.
ഇറാനില്‍ പൂട്ടിയത് അമ്പതിനായിരം മോസ്‌ക്കുകള്‍
സാധാരണ ചര്‍ച്ചുകള്‍ പൂട്ടിയ വാര്‍ത്തകള്‍ ആവേശത്തോടെ പ്രചരിപ്പിക്കാറുള്ളത് ഇസ്‌ലാമിക ഗ്രൂപ്പുകള്‍ ആണ്. പക്ഷേ ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളവും, ജനസംഖ്യയിലുള്ള വര്‍ധനയല്ലാതെ, വിശ്വാസികളുടെ എണ്ണം കുത്തനെ കുറയുകയാണെന്നാണ് അടുത്തകാലത്തുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇറാനിലെ 75,000 പള്ളികളില്‍ 50,000 ത്തോളം അടച്ചിട്ടിരിക്കുകയാണെന്ന് മുതിര്‍ന്ന ഇറാനിയന്‍ പുരോഹിതന്‍ മുഹമ്മദ് അബോല്‍ഗാസെം ദൗലാബി പറഞ്ഞത് അന്താരാഷ്ട്ര തലത്തില്‍ തന്നെ വാര്‍ത്തയായിരുന്നു.സമൂഹത്തില്‍ മതവിശ്വാസം ദുര്‍ബ്ബലമാകുന്നത് മതപരമായ കല്‍പ്പനകള്‍ അനുസരിച്ചുള്ള സര്‍ക്കാറിനെ ദുര്‍ബലപ്പെടുത്തുമെന്നും, ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ പ്രത്യേക ഉപദേശകന്‍ കൂടിയായ മുഹമ്മദ് അബോല്‍ഗാസെം ദൗലാബി പറഞ്ഞു. മോസ്‌ക്കുകള്‍ അടഞ്ഞുകിടക്കുന്നതും വിശ്വാസികള്‍ കുറയുന്നതും ഇസ്ലാമിന്റെ തത്ത്വങ്ങള്‍ക്ക് ചുറ്റും നിര്‍മ്മിച്ച രാജ്യത്തിന് ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.ഇറാന്‍ ജനതക്ക് മതത്തോട് പ്രിയം കുറയുന്നതായി ദ കോണ്‍വര്‍സേഷന്‍ എന്ന അക്കാദമിക് സ്ഥാപനത്തിലെ ഇറാനില്‍ പ്രവര്‍ത്തിക്കുന്ന ശാഖയായ ഗ്രൂപ്പ് ഫോര്‍ അനലൈസിങ് ആന്‍ഡ് മെഷറിങ് ആറ്റിറ്റിയൂട്ട്‌സ് നടത്തിയ സര്‍വേയിലും വ്യക്തമായിരുന്നു. സെന്‍സസ് കണക്കില്‍ 99.5 ശതമാനം പേരും മുസ്ലീങ്ങളായ രാജ്യത്ത് എത്രപേര്‍ യഥാര്‍ഥ വിശ്വാസികളാണ് എന്ന് അറിയാന്‍ നടത്തിയ സര്‍വേയില്‍, മുസ്ലീങ്ങള്‍ എന്ന് അറിയപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ വെറും 40 ശതമാനം ആണെന്നാണ് കണ്ടെത്തല്‍.

68 ശതമാനം പേര്‍ക്ക് ഭരണഘടനയില്‍ നിന്നും മതപരമായ ഘടകങ്ങള്‍ ഒഴിവാക്കണമെന്നാണ് ആഗ്രഹം. ഒപ്പം 72 ശതമാനം പേര്‍ രാജ്യത്തെ സ്ത്രീകള്‍ ഹിജാബ് ധരിക്കണമെന്ന് നിയമത്തെ എതിര്‍ക്കുന്നു. 60 ശതമാനം പേര്‍ക്കും നോമ്പും നിസ്‌ക്കാരവുമില്ല.ഇറാനില്‍ മദ്യപാന നിരക്കും കൂടിവരികയാണെന്ന് സര്‍വേ വ്യക്തമാക്കുന്നു. നിര്‍ബന്ധിത മുസ്ലിം ദൈനംദിന പ്രാര്‍ത്ഥനകള്‍ നടത്തിയിട്ടില്ലെന്ന് 60 ശതമാനത്തിലധികം പേര്‍ അഭിപ്രായപ്പെട്ടു. 1975 ല്‍ ഇസ്ലാമിക വിപ്ലവത്തിന് മുമ്പ് നടത്തിയ സമഗ്ര സര്‍വേയില്‍ 80 ശതമാനം പേര്‍ തങ്ങള്‍ എപ്പോഴും പ്രാര്‍ത്ഥിക്കുകയും നോമ്പ് അനുഷ്ഠിക്കുകയും ചെയ്യുന്നുവെന്ന് പറഞ്ഞിരുന്നു. വിശ്വാസത്തിന്റെയും അനുഷ്ഠാനത്തിന്റെയും നിരക്ക് കുത്തനെ ഇടിയുകയാണെന്ന് ചുരുക്കം.നോക്കണം ഇസ്‌ലാമിക കാര്‍ക്കശ്യത്തിന്റെ അവസാന വാക്ക് എന്ന് അറിയപ്പെടുന്ന ഇറാനിലാണ് ഈ കണക്ക്.ഇതുപോലെ സൗദി തൊട്ട് മെറോക്കോവരെയുള്ള 10 ഇസ്‌ലാമിക രാജ്യങ്ങളിലും, ദ ഒബ്‌സര്‍വര്‍ നടത്തിയ സര്‍വേയില്‍ കടുത്ത മതവിശ്വാസികള്‍ എന്ന് പറയുന്നവര്‍ 30 ശതമാന പോലും ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

2019ല്‍ ബി.ബി.സി എന്ന പ്രസിദ്ധ വാര്‍ത്താമാധ്യമത്തില്‍ വന്ന ഒരു സര്‍വേ ഫലം ഇങ്ങനെയായിരുന്നു. ‘അറബ് വേള്‍ഡ് ടേണിങ്ങ് ദേര്‍ ബാക്കസ്് ഓണ്‍ റിലീജിയന്‍’എന്നായിരുന്നു അതിന്റെ തലക്കെട്ട്. അതിന് കാരണമായി പറയുന്നത് ബി.ബി.സി ന്യൂസ് അറബിക്ക് നടത്തിയ സര്‍വേ ആധാരമാക്കിയാണ്. 10 മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ ,ഫലസ്തീന്‍ അടക്കം, 25000 പേരുടെ അഭിപ്രായങ്ങള്‍ ശേഖരിച്ചു കൊണ്ടുള്ള സര്‍വേയായിരുന്നു അത്.പക്ഷേ മറ്റൊരുകാര്യം ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മതം കത്തിനില്‍ക്കുന്ന രാജ്യങ്ങളില്‍ കലാപവും ദാരിദ്രവും വര്‍ധിക്കുമ്പോള്‍ മതരഹിത സമൂഹങ്ങളില്‍ തുടര്‍ച്ചയായി പുരോഗതിയും സമാധാനവും ഉണ്ടാവുന്നു എന്നതാണ്. ആഗോള സന്തോഷ സൂചികയില്‍ തുടര്‍ച്ചയായി മുന്നിലെത്താറുള്ളത് മതരഹിത രാജ്യങ്ങള്‍ എന്ന് അറിയപ്പെടുന്ന സ്‌കാന്‍ഡനേവിയന്‍ രാജ്യങ്ങളാണ്. മതത്തെയും വിശ്വാസത്തെയും നിങ്ങളുടെ സ്വകാര്യതയായി മാത്രം എടുക്കണമെന്നാണ് ഫില്‍ സുക്കര്‍മാനെപ്പോലുള്ള സോഷ്യോളജിസ്റ്റുകള്‍ പറയുന്നത്. ഇന്ത്യയടക്കമുള്ള മതം പുളയ്ക്കുന്ന രാജ്യങ്ങള്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ് അത്.